സ്നേഹിച്ചു കൊല്ലരുതേ... ചോക്കലേറ്റ് മുതല്‍ കോഴിക്കാല്‍ വരെ ആരുമകളെ പ്രതികൂലമായി ബാധിക്കുന്ന ഭക്ഷണങ്ങൾ

HIGHLIGHTS
  • മുന്തിരി വൃക്കകൾക്ക് ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കും
dog-care
മോ‍ഡൽ∙ ഗായത്രി, ഫോട്ടോ∙ ‍ഡെന്നി ഡാനിയൽ
SHARE

ലോക്‌ഡൗൺ കാലത്ത് അരുമകളെ വളർത്തുന്നവരുടെ എണ്ണം ഒരുപാട് കൂടിയിട്ടുണ്ട്. ഇവരിൽ നല്ല പങ്കും ആദ്യമായി അരുമകളെ വളർത്തുന്നവരാണ്. അതുകൊണ്ടുതന്നെ  അറിവില്ലായ്മ പല അപകടങ്ങളും വരുത്തിവയ്ക്കുന്നു. മനുഷ്യരുടെ ചില ഇഷ്ടഭക്ഷണങ്ങള്‍ സ്നേഹാധിക്യംകൊണ്ട് അരുമകൾക്കും നല്‍കുന്നുവന്നതാണ് ഇവയില്‍ പ്രധാനം.   

ചോക്കലേറ്റ്

നായ്ക്കൾക്കു മാരകമാണിത്. ചോക്കലേറ്റിലുള്ള തിയോബ്രോമിൻ എന്ന രാസവസ്തുവിനെ വിഘടിപ്പിച്ച് ഉപയോഗിക്കാനുള്ള കഴിവ് നായ്ക്കളുടെ കരളിനില്ല. ശരീര വലുപ്പം കുറഞ്ഞ നായ്ക്കൾ കറുപ്പു നിറം കൂടിയ ചോക്കലേറ്റ് കഴിക്കാനിടയായാൽ മരണത്തിനുവരെ സാധ്യതയുണ്ട്. 

പാരസെറ്റമോൾ

ചെറിയ പനി വരുമ്പോൾ നമ്മളിൽ പലരും കഴിക്കാറുള്ള പാരസെറ്റമോൾ നായ്ക്കൾക്കും പൂച്ചകൾക്കും ഹാനികരമാണ്. വൃക്കകൾക്കും കരളിനും ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കും. 

പച്ചമുട്ട

സ്ഥിരമായി പച്ചമുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്. പച്ചമുട്ടയിലുള്ള അവിടിൻ എന്ന രാസവസ്തു ചർമസംരക്ഷണത്തിനു സഹായകമായ ബയോട്ടിൻ എന്ന ജീവകവുമായി  സംയോജിക്കുന്നതു മൂലം  ബയോട്ടിന്റെ ലഭ്യത കുറയുകയും ചർമരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

ഉള്ളി, വെളുത്തുള്ളി

ഉള്ളിയിലും വെളുത്തുള്ളിയിലും ധാരാളം തയോസൾഫേറ്റുകൾ അടങ്ങിയിരിക്കുന്നു. ഇത്‌ ചുവന്ന രക്‌താണുക്കളെ നശിപ്പിക്കുന്നതിനാൽ വിളർച്ച ഉണ്ടാകാം. നമ്മൾ ഉപയോഗിക്കുന്ന കറികളുടെ ചാറും മറ്റും നായ്ക്കളുടെ ഭക്ഷണത്തിൽ ചേർത്തുകൊടുക്കുമ്പോൾ ഇതു സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. 

പച്ചമീൻ

ഏറ്റവും ശുദ്ധമായ പച്ചമീൻ ഹാനികരമല്ലെങ്കിലും സ്ഥിരമായി കഴിക്കുമ്പോൾ ഇവയിൽ അടങ്ങിയ തയാമിനെസ് എൻസൈമുകൾ ശരീരത്തിനാവശ്യമായ തയാമിൻ എന്ന ജീവകത്തെ നശിപ്പിക്കാൻ സാധ്യത ഏറെയാണ്. പഴകിയ മീനും  ഒഴിവാക്കണം.  

‌കറിയുപ്പ്

നേരിയ അളവിൽ കഴിക്കുന്നത് പ്രശ്നമല്ലെങ്കിലും, സ്ഥിരമായി കൂടുതൽ അളവിൽ കഴിക്കു ന്നതു മൂലം നാഡീസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാം. ഉപ്പിന്റെ അമിത സാന്നിധ്യം നാഡീകോശങ്ങളുടെ നിർജലീകരണം ഉണ്ടാക്കുന്നതിനാലാണിത്.

മുന്തിരി

ഉണങ്ങിയതോ പച്ചയോ ആയ മുന്തിരി ഒരു കാരണവശാലും നായ്ക്കൾക്കു കൊടുക്കാൻ പാടില്ല. മുന്തിരി വൃക്കകൾക്ക് ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മദ്യം

നേരിയ അളവിൽ പോലും മദ്യം ഉള്ളിൽ ചെല്ലുന്നത് നായ്ക്കളുടെ നാഡീ വ്യവസ്ഥയെ  ബാധിക്കാം. ഇത് വെറും മദ്യമോ, ടോണിക്കുകളിൽ സംരക്ഷകമായി  ചേർക്കുന്നതോ, കേക്കുകൾ ഉണ്ടാക്കുമ്പോൾ മാർദവത്തിനായി ചേർക്കുന്നതോ എന്തുമാകട്ടെ, ഉള്ളിൽ എത്തുന്ന അളവിന് ആനുപാതികമായ കേടുപാടുകൾ ഉണ്ടാക്കുമെന്നതിൽ തർക്കമില്ല.

കാപ്പി

ചായ, കാപ്പി എന്നിവ നാഡീവ്യവസ്ഥയെയും ഹൃദയത്തെയും ഹാനികരമായി ബാധിക്കാം. 

യീസ്റ്റ്

ബ്രെഡ്‌ ഉണ്ടാക്കുമ്പോൾ ചേർക്കുന്ന യീസ്റ്റ് അരുമകൾക്ക് അപകടമുണ്ടാക്കുന്നു. ഛർദി, വയറിളക്കം, വയർ അമിതമായി വീർത്തു വരിക, ആന്തരിക അവയവങ്ങൾ തിരിഞ്ഞുപോവുക (torsion) എന്നീ രോഗാവസ്ഥകൾ ഇതുമൂലം ഉണ്ടാകാം.

കോഴിക്കാൽ

നായ്ക്കൾക്ക് ഏറെ ഗുണകരമെന്ന വിശ്വാസത്തിൽ പലപ്പോഴും കൊടുക്കുന്നതാണ് അറവുശാലകളിൽനിന്നു ലഭിക്കുന്ന കോഴിക്കാൽ. എന്നാൽ ഇതിൽ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. പ്രായം കുറഞ്ഞവയ്ക്കും. വലുപ്പക്കുറവുള്ളവയ്ക്കും തൊണ്ടയിലും അന്നനാളത്തിലും ഇതു കുടുങ്ങാം.   തുടർച്ചയായി കോഴിക്കാൽ കഴിക്കുന്നത്‌  അന്നനാളം, കുടൽ എന്നിവയ്ക്കു കേടുപാട്, ഘടനാവ്യതാസം എന്നിവയുമുണ്ടാക്കാം. വളരുന്ന മൃഗങ്ങളിൽ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നമാണ്  എടുത്തു പറയേണ്ട മറ്റൊരു പ്രശ്നം. സ്ഥിരമായി കോഴിക്കാൽ കഴിക്കുന്നത്‌ ഇവയുടെ സന്ധികൾക്കു വൈരുപ്യം ഉണ്ടാക്കുന്നതായി കാണുന്നു. കോഴിയുടെ തരുണാസ്ഥികൾ വളരുന്ന മൃഗങ്ങളുടെ തരുണാസ്ഥികൾക്ക് കൂടുതൽ തേയ്മാനം ഉണ്ടാക്കുന്നതാവാം കാരണം.

English summary: Toxic and Dangerous Foods Your Dog Should Never Eat

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA