ചുണ്ടു വളഞ്ഞ് പാവം കുഞ്ഞിത്തത്ത; തല തുളച്ച് അപൂര്‍വ ശസ്ത്രക്രിയ നടത്തി വെറ്ററിനറി ദമ്പതികള്‍

HIGHLIGHTS
  • കേരളത്തിലെ പക്ഷിപരിപാലകര്‍ക്ക് പുതിയ പ്രതീക്ഷ
african-grey-parrot
SHARE

മേല്‍ച്ചുണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു വളര്‍ന്ന് ബുദ്ധിമുട്ടിലായ തത്തയ്ക്ക് അപൂര്‍വ ശസ്ത്രക്രിയ. പക്ഷിപരിപാലകരുടെ ഇടയില്‍ ഏറെ പ്രചാരമുള്ള ആഫ്രിക്കന്‍ ഗ്രേ പാരറ്റ് (ആഫ്രിക്കന്‍ ചാരത്തത്ത) കുഞ്ഞിനാണ് ചെങ്ങന്നൂര്‍ സ്വദേശികളും വെറ്ററിനറി ദമ്പതികളുമായ ഡോ. ടിറ്റു ഏബ്രഹാമും ഡോ. കെ.യു. അമൃതലക്ഷ്മിയും ചേര്‍ന്ന് അപൂര്‍വ ശസ്ത്രക്രിയ നടത്തി ചുണ്ട് പൂര്‍വസ്ഥിതിയിലാക്കിയത്.

അരുമപ്പക്ഷികളില്‍ കണ്ടുവരുന്ന സിസര്‍ ബീക്ക് അല്ലെങ്കില്‍ റൈ ബീക്ക് (ചുണ്ട് തിരിഞ്ഞ അവസ്ഥ) ആണ് 4 മാസം പ്രായമുള്ള തത്തക്കുഞ്ഞിന് ഉണ്ടായിരുന്നത്. സാധാരണ ഹാന്‍ഡ് ഫീഡ് ചെയ്യുന്ന കുഞ്ഞുങ്ങളില്‍ ഹാന്‍ഡ് ഫീഡിങ് സിറിഞ്ച്, സ്പൂണ്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ മേല്‍ച്ചുണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു വളരാറുണ്ട്. അമ്മപ്പക്ഷി ഭക്ഷണം കൊടുക്കുന്ന കുഞ്ഞുങ്ങളില്‍ ഈ അവസ്ഥ പൊതുവേ കാണാറില്ലാത്തതായിരുന്നു. എന്നാല്‍, ഈ കേസില്‍ അമ്മപ്പക്ഷി ഭക്ഷണം കൊടുത്ത കുഞ്ഞിനാണ് ഇത്തരത്തില്‍ ചുണ്ട് തിരിഞ്ഞുപോയത്.

african-grey-parrot-3
തല തുളച്ചുള്ള രീതി

മനുഷ്യരില്‍ പല്ലില്‍ കമ്പിയിടുന്ന രീതിയിലുള്ള പ്രക്രിയയാണ് ഡോ. ടിറ്റുവും ഡോ. അമൃതലക്ഷ്മിയും സ്വീകരിച്ചത്. തല തുളച്ച് അതി സങ്കീര്‍ണമായ രീതിയിലാണ് ഇരുവരും ഈ ഉദ്യമം ആരംഭിച്ചത്. പക്ഷിയെ മയക്കിയായിരുന്നു ശസ്ത്രക്രിയ. പക്ഷികള്‍ക്ക് ചെറിയ തല ആയതിനാല്‍ ഈ ഉദ്യമം വളരെ സങ്കീര്‍ണതയുള്ളതാണ്. കാരണം കണ്ണുകളും തലച്ചോറുമെല്ലാം വളരെയടുത്തായതിനാല്‍ ചെറിയ പാളിച്ചപോലും അപകടത്തിലേക്ക് എത്തിക്കുമായിരുന്നു. എങ്കിലും തലയോടിലുള്ള വായു അറ(Sinus)യിലൂടെ കമ്പി കയറ്റിയുള്ള ശ്രമം വിജയകരമായിരുന്നു. 

african-grey-parrot-1
കസ്റ്റമൈസ്ഡ് ഓവര്‍ഹെഡ് ബ്രേസ് ധരിച്ച് ആഫ്രിക്കന്‍ ചാരത്തത്തക്കുഞ്ഞ്

ഉദ്യമം വിജയകരമായിരുന്നെങ്കിലും മൂന്നാം ദിവസം പക്ഷി അത് ഇളക്കിക്കളയാനുള്ള ശ്രമം നടത്തിയത് വലിയ വെല്ലുവിളിയായെന്ന് ഇരുവരും പറയുന്നു. അതോടെ മറ്റൊരു മാര്‍ഗം സ്വീകരിച്ചു. പക്ഷിയുടെ തലയില്‍ ഉറച്ചിരിക്കുന്ന വിധത്തില്‍ പ്രത്യേക ഹെല്‍മറ്റ് (പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് നിര്‍മിച്ചത്) നിര്‍മിച്ച് ചുണ്ട് അതിലേക്ക് വലിച്ചുകെട്ടി. കസ്റ്റമൈസ്ഡ് ഓവര്‍ഹെഡ് ബ്രേസ് എന്നാണ് ഈ ഹെല്‍മറ്റിന് ഇരുവരും നല്‍കിയിരിക്കുന്ന പേര്. ഈ ശ്രമം വിജയമായിരുന്നു.

african-grey-parrot-2
ചുണ്ട് പൂര്‍വസ്ഥിതിയിലായപ്പോള്‍

ഈ അവസ്ഥയിലുള്ള ചെറു പ്രായത്തിലുള്ള പക്ഷികളുടെ ചുണ്ടുകളാണ് അനായാസം പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയുന്നത്. 35 ദിവസം പ്രായമുള്ള കിളികളുടെ ചുണ്ടുകള്‍ 14 ദിവസംകൊണ്ട് യഥാര്‍ഥ അവസ്ഥയിലേക്ക് എത്തിക്കാം. എന്നാല്‍, പ്രായം കൂടുന്തോറും പൂര്‍വസ്ഥിതിയിലാകാന്‍ കാലതാമസമെടുക്കുമെന്നു ഡോ. ടിറ്റു പറയുന്നു. കോലഞ്ചേരി സ്വദേശി ജെറിനാണ് ഈ പക്ഷിയുടെ ഉടമ.

വിദേശ രാജ്യങ്ങളില്‍ പോലും ചെറിയ പക്ഷികളില്‍ ഇത്തരത്തിലുള്ള ശ്രമം നടത്താറില്ല. പ്രത്യേകിച്ച് അര കിലോഗ്രാമിലും താഴെയുള്ള പക്ഷികളില്‍. കേരളത്തില്‍ ഇത്തരത്തിലൊരു ഉദ്യമം ആദ്യമാണ്. ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ ആദ്യ സംഭവമായിരിക്കാമിത്.

exotic-vets
ഡോ. ടിറ്റുവും ഡോ. അമൃതലക്ഷ്മിയും

എക്‌സോട്ടിക് പെറ്റ്‌സ് വെറ്ററിനറി മേഖല കേരളത്തില്‍ വളര്‍ച്ചയുടെ പാതയിലാണ്. കേരളത്തിലെ പക്ഷിപരിപാലകരുടെ എണ്ണത്തില്‍ വന്ന വര്‍ധനയ്ക്ക് അനുസരിച്ച് വെറ്ററിനറി സേവനങ്ങള്‍ ഇന്ന് സംസ്ഥാനത്ത് ലഭ്യമല്ല. അതുകൊണ്ടുതന്നെ ഡോ. ടിറ്റുവും ഡോ. അമൃതലക്ഷ്മിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എക്‌സോട്ടിക് പെറ്റ്‌സിലാണ്, പ്രത്യേകിച്ച് പക്ഷികളില്‍.

English summary: Scissor beak correction in African Grey Parrot

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA