ADVERTISEMENT

ഓരോ വ്യക്തിയുടെയും ഇഷ്ടങ്ങൾ വ്യത്യസ്തമായിരിക്കും. അതുപോലെതന്നെയാണ് അരുമകളോടുള്ള ഇഷ്ടവും. ചിലർക്ക് പക്ഷികളോടായിരിക്കും ഇഷ്ടം. മറ്റു ചിലർക്ക് നായ്ക്കൾ. അതുപോലെ മത്സ്യങ്ങൾ, മുയലുകൾ എന്നിങ്ങനെ നീണ്ടുപോകും. അത്തരത്തിൽ നായ്ക്കളോടുള്ള അടങ്ങാത്ത ഇഷ്ടമാണ് അജിത് മാധവൻ എന്ന നായപ്രേമിയെ മുന്നോട്ടു നയിക്കുന്നത്. നായ്ക്കളോടുള്ള ഇഷ്ടം ജീവിതം നശിപ്പിക്കുമെന്നു പലരും പറഞ്ഞിട്ടും പൊരുതി നേടിയ വിജയത്തിനൊപ്പം ഇന്ന് കേരള പൊലീസിന്റെ ഭാഗമാണ് അജിത് മാധവൻ. കേരള പൊലീസിന്റെ ഇടുക്കി ജില്ലാ കെ9 സ്ക്വാഡിലെ പരിശീലകനാണ് അജിത് ഇന്ന്. ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ഇഷ്ടത്തോടൊപ്പം മുന്നോട്ടുപോകുന്ന അജിത് നായ്പ്രേമികൾക്കായി മനസ് തുറക്കുന്നു. 

നായ ഭ്രമം എന്നാണ് മനസ്സിൽ കയറിയതെന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല. ആദ്യത്തെ ഓർമ സ്കൂൾ വിട്ട് വീട്ടിലേക്കു വരുമ്പോൾ വഴിയിൽ കാണുന്ന നായ്ക്കുഞ്ഞുങ്ങളെയൊക്കെ എടുത്ത് വീട്ടിൽ കൊണ്ടുവന്നതാ. അടുത്ത ദിവസം രാവിലെ നോക്കുമ്പോൾ അതിനെ കാണില്ല. അമ്മ തൂക്കിയെടുത്ത് എവിടെലും കളഞ്ഞിട്ടുണ്ടാകും. പിന്നെ പിന്നെ വീട്ടിൽ കാണാതെ സഞ്ചിക്കുള്ളിലൊക്കെ ആക്കി വീടിന്റെ വിറകുപുര വരെ എത്തിക്കും. രാവിലെ വീണ്ടും തഥൈവ. പിന്നെ കൊണ്ടുവന്നാൽ തല്ല് കിട്ടുമെന്ന സ്ഥിതി ആയപ്പോൾ വഴിയിൽ നിർത്തി കളിപ്പിച്ചിട്ട് വീട്ടിൽ പോകും. 

ajith-madhavan-2

അങ്ങനെ ആദ്യമായൊരു ട്രെയിനിങ്ങ് കണ്ടത് സ്കൂൾ വിട്ട് വരുമ്പോൾ കവലയിൽ ഒരു സുന്ദരൻ നാടൻ നായ അടുക്കി വച്ച രണ്ട് ബക്കറ്റിന്റെ മുകളിൽ കയറിയിരിക്കുന്നു. ഒരു പുള്ളിക്കാരൻ ചെണ്ടയും കൊട്ടുന്നുണ്ട്. അന്ന് ആ ചെണ്ട കൊട്ടിയ ട്രെയിനർക്ക് എന്റെ മനസിലെ സ്ഥാനം അച്ഛൻ പറഞ്ഞു പഠിപ്പിച്ച് മനസിൽ പതിപ്പിച്ചുതന്ന ഡോക്ടറാകണം എന്ന സ്ഥാനത്തിന് മേലെയായിരുന്നു. പിന്നൊന്നും ആലോചിച്ചില്ല സ്കൂളിൽനിന്ന് വീട്ടിൽ പോകുന്ന വഴിയിലുള്ള ജോസേട്ടന്റെ സ്വന്തം ജാക്കിയെ പൊക്കിയെടുത്തു അവിടിരുന്ന അലുമിനിയം ബക്കറ്റിന് മുകളിലിരുത്താൻ നോക്കി. ജാക്കി പിടഞ്ഞൊരു ചാട്ടവും കാളം പൂളം കടിയും. അത്രയും മെയ് വഴക്കവും ഓട്ടവും ജീവിതത്തിൽ പിന്നെനിക്ക് കൈവന്നിട്ടില്ല. അങ്ങനെ ജീവിതത്തിലാദ്യമായി നായയുടെ കടിയും കിട്ടി. അന്ന് വരെ തോളിൽ കയ്യിട്ട് നടന്നിരുന്ന ജാക്കി പിന്നെ എന്നെ ദൂരെന്ന് കാണുമ്പോൾമുതൽ പല്ലിളിച്ച് കാണിക്കാൻ തുടങ്ങി. അങ്ങനെ ആദ്യത്തെ ശ്രമം പാളിപ്പോയതിനുശേഷം ട്രെയിനിങ്ങിന് ഇത്തിരി ഇടവേള കൊടുത്തു.

പിന്നെ കോളജിൽ ചേർന്നപ്പോഴാണ് വീണ്ടും നായപ്രേമം തലപൊക്കിയത്. കോളജിൽ പിള്ളാരേക്കാൾ കൂടുതൽ നായ്ക്കൾ‌. കാന്റീനിൽനിന്ന് അവന്മാർക്കുള്ള പങ്ക് വാങ്ങി കൊടുത്ത് പറ്റ് താങ്ങാൻ പറ്റാതായപ്പോൾ കാന്റീൻ ചേട്ടൻ നെറ്റിചുളിച്ചു. പിന്നൊന്നും നോക്കിയില്ല നടന്ന് കോളേജിലെത്തുന്ന ഞാൻ എല്ലാ നായ്കളെയും കൂട്ടി നടന്ന് വീട്ടിനടുത്തുള്ള കടയിൽനിന്ന് അച്ഛന്റെ പറ്റിൽ ബിസ്ക്കറ്റ് വാങ്ങി കൊടുക്കലായി. മാസപ്പറ്റിൽ കൂടുതലായപ്പോൾ കാര്യമറിഞ്ഞ് അച്ഛൻ ദുർവാസാവായി. അതോടെ അതും മുടങ്ങി. അങ്ങനെ നായയുടെ പുറകെ നടന്നു ജീവിതം കളയുമെന്ന് പറഞ്ഞവർക്ക് ഒന്നുടെ സന്തോഷിക്കാൻ ഡിഗ്രിയങ്ങ് തോറ്റുകൊടുത്തു. പിന്നെ വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയായി. ഷാപ്പിൽ മീൻ കക്കാൻ വരുന്ന കണ്ടൻ പൂച്ചയെപ്പോലെ വീട്ടിൽ പമ്മി കയറി. പെട്ടന്ന് എന്റെ നേരെ ഒരലർച്ച ‘ഗോ എവേ യൂ സ്റ്റുപ്പിഡ് , യൂ വിൽ നാട്ട് സീ എനി മിനിട്ട് ഫ്രം മൈ ഹൗസ്... ഇറങ്ങി പോടാ...’ ആഹാ അത്രക്കായാ കൊടും അഭിമാനിയായ ഞാൻ ഒറ്റ പോക്ക്. വിശന്നപ്പോൾ സ്വാഭാവികമായി അങ്ങ് വീട്ടിൽ കേറിയിരുന്ന് തിന്നു. ലോണടവ്‌ പോലെ ഡിഗ്രി വളരെ കഷ്ടപ്പെട്ട് എഴുതിയെടുത്തു.

ajith-madhavan-1
പെട്ടിമുടി നായ കുവിക്കൊപ്പം അജിത് മാധവൻ. കുവിയെ പെട്ടിമുടിയിൽനിന്ന് കണ്ടെത്തിയതും കേരള പൊലീസിനുവേണ്ടി പരിശീലിപ്പിച്ചതും അജിത് ആയിരുന്നു

കൂടെയുള്ളവരും കൂട്ടുകാരുമൊക്കെ സമൂഹം വില കൽപിച്ച  വൈറ്റ് കോളർ ജോലിക്കുവേണ്ടി മുക്കറയിടുമ്പോൾ ഞാൻ അപ്പോഴും നമ്മുടെ പിള്ളേരുടെ പിറകെ ആയിരുന്നു. പതിവുപോലെ സകലരുടെയും എതിർപ്പ് മൈൻഡ് ചെയ്യാതെ നമ്മുടെ തലൈവർ പറഞ്ഞ പോലെ ‘ഏൻ വഴി തനി വഴി’ എന്നും പറഞ്ഞ് ഒറ്റ നടപ്പങ്ങ് നടന്നു. അങ്ങനെ മനസിന് പിടിച്ച ജോലിയും നേടി എനിക്ക് ഓരോ ദിവസം ഹരം കൂടി വരുന്ന എന്റെ കെ9. അപ്പോൾ ദേ വരുന്നു അടുത്ത കോടാലി. കുടുംബത്തിലെ ഏതോ ചാണക്യന്റെ ബുദ്ധിയിലുദിച്ച പോലെ എല്ലാവരുടെയും സ്വഭാവം മാറ്റുന്ന സാധനം ‘കല്യാണം’. കാപ്പി കുടി മുറയ്ക്ക് നടന്നപ്പോൾ എവിടെ നിന്നോ ഒരു പട്ടിപ്രാന്തി വന്നു. പിന്നൊന്നുമാലോചിച്ചില്ല അങ്ങ് വളച്ചു കൂടെ കൂട്ടി. പിന്നാ അറിഞ്ഞത് അവിടുന്നിട്ട ചൂണ്ടയിൽ ഞാനാ കൊരുത്തതെന്ന്. അതോടുകൂടി സ്വപ്നം കണ്ട ജനുസിനെയൊക്ക കെട്ടുതാലിയൊഴിച്ച് ബാക്കി പണയംവച്ച് കൂടെ കൂട്ടി. പിടിച്ചതിലും വലുതാ പൊത്തിലെന്നും വച്ച് വീട്ട്കാരും ഇരുപ്പായി. 

ajith-madhavan-3

പണ്ട് നായയുടെ പുറകെ നടന്ന് പഠനവും ജീവിതവും കളയുമെന്ന് പലരും വീട്ട്കാരോടു പറഞ്ഞപ്പോൾ വീട്ടുകാർ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്. ‘നീയെന്ത് ചെയ്യുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ എന്ത് മറുപടി പറയുമെന്ന്’ അതിന് മറുപടി ഇപ്പോൾ ഗൂഗിൾ കൊടുക്കുന്നുണ്ട്.

ഒന്നും മറ്റുള്ളവർക്ക് വേണ്ടി ചെയ്യാതിരിക്കുക. നിങ്ങളുടെ മനസിനു വേണ്ടി മനപ്പൂർവം ചെയ്യുക. ജീവിതത്തിൽ ഒന്നുമൊന്നുമല്ലാതായി പോകുന്നത് മറ്റുള്ളവർ എന്ത് വിച്ചാരിക്കും എന്നു കരുതി ജീവിക്കുന്നത് കൊണ്ടാണ്. ജീവിതം ജീവിക്കാനുള്ളതാണ് മറ്റുള്ളവരെ ബോധിപ്പിക്കാനായി അഭിനയിക്കാനുള്ളതല്ല.

English summary: Life story of a police dog trainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com