ചെങ്ങന്നൂരിൽ കേൾക്കാം കുതിരക്കുളമ്പടി; ഇത് കേരളത്തിലെ കുതിരപ്രേമികളുടെ നാട്

HIGHLIGHTS
  • വിവിധ ഇനം കുതിരകളെ വളർത്തുന്നവരെ ഇവിടെ നേരിട്ടു കാണാം
horse-rider-1
SHARE

കുതിരപ്പുറത്തേറി വരുന്നവരെ സിനിമകളിൽ മാത്രം കണ്ടു ശീലിച്ചവർ ചെങ്ങന്നൂരിലേക്ക് ഒന്നു വരണം. വിവിധ ഇനം കുതിരകളെ വളർത്തുന്നവരെ ഇവിടെ നേരിട്ടു കാണാം. കുതിരപ്പുറത്തു കുതിക്കുന്ന റൈഡർമാരെയും. 

horse-rider-ajith
സി. അജിത്ത്കുമാർ ജാക്കിക്കൊപ്പം.

പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്താണു ചെങ്ങന്നൂർ ആലാ പെണ്ണുക്കര ശ്രീഹരിയിൽ സി. അജിത്ത്കുമാറിന്റെ മനസിൽ കുതിരയെ വാങ്ങണമെന്ന മോഹം കുളമ്പടിച്ചുയർന്നത്. പയ്യൻസിന്റെ ആഗ്രഹം വീട്ടുകാർ അന്നു ചുവപ്പുമഷി കൊണ്ടു വെട്ടിയെങ്കിലും 34 കൊല്ലത്തിനിപ്പുറം ശ്രീഹരി വീടിനു മുന്നിൽ അർജുൻ എന്ന മാർവാരിക്കുതിരയ്ക്കായി ലയം ഒരുങ്ങി. പിന്നീട് ഗ്രാമത്തിലെ പ്രഭാതകാഴ്ചകളിലൊന്നായി അജിത്തിന്റെ കുതിരസവാരി മാറി. മങ്കൊമ്പ് റീസർവേ സൂപ്രണ്ട് ഓഫിസിലെ ഗ്രേഡ്–1 സർവേയർ ആണ് അജിത്ത്.  അർജുൻ 2020ൽ പരുക്കേറ്റതിനെ തുടർന്നു ചികിത്സയിലിരിക്കെ ചത്തു. പിന്നീട് 3 കുതിരകളെ വാങ്ങിയ അജിത്ത് കുതിരയോട്ടം പഠിപ്പിക്കാനായി 2020 ഡിസംബറിൽ പെണ്ണുക്കരയിൽ ബ്രേവ് റൈഡേഴ്സ് ക്ലബ് തുടങ്ങി. കോവിഡ് കാലത്ത് പ്രവർത്തനം നിലച്ചതോടെ കുതിരകളെ വിൽക്കേണ്ടി വന്നു. ഇപ്പോൾ ജാക്കിയെന്ന ഇംഗ്ലിഷ് ബ്രീഡ് കുതിരയുമായി സവാരിക്കിറങ്ങുന്നു അജിത്ത്. 

അജിത്ത് സ്ഥലത്തില്ലാത്തപ്പോൾ ഭാര്യ എം.ബി. ലതയും മക്കൾ കാർത്തിക്കും ഹരിപ്രിയയുമൊക്കെയാണ് ജാക്കിയുടെ പരിചരണം ഏറ്റെടുക്കുക.

horse-rider-hayan
ലക്ഷ്മിക്കും ഹയാനുമൊപ്പം പ്രകാശ് പണിക്കർ.

കളരി പഠിക്കാം, കുതിരയോട്ടവും 

ചെങ്ങന്നൂർ കാരയ്ക്കാട് പണിക്കേഴ്സ് കളരിയിലെ പഠിതാക്കൾക്കു കുതിരയോട്ടം അധിക വിഷയമാണ്. സഹോദരങ്ങളായ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കളരിയിൽ കുതിരയോട്ടവും പഠിപ്പിക്കുന്നുണ്ട്. മുളക്കുഴ സ്കൂൾ ഗ്രൗണ്ടിൽ കളരി അഭ്യാസികൾ കുതിരപ്പുറത്തേറി വരുന്നതു കാഴ്ചയായിരുന്നു. 5 വർഷമായി കുതിരകളെ വളർത്തുന്നു ഇവർ. ഒരേ സമയത്ത് 5 കുതിരകളെ വരെ വളർത്തിയിരുന്നതായി മഹേഷും പ്രകാശും പറയുന്നു. 

2 വർഷം മുൻപാണു മാർവാരി ഇനം ലക്ഷ്മിയെ കൊണ്ടുവന്നത്. കളരിയിലുണ്ടായിരുന്ന ഷാഡോ എന്ന കത്തേവാരി കുതിരയുമായി ഇണ ചേർന്നു ഗർഭം ധരിച്ച ലക്ഷ്മി കഴിഞ്ഞ ജൂൺ 3നു പ്രസവിച്ചു. 11 മാസമായിരുന്നു ഗർഭകാലം. ഹയാൻ എന്ന കുഞ്ഞിക്കുതിര ഇപ്പോൾ കളരിയുടെ ചുറ്റുവട്ടത്ത് ഓടിക്കളിക്കുകയാണ്. 

horse-rider-manu
മനു എം.തോമസ് കുതിരപ്പുറത്ത്.

ഘോഷയാത്ര പൊലിപ്പിക്കാൻ കുതിര 

ചെങ്ങന്നൂർ വാഴാർമംഗലം തൈക്കൂട്ടത്തിൽ മനു എം. തോമസ് 7 വർഷമായി കുതിരയെ വളർത്തുന്നുണ്ട്. 70 കുതിരകളെ വരെ ഇതിനകം വളർത്തിയിട്ടുണ്ടെന്നു മനു പറയുന്നു. പരിപാടികൾക്കും ഘോഷയാത്രകൾക്കുമൊക്കെ കുതിരയെ വാടകയ്ക്കെടുക്കാൻ ആളെത്തിയിരുന്നു. മനു വളർത്തിയ  റാണിയെന്ന കത്തേവാരി കുതിര പ്രസവിച്ചിരുന്നു. ഒരുപക്ഷേ ചെങ്ങന്നൂരിലെ ആദ്യ കുതിര പ്രസവം ഇതായിരിക്കാം.  ലോക്ഡൗൺ കാലമായതിനാൽ തൽകാലത്തേക്കു കുതിരകൾ മനുവിന്റെ ലയത്തിലില്ലെന്നേ ഉള്ളൂ. വൈകാതെ എത്തുമെന്നും മനു പറയുന്നു. 

horse-rider-nimish
നിമിഷ് സാം ഷാജി, വൈഗയ്ക്കും നിർഭയയ്ക്കുമൊപ്പം

നിർഭയയെന്ന പെൺകരുത്ത്

ചെങ്ങന്നൂര്‍ ആലാ ചീക്കുഴിയിൽ നിമിഷ് സാം ഷാജി പോണി കുതിരയെ വളർത്തിയിരുന്നു. വൈഗ എന്ന കുതിര 2020മാർച്ചിൽ പ്രസവിച്ച പെൺകുതിരയ്ക്കു പേര് നിർഭയ. 

യുദ്ധവീരന്‍ മുതൽ ഇംഗ്ലിഷുകാരൻ വരെ 

രാജസ്ഥാനിൽ രജപുത്രർ യുദ്ധത്തിനുപയോഗിച്ചിരുന്ന ഇനമായ മാർവാരി, വലുപ്പത്തിൽ മുമ്പനായ തറോ ഇംഗ്ലിഷ് ബ്രീഡ് കുതിര, ഗുജറാത്തുകാരൻ കത്തേവാരി, പൊക്കം കുറഞ്ഞ പോണി എന്നീ ഇനങ്ങളാണു ചെങ്ങന്നൂരിലെ കുതിരവളർത്തലുകാർക്കു പ്രിയം. 

ഗോതമ്പ് തവിട് മുതൽ കടല വരെ

ഗോതമ്പ് ഫ്ലേക്സ്, സോയ തവിട്, കടല കുതിർത്തത്, മുതിര വേവിച്ചത്, വൈക്കോല്‍, പച്ചപ്പുല്ല് എന്നിങ്ങനെ പോകുന്നു കുതിരകളുടെ മെനു. 

ഗ്രൂമിങ്ങ് പ്രധാനം 

രാവിലെ 4 തരം ബ്രഷുകൾ ഉപയോഗിച്ചുള്ള ഗ്രൂമിങ്ങോടെയാണ് കുതിരകളുടെ പരിചരണം തുടങ്ങുക. കട്ടിനാരുകളുള്ള ബ്രഷാണ് ആദ്യം. ഇതുപയോഗിച്ചു ചീകുന്നതോടെ പഴയ രോമങ്ങൾ കൊഴിയും. മറ്റു 2 ബ്രഷുകൾ കൊണ്ടുള്ള ഗ്രൂമിങ്ങിനു ശേഷം കനം തീരെ

കുറഞ്ഞ നാരുകളുള്ള ബ്രഷ് പ്രയോഗിക്കും. ഒടുവിൽ തുണി കൊണ്ടു ദേഹം തുടയ്ക്കുന്നതോടെ ആളാകെ മിനുങ്ങും. കുളമ്പുകൾ വൃത്തിയാക്കുന്നതും മുടക്കാറില്ല. കുതിരയെ പരിചരിക്കുമ്പോൾ ഏറെ പ്രധാനപ്പെട്ടതാണിത്. കുളി ആഴ്ചയില്‍ 2 തവണയൊക്കെ മതി. 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA