ADVERTISEMENT

ബ്രൗൺ നിറത്തിൽ ഒരു വർഷം 300ൽപ്പരം മുട്ടകളിടുന്ന BV380 എന്ന വ്യാവസായിക ഇനം മുട്ടക്കോഴിയെ കോഴിവളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സുപരിചിതമാണ്.  ഗാർഹിക കൂടുകളിലായി ഒട്ടേറെ പേർ മുഴുവൻനേര സാന്ദീകൃത തീറ്റ നൽകി ഇത്തരം കോഴികളെ വളർത്തിപ്പോരുന്നുണ്ട്.

2012ൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയാണ് ആദ്യമായി മട്ടുപ്പാവിൽ മുട്ടക്കോഴി എന്ന ആശയം 'ഐശ്വര്യ' പദ്ധതി വഴി കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചരിപ്പിച്ചത്. വർഷത്തിൽ മുന്നൂറിൽപ്പരം വെള്ള മുട്ടകളിടുന്ന സർവകലാശാല ശാസ്ത്രജ്ഞർ ഉരുത്തിരിച്ചെടുത്ത അതുല്യ കോഴികളും, അവയെ പാർപ്പിക്കാനാവശ്യമായ ഗാർഹികക്കൂടും, തീറ്റയും നൽകിയിരുന്ന പദ്ധതി വൻ വിജയമായിരുന്നു. എന്നാൽ, വെള്ള മുട്ടകൾ വൻതോതിൽ മിതമായ നിരക്കിൽ ഇറക്കുമതി ചെയ്യുന്ന നമ്മുടെ നാട്ടിൽ ഇത്തരം മുട്ടകൾ വിറ്റ് വലിയൊരു ലാഭം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. താരതമന്യേ ഉയർന്ന വില ലഭിക്കുമെന്ന ഒറ്റക്കാരണത്താലാണ് പിൽക്കാലത്ത്  സ്വകാര്യ വ്യാവസായികയിനമായ BV380 എന്ന ബ്രൗൺ മുട്ടക്കോഴിയിനം ഇത്തരം ഗാർഹിക കൂടുകളിലൂടെ പ്രചാരം നേടിയത്. ബ്രൗൺ മുട്ടയും വെള്ള മുട്ടയും തമ്മിൽ പോഷകങ്ങളിൽ വ്യത്യാസങ്ങളില്ലെങ്കിലും ബ്രൗൺ മുട്ട വെള്ളയെക്കാൾ പോഷകസമ്പുഷ്ടമാണെന്ന ഒരു മിഥ്യാധാരണ മലയാളിയുടെ മനസിൽ എവിടെയോ ഉറങ്ങിക്കിടപ്പുള്ളത് ബ്രൗൺ മുട്ടയുടെ സ്വീകാര്യത വർധിപ്പിച്ചു. സർവകലാശാലയുടെ നൂതനമായ ഗാർഹികക്കൂടുകളിലെ കോഴി വളർത്തൽ പദ്ധതി എന്ന ആശയം പിന്നീട് സ്വയം തൊഴിൽ ചെയ്യുന്ന ഒരു പാട് കർഷകർ ഏറ്റെടുക്കുകയും ഇന്ന് ഗാർഹിക കൂടുകളും BV380 ഉൾപ്പടെ അത്യുൽപാദന ശേഷിയുള്ള കോഴികൾ അടങ്ങുന്ന പദ്ധതികൾ കേരളത്തിൽ അങ്ങോലമിങ്ങോളം പ്രചാരം നേടുകയും ചെയ്തതിൽ സർവകലാശലയ്ക്ക് തികഞ്ഞ ചാരിതാർഥ്യമുണ്ട്.

വ്യാവസായിക്കാടിസ്ഥാനത്തിലുള്ള മുട്ടക്കോഴി വളർത്തലിനു കേരളത്തിന്റെ സാഹചര്യങ്ങളിൽ പരിമിതികളുള്ളതിനാൽ സർവകലാശാല എന്നും പ്രചാരം നൽകിയിട്ടുള്ളത് അടുക്കളമുറ്റത്തെ കോഴിവളർത്തലിനായിരുന്നു. അടുക്കളമുറ്റത്തെ കോഴി വളർത്തലിനായി സർവകലാശാല രൂപം നൽകിയ സങ്കരയിനം കോഴികളാണ് ഗ്രാമലക്ഷ്മിയും ഗ്രാമശ്രീയും. ഇളം തവിട്ടു നിറത്തിൽ മുട്ടകളിടുന്ന ഗ്രാമലക്ഷ്മിയേക്കാൾ കർഷകർക്ക് പ്രിയം ബ്രൗൺ മുട്ടകളിടുന്ന നാടൻ സങ്കരയിനമായ ഗ്രാമശ്രീയെയാണ്. നമ്മുടെ നാട്ടിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്ന, ബഹുവർണ നിറത്തിലുള്ള തൂവലുകളോടു കൂടിയ കോഴികളാണ് ഗ്രാമശ്രീ. പേരുപോലെ തന്നെ കർഷകർക്ക് ലാഭവും, ഐശ്വര്യവും ഒരു പോലെ നൽകുന്ന ദ്വിമുഖ സ്വഭാവഗുണമുള്ള, അതായത് മുട്ടയ്ക്കും ഇറച്ചിക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഇനമാണിവ.

gramasree-kozhi-1

നാടൻ കോഴികളുടെ ബഹുവർണ നിറത്തിലുള്ള തൂവലുകളും, പൊരുതുവാനുള്ള ശേഷിയും ഇവയെ ഇരപിടിയന്മാരിൽനിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ സഹായിക്കാറുണ്ട്. അതുകൊണ്ടുതന്നെ അടുക്കളമുറ്റത്ത് ഇവയെ  ധൈര്യമായി അഴിച്ചുവിട്ടു വളർത്താം. ആദ്യ നാലാഴ്ച സ്റ്റാർട്ടർ തീറ്റ കൊടുത്തു വളർത്തിയ ശേഷം വീട്ടിലെ ആഹാര സാധനനങ്ങൾ  തീറ്റയായി നൽകിത്തുടങ്ങാം. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്‌ടങ്ങൾ എന്നിവയ്ക്കു പുറമെ തൊടിയിലെ കളകളും കീടങ്ങളുമൊക്കെ ഇവ ഭക്ഷണമാക്കും. നാലര- അഞ്ചു മാസത്തിനുള്ളിൽ മുട്ടയിട്ടു തുടങ്ങുന്ന ഇവയ്ക്കു മുട്ടയിട്ടു തുടങ്ങുമ്പോൾ മുതൽ മുട്ടക്കോഴിത്തീറ്റ നൽകണം.  30–40 ഗ്രാം സാന്ദീകൃത മുട്ടത്തീറ്റ കൈത്തീറ്റയായി നൽകുന്നതോടൊപ്പം തന്നെ മറ്റു ഭക്ഷണാവശിഷ്ടങ്ങളും കൂടി നൽകി വളർത്താം എന്നതാണ് ഇവയുടെ പ്രത്യേകത. അതായത് മുഴുവൻ സമയ സാന്ദീകൃത തീറ്റ നൽകി വളർത്തുന്ന BV380ക്ക് ദിനം പ്രതി 3.5 രൂപ തീറ്റച്ചെലവ് വരുമ്പോൾ ഇവയുടെ തീറ്റച്ചെലവ് 1.5 രൂപയിൽ താഴെ നിർത്താം എന്നത് തീറ്റയ്ക്ക് ഉയർന്ന വിലയുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ അനുഗ്രഹമാണ്.

വർഷത്തിൽ 180 മുട്ടകളാണ്‌ ഉൽപാദനമെങ്കിലും 55 ഗ്രാമിൽ കൂടുതൽ ഭാരമുള്ള, തവിട്ടു നിറത്തിലുള്ള ഇവയുടെ മുട്ടകൾ BV 380യോട് കിടപിടിക്കുന്നതും വിപണിയിൽ ഏറെ സ്വീകാര്യതയുള്ളതുമാണ്. കൂടാതെ അഴിഞ്ഞു നടന്ന് തീറ്റ തിന്നുന്ന ഇവയുടെ മുട്ടയുടെ ഉണ്ണി ഓറഞ്ചു നിറത്തിലായിരിക്കും. ബീറ്റ കരോട്ടിൻ കൂടുതലായി ലഭിക്കുന്ന ഇത്തരം മുട്ടയ്ക്ക് പോഷകഗുണം താരതമന്യേ കൂടുതലാണ്. ഇത്തരം മുട്ടകൾ പായ്‌ക്കറ്റിലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംരംഭകരും നിലവിലുണ്ട്. കൊത്തുമുട്ടകൾ ലഭിക്കാൻ പത്തു പിടയ്ക്ക് ഒരു പൂവൻ എന്ന അനുപാതത്തിലാണ് ഇവയെ  വളർത്തേണ്ടത്. സങ്കരയിനമായതിനാൽ അടയിരിക്കാനുള്ള ശേഷി ഇവയ്ക്കില്ല. മുട്ട വിരിയിക്കാൻ നാടൻ കോഴികളോ,  ഇൻക്യൂബേറ്റർ സംവിധാനമോ ആവശ്യമാണ്.

നാലു മാസം കൊണ്ട് ഒന്നര കിലോയ്ക്ക് മുകളിൽ ഭാരമെത്തുന്ന ഇവയുടെ പൂവൻ കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറെയാണ്. നാടൻ രീതിയിൽ തീറ്റ തേടിത്തിന്നു വളരുന്നത് കൊണ്ടും, നാടന്റെ തൂവലുകളും രൂപസാദൃശ്യം കൊണ്ടും വിപണിയിൽ ഇവയ്ക്ക്  ഉയർന്ന വില  ലഭിക്കുന്നുണ്ട്. അതിനാൽ ഹാച്ചറികളിൽനിന്നു പത്തു രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ഇവയുടെ പൂവൻ കുഞ്ഞുങ്ങളെ തദ്ദേശീയമായി നാടൻ രീതിയിൽ ഇറച്ചിക്കോഴികളായി വളർത്തുന്ന ധാരാളം പേരുണ്ട്.  ഒന്നര  വർഷത്തോളം മുട്ടയിട്ടു കഴിഞ്ഞ പിടക്കോഴികളെയും ഇറച്ചിക്കായി ഉപയോഗപ്പെടുത്താം. എന്നാൽ വെള്ള നിറത്തിലുള്ള പൂവൻ കോഴികളായതിനാൽ BV380യുടെ പൂവന് ഇത്തരത്തിൽ ഒരു വിപണി സാധ്യത ഇല്ല.

വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി യൂണിവേഴ്സിറ്റി ഫാമിൽ നിന്നും സർക്കാരിന്റെ റീജണൽ പൗൾട്രി ഫാമുകളിലേക്ക് ഏതാണ്ട് അമ്പതിനായിരം ഗ്രാമശ്രീ പാരന്റ് സ്റ്റോക്കുകൾ എല്ലാ വർഷവും നൽകി വരുന്നു. അവിടുന്ന് വിവിധ സർക്കാർ അംഗീകൃത എഗ്ഗർ നഴ്‌സറികൾ മുഖേന പുറത്തിറങ്ങുന്ന 45 ലക്ഷത്തിനടുത്ത് ഗ്രാമശ്രീക്കോഴികൾ വഴി 50 കോടിയിൽപ്പരം മുട്ടകളുടെ പ്രതിവർഷ ഉൽപാദനമാണ് ഗ്രാമശ്രീ എന്ന ഒറ്റയിനത്തിലൂടെ സർവകലാശാല മുഖേന കേരളത്തിൽ സാധ്യമാകുന്നത്.

English summary: Gramasree chicken for backyard poultry farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com