ADVERTISEMENT

തൃശൂര്‍ ജില്ലയിലെ മാറ്റാംപുറം സ്വദേശിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രാധാകൃഷ്ണന്റെ ഫാമില്‍ ആടുകളുമായി ആളുകള്‍ എത്തുന്നത് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള മികച്ച ജനുസ് മുട്ടനാടുകളുമായി തങ്ങളുടെ പെണ്ണാടുകളെ ഇണചേര്‍ക്കാന്‍ (ബ്രീഡിങ്) വേണ്ടിയാണ്. മുട്ടനാടിന്റെ ജനുസും മേന്മയും അനുസരിച്ച് ഇണചേര്‍ക്കാന്‍ നിശ്ചിത ഫീസുമുണ്ട്. രാധാകൃഷ്ണന്‍ എന്ന കര്‍ഷകന്‍ ഒരു ഉദാഹരണം മാത്രമാണ്. ഇതേ മാതൃകയില്‍ മികച്ചയിനത്തില്‍പ്പെട്ട മേല്‍ത്തരം മുട്ടനാടുകളെ പ്രജനനാവശ്യത്തിനു വേണ്ടി മാത്രമായി പരിപാലിച്ച് ചെറുതല്ലാത്ത വരുമാനം നേടുന്ന ഒട്ടേറെ കര്‍ഷകര്‍ ഇന്ന് കേരളത്തിലുണ്ട്. മുട്ടനാടുകളുടെ തലയെടുപ്പും ഗാംഭീര്യവും അനുസരിച്ച് ഓരോ ബ്രീഡിങിനും വേണ്ടി ഈടാക്കുന്ന തുക നൂറുമുതല്‍ ആയിരം വരെ നീളും.  

goat-radhakrishnan
രാധാകൃഷ്ണന്‍ ആടുകള്‍ക്കൊപ്പം

ആടു ബ്രീഡിങ് ഒരാദായസ്രോതസാവാന്‍ കാരണമിതാണ്

പ്രജനനത്തിനുവേണ്ടി പ്രയോജനപ്പെടുത്താവുന്ന മേന്മയുള്ള മുട്ടനാടുകളുടെ ലഭ്യതക്കുറവ് പല ആട് സംരംഭകരും നേരിടുന്ന വെല്ലുവിളികളിയാണ്. മാംസാവശ്യകത ഉയര്‍ന്നതായതിനാല്‍ മികവുള്ള  മുട്ടനാടുകളില്‍ മിക്കവയും ചെറുപ്രായത്തില്‍ തന്നെ കശാപ്പ് ചെയ്യപ്പെടുന്നത് ഈ ലഭ്യതക്കുറവിന്റെ പ്രധാന കാരണമാണ്. പരിമിതമായ സാഹചര്യങ്ങളില്‍ ചുരുങ്ങിയ എണ്ണം ആടുകളെ മാത്രം വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് പ്രജനനാവശ്യത്തിനുവേണ്ടി മാത്രമായി മുട്ടനാടുകളെ വളര്‍ത്തുക എന്നത് പലപ്പോഴും പ്രായോഗികമോ ലാഭകരമോ അല്ല. മുട്ടനാടുകള്‍ക്ക് പാര്‍ക്കാന്‍ ഇരട്ടിസ്ഥലം വേണമെന്ന് മാത്രമല്ല പരിപാലനചിലവും ഇരട്ടിയാണ്. മേന്മയുള്ള പെണ്ണാടുകളെ മേന്മകുറഞ്ഞ ഏതെങ്കിലും മുട്ടനാടുകളുമായി ഇണചേര്‍ക്കുന്നത് ജനിതകശോഷണത്തിനും ഭാരക്കുറവും വളര്‍ച്ചനിരക്കും കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനും വഴിയൊരുക്കുന്നു. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പെണ്ണാടുകളെ ബ്രീഡ് ചെയ്യാനായി ചെറുകിടകര്‍ഷകര്‍ക്ക് ഫാമുകളിലും മറ്റും പരിപാലിക്കുന്ന മുട്ടനാടുകളെ ആശ്രയിക്കുന്നതാണ് മികച്ച വഴി. 

പശുക്കളെയും എരുമകളെയും അപേക്ഷിച്ച്  പ്രത്യുല്‍പ്പാദനപ്രവര്‍ത്തനങ്ങളില്‍ ആണ്‍ സ്വാധീനം/ ബക്ക് എഫക്ട് ഏറെയുള്ള വളര്‍ത്തുമൃഗമാണ് ആട് എന്ന കാര്യം കൂടി ഓര്‍ക്കണം. പെണ്ണാടുകള്‍ നേരത്തെ മദിയിലെത്താനും, തീവ്രമായി മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും പ്രസവാനന്തര മദി വേഗത്തിലാവാനും കൂടുതല്‍ അണ്ഡങ്ങള്‍ ഉത്സര്‍ജിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവാനുമൊക്കെ മുട്ടനാടിന്റെ സാന്നിധ്യം ഏറെ പ്രധാനമാണ്. ബ്രീഡിങ് ആവശ്യത്തിന് ഉപയോഗിക്കാവുന്ന മികച്ച മുട്ടനാടുകളുടെ പരിപാലനത്തെ  ഒരു ആദായ സ്രോതസാക്കി തീര്‍ക്കുന്നതും ഇതു തന്നെ.

goat-farming-1
തൃശൂര്‍ കൊരട്ടി സ്വദേശി ജിസ്‌മോന്‍ ആടിനൊപ്പം (ഇടത്ത്), സിരോഹി ആട് (വലത്ത്)

അന്തര്‍പ്രജനനം തടയാനും മേല്‍ത്തരം മുട്ടനാടുകള്‍

കുഞ്ഞുങ്ങളുടെ കൂടിയ മരണനിരക്കും രോഗങ്ങളും മൂലം ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍ ക്രമേണ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് രക്തബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണചേര്‍ക്കല്‍ അഥവാ അന്തര്‍പ്രജനനം. ഫാമില്‍ ജനിക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കിടയിലെ കൂടിയ മരണനിരക്കും കുറഞ്ഞ ജനനതൂക്കവും (രണ്ട് കിലോഗ്രാമിലും കുറവ്) വളര്‍ച്ച മുരടിപ്പും അന്തര്‍പ്രജനനം സംഭവിച്ചതിന്റെ പ്രധാന സൂചനകളാണ്. അന്തര്‍പ്രജനനം വഴിയുണ്ടാവുന്ന കുട്ടികള്‍ക്ക് വളര്‍ച്ചനിരക്കും രോഗപ്രതിരോധശേഷിയും ശരീരഭാരവുമെല്ലാം  കുറവായിരിക്കും. ജനിതക ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയുണ്ട്. ആടുസംരംഭങ്ങളുടെ അന്തകനാവുന്ന അന്തര്‍പ്രജനനത്തിന്റെ അടിസ്ഥാനകാരണവും മേല്‍ത്തരം മുട്ടനാടുകളുടെ ലഭ്യതക്കുറവ് തന്നെ. ബ്രീഡിങ് ആവശ്യത്തിന് പ്രത്യേകം വളര്‍ത്തുന്ന മുട്ടനാടുകളെ ആശ്രയിക്കുക വഴി അന്തര്‍പ്രജനനം ഒഴിവാക്കാനും ശുദ്ധജനുസിലും സങ്കരയിനത്തിലും പെട്ട  മികച്ച കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനും ആടുസംരംഭകന് കഴിയുന്നു.

മികച്ച മുട്ടനാട്ടിന്‍ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ 

പ്രജനനാവശ്യത്തിനുവേണ്ടി വളര്‍ത്താന്‍ തിരഞ്ഞെടുക്കുന്ന മുട്ടനാടുകള്‍ പരമാവധി ശുദ്ധജനുസ് തന്നെയായിരിക്കുന്നതാണ് അഭികാമ്യം. മൂന്ന് മാസം പ്രായമുള്ള നല്ല ആരോഗ്യവും ശരീരതൂക്കവും വളര്‍ച്ചയുമുള്ള ജനുസിന്റെ ഗുണങ്ങള്‍ എല്ലാമുള്ള മുട്ടനാട്ടിന്‍ കുട്ടികളെ തിരഞ്ഞെടുത്ത് പ്രജനന ആവശ്യത്തിനായി വളര്‍ത്താം. മൂന്നു മാസം വരെ പ്രായത്തില്‍ പ്രതിദിനം ചുരുങ്ങിയത് 120-150 ഗ്രാം എങ്കിലും ശരീരവളര്‍ച്ചയുള്ള ആട്ടിന്‍കുഞ്ഞുങ്ങള്‍ വളര്‍ച്ചയില്‍ മികവുള്ളവരായിരിക്കും. 

ഒറ്റ പ്രസവത്തില്‍ ഒന്നിലധികം കുഞ്ഞുങ്ങളെ പ്രസവിച്ചതും ഒന്നര ലീറ്ററിലധികം പ്രതിദിന പാലുല്‍പ്പാദനമുള്ളതുമായ തള്ളയാടുകള്‍ക്കുണ്ടായ കുഞ്ഞുങ്ങളെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അവയ്ക്ക് മികവ് ഏറെയായിരിക്കും.

ബ്രീഡിങ് സ്റ്റോക്ക് ആയതിനാല്‍ പിപിആര്‍/ ആടുവസന്ത, എന്റിറോടോക്‌സീമിയ, ടെറ്റനസ്, കുരലടപ്പന്‍/ എച്ച്എസ് എന്നീ സാംക്രമിക രോഗങ്ങള്‍ തടയാനുള്ള വാക്‌സിനുകള്‍ നിര്‍ബന്ധമായും മുട്ടനാടുകള്‍ക്ക് നല്‍കണം. കുഞ്ഞുങ്ങള്‍ക്ക് 4 മാസം പ്രായമെത്തുമ്പോള്‍ ആടുവസന്ത, എന്റിറോടോക്‌സീമിയ, ടെറ്റനസ്, എച്ച് എസ് വാക്‌സിനുകള്‍ നല്‍കാം. ഓരോ പ്രതിരോധകുത്തിവയ്പ്പിനുമിടയില്‍ രണ്ടാഴ്ചത്തെ ഇടവേള നല്‍കണംയ. ഒപ്പം വാക്‌സിന്‍ എടുക്കുന്നതിന് ഒരാഴ്ചയെങ്കിലും മുന്‍പ് ആന്തരികവിരകളെ തടയാനുള്ള മരുന്നുകളും നല്‍കണം .

goat-farming-2

മുട്ടനാടുകളുടെ പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

പ്രജനനാവശ്യത്തിനായുള്ള മുട്ടനാടുകളെ ഒരുമിച്ച് പാര്‍പ്പിക്കാതെ പ്രത്യേകം പ്രത്യേകം കൂടുകളില്‍ വേണം പാര്‍പ്പിക്കാന്‍. കൂട്ടിനുള്ളില്‍ അവയ്ക്ക് ചുരുങ്ങിയത് 2.4 x 1.8 മീറ്റര്‍ സ്ഥലം നല്‍കണം. കൂടിന്റെ പ്ലാറ്റ് ഫോം  തറ നിരപ്പില്‍നിന്ന 1-1.5 മീറ്റര്‍ ഉയരത്തില്‍ പണിയണം. കൂട്ടില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കാന്‍ ആടുകള്‍ നില്‍ക്കുന്ന തറയില്‍നിന്ന് മേല്‍ക്കൂരയിലേക്കുള്ള ഉയരം മധ്യത്തില്‍ 4 മീറ്ററും വശങ്ങളില്‍ 3 മീറ്ററും നല്‍കണം. 

മുട്ടന്മാരുടെ ശരീരത്തില്‍നിന്നും വരുന്ന ഫിറമോണുകളുടെ ഗന്ധം പാല്‍ ആഗിരണം ചെയ്യുമെന്നതിനാല്‍ ഇതൊഴിവാക്കാന്‍ കറവയാടുകളുടെ കൂടുകളില്‍നിന്നും 25-30 മീറ്റര്‍ മാറി മുട്ടനാടുകളുടെ കൂടൊരുക്കുന്നതാണ് ഉചിതം. മാത്രമല്ല, ആടുകളെ ഇണചേര്‍ത്തതിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ മുട്ടനാടുകളുടെ വളരെ അടുത്ത സാമീപ്യത്തില്‍ പാര്‍പ്പിക്കുന്നത് അവയില്‍ ഗര്‍ഭമലസുന്നതിന് വഴിയൊരുക്കും. മുട്ടനാടുകളുടെ എപ്പോഴുമുള്ള സാന്നിധ്യം പെണ്ണാടുകളില്‍ ലൈംഗികവിരക്തിക്കും കാരണമായേക്കാം. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മുട്ടനാടുകളുടെ കൂടുകള്‍ പെണ്ണാടുകളുടെ കൂടുകളില്‍ നിന്നും മാറി നിര്‍മിക്കുന്നത് സഹായിക്കും. 

കന്നുകാലികളില്‍ ഉപയോഗിക്കാവുന്ന ഷാപൂ അല്ലെങ്കില്‍ സോപ്പ് എന്നിവ തേച്ച് മുട്ടനാടുകളെ ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിക്കുകയും മറ്റുദിവസങ്ങളില്‍ ബോഡി ബ്രഷ് ഉപയോഗിച്ച് മേനി ചീകി വൃത്തിയാക്കുകയും വേണം. പൂര്‍ണ്ണസമയവും കൂട്ടിനുള്ളില്‍ തന്നെ പാര്‍പ്പിക്കാതെ പുറത്തിറങ്ങി ഓടിയും ചാടിയും വ്യായാമത്തിനുള്ള അവസരവും മുട്ടനാടുകള്‍ക്ക് നല്‍കണം. ഇതിനായി കൂടിന് ചുറ്റും ഉയരത്തില്‍ വേലികെട്ടിത്തിരിച്ച് സ്ഥലം ലഭ്യമാക്കാം .

മുട്ടനാടുകളുടെ ആഹാരകാര്യത്തിലും ഒരു ശ്രദ്ധ വേണ്ടതുണ്ട്. മുതിര്‍ന്ന ഒരാടിന് ദിവസം 4-5 കിലോ പച്ചപ്പുല്ലോ അല്ലെങ്കില്‍  2-3 കിലോ പച്ചിലകളോ തീറ്റയായി നല്‍കണം. പുല്ലിനും പച്ചിലകള്‍ക്കുമൊപ്പം  ശരീരതൂക്കമനുസരിച്ച് സാന്ദ്രീകൃതാഹാരവും മുട്ടനാടുകള്‍ക്ക് വേണ്ടതുണ്ട്. ഓരോ 40 കിലോഗ്രാം ശരീരതൂക്കത്തിനും അര കിലോഗ്രാം വീതം സാന്ദ്രീകൃതാഹാരം പ്രതിദിനം മുട്ടനാടുകള്‍ക്ക് നല്‍കണം.  ധാന്യങ്ങള്‍, പിണ്ണാക്ക്, തവിട് എന്നിവ ചേര്‍ത്ത് ആടുകള്‍ക്ക് വേണ്ട സാന്ദ്രീകൃതഹാരം തയ്യാറാക്കാം.

മുതിര്‍ന്ന ആടുകള്‍ക്ക് ധാന്യങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയ ഊര്‍ജസാന്ദ്രത ഉയര്‍ന്ന തീറ്റയും ആട്ടിന്‍കുട്ടികള്‍ക്ക് മാംസ്യത്തിന്റെ അളവുയര്‍ന്ന തീറ്റയുമാണ് നല്‍കേണ്ടത്. ധാതുലവണമിശ്രിതങ്ങളും പ്രോബയോട്ടിക്കുകളും കുറഞ്ഞ അളവില്‍ സാന്ദ്രീകൃതതീറ്റയില്‍ ഉള്‍പ്പെടുത്തി തീറ്റ സമീകൃതമാക്കാം . കൊഴുപ്പും മാംസ്യവും അന്നജവും ഉയര്‍ന്ന അളവില്‍ അടങ്ങിയ സാന്ദ്രീകൃതതീറ്റകള്‍ ആവശ്യമായതിലും അധിക അളവില്‍ നല്‍കി മുട്ടനാടുകളെ തടിപ്പിച്ചാല്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന കാര്യം കര്‍ഷകര്‍ മറക്കരുത്. മുട്ടനാടുകളുടെ കൂട്ടില്‍ എപ്പോഴും വൃത്തിയുള്ള കുടിവെള്ളം ലഭ്യമാക്കണം.

മുട്ടനാടുകള്‍ പൂര്‍ണ്ണ ലൈംഗിക വളര്‍ച്ച കൈവരിക്കാന്‍ 9-10 മാസം പ്രായമാവേണ്ടതുണ്ട്. ഒരു വയസ് പ്രായമെത്തുന്നത് മുതല്‍ മുട്ടനാടിനെ ബ്രീഡിങിന് വിപുലമായ രീതിയില്‍ ഉപയോഗിച്ച് തുടങ്ങാം. ഒരു വയസായ മുട്ടനാടുകളെ മാസത്തില്‍ 25 പ്രാവശ്യവും മൂന്ന് വയസ് പ്രായമെത്തിയതിനെ മാസത്തില്‍ 40 പ്രാവശ്യം വരേയും ആരോഗ്യകരമായി ഇണചേര്‍ക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കും. സ്ഥിരമായി പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകള്‍ക്ക് ആഴ്ചയില്‍ 2 ദിവസമെങ്കിലും ഇണചേരല്‍ അനുവദിക്കാതെ ബ്രീഡിങ് റെസ്റ്റ് നല്‍കണം. അതുപോലെ ഒരു തവണ ഇണചേര്‍ത്ത് കഴിഞ്ഞാല്‍ കുറഞ്ഞത് അരമണിക്കൂര്‍ കഴിഞ്ഞതിന് ശേഷം മാത്രമേ അടുത്ത ഇണചേരല്‍ അനുവദിക്കാവൂ. ഇത് മുട്ടനാടുകളുടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താനും ബീജത്തിന്റെ ഗുണനിലവാരം കൂട്ടാനും സഹായിക്കും.

ക്ഷീണം, പ്രസരിപ്പിലായ്മ, പനി, വരണ്ട മൂക്ക്, തീറ്റയോട് മടുപ്പ്, അയവെട്ടാതിരിക്കല്‍ തുടങ്ങിയ അനാരോഗ്യ ലക്ഷണങ്ങള്‍ കാണിക്കുന്ന മുട്ടനാടുകളെ തല്‍ക്കാലം ഇണചേര്‍ക്കുന്നതില്‍നിന്ന് ഒഴിവാക്കണം. സംക്രമികരോഗങ്ങള്‍ പിടിപെട്ട പെണ്ണാടുകളുമായി യാതൊരു കാരണവശാലും മുട്ടനാടുകളെ ഇണചേരാന്‍ അനുവദിക്കരുത്. അതുപോലെ പുതുതായി കൊണ്ടുവന്ന മുട്ടനാടുകളെയും പെണ്ണാടുകളെയും അവയുടെ ക്വാറന്റൈന്‍ കാലയളവില്‍ പ്രജനനത്തിന് ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഫാമുകള്‍ ആണെങ്കില്‍ 25 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന അനുപാതത്തില്‍ വളര്‍ത്താം. മികച്ച ഒരു മുട്ടനാടിനെ 6 മുതല്‍ 8 വര്‍ഷം വരെ പ്രജനനത്തിനായി ഉപയോഗപ്പെടുത്താം. ഫാമുകളില്‍ അന്തര്‍പ്രജനനം നടക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍  ഓരോ വര്‍ഷം കൂടുമ്പോഴും മുട്ടനാടുകളെ മാറ്റി പുതിയവയെ കൊണ്ടുവരണം. പ്രജനന ആവശ്യം കഴിഞ്ഞതിനുശേഷം മുട്ടനാടുകളെ മാംസവിപണിയില്‍ എത്തിക്കാം, ഇത് സംരംഭകന് അധിക നേട്ടം നേടി നല്‍കും .

മുട്ടനാടുകളിലെ രോഗങ്ങള്‍ തടയാം 

പ്രജനനത്തിനുപയോഗിക്കുന്ന മുട്ടനാടുകളില്‍ സാധാരണയായി കണ്ടുവരുന്ന ഉപാപചയ രോഗങ്ങളില്‍  പ്രധാനമാണ് യൂറോലിത്തിയാസിസ്സ് അഥവാ മൂത്രനാളിയിലെ കല്ല്. ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കള്‍ ചെറുപരലുകളായി അഗ്രം നീണ്ടതും ദ്വാരം വളരെ ചെറുതുമായ  മൂത്രനാളിയുടെ അറ്റത്ത് അടിഞ്ഞുകൂടി രൂപം കൊള്ളുന്ന കല്ലുകളാണ് രോഗത്തിന് കാരണം. ഫോസ്ഫറസ് അധിക അളവില്‍ അടങ്ങിയ ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങള്‍ നിത്യവും ധാരാളമായി നല്‍കല്‍ , തീറ്റയില്‍ പുല്ലും വൃക്ഷയിലകളും അടക്കമുള്ള പരുഷാഹാരങ്ങളുടെകുറവ്, മതിയായ അളവില്‍ വെള്ളം നല്‍കാതിരിക്കല്‍ എന്നിവയെല്ലാം ഈ രോഗത്തിന് വഴിയൊരുക്കും. പ്രായം കൂടിയ മുട്ടനാടുകളിലാണ്  കൂടുതല്‍ രോഗസാധ്യത. മൂത്രം തുള്ളി തുള്ളികളായി മൂത്രം ഇറ്റിറ്റു വീഴല്‍, മൂത്രത്തോടൊപ്പം രക്തത്തുള്ളികള്‍, മൂത്രമൊഴിക്കാന്‍ കഠിനമായ പ്രയാസം, മൂത്രമൊഴിക്കുമ്പോള്‍ ശരീരം വില്ലുപോലെ വളച്ചു പിടിക്കല്‍, മൂത്രമൊഴിക്കുമ്പോള്‍ അസഹനീയമായ വേദനയോടെയുള്ള കരച്ചില്‍, കാലുകൊണ്ട് വയറ്റില്‍ തൊഴിക്കല്‍, മൂത്രാശയവും മൂത്രനാളിയും വീര്‍ക്കല്‍, വയറിന്റെ അടിഭാഗത്ത് നീര്‍ക്കെട്ട് എന്നിവയെല്ലാം മൂത്രനാളിയിലെ കല്ലിന്റെ ലക്ഷണങ്ങളാണ്. രോഗം തീവ്രമാവും തോറും മുട്ടനാടുകളുടെ പ്രജനനപ്രവര്‍ത്തനങ്ങളെയും ബാധിക്കും. മൂത്രം പുറന്തള്ളാന്‍ കഴിയാതെ ഗുരുതരമാവുന്ന സാഹചര്യത്തില്‍ മൂത്രാശയവും മൂത്രനാളിയും പൊട്ടി ആട് മരണപ്പെടാന്‍ പോലും സാധ്യതയുണ്ട് .

ശാസ്ത്രീയമായ തീറ്റക്രമം പാലിക്കുക എന്നതാണ് രോഗം തടയാനുള്ള പ്രധാന മാര്‍ഗ്ഗം. ഉയര്‍ന്ന ശതമാനം നാരടങ്ങിയ തീറ്റപ്പുല്ലും വൃക്ഷയിലകളും ഉള്‍പ്പെടെയുള്ള തീറ്റകളാണ് ആടിന് പ്രധാനമായും നല്‍കേണ്ടത്. ആടുകള്‍ നാരടങ്ങിയ തീറ്റകള്‍ നന്നായി ചവച്ചരക്കുമ്പോള്‍ കൂടുതല്‍ ഉമിനീര്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ഈ ഉമിനീര്‍ വഴി കൂടുതല്‍ ധാതുക്കള്‍ പുറത്തുവരികയും കാഷ്ഠത്തിലൂടെ പുറന്തള്ളുകയും  ചെയ്യുമെന്നതിനാല്‍  മൂത്രാശയകല്ലിനുള്ള സാധ്യത കുറയും. ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങള്‍ അധിക അളവില്‍ നല്‍കുമ്പോള്‍ തീറ്റ ചവച്ചരയ്ക്കുന്നത് കുറയും ഒപ്പം ഉമിനീര്‍ ഉല്‍പാദനവും കുറയും. ഇത് മൂത്രനാളിയിലെ കല്ലിനുള്ള സാധ്യത കൂട്ടും. മൂത്രത്തിന്റെ അമ്ലനില ഉയര്‍ത്താന്‍ സഹായിക്കുന്ന അമോണിയം ക്ലോറൈഡ് പൗഡര്‍ ഒരു കിലോഗ്രാം ശരീരതൂക്കത്തിന് 300 മില്ലി ഗ്രാം എന്ന അളവില്‍ തീറ്റയില്‍ നല്‍കുന്നത് കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ ചെറുപരലുകളായി അടിഞ്ഞുകൂടി മൂത്രനാളിയില്‍ കല്ല് ഉണ്ടാവുന്നത് തടയാന്‍ ഉത്തമമാണ്.

English summary: Goat Farming Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com