ശസ്ത്രക്രിയയ്ക്ക് വീട്ടിലെ മേശ: മുഴ നീക്കം ചെയ്ത് ടുട്ടു ജീവിതത്തിലേക്ക്

stray-dog
SHARE

ഓരോ ജീവനും വിലപ്പെട്ടതാണെന്ന സന്ദേശം പ്രചരിപ്പിച്ച് ഒട്ടേറെ സന്നദ്ധ സംഘടനകളും വ്യക്തികളും ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. തെരുവിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കളും പൂച്ചകളും ഉൾപ്പെടെയുള്ള ജീവികൾക്ക് ഇത്തരം ആളുകൾ ആശ്വാസമായി മാറുന്നുമുണ്ട്. അത്തരത്തിലൊരു മൃഗസ്നേഹിയെക്കുറിച്ച് കർഷകശ്രീ ഓൺലൈനുമായി പങ്കുവച്ചിരിക്കുകയാണ് മലപ്പുറം പന്തല്ലൂർ വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജനായ ഡോ. ജിനു ജോൺ. തെരുവിൽ അലഞ്ഞുനടന്ന ടുട്ടു എന്ന നായയുടെ അകിടിൽ വന്ന മുഴ നീക്കം ചെയ്യാൻ മുൻകൈയെടുത്ത മൃഗസ്നേഹിയായ അബ്ദുറഹിമാനെക്കുറിച്ചും ഡോ. ജിനു പങ്കുവയ്ക്കുന്നു.

നിലമ്പൂരിലെ കരുളായിയിൽ ഒരു തെരുവുനായയെ തീറ്റ നൽകി സംരക്ഷിക്കുന്ന ഒരു കൂട്ടം മൃഗസ്നേഹികളുണ്ട്. സ്നേഹത്തോടെ ടുട്ടു എന്ന് വിളിച്ചാൽ സ്നേഹിക്കാൻ മാത്രം അറിയുന്ന അവൾ വാലാട്ടിക്കൊണ്ട് ഓടി വരും. ഒന്നോ രണ്ടോ മാസം പ്രായമുള്ളപ്പോൾ എവിടുന്നു നിന്നോ വന്നതാണവൾ. ആദ്യമൊക്കെ അടുക്കാൻ ആളുകൾക്ക് പേടിയായിരുന്നു. പിന്നെ പിന്നെ അവൾ കാട്ടുകുരങ്ങുകളെയും കുറുക്കന്മാരെയും തുരത്തി തങ്ങളുടെ ഓമന മൃഗങ്ങളെ സംരക്ഷിക്കാൻ തുടങ്ങിയതോടെ എല്ലാവരും അവളുമായി ചങ്ങാത്തത്തിലായി. അവരിൽ ആരോ ഒരാൾ അവൾക്കു പേരുമിട്ടു ടുട്ടു. ഏകദേശം പന്ത്രണ്ട് വർഷമായി അവിടെയുള്ള പ്രദേശവാസികളുടെ സ്ഥാവരജംഗമങ്ങൾക്ക് കാവലായി അവളുണ്ട്. അതിനിടയിൽ അഞ്ചാറ് പ്രസവങ്ങളും നടന്നു. കുട്ടികളെയെല്ലാം ഓരോരുത്തരായി ഏറ്റെടുത്തു.

stray-dog-1
അബ്ദുറഹിമാൻ ടുട്ടുവിനൊപ്പം

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ചെറിയ തടിപ്പ് അവളുടെ അകിട്ടിൽ ശ്രദ്ധിച്ചത് അബ്ദുറഹ്മാന്റെ ഭാര്യയാണ്. കടന്നൽ കുത്തിയത് ആകാം എന്ന് ആദ്യം വിചാരിച്ചെങ്കിലും, മെല്ലെ മെല്ലെ അത് വലുതായിത്തുടങ്ങി. അങ്ങനെയാണ് നിലമ്പൂർ മൃഗാശുപത്രിയിലെ രാത്രികാല വെറ്ററിനറി സർജൻ ഡോ. ജാഫറിനെ കാണിക്കുന്നത്. അദ്ദേഹം അത് ബ്രസ്റ്റ് കാൻസർ എന്ന പേരിൽ അറിയപ്പെടുന്ന മാമ്മറി ട്യൂമറാണെന്ന്  സ്ഥിരീകരിച്ചു. ആ മുഴകൾ നീക്കം ചെയ്യാൻ തെരുവിന്റെ സന്തതിയായ ടുട്ടു വിനെ മലപ്പുറം ജില്ലാ വെറ്റിനറി കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത് വളരെയധികം ശ്രമകരം ആയതിനാൽ, ജാഫർ ഡോക്ടർ എന്നോട് അവരുടെ വീട്ടിൽ സജ്ജീകരിച്ച താൽക്കാലിക ഓപ്പറേഷൻ തിയറ്ററിൽ ചെയ്യാമോ എന്ന് അന്വേഷിച്ചു. ചെറിയൊരു പുഴു വന്നാൽ നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന ആളുകളുള്ള നമ്മുടെ നാട്ടിൽ, ഒരു മിണ്ടാപ്രാണിയുടെ വേദന ശമിപ്പിക്കുന്നതിനായി ഇങ്ങനെ ഒരു ശ്രമം നടത്തിയ അബ്ദുറഹിമാനും സംഘത്തെയും തിരസ്കരിക്കാൻ മനസുവന്നില്ല. ആഴ്ചയിലൊരിക്കൽ കിട്ടുന്ന വീക്കിലി ഓഫ് വകവയ്ക്കാതെ പരമാവധി അണുവിമുക്തമായ സാഹചര്യത്തിൽ ഒരു മേജർ സർജറി ചെയ്യേണ്ടിവന്നു. ആ പ്രദേശവാസികൾ എല്ലാം തന്നെ ഉണ്ടായിരുന്നു പ്രാർഥനകളോടെ ശസ്ത്രക്രിയയിൽ ഉടനീളം. ഏകദേശം 200 ഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു.

ടുട്ടു... ഇത്രയും സ്നേഹമുള്ള ആളുകളുടെ പരിചരണത്തിൽ നീ വേഗം സുഖം പ്രാപിക്കട്ടെ.

English summary: Emergency surgery in stray dog

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA