മരക്കുതിരകളെ പോലെയാവുന്ന ആടുകൾ: അറിയാം ആടുകളിലെ വില്ലുരോഗത്തെക്കുറിച്ച്

HIGHLIGHTS
  • ജീവൻ രക്ഷിക്കാൻ വാക്സിൻ
  • മേനിയിൽ മുറിവ് കണ്ടാൽ ആടിന് ടിടി നിർബന്ധം
goat-1
SHARE

നല്ല അഴകും ആരോഗ്യവുമുണ്ടായിരുന്ന ആടുകൾ പെട്ടെന്നൊരു ദിവസം ഒരു മരക്കുതിരയെ പോലെ ശരീരം ദൃഢമായി, നിൽക്കാനോ നടക്കാനോ എന്തിന് വായ തുറക്കാൻ പോലും കഴിയാതെ തറയിൽ വീണ് കിടക്കുകയും ഇടക്കിടെ വിറയ്ക്കുകയും തുടർന്ന് ചത്തുപോവുകയും ചെയ്ത വേദനിപ്പിക്കുന്ന അനുഭവം ആടുകർഷകരിൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാവാം. ആടുകളെ ബാധിക്കുന്ന ടെറ്റനസ് അഥവാ വില്ലുവാതം എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ ആണിതെല്ലാം. ക്ലോസ്ട്രീസിയം ടെറ്റനി എന്ന ബാക്ടീരിയകളാണ് രോഗകാരി. മറ്റ് വളർത്തുമൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ടെറ്റനസ് ഏറ്റവും കൂടുതലായി ആടുകളിൽ കണ്ടുവരുന്നു. ടെറ്റനസ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ചികിത്സിച്ചാലും ജീവൻ രക്ഷപ്പെടാനുമുള്ള സാധ്യത വളരെ വിരളമാണ്. പൊക്കിൾക്കൊടി വഴി മണ്ണിൽനിന്നും രോഗാണുക്കൾ ശരീരത്തിലേക്ക് എളുപ്പം കടന്ന് കയറിനിടയുള്ളതിനാൽ 1 - 2 ആഴ്ച പ്രായമുള്ള ആട്ടിൻകുഞ്ഞുങ്ങളിൽ രോഗസാധ്യത ഉയർന്നതാണ്. ആടുകളുടെ ശരീരത്തിലേൽക്കുന്ന പോറലുകളും മുറിവുകളും ചികിത്സ നൽകാതെ നിസ്സാരമായി അവഗണിച്ചാൽ ടെറ്റനസ് ബാധിച്ച് വലിയ ആടുകളുടെ ജീവനും നഷ്ടപ്പെടാം.

ജീവൻ രക്ഷിക്കാൻ വാക്സിൻ

ആട്ടിൻ കുഞ്ഞുങ്ങളിൽ ടെറ്റനസ് വരുന്നത് തടയാൻ ഗർഭിണികളായ ആടുകൾക്ക് അവയുടെ 5 മാസം നീളുന്ന ഗർഭകാലത്തിന്റെ  3, 4 മാസങ്ങളില്‍ ഓരോ ഡോസ് വീതം ടെറ്റ്നസ് ടോക്സോയിഡ് / ടിടി വാക്സിൻ കുത്തിവയ്പ് നല്‍കണം. ഓരോ തവണയും പേശിയിൽ 0.5 മില്ലി വാക്സിൻ നൽകാം. രണ്ട് കുത്തിവെയ്പ് നൽകാൻ കഴിഞ്ഞില്ലങ്കിലും നാലാം മാസത്തിലുള്ള കുത്തിവയ്പ് നിർബന്ധമായും നൽകണം. തള്ളയാടുകൾക്ക് വാക്‌സിൻ നൽകുന്നതിലൂടെ പ്രതിരോധ ശേഷി ആട്ടിൻകുഞ്ഞുങ്ങൾക്കും ലഭിക്കും. എങ്കിൽ മാത്രമേ പിറന്നുവീണയുടൻ പൊക്കിൾക്കൊടി വഴി ആട്ടിൻ കുഞ്ഞുങ്ങളുടെ ശരീരത്തിൽ കയറാനിടയുള്ള ടെറ്റനസ് ബാക്ടീരിയകളെ ഫലപ്രദമായി തടയാൻ സാധിക്കുകയുള്ളൂ. കൃത്യമായി വാക്സിൻ നൽകിയ തള്ളയാടിൽ നിന്നും കുഞ്ഞുങ്ങളിലേക്ക് പകരുന്ന ടെറ്റനസ് പ്രതിരോധശേഷി മൂന്ന് മാസം വരെ കുഞ്ഞുങ്ങളെ രോഗാണുവിൽനിന്ന് സംരക്ഷിക്കും.

തുടർന്ന് മൂന്ന്-നാല് മാസം പ്രായമെത്തുമ്പോൾ ആട്ടിൻകുഞ്ഞിന്  ടെറ്റനസ്ടോക്സോയിഡ് കുത്തിവയ്പ് നല്‍കണം. ആദ്യ കുത്തിവെയ്പ്പെടുത്തതിന് രണ്ടാഴ്ച കഴിഞ്ഞ് ബൂസ്റ്റർ വാക്സിൻ നൽകണം. തുടർന്ന് ആറു മാസത്തിന് ശേഷം ഒരു ബുസ്റ്റർ വാക്സിൻ കൂടെ നൽകാവുന്നതാണ്. മുതിർന്ന ആടുകൾക്ക് വർഷത്തിൽ ഒരിക്കൽ ബൂസ്റ്റർ കുത്തിവയ്പ് നൽകിയാൽ മതി. ടെറ്റനസ് രോഗം ആടുകളിൽ വ്യാപകമായി കാണുന്നതിനാലും രോഗം ബാധിച്ചാൽ രക്ഷപ്പെടാൻ സാധ്യത തീരെ കുറവായതിനാലുമാണ് ഇത്രയും മുൻകരുതൽ.

ഒപ്പം ശ്രദ്ധിക്കേണ്ടത്

വാക്സിനേഷൻ ക്രമം പാലിക്കുന്നതിനൊപ്പം രോഗം തടയുന്നതിനായി ജനിച്ചയുടന്‍ ആട്ടിൻകുട്ടികളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിട്ട് കഴുകി ടിഞ്ചര്‍ അയഡിന്‍  ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. പ്രസവ മുറിയിൽ വൈക്കോൽ വിരിച്ച് ശുചിത്വമുറപ്പാക്കേണ്ടതും പ്രധാനം. ആട്ടിൻകുഞ്ഞുങ്ങളുടെ ശരീരത്തില്‍നിന്ന് പൊക്കിൾക്കൊടി പൂര്‍ണമായി വേര്‍പ്പെട്ടിട്ടില്ലെങ്കില്‍  പൊക്കിളിന്  ഒരിഞ്ച് താഴെ അയഡിൻ ലായനിയിൽ ഇട്ട് അണുവിമുക്തമാക്കിയ ഒരു നൂല് ഉപയോഗിച്ച് കെട്ടിയതിനു ശേഷം  ബാക്കി ഭാഗം കെട്ടിന്  ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച്  മുറിച്ച് മാറ്റണം. പൊക്കിൾ കൊടിയിലെ  മുറിവ് ഉണങ്ങുന്നത് വരെ ദിവസവും മൂന്നോ നാലോ തവണ ടിഞ്ചർ അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം.

ആട്ടിൻകുഞ്ഞുങ്ങൾക്ക് നൽകാവുന്ന മൃതസഞ്‌ജീവനിയാണ് അമ്മയാടിന്റെ കന്നിപ്പാൽ. തള്ളയാടിന്റെ ശരീരത്തിൽ നിന്നും കന്നിപ്പാൽ വഴി വരുന്ന പ്രതിരോധ ഘടകങ്ങൾ ടെറ്റനസ് ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് കുഞ്ഞിന് പ്രതിരോധ കവചം തീർക്കും. ജനിച്ചതിന് ആദ്യ രണ്ട്  മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്‍റെ 10 % എന്ന അളവിൽ കന്നിപ്പാല്‍ ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കണം. ഉദാഹരണത്തിന്  2.5 കിലോഗ്രാം ശരീരതൂക്കത്തോടെ ജനിച്ച  ആട്ടിന്‍കുട്ടിക്ക് 250-300 മില്ലി ലീറ്റര്‍ കന്നിപ്പാല്‍ ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ഉറപ്പാക്കണം.  ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘഡു (ശരീര തൂക്കത്തിന്റെ 5 % ) പ്രസവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ഉറപ്പാക്കണം. അമ്മയാടിൽനിന്ന് കന്നിപ്പാൽ പരമാവധി കുടിക്കാൻ കിടാക്കളെ  പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. കുഞ്ഞുങ്ങളെ പാൽ കുടിപ്പിക്കാൻ  തള്ളയാട് മടിക്കുന്ന സാഹചര്യത്തിൽ  ഗർഭാശയത്തിൽ നിന്നും പ്രസവസമയത്ത് പുറംതള്ളുന്ന ദ്രാവകം അൽപം കുഞ്ഞിന്റെ മേനിയിൽ പുരട്ടി തള്ളയാടിനെ ആകർഷിക്കാം. അല്ലെങ്കിൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിങ് ബോട്ടിലിലോ നിപ്പിളിലോ നിറച്ച് കുഞ്ഞുങ്ങൾക്ക് നൽകാം.

മേനിയിൽ മുറിവ് കണ്ടാൽ ആടിന് ടിടി നിർബന്ധം

മേയുന്നതിനിടെ കമ്പിയില്‍ കോറി മുറിവേല്‍ക്കുക, പ്രസവവേളയിൽ ജനനേന്ദ്രിയത്തിൽ മുറിവേൽക്കുക, കാതിൽ കമ്മലടിക്കുന്നതിനിടെ മുറിവേൽക്കുക,  തെരുവ് നായയുടെ കടിയേല്‍ക്കുക തുടങ്ങി  ആടുകള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ മറ്റ് ചികിത്സകൾക്കൊപ്പം നിര്‍ബന്ധമായും ടെറ്റനസ് പ്രതിരോധകുത്തിവയ്പ് നല്‍കണം.

English summary: Tetanus in Goats

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA