മഴക്കാലത്ത് കിടാക്കള്‍ക്കു വേണം പ്രത്യേക പരിപാലനം; ശ്രദ്ധിക്കാനുണ്ട് ഒട്ടേറെ കാര്യങ്ങള്‍

HIGHLIGHTS
  • അധികമുള്ള കാമ്പുകള്‍ മുറിച്ചു മാറ്റുക
  • പോഷക ഗുണങ്ങളടങ്ങിയ തീറ്റയാണ് കിടാക്കള്‍ക്ക് നല്‍കേണ്ടത്
calf-cow
SHARE

രോഗാണുക്കളുടെയും അവയുടെ വാഹകരുടെയും നിലനില്‍പ്പിനും, രോഗപ്പകര്‍ച്ചയ്ക്കും അനുകൂലമാകുന്ന തരത്തില്‍ അന്തരീക്ഷത്തില്‍ വളരെ കൂടുതല്‍ ആര്‍ദ്രതയും തണുപ്പും നിലനില്‍ക്കുന്ന കാലമാണ് മഴക്കാലം. സാധാരണയായി രോഗപ്രതിരോധശേഷിക്കുറവ്, കാലാവസ്ഥയോട് ഇണങ്ങിച്ചേരാനുള്ള ബുദ്ധിമുട്ട് എന്നിവ മൂലം ക്ലേശിക്കുന്ന ഇളംപ്രായത്തിലെ കിടാക്കള്‍ക്ക് മഴക്കാലത്ത് പ്രത്യേക പരിചരണം അത്യാവശ്യമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? 

അതുകൊണ്ടുതന്നെ മഴക്കാലത്ത് കിടാക്കളുടെ ആരോഗ്യ സംരക്ഷണം, തീറ്റ, പാര്‍പ്പിടം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കേണ്ട പരിപാലനമുറകളെക്കുറിച്ച് നാം അറിഞ്ഞിരിക്കണം.

ജനനസമയത്തെ ആരോഗ്യ പരിരക്ഷണം

കിടാവ് ജനിച്ചയുടനെതന്നെ നക്കിത്തുടയ്ക്കാനായി തള്ളപ്പശുവിന്റെ അരികിലേക്കു നീക്കികൊടുക്കണം. ചില സന്ദര്‍ഭങ്ങളില്‍, പ്രസവിച്ച പശുക്കള്‍ ക്ഷീണം മൂലമോ പരിചയക്കുറവുകൊണ്ടോ കിടാവിനെ നക്കിത്തുടയ്ക്കാതിരുന്നാല്‍ അതിന്റെ വായിലും മൂക്കിലുമായി പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുത്ത ദ്രാവകം തുണികൊണ്ട് തുടച്ചു വൃത്തിയാക്കുകയും വൈക്കോലോ, തുണിയോ ഉപയോഗിച്ച് ശരീരം മുഴുവന്‍ ഉഴിഞ്ഞു കൊടുക്കുകയും വേണം. കുട്ടിയുടെ ശ്വാസോച്ഛ്വാസവും രക്തചംക്രമണവും വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. 

കൊഴുത്ത ദ്രാവകങ്ങള്‍ നാസാരന്ധ്രങ്ങളിലും വായിലും നിറഞ്ഞ് അടഞ്ഞിരിക്കുന്നതുമൂലം ശ്വാസോച്ഛ്വാസം സുഗമമായി നടക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ കിടാവിന്റെ പിന്‍ കാലുകള്‍ തൂക്കിയെടുത്ത് നാലോ അഞ്ചോ പ്രാവശ്യം ശക്തിയായി ആട്ടണം. ഇങ്ങനെ ചെയ്യുമ്പോള്‍ കിടാവ് കൈകളില്‍നിന്നും വഴുതി താഴെ വീഴാതിരിക്കാന്‍ വൈക്കോലോ തുണിയോ ഉപയോഗിച്ച് കാലുകളില്‍ പിടിക്കാവുന്നതാണ്. കച്ചിയോ ഉണങ്ങിയ പുല്‍ക്കൊടിയോ മൂക്കിലിട്ട് തുമ്മിക്കുന്നതും ഫലം ചെയ്യും. ഇനിയും കിടാവ് തനിയെ ശ്വസിക്കുന്നില്ലെങ്കില്‍ അതിനെ പരിപാലിക്കുന്നയാള്‍ക്ക് തന്റെ വായുപയോഗിച്ച് കിടാവിന്റെ മൂക്കിലെ ദ്രാവകം വലിച്ചെടുക്കാവുന്നതാണ്. അതിനു ശേഷം കിടാവിന്റെ വായ് അടച്ചു പിടിച്ചുകൊണ്ട് തന്റെ നിശ്വാസവായു അതിന്റെ മൂക്കിലേക്ക് ഊതുന്നതിലൂടെ നിശ്വാസ വായുവിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കിടാവിന്റെ ശ്വാസകോശത്തില്‍ പ്രവേശിക്കുകയും ശ്വാസോച്ഛ്വാസം ത്വരിതപ്പെടുത്തുകയും ചെയ്യും. കൃത്രിമ ശ്വാസം നല്‍കുമ്പോള്‍ കിടാവിന്റെ നെഞ്ചില്‍ ഒന്നിടവിട്ട് അമര്‍ത്തേണ്ടതാണ്. കിടാവിന്റെ പൊക്കിള്‍ക്കൊടി പോവിഡോണ്‍ അയഡിനോ, ടിങ്ചര്‍ അയഡിനോ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

അതിനുശേഷം അണുവിമുക്തമായ ഒരു നൂല്‍ എടുത്ത് കിടാവിന്റെ ശരീരത്തില്‍നിന്നും 2.5 സെന്റീമീറ്റര്‍ താഴെയായി ഒരു കെട്ട് ഇട്ടതിനു ശേഷം, അതില്‍നിന്ന്  1.5-2 സെന്റീമീറ്റര്‍ താഴെവച്ച് പൊക്കിള്‍ക്കൊടി ഒരു കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റുക. പിന്നീട് പോവിഡോണ്‍ അയഡിനോ ടിങ്ചര്‍ അയഡിനോ പുരട്ടുക. പൊക്കിള്‍ക്കൊടിയില്‍ അണുബാധയുണ്ടാകുന്നത് ഇപ്രകാരം തടയാന്‍ സാധിക്കും.

കിടാവിന്റെ പൊക്കിള്‍കൊടി ഉണങ്ങാന്‍ ഏകദേശം ഒരാഴ്ച സമയമെടുക്കും. അതുവരെയും പൊക്കിള്‍കൊടിയില്‍ പോവിഡോണ്‍ അയഡിന്‍ പുരട്ടുകയും പ്രത്യേകമായി ശ്രദ്ധിക്കുകയും വേണം.

calf-1

ജനിച്ചയുടനെയുള്ള വീനിങ്

കിടാവിനെ തള്ളപ്പശുവില്‍നിന്നു പ്രസവിച്ചയുടന്‍ തന്നെ വേര്‍തിരിക്കുകയാണെങ്കില്‍ തള്ളപ്പശു കുട്ടിയെ നക്കി തുടക്കാന്‍ അനുവദിക്കാതെ മറ്റൊരു ഷെഡ്ഡിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. അതിന്റെ ദേഹത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ദ്രാവകങ്ങളും മറ്റും തുടച്ചു മാറ്റിയതിനു ശേഷം കന്നിപ്പാല്‍ കറന്നെടുത്തു പാല്‍ക്കുപ്പിയിലോ പാല്‍ ബക്കറ്റിലോ കുട്ടിയെ കുടിപ്പിക്കുന്നു.

കിടാവിന്റെ ജനനശേഷം 15 മുതല്‍ 30 മിനിറ്റിനുള്ളില്‍ ആദ്യത്തെ ഡോസ് കന്നിപ്പാല്‍ നല്‍കണം. രണ്ടാം തവണ കന്നിപ്പാല്‍ നല്‍കേണ്ടത് 10 മുതല്‍ 15 മണിക്കൂര്‍ ശേഷമാണ്.

കിടാവിന്റെ ശരീരഭാരത്തിന്റെ 5 മുതല്‍ 8 ശതമാനം കന്നിപ്പാലാണ് നല്‍കേണ്ടത്. അതായത് ജനനസമയത്ത് 30 കിലോഗ്രാം ശരീരഭാരമുള്ള കിടാവിന് ഏറ്റവും കുറഞ്ഞത് 2.4 ലീറ്റര്‍ പാല്‍ നല്‍കിയിരിക്കണം. പശുവിന്‍ പാലിനേക്കാള്‍ ഏഴിരട്ടി മാംസ്യവും രണ്ടിരട്ടി ഖരവസ്തുക്കളും അടങ്ങിയിട്ടുള്ള കന്നിപ്പാല്‍ ജനിച്ചുവീഴുന്ന കിടാവിന് ഉത്തമ സന്തുലിതാഹാരമാണ്. ഇതില്‍ കിടാവിന് നിഷ്‌ക്രിയ രോഗപ്രതിരോധശേഷി നല്‍കുന്ന ഗാമാ ഗ്ലോബുലിന്‍ ആന്റിബോഡികള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

രോഗപ്രതിരോധശേഷി നല്‍കുന്നതോടൊപ്പം കിടാവിന്റെ ദഹനേന്ദ്രിയ വ്യൂഹത്തില്‍ കിടക്കുന്ന ആദ്യത്തെ വിസര്‍ജ്യങ്ങള്‍ പുറത്തു കളയാന്‍ സഹായിക്കുന്ന വിരേചകമായും കന്നിപ്പാല്‍ പ്രവര്‍ത്തിക്കുന്നു. ഇത് വിറ്റാമിന്‍ എ, ധാതുലവണങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്. പശു പ്രസവിച്ചു നാലാം ദിവസം വരെ ചുരത്തുന്ന  പാലാണ് കന്നിപ്പാലായി കണക്കാക്കുന്നത്.

കിടാവ് കുടിച്ച ശേഷം ബാക്കി വരുന്ന കന്നിപ്പാല്‍ കറന്നെടുത്തു അമ്മയില്ലാത്ത കുട്ടികള്‍ക്ക് കൊടുക്കുകയോ ഫ്രിഡ്ജില്‍വച്ച് ശീതീകരിച്ചു സൂക്ഷിച്ചു വച്ച ശേഷം പിന്നീട് ഉപയോഗിക്കുകയോ ചെയ്യാം. ഇപ്രകാരം ഏഴു ദിവസം വരെ കന്നിപ്പാല്‍ സൂക്ഷിക്കാം. പിന്നീട് കിടാവിനെ കുടിപ്പിക്കുമ്പോള്‍ അതിന്റെ ശരീര താപനിലയ്ക്ക് തുല്യമാക്കിയതിനു ശേഷം മാത്രമേ കുടിപ്പിക്കാവൂ.

കൃത്രിമ കന്നിപ്പാല്‍ 

പ്രസവത്തോടെ തള്ളപ്പശു മരണപ്പെടുകയോ മറ്റ് ഏതെങ്കിലും കാരണത്താല്‍ പാലില്ലാതെ വരികയോ ചെയ്താല്‍ കിടാവിന് കൃത്രിമമായി കന്നിപ്പാല്‍ നിര്‍മിച്ച് നല്‍കാവുന്നതാണ്. ഇതിനായി 300 മില്ലിലിറ്റര്‍ ചൂടുവെള്ളത്തില്‍ ഒരു മുട്ട പതപ്പിച്ചെടുത്ത് അതിലേക്ക് അര ടീസ്പൂണ്‍ ആവണക്കെണ്ണയും ഒരു ടീസ്പൂണ്‍ കോഡ് ലിവര്‍ ഓയിലും ചേര്‍ക്കണം. ഈ മിശ്രിതം അര ലീറ്റര്‍ ചൂടു പാലില്‍ ചേര്‍ത്ത് കലര്‍ത്തി ഉപയോഗിക്കാം. ദിവസേന മൂന്നു പ്രാവശ്യം ആണ് കൃത്രിമ കന്നിപ്പാല്‍ നല്‍കേണ്ടത്.

രോഗപ്രതിരോധ കുത്തിവയ്പുകള്‍

4 മുതല്‍ 6 വരെ മാസം പ്രായമാകുമ്പോഴാണ് കിടാക്കളെ കുളമ്പുരോഗം, കുരലടപ്പന്‍, ആന്ത്രാക്‌സ് , കരിങ്കാലി തുടങ്ങിയ രോഗങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുന്നത്.

calf-3

വിരമരുന്ന് നല്‍കല്‍

കിടാവിന് 10 ദിവസം പ്രായമാകുമ്പോളാണ് ആദ്യത്തെ ഡോസ് വിരമരുന്ന് നല്‍കേണ്ടത്. പിന്നീട് വിരബാധയുണ്ടായുള്ളതായി പരിശോധനയില്‍ തെളിഞ്ഞാല്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വിരമരുന്ന് നല്‍കാം. അമിതമായും കുറഞ്ഞ അളവിലും വിരമരുന്ന് നല്‍കുന്നതിലൂടെ മൃഗങ്ങള്‍ക്കു മരുന്നുകള്‍ നല്‍കിയാലും വിരകള്‍ നശിക്കാത്ത അവസ്ഥയായ ആന്‍ഹെല്‍മിന്തിക് റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 

വിരമരുന്നു നല്‍കുന്നതിന് 10-12 മണിക്കൂര്‍ മുമ്പുവരെ തീറ്റ നല്‍കാതിരിക്കുന്നത് നല്ലതാണ്. മരുന്നു കൊടുത്ത ശേഷം രണ്ടു ദിവസത്തേക്ക് പശുക്കളെ പുല്‍ത്തകിടിയില്‍ മേയാന്‍ വിടരുത്. വലിയ ഫാമുകളില്‍ വര്‍ഷത്തില്‍ രണ്ടു തവണ (ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍) വിരമരുന്നു നല്‍കണം.

ഓരോ പ്രാവശ്യവും വ്യത്യസ്തമായ വിരമരുന്നുകള്‍ നല്‍കുന്നതാണ് നല്ലത്.

അധികമുള്ള കാമ്പുകള്‍ മുറിച്ചു മാറ്റുക

ചില പശുക്കളില്‍ നാലില്‍ കൂടുതല്‍ കാമ്പുകള്‍ കാണപ്പെടാറുണ്ട്. ഇപ്രകാരം കാണപ്പെടുന്ന ചെറു കാമ്പുകള്‍ അവയ്ക്ക് അഭംഗിയാകുന്നതു കൂടാതെ, യന്ത്രക്കറവയെ തടസപ്പെടുത്തുകയും അകിടുവീക്കമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കിടാവ് ജനിച്ച് 1-2 മാസങ്ങള്‍ക്കുള്ളില്‍ അധികമുള്ള കാമ്പുകള്‍ മുറിച്ചു മാറ്റുകയാണ് പ്രതിവിധി. മഴക്കാലത്ത് ഇപ്രകാരം ചെയ്യുമ്പോള്‍ മുറിവ് ഉണങ്ങുന്നതു വരെ കൃത്യമായി പരിചരിക്കുകയും പോവിഡോണ്‍ അയഡിന്‍ ലായനി പുരട്ടുകയും വേണം.

പാര്‍പ്പിടം: മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത്

വര്‍ഷകാലത്തെ തണുപ്പ് കാലാവസ്ഥയില്‍നിന്നും, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍നിന്നും സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള പാര്‍പ്പിട സൗകര്യമാണ് കിടാക്കള്‍ക്ക് ഒരുക്കേണ്ടത്. മഴക്കാലത്ത് ഇടിവെട്ടും മിന്നല്‍പ്പിണറുകളും കൂടുതലായതിനാല്‍ പാര്‍പ്പിടത്തില്‍ കൃത്യമായ

വൈദ്യുതീകരണം ഉറപ്പാക്കുകയും വേണം

ചെറിയ കിടാവുകള്‍ക്ക് 1 ചതുരശ്ര മീറ്റര്‍ മേല്‍ക്കൂരയുള്ളതും 2 ചതുരശ്ര മീറ്റര്‍ തുറന്ന സ്ഥലവും ആവശ്യമാണ്. എന്നാല്‍ മുതിര്‍ന്ന കിടാവുകള്‍ക്ക് ഇത് യഥാക്രമം 2 ചതുരശ്ര മീറ്ററും 4 ചതുരശ്ര മീറ്ററുമാണ്. ഒരു ഷെഡില്‍ പരമാവധി 30 കിടാവുകളെ വരെ പാര്‍പ്പിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള രീതിയിലാണ് തറ നിര്‍മിക്കേണ്ടത്. മഴക്കാലത്ത് തറയില്‍ ഉണങ്ങിയ വൈക്കോലോ പുല്ലോ വിരിച്ചു കൊടുക്കേണ്ടതാണ്. തറയില്‍ വഴുവഴുപ്പ് ഇല്ലാത്തതാവണം, അല്ലാത്തപക്ഷം കിടാക്കള്‍ തെന്നി വീഴാനും കൂടുതല്‍ അപകടമുണ്ടാകാനും സാധ്യതയുണ്ട്. തറയിലും പുല്‍ത്തൊട്ടിയിലും കാണാന്‍ സാധ്യതയുള്ള ദ്വാരങ്ങളും ചെറുകുഴികളും വര്‍ഷകാലം തുടങ്ങും മുമ്പേ അടയ്ക്കുന്നതു വഴി മൂത്രവും മലിനജലവും കെട്ടിക്കിടക്കുന്നതിലൂടെയുള്ള രോഗപ്പകര്‍ച്ച തടയാന്‍ സാധിക്കും.

തറ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ഷെഡില്‍ അമോണിയ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇടയാക്കുകയും കിടാക്കളുടെ കണ്ണിനെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും. പരിപാലനത്തിനുള്ള എളുപ്പത്തിനായി കിടാവുകളെ പാര്‍പ്പിടം ഡയറി യൂണിറ്റിനടുത്തായി സ്ഥാപിക്കുകയാണ് നല്ലത്.

ചെളി നിറഞ്ഞതും വെള്ളക്കെട്ടുള്ള  പ്രദേശങ്ങളിലും മേയാന്‍ വിടരുത്. വിരബാധയും മലിനജലം കുടിക്കുന്നതു മൂലമുള്ള അസുഖങ്ങളും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. മഴ തുടങ്ങും മുമ്പുതന്നെ ചോര്‍ച്ചയുള്ള മേല്‍ക്കൂരകള്‍ മാറ്റി പുതിയവ സ്ഥാപിക്കേണ്ടതാണ്. തറ ശുചീകരിക്കുന്നതിന് ഫീനോള്‍, കുമ്മായം, സോഡാക്കാരം എന്നിവ ഉപയോഗിക്കാം. ആഴ്ചയിലൊരിക്കല്‍ തൊഴുത്തിന്റെ മേല്‍ ഭാഗവും ഭിത്തികളുമെല്ലാം തുടച്ചു വൃത്തിയാക്കണം.

തീറ്റ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആവശ്യമായ അളവില്‍ പോഷക ഗുണങ്ങളടങ്ങിയ തീറ്റയാണ് കിടാക്കള്‍ക്ക് നല്‍കേണ്ടത്. വളരെ വേഗത്തില്‍ പ്രായപൂര്‍ത്തിയാക്കാനും കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ ആദായം കര്‍ഷകര്‍ക്കു ലഭിക്കുന്നതിനും അത് സഹായിക്കും. ജനനസമയത്തെ ശരീര തൂക്കം അവയുടെ പിന്നീടുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്നു. നാലു ദിവസം വരെ കന്നിപ്പാല്‍ നല്‍കണം. കിടാവിന് പത്തു ദിവസം പ്രായമാകുമ്പോള്‍ പച്ചപ്പുല്ലും സ്റ്റാര്‍ട്ടര്‍ തീറ്റയും അല്‍പാല്‍പ്പമായി നല്‍കിത്തുടങ്ങാം.

ആദ്യത്തെ ഒന്നര മാസം ശരീരഭാരത്തിന്റെ 1/10 പാല്‍. പിന്നത്തെ രണ്ടാഴ്ച ശരീരഭാരത്തിന്റെ 1/15. അതിനു ശേഷമുള്ള ഒരു മാസം ശരീരഭാരത്തിന്റെ 1/20 ഭാഗം എന്ന രീതിയില്‍ പാല്‍ നല്‍കണം. കുട്ടികള്‍ ഒരു ദിവസം  400-500 ഗ്രാം വരെ വളരും. ആരോഗ്യമുള്ളതും ഉയര്‍ന്ന പ്രതിദിന വളര്‍ച്ചാ നിരക്ക്  കൈവരിക്കുന്നതുമായ കിടാക്കള്‍ക്ക് 2 മാസം വരെ പാല്‍ നല്‍കിയാല്‍ മതി.

കാഫ് സ്റ്റാര്‍ട്ടര്‍ ആറുമാസം വരെ കിടാക്കള്‍ക്ക് നല്‍കണം. കിടാക്കളുടെ പാര്‍പ്പിടത്തില്‍ ശുദ്ധജലം എപ്പോഴും ലഭ്യമാക്കണം. മഴക്കാലത്ത് കാലിത്തീറ്റയും പുല്ലും നല്‍കാന്‍ തുടങ്ങുമ്പോള്‍ ഷെഡിലേക്ക് കൊണ്ടു വരുന്നതിലൂടെ വിവിധ സൂക്ഷ്മാണുക്കള്‍ ഷെഡിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെള്ള പാത്രങ്ങളും തീറ്റ പാത്രങ്ങളും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മലിനജലം കുടിക്കുന്നത് വിവിധ തരം രോഗങ്ങള്‍ക്ക് കാരണമാകും.

പാലിനു പകരമുള്ള വസ്തുക്കള്‍/പാല്‍പ്പൊടി കിടാക്കള്‍ക്ക് 10 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ നല്‍കുന്നതാണ്. ഇവ ചൂടുവെള്ളം ചേര്‍ത്ത് പാലിന്റെ ഘടനയിലുള്ള മിശ്രിതമായാണ് കിടാവിന് നല്‍കേണ്ടതാണ്. പാല്‍പ്പൊടിയുടെ അളവ് അല്‍പ്പാല്‍പ്പമായി കൂട്ടിക്കൊണ്ട് പാലിന്റെ അളവ് കുറയ്ക്കാവുന്നതാണ്.

കിടാവിന് 10 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ കാഫ് സ്റ്റാര്‍ട്ടര്‍ നല്‍കിത്തുടങ്ങാം. ഇതില്‍ മാംസ്യത്തിന്റെ അളവ് കൂട്ടുന്നതിന് മത്സ്യപ്പൊടികള്‍ ചേര്‍ക്കുകയോ അവയ്ക്കു പകരമായി മെഥിയോണിന്‍, ലൈസിന്‍ തുടങ്ങിയ അമിനോ അമ്ലങ്ങള്‍ ചേര്‍ക്കുകയോ ചെയ്യാം. ഇതില്‍ 23-26% പ്രോട്ടീനും 18% പചനീയ ക്രൂഡ് പ്രോട്ടീനും അടങ്ങിയിരിക്കണം. ആറു മാസം വരെയുള്ള കിടാക്കളുടെ തീറ്റയില്‍ ഒരിക്കലും യൂറിയ ചേര്‍ക്കാന്‍ പാടുള്ളതല്ല. കാഫ് സ്റ്റാര്‍ട്ടുകള്‍ 6 മാസം പ്രായമാകുന്നതുവരെ നല്‍കാവുന്നതാണ്. ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള കിടാക്കള്‍ക്ക്  ആരംഭത്തില്‍ 2-3 കി.ഗ്രാം പുല്ല് വീതം നല്‍കി, ആറു മാസം പ്രായമാകുമ്പോള്‍ 10 കി.ഗ്രാം വരെ കൂട്ടി നല്‍കാവുന്നതാണ്.

മഴക്കാലത്ത് തീറ്റ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ തീറ്റ പെട്ടെന്ന് കേടുവരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കാലിത്തീറ്റയും പുല്ലും ഈര്‍പ്പ രഹിതമായി സൂക്ഷിക്കണം. തീറ്റയില്‍ കാണുന്ന ആസ്പര്‍ഗില്ലസ് എന്ന പൂപ്പല്‍ (ഫംഗസ് ) കിടാക്കളില്‍ അഫ്‌ലാറ്റോക്‌സിക്കോസിസ് വിഷബാധയ്ക്കു കാരണമാകുന്നു. കിടാക്കള്‍ വയറിളക്കം, വിശപ്പില്ലായ്മ, തളര്‍ച്ച തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

മഴക്കാലത്ത് ഇളംപുല്ലുകളും ജലാംശം കൂടിയ പുല്ലുകളും കിടാക്കള്‍ക്ക് അധികമായി നല്‍കരുത്. ഇത് ചാണകം അയഞ്ഞു പോകാന്‍ ഇടയാക്കുന്നു. ചിലപ്പോള്‍ വായുസ്തംഭനം, ബ്ലോട്ട് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഉണക്കപ്പുല്ലും പച്ചപ്പുല്ലും കലര്‍ത്തി കൊടുക്കുകയോ, പച്ചപ്പുല്ല് ഉണക്കിക്കൊടുക്കുകയോ ചെയ്യാം. പാലും തീറ്റയും അല്‍പ്പം കൂടുതല്‍ നല്‍കുന്നതിലൂടെ വര്‍ധിച്ച ഊര്‍ജാവശ്യം പരിഹരിക്കുന്നതിനും ശരീര താപനില സംതുലിതമാക്കാനും സാധിക്കുന്നു.

ബാഹ്യ പരാദ നിയന്ത്രണം

മഴക്കാലത്ത് പ്രാണികള്‍, ഈച്ച, പട്ടുണ്ണി തുടങ്ങിയവയുടെ ശല്യം കൂടുതലായതിനാല്‍ മുടന്തന്‍ പനി ( എഫി മെറല്‍ ഫീവര്‍), ട്രിപ്പനോസോമോസിസ്, ബബീസിയോസിസ്, പുഴുരോഗം തുടങ്ങിയ രോഗങ്ങള്‍ കിടാക്കളെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. മലിനജലം കുടിക്കുന്നതിലൂടെ കോക്‌സീഡിയോസിസ് എന്ന രോഗ സാധ്യതയും നിലനില്‍ക്കുന്നു. തണുപ്പ് അധികരിച്ചാല്‍ ന്യൂമോണിയ പിടിപെടാന്‍ സാധ്യതയുണ്ട്. കൂടാതെ വിവിധ വിരബാധകള്‍,  കോളി ബാസില്ലോസിസ് എന്നിവയും സര്‍വസാധാരണമാണ്.

കിടാക്കളുടെ ഷെഡ്ഡില്‍ കയറുമ്പോള്‍ പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ഫുട് ഡിപ്പ് ഉണ്ടായിരിക്കണം. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, നീര്‍വാര്‍ച്ച എന്നിവയും ഉറപ്പാക്കണം. ചുരുക്കത്തില്‍ ശാസ്ത്രീയതയില്‍ ഊന്നിയുള്ള മഴക്കാല പരിചരണവും ശ്രദ്ധയും ഉറപ്പാക്കിയാല്‍ മാത്രമേ, നല്ല ആരോഗ്യമുള്ള കിടാക്കളെ വളര്‍ത്തിയെടുക്കാനും പശു പരിപാലനം ആദായകരമാക്കാനും സാധിക്കുകയുള്ളൂ.

English summary: Next Care and management of livestock in rainy season

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA