1000 രൂപ കൊടുത്തു റോഡിൽ കളയാൻ ഏൽപ്പിച്ച റോക്കി, ഇനി പോസ് തൃശൂരിന്റെ കരുതലിൽ – വിഡിയോ

HIGHLIGHTS
  • നിയോപൊളിറ്റൻ മാസ്റ്റിഫ് ഇനത്തിൽ പെട്ട ആറു വയസ്സുകാരനാണ് റോക്കി
  • നായയുമായി ബവ്റിജസ് ഔട്ട്‌ലെറ്റിനു മുൻപിൽ ക്യൂവിൽ നിന്നിരുന്നു
SHARE

റോക്കിയുടെ രക്തം ലാബിലേക്ക് അയച്ചിരിക്കുകയാണ്. അർബുദം ബാധിച്ചു എന്നാണു ഫലം വരുന്നതെങ്കിൽ അതിനുള്ള ചികിത്സ ആരംഭിക്കണം. ഇതിനു പുറമേ സ്ഥിരീകരിച്ചു കഴിഞ്ഞ അസുഖങ്ങൾ റോക്കിക്ക് വേറെ കുറെ ഉണ്ട്. ടാറിട്ട റോഡിലൂടെ 10 കിലോമീറ്ററോളം നടത്തിയതിനാൽ പുറകിലെ 2 കാലിലും സാരമായ പരുക്കുണ്ട്. മൂത്രാശയത്തിനും അസുഖം ബാധിച്ചിട്ടുണ്ട്. ഇതിനെല്ലാമുള്ള ചികിത്സ നടക്കുകയാണ്. എങ്കിലും വഴിയിൽ കിടന്ന് അവസാനിക്കുമായിരുന്നിടത്തു നിന്ന് വീണ്ടും ജീവിതത്തിലേക്കു തിരിച്ചെത്തിയതിൽ അവൻ സന്തോഷത്തിലാണ്. മാത്രമല്ല, പരിചരിക്കാൻ പുതിയ യജമാനന്മാരെയും അവനു കിട്ടിയിരിക്കുന്നു.

dog-tcr
റോക്കിക്കൊപ്പം പോസ് പ്രവർത്തകർ. ഫോട്ടോ∙ ഉണ്ണി കോട്ടയ്ക്കൽ

നിയോപൊളിറ്റൻ മാസ്റ്റിഫ് ഇനത്തിൽ പെട്ട ആറു വയസ്സുകാരനാണ് റോക്കി. പോസ് തൃശൂരിന്റെ ചെറുമുക്കിലെ കരുതൽ വീട്ടിലാണ് അവനിപ്പോൾ. ഇംഗ്ലണ്ടിലെ വേട്ടനായ്ക്കളാണ് നിയോപൊളിറ്റൻ മസ്റ്റിഫ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താൽ ഒരു ലക്ഷത്തോളം രൂപ വരും ഇവയ്ക്ക്. ഇന്ത്യയിൽ തന്നെ ഉള്ളവയാണെങ്കിലും വരും 50,000–60,000 രൂപ. ചെറിയ പശുക്കുട്ടിയുടെ ഉയരം വരുന്നവയാണ് ഇവ.

കഴിഞ്ഞ 6ന് പൂത്തോൾ മേൽപ്പാലത്തിനു സമീപത്ത് വയോധികനൊപ്പം അവശനിലയിൽ നായയെ കണ്ടപ്പോൾ സംശയം തോന്നിയ ആളുകൾ ആണ് പോസ് തൃശൂരിൽ വിളിച്ചറിയിക്കുന്നത്. ഡിസ്കിനു തകരാറുണ്ടായിരുന്ന നായയെ കുരിയച്ചിറയിലെ ഉടമയുടെ വീട്ടിൽനിന്നു പൂത്തോൾ വരെ നടത്തിച്ചതോടെ അവശ നിലയിലാവുകയായിരുന്നു. ടാറിട്ട റോഡിലെ ചൂടു കാരണം കാലുകൾക്കും പരുക്കു പറ്റി.

dog-tcr-1

പോസ് പ്രവർത്തകർ അറിയിച്ച് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഉടമ 1000 രൂപ തന്നു നായയെ റോഡിൽ കൊണ്ടുവിടാൻ തന്നെ ഏൽപ്പിച്ചതാണെന്ന് വയോധികൻ പറഞ്ഞത്. അന്നു തന്നെ നായയെ പോസ് ഫൗണ്ടർ പ്രീതി ശ്രീവത്സനും സെക്രട്ടറി കണ്ണൻ അഞ്ചേരിയും ചേർന്ന് കരുതൽ വീട്ടിലേക്കു മാറ്റി. ഇവരുടെ പരാതിയെ തുടർന്ന് ഒല്ലൂർ പൊലീസ് നായയുടെ ഉടമ കുരിയച്ചിറ നെഹ്റു നഗർ കോരപ്പത്ത് ലെയ്നിലെ മേജോ(50)യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നായയ്ക്ക് ഇയാൾ ഇട്ട പേരു തന്നെയാണ് പോസ് പ്രവർത്തകരും വിളിക്കുന്നത്. ഓട്ടോ വിളിക്കാൻ മടിച്ചാണ് വയോധികൻ നായയെ നടത്തിച്ചത്. നായയുമായി ഇയാൾ ബവ്റിജസ് ഔട്ട്‌ലെറ്റിനു മുൻപിൽ ക്യൂവിൽ നിന്നിരുന്നതായും സാക്ഷികൾ പറഞ്ഞിരുന്നു.

കൊക്കാലയിലെ മൃഗ സംരക്ഷണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ കൊടുത്ത ശേഷം റോക്കിയെ കരുതൽ വീട്ടിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാർ സംശയം പറഞ്ഞതോടെയാണ് ലിംഫോമ ബാധ ഉണ്ടോ എന്നറിയാ‍ൻ രക്തം എടുത്തിരിക്കുന്നത്. ചികിത്സ പൂർത്തിയായാൽ പോസ് തൃശൂരിന്റെ കുളങ്ങാട്ടുകരയിലെ ഷെൽറ്ററിലേക്കു മാറ്റും. അവിടെ 40 നായ്ക്കളെയാണ് പോസ് പരിപാലിക്കുന്നത്.

English summary: Neapolitan Mastiff Dog Rescue

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA