തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ആടുവസന്ത മുന്നറിയിപ്പ്: കർഷകർ ശ്രദ്ധിക്കണം

HIGHLIGHTS
  • വാക്‌സീൻ നൽകുന്നതന് മുൻപായി ആടുകളെ വിരയിളക്കണം
goat 11
SHARE
  • ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 28 ദശലക്ഷം യുഎസ് ഡോളറിന്റെ സാമ്പത്തികനഷ്ടമാണ് ആടുവസന്ത കാരണം ഉണ്ടാവുന്നത്.
  • തെക്കൻ കേരളത്തിൽ വരുന്ന മാസം ആടുവസന്ത പൊട്ടിപ്പുറപ്പെടാൻ സാധ്യയുണ്ടെന്ന്  ദേശീയ വെറ്ററിനറി എപിഡെമിയോളജി ഇൻസ്റ്റിറ്റൂട്ടിന്റെ മുന്നറിയിപ്പ്.

കന്നുകാലിവളർത്തൽ മേഖലയിൽ അറുതിയില്ലാത്ത ദുരിതവും കണക്കില്ലാത്ത സാമ്പത്തികനഷ്ടവും വിതച്ച കാലിവസന്ത അഥവാ റിൻഡർപെസ്റ്റ് (Rinderpest) രോഗത്തെ ലോകത്ത് നിർമാർജനം ചെയ്യപ്പെട്ടതിന് ഒരു പതിറ്റാണ്ട് പിന്നിടുന്ന സമയമാണിത്. കാലിവസന്തയിൽ നിന്നുള്ള ലോകത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം അഥവാ Global Freedom from Rinderpest എന്നാണ് 2011ൽ കാലിവസന്ത നിർമാർജനം ചെയ്തതായുള്ള ലോക ഭക്ഷ്യകാർഷികസംഘടനയുടെ (Food and Agriculture Organization- FAO- Agency of the United Nations) പ്രഖ്യാപനം ചരിത്രത്തിൽ അറിയപ്പെടുന്നത്. കാലിവസന്ത നിർമാർജനത്തിന് ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഈ വേളയിൽ മറ്റൊരു രോഗത്തെ കൂടി നിർമാർജനം ചെയ്യാനുള്ള പരിശ്രമം ലോകഭക്ഷ്യകാർഷികസംഘടനയുടെയും  ലോക മൃഗാരോഗ്യസംഘടനയുടെയും ( World Organisation for Animal Health/ Office International des Epizooties) നേതൃത്വത്തിൽ ലോകമെങ്ങും പുരോഗമിക്കുകയാണ്. ആടുകളിലെയും ചെമ്മരിയാടുകളിലെയും  പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമായ  ആടുവസന്ത അഥവാ പിപിആർ ( Ovine rinderpest/Peste des Petits Ruminants) ആണ് ആ രോഗം. 

ആടുവസന്ത അഥവാ കാലിവസന്തയുടെ അപരൻ

ഒരു കാലത്ത് കാലിവസന്ത കാരണം ഉണ്ടായ വിപത്തുകൾ പോലെ തന്നെ മൃഗപരിപാലനമേഖലയിൽ വലിയ ദുരിതങ്ങൾ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ് ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും ഉയർന്ന മരണസാധ്യതയുള്ള  ഈ രോഗം കാരണം മൃഗസംരക്ഷണ കാർഷിക മേഖലയിൽ ഉണ്ടാവുന്ന സാമ്പത്തികനഷ്ടവും തൊഴിൽനഷ്ടവും വരുമാനനഷ്ടവും ചെറുതല്ല. ആഗോളമായി പ്രതിവർഷം 1.4 -2.1  ലക്ഷം കോടി യുഎസ് ഡോളറിന്റെ സാമ്പത്തികനഷ്ടം ആടുവസന്ത കാരണം ഉണ്ടാവുന്നതായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 28 ദശലക്ഷം യു എസ് ഡോളറിന്റെ സാമ്പത്തികനഷ്ടമാണ് ആടുവസന്ത കാരണം ഉണ്ടാവുന്നത്. കാലിവസന്തയുമായി രോഗകാരണമായ വൈറസിലും രോഗലക്ഷണങ്ങളിലും വ്യാപനത്തിലും മരണനിരക്കിലും എല്ലാം ഏറെ സമാനതകൾ ഉള്ളതിനാൽ കാലിവസന്തയുടെ അപരൻ അഥവാ സ്യൂഡോ റിൻഡർപെസ്റ്റ് എന്ന് വിളിക്കുന്നതും ആടുവസന്തയെ തന്നെയാണ്. ആട്, ചെമ്മരിയാട് വളർത്തൽ മേഖലയിൽ ഉപജീവനം നയിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ  ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വെല്ലുവിളിയായാണ് ലോകഭക്ഷ്യകാർഷികസംഘടന ആടുവസന്ത രോഗത്തെ വിലയിരുത്തുന്നത്. ലോകത്തു ഇന്ന് ആകെയുള്ള ആടുകളിലും ചെമ്മരിയാടുകളിലും എൺപത് ശതമാനവും പിപിആർ രോഗത്തിന്റെ വെല്ലുവിളി നേരിടുന്നുണ്ടെന്നും പഠനങ്ങൾ പറയുന്നു 

ലക്ഷ്യം ആടുവസന്ത വിമുക്തലോകം 

2030 ആകുമ്പോഴേക്കും ഭൂമി ആടുവസന്ത വിമുക്തമാക്കുക എന്നതാണ് ലോക ഭക്ഷ്യ കാർഷികസംഘടനയും മറ്റ് അന്തർദേശീയ സംഘടനകളും മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ഈ ലക്ഷ്യം നേടുന്നതിനായി ലോകമെമ്പാടും സമ്പൂർണ്ണ ആടുവസന്ത നിർമാർജന പദ്ധതിക്ക്  (P.P.R. Global Control and Eradication Strategy -PPR GCES) ലോകഭക്ഷ്യകാർഷികസംഘടനയും ലോക മൃഗാരോഗ്യസംഘടനയും ചേർന്ന് 2015ൽ  തന്നെ തുടക്കമിട്ടിട്ടുണ്ട്. 15 വർഷം നീളുന്ന ഈ  ബൃഹത്പദ്ധതി അഞ്ചുവർഷം നീളുന്ന മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. ഈ അന്തരാഷ്ട്ര പദ്ധതിയോട് സഹകരിച്ചുകൊണ്ട് വിവിധ രാഷ്ട്രങ്ങൾ അവരുടേതായ തനത് ആടുവസന്ത നിർമ്മാർജന പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പദ്ധതിയുടെ (Livestock Health and Disease Control) കീഴിൽ ദേശീയ ആടുവസന്ത നിയന്ത്രണ നിർമാർജന പദ്ധതി (Peste des petits Ruminants Control Programme) നിലവിൽ നടപ്പിലാക്കുന്നുണ്ട്. 2025 ആകുമ്പോഴേക്ക്  ഇന്ത്യയെ ആടുവസന്ത വിമുക്തരാജ്യമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. ആടുകൾക്കും ചെമ്മരിയാടുകൾക്കും സമഗ്ര വാക്സിനേഷൻ വഴിയുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്.

അറിയാം ആടുവസന്തയെ

പാരമിക്സോ  എന്ന വൈറസ് കുടുംബത്തിലെ  മോര്‍ബില്ലി എന്നയിനം വൈറസുകള്‍  കാരണമായുണ്ടാവുന്ന ഈ രോഗം പിപിആര്‍ അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്സ് റുമിനന്‍റ്സ് (Peste des petits Ruminants) എന്നാണ് ശാസ്ത്രീയമായി വിളിക്കപ്പെടുന്നത്. ചെമ്മരിയാടുകളേക്കാള്‍ ആടുകള്‍ക്കാണ് രോഗസാധ്യത. ഏത് ഇനത്തിലും പ്രായത്തിലുംപെട്ട ആടുകളെയും  രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണ്‌ രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണനിരക്ക് 85 മുതല്‍ 90 വരെ  ശതമാനം ഉയര്‍ന്നതുമാണ്. ഇന്ത്യയിൽ ആദ്യമായി 1989ൽ  തമിഴ്നാട്ടിലെ വില്ലുപുരത്ത് ചെമ്മരിയാടുകളിലാണ് രോഗം കണ്ടെത്തിയത്. ഇന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആടുവസന്ത വ്യാപകമായി കാണപ്പെടുന്നു. മതിയായ  ആരോഗ്യ പരിശോധനകളോ ജൈവസുരക്ഷാ നടപടികളോ സ്വീകരിക്കാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗവാഹകരായ ആടുകളുടെ ഇറക്കുമതിയാണ് കേരളത്തില്‍ രോഗം വ്യാപകമാവുന്നതിന്‍റെ മുഖ്യകാരണം.

രോഗം ബാധിച്ച ആടുകള്‍ വിസർജ്യങ്ങളിലൂടെയും ഉമിനീർ കണ്ണിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയും രോഗാണുക്കളെ പുറന്തള്ളും. രോഗബാധയേറ്റ  ആടുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടേയും രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം  ഉപകരണങ്ങള്‍ എന്നിവ വഴി പരോക്ഷമായും രോഗവ്യാപനം നടക്കും. രോഗബാധയേറ്റ ആടുകളും  ചെമ്മരിയാടുകളും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും  പുറത്തുവന്ന് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ചെറു സ്രവകണികകൾ വഴി വായുവിലൂടെയും രോഗം എളുപ്പത്തിൽ വ്യാപിക്കും  രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച്  ഒരാഴ്ചയ്ക്കകം ആടുകള്‍ രോഗലക്ഷണങ്ങള്‍  പ്രകടിപ്പിച്ച് തുടങ്ങും. കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ് ആടുവസന്തയുടെ ആരംഭലക്ഷണങ്ങള്‍. 

വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വസനനാളത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലര്‍ന്ന വയറിളക്കം, ശ്വസനതടസം, മൂക്കില്‍ നിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിന് ദുര്‍ഗന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. വായ്ക്കകത്തും പുറത്തും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും കണ്ണുകള്‍ ചുവന്ന് പഴുക്കുകയും ചെയ്യും. ഗര്‍ഭിണി ആടുകളുടെ ഗര്‍ഭമലസാനിടയുണ്ട്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ പാര്‍ശ്വാണുബാധകള്‍ക്കും സാധ്യതയുണ്ട്. ശ്വസനതടസ്സവും ന്യുമോണിയയും വയറിളക്കവും നിർജലീകരണവും മൂര്‍ച്ഛിച്ചാണ് ഒടുവില്‍ ആടുകളുടെ മരണം സംഭവിക്കുക.

പ്രതിരോധവഴി വാക്‌സീൻ

സംസ്ഥാന മൃഗസംരക്ഷണവകുപ്പ്  ആടുവസന്ത നിർമ്മാർജനപദ്ധതിയുടെ കീഴില്‍ ഉല്‍പ്പാദിപ്പിച്ച് മൃഗാശുപത്രികൾ വഴിയും തിരുവനന്തപുരം പാലോടുള്ള  സ്റ്റേറ്റ്  വെറ്ററിനറി  ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ടും വിതരണം ചെയ്യുന്ന പിപിആര്‍ സെല്‍കള്‍ച്ചര്‍ വാക്സിന്‍ ( Sungri -96 strain -Live  Attenuated Vaccine) ആടുവസന്ത പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണ്. കൂടാതെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ (RAKSHA PPR ), ഹെസ്റ്റർ ബയോസയൻസസ് (PPR Vaccine – Sungri/96 Strain – Hester) തുടങ്ങിയ സ്ഥാപനങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന പിപിആര്‍ വാക്‌സീനും വിപണിയില്‍ ലഭ്യമാണ്.  ആടുകൾക്ക് നാലുമാസം പ്രായമെത്തുമ്പോൾ പിപിആർ തടയാനുള്ള വാക്‌സീൻ  നൽകാം. വാക്‌സീൻ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്‌സിൻ  കഴുത്തിന് മധ്യഭാഗത്തതായി  ത്വക്കിനടിയിൽ കുത്തിവെയ്ക്കുന്നതാണ് രീതി. നാലാഴ്ചകൾക്ക് ശേഷം സാധാരണ നൽകാറുള്ള  ബൂസ്റ്റർ ഡോസ് പിപിആർ വാക്‌സീന് ആവശ്യമില്ല. ഏകദേശം  മൂന്ന് വർഷം വരെ പിപിആർ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകൾക്ക് നൽകാൻ ഒറ്റ ഡോസ് വാക്‌സീനു കഴിയും.   നമ്മുടെ നാട്ടിൽ ഈ രോഗം ഏറ്റവും വ്യാപകമായ രീതിയിൽ കണ്ടുവരുന്ന സാഹചര്യത്തിൽ ഫാമിലെ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃ-പിതൃശേഖരത്തിൽ ഉൾപ്പെട്ട (പേരന്റസ്റ്റോക്ക് ) ആടുകൾക്ക് വാക്‌സീന്റെ പരമാവധി പ്രതിരോധ കാലാവധി പൂർത്തിയാവുന്നതിന് മുൻപ് തന്നെ വാക്‌സീൻ ആവർത്തിയ്ക്കാൻ സംരംഭകർ പ്രത്യേകം ശ്രദ്ധിക്കണം. 

പ്രതിരോധകുത്തിവെയ്പ് മഴക്കാലത്തിന് ചുരുങ്ങിയത് ഒരു മാസം മുൻപായി നൽകുന്നതാണ് ഉത്തമം. വാക്‌സീൻ നൽകുന്നതന് മുൻപായി ആടുകളെ വിരയിളക്കേണ്ടതും ഏറെ പ്രധാനം. വാക്‌സീൻ നിർമാണം മുതൽ ഒടുവിൽ നമ്മുടെ ഫാമുകളിൽ എത്തിച്ച് കുത്തിവെയ്ക്കുന്നത് വരെ തണുപ്പ് മാറാതെയും ശീതശൃംഖല (2 ഡിഗ്രി സെൽഷ്യസ്  - 8 ഡിഗ്രി സെൽഷ്യസ്) മുറിയാതെയും ശ്രദ്ധിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. ഒരു വാക്‌സീൻ മിശ്രിതം ഉപയോഗിച്ച് തുടങ്ങിയാൽ രണ്ടു മണിക്കൂറിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കണം.  മുതിർന്ന ആടുകൾക്ക് പ്രജനനനത്തിന് മുൻപായി വാക്സിനേഷൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യം. ഗർഭിണി ആടുകൾക്കും പിപിആർ വാക്‌സിൻ നൽകുന്നതിന് കുഴപ്പമില്ലെങ്കിലും നാലും അഞ്ചും മാസം ഗർഭിണികളായ പ്രസവം ഏറെ അടുത്ത ആടുകളെ പിപിആർ വാക്‌സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കാം. വാക്‌സീനിൽ അടങ്ങിയിരിക്കുന്നത് വീര്യം കുറഞ്ഞതും ജീവനുള്ളതുമായ വൈറസുകൾ (Live modified (weakened) indigenous freeze-dried vaccine) ആയതിനാൽ വാക്‌സീൻ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. ഉപയോഗശേഷം ബാക്കി വരുന്ന വാക്‌സിൻ, കുത്തിവെയ്പ് സാമഗ്രികൾ ഉൾപ്പെടെ  മണ്ണിൽ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ വേണം.

വാക്സിനേഷൻ നൽകുന്നതിനൊപ്പം തന്നെ ആടുവളർത്തൽ സംരംഭകളിൽ രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളൂം ഏറെയുണ്ട്. പിപിആർ രോഗം സംശയിക്കുന്ന ആടുകളെ പ്രത്യേകം  മാറ്റിപ്പാര്‍പ്പിച്ച്  ചികിത്സകൾ നൽകണം. രോഗബാധ കണ്ടെത്തിയ പ്രദേശത്തു നിന്നും ആടുകളെ വാങ്ങുന്നതിനും തീറ്റ ശേഖരിക്കുന്നതിനും താല്‍ക്കാലികമായി ഒഴിവാക്കണം. പുതിയ ആടുകളെ ഫാമുകളിലേക്ക് കൊണ്ടുവരുമ്പോള്‍ ഫാമിലെ  ആടുകൾക്കൊപ്പം ചേർക്കാതെ മൂന്നാഴ്ച പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച്  ക്വാറന്റൈൻ പരിചരണം നല്‍കണം. തുടര്‍ന്ന് രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം മറ്റാടുകള്‍ക്കൊപ്പം ചേര്‍ക്കാന്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണം. 

പുതുതായി കൊണ്ടുവരുന്ന മുട്ടനാടുകളെ ക്വാറന്റൈന്‍ നിരീക്ഷണ കാലയളവില്‍ പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണം.  പ്രജനനാവശ്യത്തിനായി ഫാമുകളിലേക്ക് ആടുകളെ കൊണ്ടുവരുമ്പോഴും മറ്റ് ഫാമുകളിലേക്ക് ആടുകളെ കൊണ്ടുപോവുമ്പോഴും രോഗബാധയില്ലെന്നുറപ്പാക്കാന്‍ ശ്രദ്ധിക്കണം. വളർത്താനുള്ള ആടുകളെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്നോ കർഷകരിൽ നിന്നോ വാങ്ങുന്നതാണ് അഭികാമ്യം. ആരോഗ്യത്തെ പറ്റിയും എടുത്ത പ്രതിരോധകുത്തിവെയ്പ്പുകളെ  പറ്റിയുമുള്ള മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്ത ആടുകളെ ചന്തയിൽ നിന്നും കച്ചവടക്കാരിൽ നിന്നും വളര്‍ത്താനായി വാങ്ങുന്നത് പരമാവധി ഒഴിവാക്കണം. പുതുതായി കൊണ്ടുവന്ന ആടുകൾക്ക്  പി പി ആർ വാക്‌സിൻ നൽകിയതായി ഉറപ്പില്ലെങ്കിൽ ക്വാറന്‍റൈന്‍ കാലാവധി തീരുന്ന മുറയ്ക്ക് വാക്‌സിൻ  നൽകണം. ഫാമുകളിൽ അനാവശ്യ സന്ദർശകരെയും വാഹനങ്ങളെയും നിയന്ത്രിക്കണം. ആടുകൾക്ക് അസ്വാഭാവിക മരണം സംഭവിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ  പോസ്റ്റ് മോർട്ടം പരിശോധന  നടത്താനും മരണകാരണം കൃത്യമായി കണ്ടെത്താനും കർഷകർ ശ്രദ്ധിക്കണം .

മുന്നറിയിപ്പ് മുന്നിലുണ്ട്

തെക്കൻ കേരളത്തിൽ വരുന്ന ഓഗസ്റ്റ് മാസത്തിൽ ആടുവസന്ത പൊട്ടിപ്പുറപ്പെടാൻ സാധ്യയുണ്ടെന്ന ദേശീയ വെറ്ററിനറി എപിഡെമിയോളജി ഇൻസ്റ്റിറ്റൂട്ട് നൽകിയ മുന്നറിയിപ്പും കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് രോഗത്തിന് കൂടുതൽ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

English summary: Peste des Petits Ruminants, Goat Farming

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA