ADVERTISEMENT

വേനൽച്ചൂടിന്റെ വറുതിമാറി  മണ്ണിന്റെ മണം പരത്തിയെത്തുന്ന പുതുമഴയുടെ നനവും  പിന്നീട് തുള്ളിക്കൊരുകുടം കണക്കെ തിരിമുറിയാതെ പെയ്യുന്ന പേമാരിയുമെത്തുമ്പോൾ ആടുസംരംഭങ്ങളിൽ ചില മുന്നൊരുക്കങ്ങൾ വേണ്ടതുണ്ട്. നമ്മുടെ മലബാറി, നാടൻ, സങ്കരയിനം ആടുകളെ അപേക്ഷിച്ച് ഉത്തരേന്ത്യയിൽനിന്നെത്തിയ ജമുനാപാരി, സിരോഹി, ബീറ്റാൽ തുടങ്ങിയ ഇനം ആടുകളെല്ലാം മഴയും  ഉയർന്ന ഈർപ്പവുമുള്ള കാലാവസ്ഥയിൽ പിടിച്ചുനിൽക്കാൻ ഏറെ പ്രയാസപ്പെടും. വൈറസുകളും പരാദങ്ങളുമെല്ലാം പരത്തുന്ന സാംക്രമികരോഗങ്ങൾക്കും സാധ്യതയേറെ. 

ഉറപ്പാക്കാം  ഈസി ബ്രീത്ത്

ആടുകളിൽ മഴക്കാലത്ത്  കാണുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ഏറ്റവും മുഖ്യമാണ് വിട്ടുമാറാത്ത ചുമയും മൂക്കൊലിപ്പും ശ്വസനതടസ്സവും പനിയുമെല്ലാം. ശ്വസനതടസ്സം  ഗുരുതരമായി തീർന്നാൽ ന്യുമോണിയയ്ക്കും സാധ്യതയേറെ.  ആടുകളിലെ വിട്ടുമാറാത്ത ശ്വാസകോശപ്രശ്നങ്ങളുടെ പിന്നിലെ പ്രധാന വില്ലൻ അവയുടെ  മൂത്രം വിഘടിച്ച്  പുറത്തുവരികയും മതിയായ വായുസഞ്ചാരമില്ലാത്ത കൂട്ടിൽ ഈർപ്പത്തോട് കൂടി  തങ്ങി നിൽക്കുകയും ചെയ്യുന്ന അമോണിയ വാതകമാണ്. മഴ നനയുന്നതും ആടുകളിൽ  ശ്വാസകോശരോഗങ്ങൾക്ക് സാധ്യത കൂട്ടും. കുരലടപ്പൻ, സാംക്രമിക പ്ലൂറോ ന്യുമോണിയ (സിസിപിപി), ആടുവസന്ത പോലുള്ള രോഗങ്ങളുടെയും പ്രധാന ലക്ഷണം കടുത്ത ചുമയും വായിൽനിന്നും മൂക്കിൽ നിന്നുമുള്ള നീരൊലിപ്പും ശ്വസനപ്രയാസവും തന്നെയാണ്. ജമുനാപാരി, സിരോഹി, ബീറ്റൽ  തുടങ്ങിയ ഉത്തരേന്ത്യൻ ആടിനങ്ങളിൽ മഴക്കാലത്ത് ശ്വാസകോശരോഗങ്ങൾ പൊതുവെ കൂടുതലായി കാണപ്പെടുന്നു.

കൂടിന്‍റെ  പ്ലാറ്റ്‌ഫോം (ആടുകൾ നിൽക്കുന്ന തട്ട്) ഭൂനിരപ്പിൽനിന്ന്  ഒരു മീറ്റർ  ഉയർത്തി നിർമിക്കുന്നത് അമോണിയ വാതകം കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. മൂത്രവും കാഷ്ഠവും കെട്ടികിടക്കാതെ കൃത്യമായ ഇടവേളകളിൽ എളുപ്പത്തിൽ നീക്കം ചെയ്യാനും നല്ല വായുസഞ്ചാരം ഉറപ്പാക്കി അമോണിയ വാതകം കൂടിനടിയിൽ തങ്ങിനിൽക്കുന്നത് ഒഴിവാക്കാനും  പ്ലാറ്റ്‌ഫോം ഉയർത്തി നിർമിക്കുന്നത് സഹായിക്കും. ആടുകൾ നിൽക്കുന്ന തട്ട് തറനിരപ്പിൽനിന്നും ഒരു മീറ്ററിലും കുറഞ്ഞ ഉയരത്തിലാണ് സ്‌ഥാപിച്ചിരിക്കുന്നതെങ്കിൽ  ശ്വാസകോശ പ്രശ്നങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടിനുള്ളിലെയും പുറത്തെയും തടസങ്ങൾ നീക്കി കൂട്ടിൽ  മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. മഴചാറ്റൽ കൂടിനുള്ളിലേക്ക് വീഴാതിരിക്കാൻ മേൽക്കൂരയുടെ ചായ്‌പ് ഒരു മീറ്റർ പുറത്തേക്ക് നീട്ടി നൽകണം. ശക്തമായ മഴയും  കാറ്റുമുള്ള  സമയങ്ങളിൽ കൂട്ടിലേക്ക് മഴച്ചാറ്റൽ അടിച്ചുവീശാതിരിക്കാൻ വശങ്ങളിൽ കർട്ടനുകൾ ഉപയോഗിക്കാമെങ്കിലും ബാക്കി സമയങ്ങളിൽ ഇവ നീക്കി വായുവിന്റെ സുഗമസഞ്ചാരം ഉറപ്പാക്കണം. 

ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടാൽ പ്രാഥമിക ചികിത്സ നൽകുന്നതിനായി വിപണിയിൽ ലഭ്യമായ നാറ്റ് കോഫ് (Natcof) ലായനി,  കഫ്‌ലോൺ പൗഡർ (Caflon), കാറ്റ്കഫ് ഇലക്ചുരി ( Catcough Powder Vet 100gm) തുടങ്ങിയവയിൽ ഏതെങ്കിലും കരുതിവയ്ക്കാം. ശ്വാസതടസ്സവും, മൂക്കൊലിപ്പും ഒക്കെയുള്ള സമയങ്ങളില്‍ ശ്വസനം സുഗമമാക്കുന്നതിനായി  യൂക്കാലിപ്റ്റസ് തൈലം അല്ലെങ്കിൽ ടിങ്ചര്‍ ബെന്‍സോയിന്‍ 5-8 തുള്ളി വീതം അര ലീറ്റര്‍ തിളപ്പിച്ച ജലത്തില്‍ ചേര്‍ത്ത് ആടിനെ  ആവിപിടിപ്പിക്കുകയും ചെയ്യാം. തുടർന്നും ഭേദമായില്ലെങ്കിൽ രോഗനിർണയത്തിനും ആന്റിബയോട്ടിക് അടക്കമുള്ള തുടർ ചികിത്സകൾക്കുമായി ഡോക്ടറുടെ സേവനം തേടണം.

ആടുകളുടെ സാധാരണ  ശരീരതാപനില 103  മുതൽ 104 ഡിഗ്രി ഫാരെൻ ഹീറ്റ് (39-40  ഡിഗ്രി സെന്റീഗ്രേഡ് ) വരെയാണ്. ഇതിനേക്കാൾ ഉയർന്ന താപനില പനിയുടെ സൂചനയാണ്. പനി, മൂക്കിന്റെ  മുഞ്ഞിവരണ്ടിരിക്കൽ, മൂക്കിൽനിന്ന് കൊഴുത്ത സ്രവം പുറത്തേക്കൊഴുകൽ അടക്കം ആടുകളിൽ അനാരോഗ്യത്തിന്റെ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുടെ സേവനം തേടണം. ആടുകളുടെ  ശരീര താപനിലയളക്കുന്നതിനായി ഒരു തെര്‍മോ മീറ്റര്‍ ഫാമിൽ സൂക്ഷിക്കണം. തെർമോമീറ്ററിന്റെ അറ്റം  മലദ്വാരത്തിൽ കടത്തി താപനില നിർണയിക്കുന്ന രീതി കർഷകർ അറിഞ്ഞിരിക്കണം.

ആടുകളിൽ ബ്ലോട്ട് തടയാം, പഴുത്ത  ചക്ക ആടിന് വേണ്ട  

മഴക്കാലത്തിന്‍റെ തുടക്കത്തില്‍ തളിർക്കുന്ന ഇളംപുല്ലും ഇളം ചെടികളും ധാരാളമായി ആടുകൾക്ക്  നല്‍കുന്നത് വയറിളക്കത്തിനും ദഹനക്കേടിനും വയർപെരുപ്പത്തിനും  (ബ്ലോട്ട്)  ഇടയാക്കും. ഇളം പുല്ലില്‍ നാരിന്റെ അളവ് കുറവായതും ഒപ്പം അധിക അളവിൽ അന്നജവും ജലാംശവും അടങ്ങിയതുമാണ് ഇതിന് കാരണം. വയറിന്റെ ഇടതുവശം ക്രമാതീതമായി വീർത്തുവരൽ, ശ്വാസമെടുക്കാൻ പ്രയാസം, മൂക്കിലൂടെയും വായിലൂടെയും വെള്ളമൊലിക്കൽ, ഇടയ്ക്കിടെ എഴുന്നേൽക്കുകയും കിടക്കുകയും ചെയ്യൽ എന്നിവയെല്ലാമാണ് ബ്ലോട്ട് ലക്ഷണങ്ങൾ . ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ ശ്വസന തടസ്സം നേരിട്ട്  ആട് മരണപ്പെടും. ഈ സാഹചര്യത്തിൽ  അധിക വാതകോത്സർജനത്തെ തടഞ്ഞ്  ബ്ലോട്ടിനെ ഒഴിവാക്കുന്ന വാതകഹാരികളായ  ആന്റിബ്ലോട്ട് മിശ്രിതങ്ങള്‍ ആടിന് നൽകണം. ബ്ലോട്ടോസില്‍ (BLOATOSIL) , ബ്ലോട്ടോറിഡ്  (BLOTORID), തൈറല്‍ (TYREL), അഫാനില്‍ (AFANIL), ഗാസ്റ്റിന (Gastina), ടിം ഫ്രീ (Tymfree),  ബ്ലോട്ടോ  സേഫ് (Bloatosafe Liquid) തുടങ്ങിയ വിവിധ പേരുകളില്‍ ആന്‍റിബ്ലോട്ട് മിശ്രിതങ്ങള്‍ വിപണിയില്‍ ലഭിക്കും. 

ബ്ലോട്ട് ഉണ്ടാവുന്ന സാഹചര്യങ്ങളിൽ  പ്രഥമശുശ്രൂഷ എന്ന നിലയിൽ വാതകഹാരികളായ മരുന്നുകൾ 30-50 മില്ലി ലിറ്റർ  വീതം ആടുകളെ കുടിപ്പിക്കാം. ഒപ്പം മുൻകാലുകൾ ഉയർന്ന് നിൽക്കത്തക്ക വിധം ആടിനെ തറയിൽ നിർത്താൻ ശ്രദ്ധിക്കണം.  തുടർന്നും ആട് അസ്വസ്ഥതകൾ കാണിക്കുകയാണെങ്കിൽ ഡോക്ടറുടെ സേവനം തേടണം. വയറുപെരുപ്പത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി ഇളം പുല്ലും പയർ ചെടികളും നൽകുമ്പോൾ ഇളം പുല്ല് വെയിലത്ത് 1-2 മണിക്കൂര്‍ ഉണക്കിയോ  ഉണക്കപുല്ലിനൊപ്പമോ  ചേർത്തോ   നൽകാൻ ശ്രദ്ധിക്കണം. നനഞ്ഞ പുല്ലും വൃക്ഷയിലകളും ആടുകൾക്ക് നൽകുന്നത് ഒഴിവാക്കണം, പരമാവധി ഉണക്കി നൽകാൻ ശ്രദ്ധിക്കണം. മഴക്കൊപ്പം പറമ്പിൽ സമൃദ്ധമായി വിളഞ്ഞ് വീഴുന്ന പഴുത്ത ചക്ക മുഴുവനും ആടിന് നൽകി അസിഡോസിസ് എന്ന അപകടം വിളിച്ചുവരുത്തരുത്.

goat-farming-1

ആട്ടിൻകുഞ്ഞുങ്ങൾക്ക്  വേണം ഇത്തിരി ചൂട് 

നല്ല തണുപ്പുള്ളപ്പോൾ ആട്ടിൻ കുഞ്ഞുങ്ങളെ പാർപ്പിച്ച കൂട്ടിൽ  വൈക്കോലോ ചണച്ചാക്കോ തുണിയോ  വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. കുഞ്ഞുങ്ങളെ  ഒരുമിച്ചാണ് പാർപ്പിക്കുന്നതെങ്കിൽ അവയെ തിങ്ങി പാർപ്പിക്കാതിരിക്കണം. കുഞ്ഞുങ്ങളെ പാർപ്പിച്ച കൂട്ടിൽ  ഇന്‍കാന്‍റസന്റ് / ഇൻഫ്രാറെഡ് ബൾബുകൾ സജ്ജമാക്കി മതിയായ ചൂട് ഉറപ്പാക്കണം. 

അഫ്ലാടോക്സിൻ ആടിനും വിഷം 

പിണ്ണാക്ക്, പെല്ലറ്റ് തീറ്റ, വൃക്ഷയിലകൾ  എന്നിവ ഉൾപ്പെടെയുള്ള സൂക്ഷിച്ചുവച്ച തീറ്റകളിൽ ഈർപ്പമേറ്റാൽ  പൂപ്പൽ  ബാധയ്ക്ക്  സാധ്യതയേറെയാണ്. പൂപ്പലുകൾ  പുറന്തള്ളുന്ന വിഷവസ്തുക്കള്‍ അഫ്ളാടോക്സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. ആടുതീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയുടെ പുറത്ത് വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പല്‍ബാധയേറ്റതിന്‍റെ സൂചനകള്‍. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും ആടുകൾക്ക്  നല്‍കാന്‍ പാടില്ല. മുൻകൂട്ടി സംഭരിക്കുന്ന  തീറ്റച്ചാക്കുകൾ തറയില്‍നിന്ന് ഒരടി ഉയരത്തിലും ചുമരില്‍നിന്ന് ഒന്നരയടി അകലത്തിലും  മാറി മരപ്പലകയുടെ മുകളില്‍ സൂക്ഷിക്കണം. തണുത്ത കാറ്റോ  മഴചാറ്റലോ ഏൽക്കാതെ ശ്രദ്ധിക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം  ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റ ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. തീറ്റനൽകുന്ന പാത്രങ്ങളും വൃത്തിയാക്കി സൂക്ഷിക്കണം 

goat-farming-2

കുളമ്പ് കണ്ടാലറിയാം ആടിന്റെ ആരോഗ്യം

അധികമായി വളർന്ന കുളമ്പിനിടയിൽ അഴുക്ക് അടിഞ്ഞുകൂടി ബാക്ടീരിയ അണുബാധയുണ്ടാവും. ഇതാണ് കുളമ്പ് ചീയലിന് കാരണം. മഴക്കാലത്ത് ഇത്തരം കുളമ്പുപ്രശ്നങ്ങൾക്ക് സാധ്യത ഉയർന്നതാണ്. അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും സാധ്യതയുണ്ട്. കുളമ്പുവേദന മൂലം നടക്കാനുള്ള പ്രയാസം, മുടന്ത്, കൈകാൽമുട്ടുകൾ കുത്തിനിന്ന് തീറ്റകഴിക്കൽ,  കുളമ്പിലെ വീക്കവും, പഴുപ്പും, ദുര്‍ഗന്ധവുമെല്ലാം കുളമ്പ് ചീയലിന്‍റെ ലക്ഷണമാണ്. അധികമായി വളരുന്ന കുളമ്പുകള്‍ ഒത്ത അളവിനും ആകൃതിയിലും വെട്ടിയൊതുക്കേണ്ടതും  അടിവശം ചെത്തിയൊതുക്കേണ്ടതും മഴക്കാല പരിപാലനത്തിൽ  പ്രധാനമാണ്. 

വിദഗ്ധനായ ഒരു ഡോക്ടറുടെ സഹായത്തോടെ ട്രിമ്മിങ് നടത്താം. ഇതിന്  സാഹചര്യമില്ലെങ്കിൽ മൂർച്ചയുള്ള കത്തിയോ പൂന്തോട്ടങ്ങളിൽ ഉപയോഗിക്കുന്ന റോസ് കട്ടറോ ഉപയോഗിച്ച് അധികമായി വളർന്ന കുളമ്പുകൾ മുറിച്ചുകളയാം. കുളമ്പിന്റെ അധികമായി വളർന്ന  അടിഭാഗവും വശങ്ങളും മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് ചെത്തി മിനുക്കുകയും വേണം. കുളമ്പിലെ മുറിവുകള്‍  നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി  ആന്‍റിബയോട്ടിക് ലേപനങ്ങൾ പുരട്ടണം. അതോടൊപ്പം കുളമ്പുകള്‍ നിത്യവും കഴുകി  വൃത്തിയായി സൂക്ഷിക്കുന്നതിനായി ഹൂഫ് ബാത്ത് നൽകുകയുമാവാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും  5 % തുരിശ് ലായനിയിലോ 2 % ഫോര്‍മലിന്‍ ലായനിയിലോ 20 മിനിട്ട് നേരം  കുളമ്പുകള്‍  മുക്കി വച്ച് ഫൂട്ട് ഡിപ്പ് നൽകുന്നതും   കുളമ്പുകളെ ആരോഗ്യമുള്ളതാക്കി മാറ്റും .

ആടുകളിലെ മഴക്കാല രോഗങ്ങൾ മുൻകരുതലുകൾ 

പശുക്കളിലേതെന്നത് പോലെ  ആടുകളിലെയും  മഴക്കാല രോഗങ്ങളിൽ പ്രധാനമാണ് അകിട് വീക്കം. പാലുൽപ്പാദനം കൂടുതലുള്ള സങ്കരയിനം മലബാറി, ബീറ്റല്‍, ജമുനാപാരി  തുടങ്ങിയ ആടിനങ്ങളിലാണ്  അകിടുവീക്കത്തിന് ഏറെ സാധ്യത.  പാലിൽ കട്ടയോ തരിത്തരികളായോ കാണപ്പെടൽ, പാലിന് നിറം മാറ്റം, പനി, തീറ്റയെടുക്കാൻ  മടുപ്പ്, അകിടില്‍ ചൂട്, അകിടിൽ  നീര്, അകിടിൽ തൊടുമ്പോൾ വേദന, അകിടിന്  കല്ലിപ്പ് എന്നിവയാണ് അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പശുക്കളെ അപേക്ഷിച്ച്  'ഗാംഗ്രിനസ് മാസ്റ്റൈറ്റിസ്' എന്നറിയപ്പെടുന്ന തീവ്ര രൂപത്തിലുള്ള അകിടുവീക്കത്തിനാണ് ആടുകളില്‍ കൂടുതല്‍ സാധ്യത. ഈ രൂപത്തിലുള്ള അകിടുവീക്ക രോഗത്തിൽ  അകിട് വീര്‍ത്ത് കല്ലിക്കുമെങ്കിലും  വേദന അനുഭവപ്പെടില്ല. അകിടിന്‍റെ നിറം ക്രമേണ  നീലനിറത്തില്‍ വ്യത്യാസപ്പെടുകയും  അകിട് തണുത്ത് മരവിക്കുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും. കറക്കാന്‍ ശ്രമിച്ചാല്‍ ചുവപ്പും മഞ്ഞയും കലർന്ന   നിറത്തില്‍ സ്രവം  വരുന്നതായി കാണാം. ക്രമേണ അകിട് വിണ്ടുകീറാനും വ്രണങ്ങള്‍ തീവ്രമായി ചില ഭാഗങ്ങള്‍ അടര്‍ന്നുപോവാനും മുലക്കാമ്പുകൾ തന്നെ നഷ്ടമാവാനും  ഗാംഗ്രിനസ് അകിടുവീക്കത്തിൽ  സാധ്യതയേറെയാണ്.  എലിപ്പനി പോലുള്ള ചില രോഗങ്ങളും ആടുകളിൽ അകിടുവീക്കം ഉണ്ടാവാൻ  കാരണമാവാറുണ്ട്.

അകിടുവീക്കം  പശുക്കളേക്കാള്‍  ആടുകളില്‍  മാരകമായതിനാല്‍ രോഗം തടയാന്‍ പ്രത്യേകം കരുതല്‍ പുലര്‍ത്തണം.  ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടന്‍ വിദഗ്‌ധ  ചികിത്സ തേടണം. അകിടുവീക്കം തടയുന്നതിനായി   കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികള്‍ കുടിച്ചതിന് ശേഷം അകിടില്‍ പാല്‍ കെട്ടിനിൽക്കുന്നുണ്ടെങ്കിൽ ഒട്ടും ബാക്കി നിര്‍ത്താതെ  പാല്‍ പൂർണമായും  കറന്നു കളയണം. പശുക്കളില്‍ എന്നതുപോലെ  തന്നെ കറവയുള്ള ആടുകളിൽ  കറവയ്ക്ക് മുന്‍പ് അകിടുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടോ ടിഷ്യൂ പേപ്പറുകൊണ്ടോ നനവ് ഒപ്പിയെടുക്കണം. ആടുകളെ  നമ്മുടെ ചൂണ്ടുവിരലും തള്ളവിരലും മാത്രം ഉപയോഗിച്ച് പിഴിഞ്ഞ് കറക്കുന്ന രീതി അകിടുവീക്കത്തിന് സാധ്യത കൂട്ടും. മുഴുകൈ കറവയാണ് ഏറ്റവും  അനുയോജ്യം. 4 വിരലുകൾ ഒരു ഭാഗത്തും തള്ളവിരൽ മറുഭാഗത്തുമായി പിടിച്ച് മുകളിൽനിന്നും ചുവടേക്ക് അമർത്തി കറക്കുന്ന രീതിയാണ് മുഴുകൈ ഉപയോഗിച്ചുള്ള കറവ. കറവയ്ക്ക് ശേഷവും കുട്ടികൾ കുടിച്ചതിനു ശേഷവും മുലക്കാമ്പുകൾ പോവിഡോൺ അയഡിൻ ലായനിയിൽ 20-സെക്കന്‍റ് മുക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം. ഉടൻ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ  കറവ കഴിഞ്ഞതിന് ശേഷം ആടുകള്‍ക്ക്  കൈത്തീറ്റയോ, വൈക്കോലോ നല്‍കണം. അകിടിന് ചുറ്റും വളർന്ന  നീണ്ട രോമങ്ങൾ മുറിച്ചുമാറ്റാൻ ശ്രദ്ധിക്കണം. അകിടിലുണ്ടാവുന്ന പോറലുകൾ  നിസ്സാരമാണെങ്കിൽ പോലും കൃത്യസമയത്ത് ചികിൽസിച്ച് ഭേദപ്പെടുത്തണം.

ആടുകളിലെ പ്ലേഗ്  എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമായ ആടുവസന്തയ്ക്ക്‌ മഴക്കാലത്ത് സാധ്യതയേറെ. പാരമിക്സോ  എന്ന വൈറസ് കുടുംബത്തിലെ  മോര്‍ബില്ലി എന്നയിനം വൈറസുകള്‍  കാരണമായുണ്ടാവുന്ന ഈ രോഗം പിപിആര്‍ അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്സ് റുമിനന്‍റ്സ് എന്നാണ് ശാസ്ത്രീയമായി  വിളിക്കപ്പെടുന്നത്. ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും  രോഗം ബാധിക്കാമെങ്കിലും നാലു മാസത്തിനും രണ്ടു വയസിനും ഇടയിലുള്ളവയ്ക്കാണ് രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണനിരക്ക് 85 മുതല്‍ 90 ശതമാനം വരെ  ഉയര്‍ന്നതുമാണ്. ഗോരക്ഷാപദ്ധതിയുടെ കീഴില്‍  മൃഗസംരക്ഷണവകുപ്പ് ഉല്‍പ്പാദിപ്പിച്ച് സംസ്ഥാനത്തുടനീളം  സൗജന്യമായി വിതരണം ചെയ്യുന്ന പിപിആര്‍ സെല്‍കള്‍ച്ചര്‍ വാക്സിന്‍ ആടുവസന്ത പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണ്. മൂന്ന് മാസത്തിന്  മുകളില്‍  പ്രായമുള്ള ആടുകള്‍ക്ക് ആദ്യ പ്രതിരോധകുത്തിവെയ്പെടുക്കാം. മൂന്ന് വർഷം വരെ പ്രതിരോധശേഷി നൽകാൻ ഈ വാക്‌സിന് കഴിയുമെങ്കിലും നമ്മുടെ നാട്ടിൽ പിപിആർ വളരെ വ്യാപകമായി കാണുന്ന സാഹചര്യത്തിൽ  വർഷത്തിൽ കുത്തിവയ്പ്പ് ആവര്‍ത്തിക്കുന്നത് അഭികാമ്യമാണ്‌. ഒരു മില്ലിലീറ്റര്‍ വീതം മരുന്ന് തൊലിക്കടിയില്‍  കുത്തിവയ്ക്കുന്ന പിപിആര്‍ വാക്സിന്‍  ഗര്‍ഭിണികളായ ആടുകള്‍ക്ക് പോലും  സുരക്ഷിതമായി നല്‍കാവുന്നതാണ്.

പേൻ, ചെള്ള്, പട്ടുണ്ണി, കടിയീച്ച  തുടങ്ങിയ ബാഹ്യപരാദങ്ങൾ  പെരുകുന്ന സമയമാണ് മഴക്കാലം. ഡെൽറ്റാമെത്രിൻ, ഫ്ലുമെത്രിൻ, സൈപെർമെത്രിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ സിന്തറ്റിക് പൈറേന്ത്രോയിഡ് മരുന്നുകൾ  ബാഹ്യപരാദനാശികളായി ഉപയോഗിക്കാം. ബാഹ്യപരാദ ലേപനങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ആടുകളുടെ മേനി  ഒരു ഗ്രൂമിങ് ബ്രഷ് ഉപയോഗിച്ച്  ചീകി വൃത്തിയാക്കുന്നതും പരാദ നിയന്ത്രണത്തിന് ഫലപ്രദമാണ്. ചെറുകുടലിന്‍റെ ഭിത്തിയില്‍ കടിച്ച് തൂങ്ങി കിടന്ന് രക്തം കുടിച്ച് വളരുന്ന സ്ട്രോഗൈല്‍ എന്ന്  വിളിക്കപ്പെടുന്ന ഉരുളൻ  വിരകളും  ദഹിച്ച് കഴിഞ്ഞ പോഷകാഹാരം  ഭക്ഷിച്ച് രണ്ടരയടി വരെ  നീളത്തില്‍ വളരുന്ന മൊനീഷ്യ എന്ന് വിളിക്കപ്പെടുന്ന നാടവിരകളുമാണ് കേരളത്തിലെ ആടുകളിൽ കാണപ്പെടുന്ന പ്രധാന ആന്തര പരാദങ്ങൾ. മഴക്കാലത്ത് അന്തരപരാദങ്ങളും കൂടാൻ ഇടയുള്ളതിനാൽ മഴ കനക്കും മുൻപേ ആടുകൾക്കെല്ലാം ആന്തര പരാദങ്ങൾക്കെതിരെയുള്ള മരുന്നുകൾ നൽകേണ്ടതും പ്രധാനം. ആവശ്യമെങ്കിൽ ആടുകളുടെ ചാണക പരിശോധന നടത്തി വിരബാധ നിർണയിക്കാവുന്നതാണ്.  

കാലവർഷം കോക്‌സീഡിയക്കാലം 

ആട്ടിൻകുഞ്ഞുങ്ങളെ  പ്രത്യേകിച്ച് ഒരു മാസം മുതൽ ഒരു വർഷം വരെ പ്രായമുള്ളവയെ  ബാധിക്കുന്ന മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് കോക്സിഡിയോസിസ് അഥവാ രക്താതിസാരരോഗം. പേര് സൂചിപ്പിക്കുന്നത് പോലെ രക്തവും ശ്ലേഷമവും (Mucus) കലര്‍ന്ന അതിസാരമാണ് പ്രധാന രോഗലക്ഷണം. കോക്സീഡിയല്‍ രോഗാണു കുടുംബത്തിലെ ഐമീറിയ എന്നയിനം പ്രോട്ടോസോവല്‍ അണുക്കളാണ് രോഗമുണ്ടാക്കുന്നത്. ദഹനവ്യൂഹത്തെ ബാധിക്കുകയും പെരുകുകയും ചെയ്യുന്ന കോക്‌സീഡിയ രോഗാണുക്കൾ കുടൽ ഭിത്തിയിൽ ക്ഷതമേൽപ്പിക്കുകയും രക്തസ്രാവത്തിന് വഴിയൊരുക്കുകയും ചെയ്യും .   

വൃത്തിഹീനമായ  കൂടും  ഉയര്‍ന്ന ഈര്‍പ്പമുളള കാലാവസ്ഥയും ശരീര സമ്മർദ്ദവും കുഞ്ഞുങ്ങളെ  തിങ്ങി പാർപ്പിക്കുന്നതും  രോഗസാധ്യത കൂട്ടും. വൃത്തിഹീനമായ ചുറ്റുപാടിലും ചാണകത്തിലും മലിനമായ വെള്ളത്തിലും  ചളിയിലും  കാണുന്ന കോക്സീഡിയല്‍ രോഗാണുക്കള്‍ തീറ്റയിലും പാലിലും കുടിവെള്ളത്തിലും കലര്‍ന്ന് ശരീരത്തിനകത്തെത്തിയാണ്  രോഗമുണ്ടാവുന്നത്. 

ആട്ടിൻകുഞ്ഞുങ്ങളിൽ  രക്തത്തോട് കൂടിയ വയറിളക്കം ശ്രദ്ധയിൽ പെട്ടാൽ ചാണക പരിശോധന നടത്തി രോഗം നിർണയിക്കുകയും  ചികിത്സ ലഭ്യമാക്കുകയും വേണം. രോഗം ബാധിച്ചവയെ മറ്റുമുള്ളവയിൽ നിന്ന് മാറ്റിപ്പാർപ്പിക്കണം. സൾഫഡിമിഡീൻ,  സള്‍ഫണമൈഡ്, മെട്രാനിഡസോള്‍, സിപ്രോഫ്ലോക്സസീൻ  തുടങ്ങിയ ഘടകങ്ങള്‍ മരുന്നുകള്‍  കോക്സീഡിയല്‍ രോഗാണുക്കള്‍ക്കെതിരെ ഏറെ ഫലപ്രദമാണ്. ആട്ടിൻകുഞ്ഞുങ്ങളുടെ തീറ്റയും  കുടിവെള്ളവും  ചാണകം കലർന്ന് മലിനമാവാതിരിക്കാൻ പ്രത്യേകം ജാഗ്രത വേണം. പാൽ കറന്നെടുത്ത് കുട്ടികളെ  കുടിപ്പിക്കുകയാണെങ്കില്‍ ഓരോ തവണ പാൽ നൽകുന്നതിനും മുൻപായി മിൽക്ക് ഫീഡിങ് ബോട്ടിലുകൾ അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ  കഴുകി വൃത്തിയാക്കാൻ മറക്കരുത്.

English summary: How to take care of goats during rainy season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com