അണലിവിഷം രക്തവിഷം, മൂർഖന് നാഡീവിഷം; അരുമകൾക്ക് പാമ്പുകടിയേറ്റാൽ വേണം ഉടൻ ചികിത്സ

HIGHLIGHTS
  • കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞില്ലങ്കിലും പ്രശ്നമില്ല, വേണ്ടത് വേഗത്തിലുള്ള ചികിത്സ
  • പാമ്പുകടിയേറ്റാൽ മനുഷ്യർക്ക് നൽകുന്ന അതേ ചികിത്സ തന്നെ മൃഗങ്ങൾക്കും
dog-and-snake
SHARE

ആലപ്പുഴ കടക്കരപ്പള്ളിയിൽ വെറ്ററിനറി ഡോക്ടറായ ഡോ. സംഗീത് നാരായണൻ ഈയിടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ ഒരു ചികിത്സാനുഭവം അരുമമൃഗങ്ങളെ പരിപാലിക്കുന്ന ഏതൊരാളുടെയും ശ്രദ്ധപതിയേണ്ട ഒന്നാണ്. ഒരു ശ്വാനപ്രേമി വീട്ടിൽ വളർത്തിയിരുന്ന അകാലത്തിൽ ചത്തുപോയ നാലു വയസുള്ള ഒരു ഡാഷ്ഹണ്ട് നായയെക്കുറിച്ചായിരുന്നു ആ അനുഭവം.

പാമ്പ് കടിയേറ്റ് ശാരീരികപ്രശ്നങ്ങൾ കാണിച്ചിട്ടും മൃഗാശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ഉടമ വൈകിയതായിരുന്നു ഡാഷ്ഹണ്ട് നായയുടെ ജീവനെടുത്തത്. തന്റെ വളർത്തുനായയ്ക്ക് പാമ്പിന്റെ കടിയേറ്റതായി തിരിച്ചറിഞ്ഞ ഉടമ ഉപദേശനിർദേശങ്ങൾക്കായി ഡോക്ടറെ വിളിക്കുന്നതിന് പകരം,  ദൗർഭാഗ്യവശാൽ ആദ്യം തന്നെ വിളിച്ചത് വീടിന് സമീപത്തുള്ള ചില വ്യാജമൃഗചികിത്സകരെ ആയിരുന്നു.  

നായയ്ക്ക് കടിയേറ്റ് നാല് മണിക്കൂറിനുള്ളിൽ മൂന്ന് വ്യാജചികിത്സകരെ മാറി മാറി വിളിച്ച അദ്ദേഹത്തെ അവരെല്ലാം ഉപദേശിച്ചത് നായയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും അൽപസമയം കഴിഞ്ഞാൽ പ്രശ്നങ്ങളെല്ലാം ശരിയാവുമെന്നുമായിരുന്നു. ഇവർ മൂവരുടെയും വാക്കു വിശ്വസിച്ച് നായയ്ക്ക് വിദഗ്ധ ചികിത്സയൊന്നും ലഭ്യമാക്കാതെ നായയുടെ ശാരീരീകഅസ്വസ്ഥകൾ കുറയുന്നതിനായി ഉടമ കാത്തിരുന്നു. കാത്തിരിപ്പ് നാലഞ്ച് മണിക്കൂർ നീണ്ടതോടെ നായയുടെ സ്ഥിതി കൂടുതൽ  മോശമായി. നാവ് നീലിച്ച്, വായിലാകെ നീര് വന്ന് വീർത്ത്, തളർന്ന്, വേച്ചുവേച്ച് നായ തറയിൽ വീണു. ഏറ്റവും ഒടുവിൽ തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് വെറ്ററിനറി ഡോക്ടറെ ബന്ധപ്പെട്ട്  ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും നായ മരണത്തിന്റെ വക്കിലെത്തിയിരുന്നു. ഡോ. സംഗീത് നാരായണൻ അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധിയിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും (പാമ്പുകടിയേറ്റ അറുപതിലധികം വളർത്തുമൃഗങ്ങളെ ചികിത്സിച്ച്  ജീവിതത്തിലേക്ക് തിരികെയെത്തിച്ച പരിചയസമ്പന്നനായ ഡോക്ടറാണ് സംഗീത് നാരായണൻ) കടിയേറ്റതിന് ശേഷം മണിക്കൂറുകൾ താമസിച്ചതിനാലും  വിഷം ശരീരത്തിലാകെ പടർന്ന് വിവിധ അവയങ്ങളിൽ വ്യാപിച്ച് സ്ഥിതി അതീവമോശമായതിനാലും നായയെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. പാമ്പുകടിയേറ്റെന്ന് തിരിച്ചറിഞ്ഞിട്ടും നായയെ ഹോസ്പിറ്റലിൽ എത്തിച്ച്  വിദഗ്‌ധചികിത്സ ഉറപ്പാക്കുന്നതിൽ വന്ന വീഴ്ച വീട്ടിലെ ഒരംഗത്തെ പോലെ കരുതി പൊന്നുപോലെ വളർത്തിയ അരുമയെ ആ ശ്വാനപ്രേമിക്ക് അകാലത്തിൽ നഷ്ടമാവുന്നതിന് വഴിയൊരുക്കി, ഒപ്പം മനസിൽ തീരാവേദനയും.

മനുഷ്യരിലേത് പോലെ തന്നെ വളർത്തുമൃഗങ്ങൾക്കും പാമ്പുകടിയേൽക്കുകയോ പാമ്പ് കടിച്ചതായി സംശയം തോന്നുകയോ ചെയ്താൽ ഏറ്റവും വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന കാര്യം ഓരോ മൃഗപരിപാലകരും മനസിലാക്കണം. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെപ്പറ്റിയും അറിയണം. അരുമകൾക്ക് കടിയേറ്റതായി ശ്രദ്ധയിൽപ്പെട്ടിട്ടും അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാകാതെ അവഗണിക്കുന്നതും, വ്യാജചികിത്സകരെ ആശ്രയിക്കുന്നതും, പ്രശ്നമൊന്നുമുണ്ടാവില്ലന്ന് സ്വയം ആശ്വസിച്ച് കാത്തിരിക്കുന്നതുമെല്ലാം അരുമയുടെ ജീവൻ അപകടത്തിലാക്കും എന്നത് തീർച്ച.

dog-and-snake-1

തന്റെ യജമാനനെ സംരക്ഷിക്കാൻ ജീവൻ പണയംവയ്ക്കാൻ  മടിയില്ലാത്ത നായ്ക്കൾ

വീട്ടുമുറ്റത്തും പറമ്പിലും ഇഴഞ്ഞെത്തുന്ന പാമ്പുകളെ കണ്ണിൽപ്പെട്ടാൽ ഒരു പ്രകോപനവും ഇല്ലാതെ തന്നെ ആക്രമിക്കാനുള്ള പ്രവണത നായ്ക്കൾക്കുണ്ട്. പലപ്പോഴും നായയും പാമ്പും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് നമ്മുടെ ശ്രദ്ധയിൽപ്പെടുക. താൻ കാവലിരിക്കുന്ന, അല്ലെങ്കിൽ തന്റെ അധീനതയിലുള്ള ഒരു സ്ഥലത്തേക്ക് അനുവാദമില്ലാതെ അതിക്രമിച്ച് കയറിയ ശത്രുവും പ്രതിയോഗിയുമായിട്ടാണ് പാമ്പുകളെ കാവൽനായ്ക്കൾ പരിഗണിക്കുന്നത്. മാത്രമല്ല, തന്റെ ഉടമയെയും കുടുംബത്തെയും അപകടത്തിൽനിന്ന് സംരക്ഷിക്കാൻ ഏതറ്റം വരെ പോവാനും നായ്ക്കൾക്ക് മടിയുണ്ടാവില്ല, അതിനിനി ജീവൻ തന്നെ പണയംവയ്ക്കാനും നായ്ക്കൾ തയാറാണ്.  ഈ ഉപാധികളില്ലാത്ത കരുതലും സ്നേഹവും ഭൂമിയിൽ നായ്ക്കളുടെ മാത്രം പ്രത്യേകതയാണ്. പൂച്ചകളെ അപേക്ഷിച്ച് നായ്ക്കൾക്ക് കൂടുതലായി പാമ്പുകടിയേൽക്കുന്നതിന്റെ പ്രധാനമായ കാരണവും തന്റെ ഉടമയോടുള്ള ഈ കരുതലാണ്. പറമ്പിലോ മുറ്റത്തോ പാമ്പിന്റെ തീരെ ചെറിയ ഇഴച്ചിലനക്കങ്ങൾ പോലുമുണ്ടായാൽ അത് തിരിച്ചറിയാനുള്ള അസാമാന്യമായ ശ്രാവ്യശക്തിയും നായ്ക്കൾക്കുണ്ട്.  

പാമ്പിനെ കണ്ടയുടൻ ആക്രമിക്കാൻ പാഞ്ഞെടുക്കുന്ന നായ്ക്കൾക്ക് മിക്കവാറും പാമ്പിന്റെ പ്രത്യാക്രമണത്തിൽ കടിയേൽക്കുന്നത് മുഖത്തോ തലയ്‌ക്കോ വായ്ക്കുള്ളിലോ ആയിരിക്കും. മുഖത്തും തലയ്ക്കും കടിയേൽക്കുന്നത് വിഷം പെട്ടന്ന് തന്നെ ശരീത്തിൽ വ്യാപിക്കാനും സ്ഥിതി മോശമാവാനും കാരണമാവും. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍  നായ്ക്കളുടെ ശരീരത്തിൽ കാണാം. കടിച്ച പാമ്പിന്റെ വലുപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. നായയുടെ വായ്ക്കുള്ളിലാണ് കടിയെങ്കിൽ ഉടമയ്ക്ക് പലപ്പോഴും കടിയേറ്റത് തിരിച്ചറിയാനും കഴിയില്ല.  

ശരീരഭാരം കുറവായതിനാൽ നായ്ക്കളിൽ  പാമ്പുകടിയുടെ ആഘാതമേറും 

മനുഷ്യരിൽ എന്നത് പോലെ നായകൾക്ക് ഏൽക്കുന്ന പാമ്പ് കടികളിലും മുക്കാൽ ഭാഗത്തിലേറെയും വിഷമില്ലാത്ത പാമ്പുകളുടെ കടിയായിരിക്കും. കാരണം നമ്മുടെ നാട്ടിൽ കാണുന്ന പാമ്പുകളിൽ മഹാഭൂരിഭാഗവും വിഷമില്ലാത്തവയാണ്. അവയുടെ കടിയേറ്റാൽ ഒരു ചികിത്സയും ഇല്ലാതെ തന്നെ നായ്ക്കൾ അതിജീവിക്കും.  വിഷമില്ലാത്ത പാമ്പുകളുടെ കടിയേറ്റാൽ ഏതെങ്കിലും രീതിയിലുള്ള അസ്വാഭാവിക ലക്ഷണങ്ങൾ  നായ്ക്കൾ കാണിക്കണമെന്ന് പോലുമില്ല . മൂർഖൻ (Spectacled Cobra), ശംഖുവരയൻ അഥവാ വെള്ളിക്കെട്ടൻ (Common Indian Krait), അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed viper) എന്നിവയാണ് നമ്മുടെ നാട്ടിൽ സാധാരണ  കാണപ്പെടുന്നതും, മനുഷ്യരിലും മൃഗങ്ങളിലും വ്യാപകമായി  അപകടത്തിനും മരണത്തിനും കാരണമാവുന്നതുമായ വിഷപ്പാമ്പുകൾ. മറ്റ് വിഷപ്പാമ്പുകളെ അപേക്ഷിച്ച് ചുരുട്ട മണ്ഡലി കേരളത്തിൽ കുറവായാണ് കാണപ്പെടുന്നത്. മൂർഖന്റെ വിഷത്തേക്കാൾ അഞ്ചിരിട്ടി വീര്യമുള്ള വിഷമുള്ള ചുരുട്ട മണ്ഡലിയെ കണ്ണൂർ, പാലക്കാട് ഭാഗങ്ങളിലാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും വലുപ്പമുള്ള വിഷപ്പാമ്പാണ്‌ രാജവെമ്പാലയെങ്കിലും (King cobra) നമ്മുടെ നാട്ടിൻപുറങ്ങളിൽ മറ്റ് വിഷപാമ്പുകളെ പോലെ രാജവെമ്പാലയുടെ സജീവസാന്നിധ്യമില്ല.  

വിഷപ്പാമ്പുകളുടെ എല്ലാ കടിയും അപകടം ഉണ്ടാക്കുമെന്നും പറയാൻ കഴിയില്ല.  ഉദാഹരണത്തിന് ഇര പിടിച്ച ഉടനെയാണ് പാമ്പ് നായയെ കടിക്കുന്നതെങ്കില്‍, പാമ്പിന്റെ വിഷസഞ്ചിയില്‍ വിഷമുണ്ടാകണം എന്നില്ല. കടിക്കൊപ്പം മതിയായ അളവിൽ വിഷം കുത്തിവച്ചില്ലെങ്കിൽ (ഡ്രൈ ബൈറ്റ് ) അപകടമുണ്ടാവില്ല. കടിച്ച പാമ്പ്, പാമ്പിന്റെ വലുപ്പം, പാമ്പുകളുടെ വിഷം ബാധിക്കുന്ന അവയവം, കടിയുടെ ആഘാതം, ഉള്ളിലെത്തിയ വിഷത്തിന്റെ അളവ്, കടിയേറ്റ മൃഗത്തിന്റെ വലുപ്പം, പ്രായം, ശരീരത്തിൽ കടിയേറ്റ ഭാഗം എന്നിവയെല്ലാം അനുസരിച്ച് ശാരീരിക വിവശതകളിലും ലക്ഷണങ്ങളിലും  വ്യത്യാസമുണ്ടാകും. കുത്തിവയ്ക്കപ്പെടുന്ന  വിഷത്തിന്റെ അളവും ശരീരഭാരവും തുലനം ചെയ്യുമ്പോൾ  നായ്ക്കളിൽ  പാമ്പുകടി മൂലമുള്ള അപകടം മനുഷ്യരെക്കാളും, പശു പോലുള്ള മൃഗങ്ങളെക്കാളും കൂടുതലായിരിക്കും.  പോമറേനിയൻ, സ്പിറ്റ്സ്, ഡാഷ്ഹണ്ട് , ബീഗിൾ, പഗ് തുടങ്ങിയ തീരെ ചെറിയ ശരീരമുള്ള ഇനങ്ങൾ ആണെങ്കിൽ അപകടസാധ്യത വീണ്ടും ഇരട്ടിക്കും.

dog-and-snake-3

അണലിവിഷം രക്തവിഷം, മൂർഖനും ശംഖുവരയനും നാഡീവിഷം

ഹീമോടോക്സിൻ (Haemotoxin) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന അണലിയുടെ വിഷം രക്തചംക്രമണവ്യവസ്ഥയെയാണു ബാധിക്കുന്നത്. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനുള്ള കഴിവിനെ അണലി വിഷം തടസപ്പെടുത്തും. ക്രമേണ ഹൃദയം, ശ്വാസകോശം, വൃക്കകൾ, പേശികൾ തുടങ്ങിയ അവയവങ്ങളുടെയൊക്കെ പ്രവർത്തനത്തെ അണലിവിഷം താറുമാറാകും. കടിയേറ്റ ഭാഗത്ത് കൂടി വരുന്ന വീക്കം, നീര്, വേദന, ശരീര തളർച്ച, മുറിവിൽനിന്ന് രക്തം പൊടിയുക, വിവിധ ശരീര ഭാഗങ്ങളിൽ നിന്നും രക്തസ്രാവം, മൂത്രത്തിലൂടെ രക്തം വരൽ, ചർദ്ദി, വയറുവേദന തുടങ്ങിയ വിവിധ ലക്ഷണങ്ങൾ  അണലിയുടെ കടിയേറ്റ നായ്ക്കൾ കാണിക്കും. വായ്ക്കുള്ളിലോ മോണയിലോ ആണ് കടിയേറ്റതെങ്കിൽ ഉമിനീരിനൊപ്പം രക്തം ഒലിച്ചിറങ്ങുന്നതായി കാണാം.  മേയ് അവസാനം മുതൽ ഓഗസ്റ്റ് വരെ നീളുന്ന കാലത്ത് അണലിയുടെ പ്രസവം കൂടുതലായി നടക്കുന്ന സമയമായതിനാൽ ഈ കാലയളവിൽ അണലിയുടെ കടിയേറ്റുള്ള അപകടങ്ങൾ കൂടുതലായി കാണുന്നു.

ന്യൂറോടോക്സിൻ (Neurotoxin)  എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം നായ്ക്കളുടെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. അണലി വിഷത്തെ അപേക്ഷിച്ച് ഇവയുടെ വിഷം താരതമ്യേനെ വളരെ വേഗത്തിൽ നാഡിവ്യൂഹത്തിൽ പ്രവർത്തിക്കും. ഇടതടവില്ലാത്ത ശ്വസനത്തിന് സഹായിക്കുന്ന പേശികളുടെ തളർച്ചയ്ക്ക് വിഷം കാരണമാവും, അതോടെ കടിയേറ്റ മ്യഗങ്ങൾക്ക് ശ്വാസം എടുക്കാൻ പ്രയാസം അനുഭവപ്പെടും. നായ്ക്കളുടെ കണ്ണുകൾ തുറന്നുവയ്ക്കാൻ കഴിയാതിരിക്കുക, കഴുത്തു നേരെ നിർത്താൻ ബുദ്ധിമുട്ട് വരിക, ബലക്കുറവ്, വേച്ച് വേച്ച് നടക്കുക, പിന്നിൽ നിന്ന് തുടങ്ങി മുന്നോട്ട് വ്യാപിക്കുന്ന വിധത്തിലുള്ള ശരീര തളർച്ച, വായിൽ നിന്ന് നുരയും പതയും വരൽ, നാവിന് നീല നിറം, ഛർദി എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. നല്ല അളവിൽ വിഷം ഉള്ളിൽ കയറിയിട്ടുണ്ടെങ്കിൽ ചുരുങ്ങിയ സമയത്തിനകം നായ്ക്കൾ ശ്വാസതടസ്സത്തിന്റെ ലക്ഷണങ്ങൾ കാണിക്കും. ഈ സാഹചര്യത്തിൽ ചികിത്സ തേടുന്നതിന് മുൻപ് തന്നെ നായ്ക്കളിൽ മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.

വളർത്തുമൃഗങ്ങൾക്ക് പാമ്പുകടിയേറ്റാൽ പ്രഥമശുശ്രുഷ

നായ്ക്കൾക്ക് പാമ്പിന്റെ കടിയേറ്റതായി തിരിച്ചറിയുകയോ സംശയം തോന്നുകയോ ചെയ്താൽ ഒരു നിമിഷം പോലും സമയം കളയാതെ വിദഗ്ധസേവനം ഉറപ്പാക്കണം. കടിയേറ്റ നായ്ക്കളിൽ ശരീര ചലനങ്ങൾ കഴിയുന്നത്ര കുറയ്ക്കാൻ ശ്രദ്ധിക്കുക. കടിയേറ്റ മൃഗത്തെ ഓടാൻ അനുവദിക്കരുത്, ഓടുമ്പോൾ അവയുടെ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക തുടങ്ങിയ വിവിധ അവയവങ്ങളിലേയ്ക്ക് വിഷം പെട്ടെന്ന് എത്തിക്കുകയും അപകടസാധ്യത കൂടുകയും ചെയ്യും. രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണികൊണ്ട് കെട്ടാം. കൈകാലുകൾക്കാണ് കടിയേറ്റതെങ്കിൽ കടിയേറ്റ ഭാഗത്തിന് മുകളിലായി ചരടുകൊണ്ട് മുറക്കി കെട്ടി വിഷം വ്യാപിക്കുന്നത് തടയാവുന്നതാണ്. എന്നാൽ നല്ല  മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം പൂർണ്ണമായും ഇല്ലാതാക്കരുത്. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. മുറിവിൽ ഐസ് വയ്ക്കുക, ചൂട് വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഒന്നും പാടില്ല.

കടിച്ച പാമ്പിനെ  തിരിച്ചറിഞ്ഞില്ലങ്കിലും പ്രശ്നമില്ല, വേണ്ടത്  വേഗത്തിലുള്ള ചികിത്സ 

നായയെ കടിച്ച പാമ്പിന്റെ ഫോട്ടോ സുരക്ഷിതമായ അകലത്തിൽനിന്ന്  മൊബൈലിൽ പകർത്താൻ സാധിക്കുമെങ്കില്‍ ഉചിതമാണ്. നായയുമായുള്ള ആക്രമണത്തിനൊടുവിൽ പാമ്പ് ചത്തിട്ടുണ്ടെങ്കിൽ ചത്ത പാമ്പിനെ കൂടി ഹോസ്പിറ്റലിൽ എത്തിക്കാവുന്നതാണ്. ചത്തവിഷപ്പാമ്പിനെ കൈകാര്യം പ്രയാസമുണ്ടങ്കിൽ മൊബൈലിൽ എടുത്ത ഒരു ഫോട്ടോ ആയാലും മതി. വിഷബാധയെ പറ്റിയും, തോതിനെ പറ്റിയും പെട്ടെന്ന് തന്നെ അനുമാനത്തിലെത്താൻ  ഇത് ഡോക്ടറെ സഹായിക്കും. എന്നാൽ, കടിച്ച പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ലങ്കിൽ അതിനെ തിരഞ്ഞുപിടിക്കാനോ ഫോട്ടോ പകർത്താനൊ വേണ്ടി വിലപ്പെട്ട സമയം കളയരുത്. കടിയേറ്റ ഭാഗം പരിശോധിച്ചും, കടിയേറ്റ നായ കാണിക്കുന്ന ലക്ഷണങ്ങളും ശരീരിക വിവശതകളും നിരീക്ഷിച്ചും, ശരീരത്തില്‍നിന്ന് പുറത്തെടുത്ത രക്തം ഒരു ഗ്ലാസ്‌ ടെസ്റ്റ്‌ ട്യൂബില്‍വച്ച് അത് കട്ട പിടിക്കുന്നത് നിരീക്ഷിക്കുന്നത് അടക്കമുള്ള ലഘുവായ പരിശോധനകളിലൂടെയും കടിച്ചത് വിഷപാമ്പാണോ അല്ലയോ എന്നുള്ളതും, വിഷപാമ്പാണങ്കിൽ അത് ഏതായിരിക്കാനാണ് സാധ്യതയെന്നും, വിഷാംശം ശരീരത്തില്‍ ഉണ്ടോയെന്നുള്ളതും,  പ്രതിവിഷം നൽകേണ്ടതുണ്ടോയെന്നുള്ളതുമെല്ലാം പരിചയസമ്പന്നനായ ഡോക്ടർക്ക് എളുപ്പത്തിൽ നിർണയിക്കാൻ കഴിയും. കടിച്ച പാമ്പിനെ തിരിച്ചറിയുന്നതിനായി സമയം നഷ്ടപെടുത്തുന്നതിനേക്കാൾ പ്രധാനം വേഗത്തിൽ ചികിത്സ ലഭ്യമാക്കൽ തന്നെയാണ്. മാത്രമല്ല, വിഷപാമ്പുകളുടെ കടിയേറ്റതായി സ്ഥിരീകരിച്ചാൽ ചികിത്സയ്ക്കായി നാട്ടിൽ സ്ഥിരമായി അപകടമുണ്ടാക്കുന്ന വിവിധ വിഷപാമ്പുകളുടെ പ്രതിവിഷം അടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതിനാൽ പാമ്പിനെ തിരിച്ചറിയുന്നതും ചികിത്സയും തമ്മിൽ കാര്യമായ ബന്ധമില്ലെന്നതും മനസിലാക്കണം.

മറ്റൊരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് നായയുടെ ആക്രമണമേറ്റ് ചലനമറ്റ് കിടക്കുന്ന പാമ്പിനെ കൈകാര്യം ചെയ്യുമ്പോഴാണ്. ചലനമറ്റ് കിടപ്പാണെങ്കിലും ചിലപ്പോൾ പാമ്പിന്റെ ജീവൻ നഷ്ടപെട്ടിട്ടുണ്ടാവില്ല. എന്തിനേറെ, നായയുടെ കടിയേറ്റ് തല മുറിഞ്ഞോ തല മാത്രം വേർപെട്ടോ രണ്ട് കഷ്ണമായി അനങ്ങാൻ കഴിയാതെ  കിടക്കുന്ന പാമ്പിന് പോലും ഏകദേശം ഒരു മണിക്കൂറോളം വരെ കടിക്കാനും വിഷബാധയേൽപ്പിക്കാനും ഉള്ള കഴിവുണ്ടന്ന് ഈ മേഖലയിലെ വിദഗ്‌ധർ പറയുന്നു. ശീതരക്തമുള്ള ജീവിയായതിനാലും  ഉപാപചയനിരക്ക് താരതമ്യേന കുറവായതിനാലുമാണ് മൃതാവസ്ഥയെന്ന് തോന്നിപ്പിക്കുമാറ് കിടക്കുമ്പോൾ പോലും കടിച്ച് വിഷമേൽപ്പിക്കാൻ പാമ്പിന് കഴിയുന്നത്. മൃതാവസ്ഥയിൽ കിടക്കുന്ന പാമ്പിൽ നിന്നും ഏൽക്കുന്ന കടി ആരോഗ്യമുള്ള ഒരു പാമ്പ് കടിക്കുന്നതിനേക്കാൾ ഗുരുതരം ആകാനുള്ള സാധ്യതയുമുണ്ട്. വേദനയിൽ  അതിശക്തിയായി വിഷം ശരീരത്തിൽ പ്രയോഗിക്കുന്നതിലാണ് ഇങ്ങനെയുള്ള കടി ഗുരുതരമാവുന്നത്. അതുകൊണ്ട്  നായയുടെ ആക്രമണമേറ്റ് ചലനമറ്റ്  കിടക്കുന്ന പാമ്പിനെ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷാമുൻകരുതലുകൾ പ്രത്യേകം വേണം.

പാമ്പുകടിയേറ്റാൽ മനുഷ്യർക്ക് നൽകുന്ന അതേ ചികിത്സ തന്നെ മൃഗങ്ങൾക്കും 

പാമ്പുകടിയേറ്റ മനുഷ്യർക്ക് നൽകുന്നതിന് സമാനമായ ചികിത്സ തന്നെയാണ്  വളർത്തുമൃഗങ്ങൾക്ക് വിഷപാമ്പുകടിയേറ്റാലും നൽകുന്നത്. പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച് കുതിരയുടെ ശരീരത്തിൽ ഈ വിഷത്തിനെതിരെയുണ്ടാവുന്ന ആന്റിബോഡികൾ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ച് നിർമിക്കുന്ന പോളിവാലന്റ് ആന്റി സ്നേക്ക് വെനം /Polyvalent anti-snake venom (പ്രതിവിഷം) തന്നെയാണ് പ്രധാന മറുമരുന്ന്. ബിഗ് 4 എന്നറിയപ്പെടുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ടു മണ്ഡലി എന്നീ നാല് പ്രധാന വിഷപ്പാമ്പുകളുടെ വിഷത്തെ നിർവീര്യമാക്കുന്ന പ്രതിവിഷം ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന പോളിവാലന്റ് സ്നേക്ക് ആന്റി വെനത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടിച്ച വിഷപാമ്പിനെ തിരിച്ചറിഞ്ഞില്ലെങ്കിലും വിഷമേറ്റിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ കൃത്യമായ ചികിത്സ നൽകുന്നതിൽ പ്രയാസമില്ല. ലക്ഷണങ്ങളുടെയും ശാരീരിക പ്രയാസങ്ങളുടെയും തിവ്രത അനുസരിച്ചാണ് മൃഗങ്ങൾക്ക് നൽകേണ്ട പ്രതിവിഷത്തിന്റെ അളവ് നിർണയിക്കുക. പാമ്പുവിഷബാധയുടെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ സൂചനകളോ കാണിക്കാത്ത മൃഗങ്ങൾക്ക് സംശയത്തിന്റെ പേരിൽ മാത്രം പോളിവാലന്റ് സ്നേക്ക് ആന്റി വെനം   നൽകാറില്ല.   

പ്രതിവിഷം ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് സിരയിൽ നൽകുന്നതിനൊപ്പം ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള അട്രോപ്പിൻ ഉൾപ്പെടെയുള്ള മരുന്നുകളും ഫ്ലൂയിഡ് തെറാപ്പിയും ആന്റിബയോട്ടിക്കുകളും ടെറ്റനസ് ടോക്സോയിഡ് ഉൾപ്പെടെയുള്ള ചികിത്സകളും ആവശ്യമാണ്. പാമ്പിന്റെ കടിയേറ്റ് സമയം കൂടുന്തോറും വിഷം നായ്ക്കളുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതം ഏറും. എത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിവിഷ ചികിത്സ നൽകാൻ കഴിയുന്നു എന്നത് ചികിത്സയുടെ വിജയത്തിൽ വളരെ നിർണായകമാണ്. ആന്റി വെനം ലഭ്യതയും ഒരു പ്രധാന വിഷയമാണ്, വളരെ കുറച്ചു കമ്പനികൾ മാത്രമേ സ്നേക്ക് ആന്റി വെനം വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നുള്ളൂ. ഒരു  ഡോസ് മരുന്നിന് 350-500 രൂപ വരെ വില വരും. ഹ്യൂമൻ ഹോസ്പിറ്റലുകളിൽ ധാരാളമായി ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ചിലപ്പോൾ വിപണിയിൽ  സ്നേക്ക് ആന്റി വെനം ലഭ്യമല്ലാതിരിക്കുന്ന സാഹചര്യം വരെ ഉണ്ടാവാറുണ്ട്. പാമ്പുകടിയേറ്റ അരുമകളെയും കൊണ്ട് ആന്റി വെനം  ഇല്ലാത്ത മൃഗാശുപത്രികളിൽ കയറിയിറങ്ങി വിലപ്പെട്ട സമയം കളയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭൂരിഭാഗം സ്വകാര്യ വെറ്ററിനറി ഹോസ്പിറ്റലുകളും പെറ്റ് പ്രാക്ടീസ് പ്രത്യേകമായി ചെയ്യുന്ന ഡോക്ടർമാരും ആന്റി വെനം സൂക്ഷിക്കാറുണ്ട്. 

മൃഗങ്ങളിലും വ്യാജചികിത്സയെ സൂക്ഷിക്കുക

പാമ്പുകടിയേറ്റിട്ട് ശരിയായ ചികിത്സ തേടാതെ വ്യാജചികിത്സയെ ആശ്രയിച്ചത് മൂലം എത്രയോ ആളുകൾക്ക് മരണം സംഭവിച്ച വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ കാര്യത്തിലും വ്യജചികിത്സ അതീവ അപകടമാണ്. മുറിവിൽ പച്ചമരുന്ന് പിഴിഞ്ഞൊഴിച്ചാലോ പച്ചിലച്ചാറ് ഉള്ളിൽ കൊടുത്താലോ വിഷം ഊറ്റുമെന്ന് അവകാശപ്പെടുന്ന  കല്ല് മുറിവിൽ കെട്ടിവെച്ചാലോ പാമ്പുവിഷത്തിന് മറുമരുന്നാവില്ല. അരുമമൃഗത്തെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം ഈ വഴിക്ക് നഷ്ടപ്പെടുകയും ചെയ്യും. പാമ്പ് വിഷം എന്നത് രക്തത്തിൽ കലർന്ന അപകടകാരിയായ ഒരു പ്രോട്ടീനാണ്. ആ പ്രോട്ടീനെ നിർവീര്യമാക്കി പുറത്തുകളയണമെങ്കിൽ കൃത്യമായ പ്രോട്ടീൻ പ്രതിവിഷം അഥവാ സ്നേക്ക് ആന്റി വെനം തന്നെ വേണമെന്നത് മനസ്സിലാക്കുക. മനുഷ്യരായാലും മൃഗങ്ങളായാലും ജീവന്റെ വില ഒന്നുതന്നെയാണന്നത്  നമ്മൾ  മറക്കാതിരിക്കുക.   

English summary: How To Survive a Snakebite

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA