ADVERTISEMENT

ആറാം ക്ലാസുകാരന്‍ മുഹമ്മദ് യാസിന്റെ വിലപിടിപ്പുള്ള വളര്‍ത്തുപക്ഷി ചിന്നുവിനെ 3 ദിവസത്തിനു ശേഷം തിരിച്ചുകിട്ടി. ഗ്രീന്‍ ചീക്ഡ് കൊന്യൂര്‍ വിഭാഗത്തില്‍പ്പെട്ട അലങ്കാര വളര്‍ത്തു പക്ഷിയാണ് 3 ദിവസം മുന്‍പ്  കാണാതായത്. വീട്ടില്‍ പുതുതായി വിരിഞ്ഞ കിളികള്‍ക്ക് നെടുങ്കണ്ടം പുത്തന്‍വീട്ടില്‍ മുഹമ്മദ് യാസിന്‍ പരിശീലനം നല്‍കുന്നതിനിടെ കാക്കക്കൂട്ടം ആക്രമിച്ചു. ആക്രമണം പ്രതിരോധിക്കുന്നതിനിടെ കിളി പറന്നകലുകയായിരുന്നു.

ഈ പ്രായത്തില്‍ ഇണങ്ങിയ കൊന്യൂര്‍ വിഭാഗത്തിലുള്ള കിളിക്ക് മോഹവിലയാണ്. യാസിന്‍ ഇണക്കിയെടുത്ത കിളികള്‍ കൂടു തുറന്നാല്‍ വീടിനുള്ളില്‍ ചുറ്റിത്തിരിയും. കിളി പറന്നുപോയതോടെ വാട്‌സാപ് ഗ്രൂപ്പുകള്‍ മുഖേന കിളി നഷ്ടപ്പെട്ട വിവരം അറിയിപ്പായി നല്‍കി. തുടര്‍ന്ന് 2 ദിവസം അന്വേഷണം നടത്തി. 

നെടുങ്കണ്ടത്തുനിന്ന് 4 കിലോമീറ്റര്‍ അകലെ മഞ്ഞപ്പെട്ടിയിലെ ഒരു വീട്ടിലാണ് യാസിന്റെ ചിന്നുക്കിളി എത്തിയത്. വാട്‌സാപില്‍ കിളിയെ നഷ്ടപ്പെട്ട അറിയിപ്പ് കണ്ട വീട്ടുകാര്‍ യാസിനു കിളിയെ തിരിച്ചു നല്‍കി. സന്തോഷ സൂചകമായി യാസിന്‍ ഒരു ജോഡി ഫിഞ്ചുകളെ ചിന്നുവിനെ തിരികെ നല്‍കിയ വീട്ടിലെ സമപ്രായക്കാരായ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കി.

യാസിന്‍ അലങ്കാരപ്പക്ഷികളെ വളര്‍ത്തി പരിശീലനം നല്‍കി വില്‍പന നടത്തുന്നുണ്ട്. കഴിഞ്ഞ ലോക്ഡൗണില്‍ സമയം കളയാനായി തുടങ്ങിയതാണ്. ആഫ്രിക്കന്‍ ലൗവ് ബേര്‍ഡ്, ഫിഞ്ചസ്, കോക്കറ്റീല്‍ എന്നിങ്ങനെ അലങ്കാര വളര്‍ത്തുപക്ഷികള്‍ യാസിനു സ്വന്തമായുണ്ട്. തൂക്കുപാലം വിജയമാത സ്‌കൂളിലെ വിദ്യാര്‍ഥിയാണ് യാസിന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com