ADVERTISEMENT

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും നായപ്രേമികൾക്കിടയിലും മൃഗാവകാശപ്രവർത്തകർക്കിടയിലും സംസാരവിഷയമായതാണ് കൊച്ചി കലൂർ സ്വദേശി റോഷൻ ജോസഫും അദ്ദേഹത്തിന്റെ വളർത്തുനായ ഓസ്കറും അനുഭവിക്കുന്ന പ്രശ്നങ്ങൾ. കലൂരിൽ ഫ്ലാറ്റിലാണ് റോഷൻ താമസിക്കുന്നത്. കോവിഡ് കാലത്ത് കൂടെ കൂട്ടിയതാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ. എന്നാൽ, ഫ്ലാറ്റിലെ ചിലർക്ക് അത് ഇഷ്ടപ്പെടുന്നില്ലെന്നും ഒരു ദിവസം ഒരു വ്യക്തി തങ്ങളെ മർദിച്ചുവെന്നും റോഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. മനേക ഗാന്ധിയുമായി സംസാരിച്ചതിനുശേഷമാണ് പൊലീസ് പോലും സംഭവത്തിൽ ഇടപെട്ടതെന്ന് റോഷൻ പറയുന്നുണ്ട്. ഫ്ലാറ്റുകളിൾ ഇത്തരത്തിൽ അരുമ മൃഗത്തെ വളർത്താൻ കഴിയാതെ വിഷമിക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവർക്കുവേണ്ടികൂടിയാണ് തന്റെ അനുഭവം പങ്കുവയ്ക്കുന്നതെന്നും റോഷൻ പറയുന്നുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന ഓട്ടോമൊബൈൽ ജേർണലിസ്റ്റുകളിൽ ഒരാളാണ് റോഷൻ ജോസഫ്.

ഇത് റോഷന്റെ മാത്രം പ്രശ്നമല്ലായെന്ന് വെറ്ററിനറി സർജനായ ഡോ. സോണിക സതീഷ് പറയുന്നു. സ്വന്തം വീട്ടിൽനിന്നുപോലും പിന്തുണ ലഭിക്കാത്ത ഒട്ടേറെ പേർ നമുക്കു ചുറ്റുമുണ്ട്. വീട്ടിലെ ഒരാൾക്കെങ്കിലും അനിഷ്ടം തോന്നിയാൽ അത് ബാധിക്കുക അരുമയെത്തന്നെയായിരിക്കും. അതുകൊണ്ടുതന്നെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമെങ്കിൽ മാത്രം അരുമയെ വളർത്തുക എന്നാണ് ഡോ. സോണിക പറയുന്നത്. ഡോ. സോണികയുടെ വാക്കുകൾ ശ്രദ്ധിക്കാം.

റോഷന്റെ ഓസ്കറിന് നീതി ലഭിക്കാൻ നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുമ്പോഴും നമ്മൾ അറിയാതെ സ്വന്തം ഫാമിലിയിൽനിന്നും അനീതികൾ ഏറ്റു വാങ്ങുന്ന ഒരുപാട് പെറ്റ്സ് ഉണ്ടെന്നുള്ളതാണ് സങ്കടം. ഒരു വെറ്റ് എന്ന നിലയിൽ ഒരുപാട് പെറ്റ്സിനെ കാണാൻ കഴിയുന്നു. അതിൽ കുറേ പേർ സന്തോഷിപ്പിക്കും കുറച്ചധികം പേർ വിഷമവും ടെൻഷനും നൽകും. ഇനിയും വളരെ കുറച്ചുപേർ മനസിൽ ഒരു നീറ്റലാവും. അവരെക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്തൊരു ദുഃഖം. ഇത് മാർളിയായി മാറിയ മാക്–ന്റെ കഥയാണ്.

ഒരു കുട്ടി നിരന്തരം എനിക്ക് മെസേജുകൾ അയച്ചുകൊണ്ടേ ഇരുന്നു. ആന്റി, എനിക്ക് ഒരു ഡോഗിനെ വേണം, ആരെങ്കിലും അറിയാമോ, പെട്ടെന്ന് വേണം എന്നൊക്കെ പറഞ്ഞു കൊണ്ട്. ഞാനത് ഇഗ്നോർ ചെയ്തു, അവന്റെ പേരെന്റ്സ് അല്ലേ ഉത്തരവാദിത്തത്തോടെ ചോദിക്കേണ്ടത്. ഏതായാലും ഒരു ദിവസം ആ കുട്ടിയും അച്ഛനും ഒരു ഓമന നായക്കുട്ടിയെയും ആയി വന്നു. വാക്‌സിൻ എടുത്തു. പിന്നീടങ്ങോട്ട് കൃത്യമായി വന്നു എല്ലാകാര്യങ്ങളും ചെയ്തു. അച്ഛൻ ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി. കുട്ടിയുടെ അമ്മയ്ക്ക് നായകുട്ടിയെ പേടിയാണ്.  ഏതായാലും നായക്കുട്ടി മുതിർന്നതോടെ അവർക്കെല്ലാവർക്കും മുൻപുണ്ടായിരുന്ന ആവേശമൊക്കെ പോയിക്കഴിഞ്ഞു. ഏതായാലും കൊണ്ടു കളഞ്ഞില്ല അതുതന്നെ ഭാഗ്യം. മറ്റൊരാൾക്ക്‌ കൊടുത്തു. ഒന്നാം വർഷത്തെ വാക്‌സിൻ എടുക്കാൻ മറ്റൊരാളുടെ കൂടെ മറ്റൊരു പേരിൽ ഈ പെറ്റ് വന്നപ്പോൾ സങ്കടം തോന്നി. സ്വന്തമെന്നു കരുതിയ ഫാമിലിയെ ഒരാഴചയായി കാണാനില്ല. ഓമനിച്ചു വിളിച്ച പേര് ഇപ്പോ ആരും വിളിക്കുന്നില്ല.  അവനിപ്പോ മാർലി ആയി. ഇനി അവൻ ആ പേരിൽ തന്നെ ജീവിക്കട്ടെ.

ഇതൊക്കെ എന്തിനാണെന്നോ പറയുന്നത്. ലോക്ഡൗൺ വിരസത മാറ്റുവാൻ മക്കൾക്ക് പെറ്റ്സിനെ വാങ്ങിക്കൊടുക്കുന്നവർ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. പെറ്റ് വീഡിയോസ് ഓക്കേ കാണുന്ന പോലെ സന്തോഷകരമായ നിമിഷങ്ങൾ മാത്രമല്ല പെറ്റ് പേരെന്റ്റിങ്. അതിൽ ബുദ്ധിമുട്ടുകൾ ഉണ്ട്. അപ്പിയും മൂത്രവും ഛർദിയും അസുഖങ്ങളും ഒക്കെ ഉണ്ട്. പിന്നെ ഈ പെറ്റിന് ഒരു മനസുമുണ്ട്. പേര് വിളിക്കുമ്പോൾ ഓടി വരുന്നത് പോലെ തന്നെ, പേര് മാറുമ്പോൾ കൺഫ്യൂസ്ഡ് ആയിപോകുന്ന മനസുണ്ട്. കുഞ്ഞുനാളിലെ കണ്ട മുഖങ്ങൾ മാറി മറ്റൊരു വീട്ടിലേക്ക് കാര്യമറിയാതെ പോകേണ്ടിവരുമ്പോൾ, എന്റെ വീട്ടുകാർ എവിടെ പോയെന്നു സങ്കടപെടുന്ന മനസുണ്ട്. അവർക്കും ഇമോഷൻസ് ഉണ്ട്. വിരഹവേദനയുണ്ട്.

വീട്ടിൽ എല്ലാവർക്കും ഇഷ്ടമെങ്കിൽ മാത്രം പെറ്റിനെ വളർത്തുക. ആ പെറ്റിന്റെ ജീവിതകാലം മുഴുവൻ  അതിനെ നല്ലവണ്ണം സംരക്ഷിക്കാൻ പറ്റുമെങ്കിൽ മാത്രം പെറ്റിനെ വളർത്തുക. അതും ഒരു ലൈഫ് ആണ് കളിപ്പാട്ടം അല്ല എന്ന് മനസിലാക്കുക. മക്കൾ നിർബന്ധിച്ചാൽ, പെറ്റ് പിന്നീട് ബാധ്യത ആകുമെന്ന് തോന്നിയാൽ ഒരു stuffed toy വാങ്ങികൊടുക്കുക. 

English summary: Laws for Pets in India & Rights of Pet Owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com