ADVERTISEMENT

ജസ്റ്റീസ് ഫോർ ബ്രൂണോ... ഈ മുദ്രാവാക്യം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മൃഗസ്നേഹികൾ മുഴക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. സെക്രട്ടേറിയറ്റ് പടിക്കലും സിവിൽ സ്റ്റേഷനുകൾക്കു മുൻപിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധവുമായി ഒട്ടേറെ പേരെത്തി. അതുപോലെതന്നെ സമൂഹമാധ്യമങ്ങളിൽ ജസ്റ്റീസ് ഫോർ ബ്രൂണോ എന്ന ഹാഷ്‌ടാഗിൽ കാംപെയിനുകൾ തുടരുകയും ചെയ്യുന്നു. ഒരു നായയ്ക്കുവേണ്ടി ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കാം ഇത്രയും വലിയ സമരം നടക്കുന്നത്.

justice-for-bruno
ബ്രൂണോയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ ‘ആരോ’യുടെ നേതൃത്വത്തിൽ മൃഗസ്നേഹികൾ നടത്തിയ സമരം

തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് അടിമലത്തുറയിൽ മൂന്നു പേർ മർദിച്ചു കൊല്ലുകയായിരുന്നു ബ്രൂണോ എന്ന വളർത്തുനായയെ. ലാബ്രഡോർ ഇനത്തിൽപ്പെട്ട 8 വയസുകാരൻ നായയെ ചൂണ്ടയിൽ കൊളുത്തി കെട്ടിത്തൂക്കി അടിച്ചുകൊല്ലുകയായിരുന്നു. വിഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേത്തുടർന്ന് മൃഗക്ഷേമ സംഘനടകളും മൃഗസ്നേഹികളും രംഗത്തെത്തി. വാർത്തയായതോടെ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് അറസ്റ്റിലായ പ്രതികൾ പിന്നീട് ജാമ്യത്തിലിറങ്ങി.

കേരളത്തിൽ അടുത്തകാലത്ത് മൃഗങ്ങളോടുള്ള ക്രൂരത ഏറിയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നിത്യേന വാർത്തകളിൽ ഇടംപിടിക്കുന്ന ക്രൂരതകൾക്കൊപ്പംതന്നെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. വിദേശയിനം നായ്ക്കളെ വളർത്തുകയും അവയ്ക്ക് രോഗങ്ങൾ പിടിപെട്ടാലോ പ്രായമേറിയാലോ തെരുവിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം നിത്യവും കൂടുന്നുണ്ട്. ലാബ്രഡോർ, ബുൾമാസ്റ്റിഫ്, റോട്ട്‌വീലർ, ഡാഷ്ഹണ്ട്, ഡോബർമാൻ, പഗ് എന്നുതുടങ്ങി മിക്ക വിദേശയിനങ്ങളും ഇന്ന് തെരുവിലുണ്ട്. തെരുവുനായ്ക്കൾ വേറെയും.

abandoned-dog
ദേഹം മുഴുവനും പുഴു കയറിയ നിലയിൽ ഉടമ ഉപേക്ഷിച്ച ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ പരിപാലിക്കുന്ന ആരോ റെസ്ക്യൂ കോർഡിനേറ്റർ ആയ ഫാത്തിമയും വിനീതയും

മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ശക്തമായ നിയമമില്ല എന്നതാണ് മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത വർധിക്കാൻ കാരണം. മിണ്ടാപ്രാണികൾക്ക് എതിരായ ക്രൂരത തടയാൻ ശക്തമായ നിയമം സർക്കാർ മുന്നോട്ടുവയ്ക്കേണം എന്നാണ് ആനിമൽ റെസ്ക്യൂ റീഹാബിലിറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ് (ആരോ) ഉൾപ്പെടെയുള്ള മൃഗക്ഷേമ സംഘടനകളുടെ ആവശ്യം. മിണ്ടാപ്രാണികളോടുള്ള ക്രൂരതകൾ തടയാൻ ആവശ്യമായ ബോധവൽകരണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

abandoned-dog-ktm
കോട്ടയം വടവാതൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായ

കുട്ടികൾക്കു കളിക്കാനായി നായയെ വാങ്ങുകയും ആദ്യത്തെ ആവേശം കഴിഞ്ഞതിനുശേഷം അവ തലവേദനയായി മാറുമ്പോൾ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിൽ ഇപ്പോൾ ഏറിയിട്ടുണ്ട്. കോട്ടയത്തുനിന്ന് അടുത്തിടെ റെസ്ക്യൂ പ്രവർത്തകർക്ക് ലഭിച്ചത് അത്തരത്തിലുള്ള മുന്തിയ ഇനം നായ്ക്കളെയാണ്. റോട്ട്‌വീലറും ലാബ്രഡോറുമെല്ലാം ഇതിൽ പെടും. അതുകൊണ്ടുതന്നെ എന്തിനാണ് നായയെ വാങ്ങുന്നത് എന്നു ചിന്തിച്ചതിനുശേഷം മാത്രം ഇതിലേക്ക് ഇറങ്ങാവൂ. 

English summary: Increased number of stray dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com