'പെണ്‍കുട്ടികള്‍ക്ക് വളര്‍ത്താനുള്ള മൃഗമല്ല'; ഇത് പോത്തിന്‍കുട്ടിയെ കൂടെ കൂട്ടിയ പെണ്‍കുട്ടി

bufallo
SHARE

എരുമയെയും പോത്തിനെയുമൊക്കെ വളര്‍ത്തുന്നവര്‍ പറയാറുണ്ട് പശുക്കളേക്കാളും സ്‌നേഹമുള്ള മൃഗമാണവയെന്ന്. ഉടമയോട് അത്ര അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് എരുമകളും പോത്തുകളുമെന്ന് സംശയം ലവലേശമില്ലാതെ പറയാം. അടുത്തു കഴിഞ്ഞാല്‍ കുട്ടികള്‍ക്കു പോലും കൊണ്ടുനടക്കാന്‍ കഴിയുന്നവരാണിവര്‍. അത്തരത്തില്‍ വീട്ടില്‍ വളര്‍ത്തിയ പോത്തിന്‍കുട്ടിയെ അരുമയായി പരിപാലിക്കുകയാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ അഞ്ജന സുരേന്ദ്രന്‍. അപ്പു എന്നു പേരിട്ട് വിളിച്ച പോത്തിന്‍കുട്ടിയുമായുള്ള തന്റെ ആത്മബന്ധം പങ്കുവയ്ക്കുകയാണ് അഞ്ജന. അഞ്ജന പങ്കുവച്ച കുറിപ്പ് വായിക്കാം.

ഇത് വായിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും എന്നെ പരിഹസിക്കാനുള്ള ഒന്നാവാം ഇത്. പലരുടെയും കാഴ്ചയും കാഴ്ചപ്പാടും വ്യത്യസ്തമാണെന്ന തിരിച്ചറിവോടു കൂടിത്തന്നെ നിങ്ങളോടിത് ഞാന്‍ പങ്കുവയ്ക്കുന്നു. ചിലത് കുത്തിക്കുറിക്കാന്‍ ഇതിനോളം നല്ലൊരു ചിത്രം എന്റെ പക്കലില്ല.

പലരും പല തരത്തില്‍ നമ്മള്‍ക്ക് പ്രിയപ്പെട്ടവര്‍ ആകുമെങ്കിലും ഈ മിണ്ടാപ്രാണിയോളം എന്നെ സ്വാധീനിച്ച മറ്റൊരാളും ഇന്നില്ല. ആദ്യമായി ലോക്ഡൗണ്‍ വന്നപ്പോള്‍ വിരസത മാറ്റാനായി മറ്റൊരു തരത്തില്‍ ചിന്തിച്ചപ്പോള്‍ മറ്റേതൊരു മനുഷ്യനേയും പോലെ വളര്‍ത്തി വലുതാക്കി കൊടുക്കുമ്പോള്‍ കിട്ടുന്ന ലാഭം,  അതിനുമപ്പുറം ഞാനുമൊന്നും ചിന്തിച്ചിരുന്നില്ല. അവനെ എനിക്ക് കിട്ടുമ്പോള്‍ ആകെ എല്ലും തോലും ആയിരുന്നു. ഒരു കുഞ്ഞിനെ നോക്കും പോലെ ഞാനവനെ വളര്‍ത്തി. അപ്പു എന്ന് വിളിപ്പേരും ഇട്ടു. വളരെ പെട്ടന്നവന്‍ ഇണങ്ങി. അവന്റെ മൂക്ക് കുത്തിയ ദിവസം അവനേക്കാളേറെ വേദന അനുഭവിച്ചത് ഞാനാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങുക എന്നല്ലാതെ മറ്റൊരു വഴിയില്ലാരുന്നു.

bufallo-1

പോത്തിന് തൊഴുത്തു വേണ്ട വല്ല പറമ്പിലും കൊണ്ടേ കെട്ടിയാ മതി എന്നുള്ള ഉപദേശങ്ങള്‍ ഒക്കെ വന്നുകൊണ്ടേയിരുന്നു. പക്ഷേ, അപ്പൂന് തൊഴുത്ത് ഉണ്ടാരുന്നു. എല്ലാ ദിവസവും ഞാനവനെ കുളിപ്പിച്ച് പൊട്ട് തൊടീക്കും. ഈച്ചയും മറ്റ് പ്രാണികളുടേയും ഒക്കെ ശല്യം മാറാന്‍ ദിവസവും വേപ്പെണ്ണ തേയ്ക്കും.   ശരീരം നന്നാവാന്‍ മീനെണ്ണയൊക്കെ അവന്റെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി. പിന്നീടങ്ങോട്ട് പുല്ല് ചെത്തലും തൊഴുത്ത് കഴുകലും ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറി.

ഇതിനിടയ്ക്ക് അപ്പു വളര്‍ന്നതോ അവന്റെ മാംസത്തിന് വില കൂടിയതോ ഞാനറിഞ്ഞില്ല. വിലയും പറഞ്ഞു പലരും വന്നു തുടങ്ങി. ഒരു പെണ്‍കുട്ടിക്ക് വളര്‍ത്താന്‍ പറ്റിയ മൃഗമല്ല പോത്തെന്നായി ചിലര്‍. നിന്നെ ഇത് കൊല്ലും പോത്ത് വെട്ടുക എന്ന് കേട്ടിട്ടുണ്ടോ? നീയതറിയുമ്പോള്‍ പഠിച്ചോളും എന്ന് മറ്റു ചിലര്‍. പക്ഷേ അവനിതുവരെ എന്നെ ഉപദ്രവിച്ചിട്ടില്ല. ഇനി മുന്നോട്ട് എങ്ങനെയെന്നുമറിയില്ല. കൊടുക്കുന്ന ഭക്ഷണത്തിനോടുള്ള നന്ദിയാവാം ഞാന്‍ വിളിച്ചാല്‍ അവന്‍ വിളി കേള്‍ക്കും. എനിക്കൊപ്പം എവിടേയും അനുസരണയോടു കൂടി വരും. 

പ്രത്യക്ഷ്യത്തില്‍ ചിരിച്ചു കാണിച്ച് മറഞ്ഞുനിന്ന് നമ്മളെ പഴിചാരുന്ന ചില മനുഷ്യരേക്കാള്‍ എത്രയോ ഭേദമാണ് ഈ മിണ്ടാപ്രാണിയെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ചില വിചിത്ര മനുഷ്യജന്മങ്ങള്‍. സാമ്പത്തികമായി എത്ര ബുദ്ധിമുട്ട് വന്നാലും അവനിലേക്ക് എന്റെ കണ്ണ് ഉടക്കാറില്ല. പക്ഷേ ജനിച്ചാല്‍ ഒരിക്കല്‍ മരണം അത് മനുഷ്യനായാലും മൃഗമായാലും എന്നല്ലേ. അവന്‍ ജീവിക്കണ അത്രേം നാള്‍ നല്ല ഭക്ഷണം കഴിച്ച് വൃത്തിയുള്ളിടത്ത് അന്തിയുറങ്ങി എന്റെ അപ്പുവായി ജീവിക്കട്ടേ. എന്റെ നിവര്‍ത്തികേടിലേക്ക് അറിയാതേ എങ്കിലും നിന്നേയും ചേര്‍ത്ത് വെച്ചല്ലോ എന്നൊരു സങ്കടം മാത്രം.

നിന്റെ സ്‌നേഹത്തിന് മുന്നില്‍ ചേര്‍ത്ത് നിര്‍ത്തി ഒന്നു തലോടാനല്ലാതെ തള്ളി മാറ്റാന്‍ എനിക്ക് ആവുന്നില്ലല്ലോടാ.

English summary: Does a buffalo make a good pet

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA