കേരളത്തിലെ ആണ്ടുകണ്ണിപ്പശുക്കൾ വിസ്മൃതിയിലാവില്ല; സംരക്ഷണ പദ്ധതിയുമായി മൃഗസംരക്ഷണ വകുപ്പ്

periyarvalley-cow
ബീജശേഖരണത്തിനായി തിരഞ്ഞെടുത്ത കാളകളെ കർഷകരിൽ നിന്നും സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഏറ്റെടുക്കുന്നു
SHARE

കേരളത്തിന്‍റെ ജീവരേഖയെന്ന് പേരും പെരുമയുമുള്ള പെരിയാര്‍ നദിയുടെ തീരപ്രദേശങ്ങളിലെ വനാതിർത്തി ഗ്രാമങ്ങളിലും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തോട്ടമേഖലയിലും മലയടിവാരങ്ങളിലും നമുക്കൊരു തനതിനം പശുക്കള്‍ കൂടിയുണ്ട്, അതാണ് പെരിയാര്‍ വാലി പശുക്കള്‍. വെച്ചൂർ പശുവിനെ പോലെ രാജ്യത്തിന്റെ ഒരു തനത് ജനുസ് ആയി ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും നാടൻ പശുലോകത്തെ വേറിട്ട കാഴ്ച തന്നെയാണ് പെരിയാർ പശുക്കൾ. പശ്ചിമഘട്ടത്തില്‍ നിന്നുദ്ഭവിച്ച് കേരളത്തിന്‍റെ അഞ്ച് ജില്ലകള്‍ താണ്ടി നൂറ്റിയമ്പത് മൈലോളം ദൂരത്തില്‍ ഒഴുകുന്ന പെരിയാറിന്‍റെ തീരമേഖലയിലും തുരുത്തുകളിലും മലയടിവാരങ്ങളിലും ഉരുത്തിരിഞ്ഞ ഈ കുറിയ ഇനം പശുക്കള്‍ ഒരു കാലത്ത് എണ്ണത്തില്‍ ഏറെയുണ്ടായിരുന്നു.  ഇന്ന് പലകാരണങ്ങളാൽ വംശനാശത്തിന്റെ വക്കിലെത്തിയ പെരിയാർ പശുക്കളുടെ വർഗ്ഗസംരക്ഷണത്തിനും വംശവർധനയ്ക്കുമായി ഒരു സുസ്ഥിരപദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. കേരള കന്നുകാലി വികസന ബോർഡ്, പെരിയാർ പശു പ്രജനന പരിപാലന സംഘം എന്നിവയുടെ കൂട്ടായ സഹകരണത്തോടെയാണ് മൃഗസംരക്ഷണവകുപ്പ് ഈ വംശരക്ഷാപദ്ധതി നടപ്പാക്കുന്നത്.  

ഉത്തമഗുണങ്ങളുള്ള പെരിയാർ കാളകളെ കണ്ടെത്തി അവയുടെ ബീജം കന്നുകാലി വികസന ബോർഡിന്റെ കേന്ദ്രത്തിൽവച്ച് ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിച്ചതിന് ശേഷം കൃത്രിമബീജദാനം നടത്തുന്നതിനായി പെരിയാർ പശുക്കളെ പരിപാലിക്കുന്ന കർഷകർക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത രണ്ട് പെരിയാർ വിത്തുകാളകളെ കഴിഞ്ഞ ദിവസം എറണാകുളം കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂളിൽവച്ച് നടന്ന ചടങ്ങിൽ പെരിയാർ പശു പ്രജനന പരിപാലന സംഘത്തിലെ കർഷകരിൽ നിന്നും സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കേരള കന്നുകാലി വികസന ബോർഡിനുവേണ്ടി ഏറ്റുവാങ്ങി. പെരിയാർ പശുക്കളെ പരിപാലിക്കുന്ന ഇരുപത് കർഷകർക്ക് വകുപ്പ് പ്രത്യേകം ധനസഹായം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 

ഈ വിത്തുകാളകളിൽ നിന്നും ബീജം ശേഖരിച്ച് കുറഞ്ഞത് അയ്യായിരം ഡോസ് ബീജമാത്രകൾ ഉൽപാദിപ്പിച്ചതിനുശേഷം കാളകളെ കർഷകർക്ക് തിരികെ നൽകും. മൃഗസംരക്ഷണവകുപ്പിന്റെ കൃത്രിമബീജദാന കേന്ദ്രങ്ങൾ വഴി ബീജമാത്രകൾ കർഷകർക്ക് ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കും. ഇത് നാലാമതായാണ് കേരളത്തിൽ ഒരു തനത് ഇനം പശുവിന് കൂടി കൃത്രിമബീജദാന സൗകര്യങ്ങൾ ലഭ്യമാവുന്നത്. തനത് പശുക്കളായ  വെച്ചൂർ, കാസർഗോഡ്, വടകര എന്നീ ഇനങ്ങൾക്ക് വേണ്ടി കൃത്രിമബീജദാനസൗകര്യങ്ങൾ നിലവിൽ മൃഗസംരക്ഷണവകുപ്പും കന്നുകാലി വികസന ബോർഡും ലഭ്യമാക്കുന്നുണ്ട്. അടുത്ത 3 വർഷത്തിനുള്ളിൽ പെരിയാറിന്റെ തീരമേഖലയിൽ പെരിയാർ വാലി തനതുപശുക്കളുടെ എണ്ണം ആയിരത്തിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വംശശുദ്ധിയുള്ള പശുക്കളുടെ എണ്ണം ആയിരത്തിൽ എത്തുന്നതോടെ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു ബ്രീഡ് എന്ന പദവി നേടാനുള്ള പെരിയാർ പശുവിന്റെ സാധ്യതകൾ വർധിക്കും

periyarvalley-cow-1
പെരിയാര്‍ പശുക്കളുടെ സംരക്ഷകനും ദേശീയ ബ്രിഡ് സേവ്യര്‍ പുരസ്കാരജേതാവുമായ എറണാകുളം കോടനാട് സ്വദേശി കോസ് കുര്യനെ മന്ത്രി ജെ. ചിഞ്ചുറാണി പൊന്നാട അണിയിച്ച് ആദരിക്കുന്നു

പെരിയാർ വാലി പശുക്കൾ തോട്ടം തൊഴിലാളികളുടെ അധികവരുമാനസ്രോതസ് 

പെരിയാറിന്‌റെ തീരപ്രദേശങ്ങളും വനാതിർത്തിഗ്രാമങ്ങളും തോട്ടം മേഖലകളുമായ  കോടനാട്, പാണംകുഴി, പാണിയേലി, മലയാറ്റൂര്‍, വടാട്ടുപാറ, കാലടി പ്ലാന്‍റേഷന്‍, ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പെരിയാര്‍ പശുക്കള്‍ ഇന്ന് ധാരാളമായി കാണപ്പെടുന്നത്. ആലുവാപുഴയെന്നും ചൂര്‍ണ്ണയെന്നും പൂര്‍ണ്ണയെന്നും പെരിയാറിന് പല പേരുകളുള്ളതുപോലെ ഹൈറേഞ്ച് ഡ്വാര്‍ഫ്, കുട്ടമ്പുഴ കുള്ളന്‍, പാണിയേലി കുള്ളന്‍, അയ്യന്‍പുഴ കുള്ളന്‍, എന്നിങ്ങനെ പെരിയാര്‍ ഒഴുകുന്ന നാടുകളില്‍ പെരിയാര്‍ പശുക്കള്‍ക്കും വിളിപ്പേരുകള്‍ പലതാണ്. നദിയുടെ തീരത്തെ തോട്ടങ്ങളില്‍ വ്യാപകമായതിനാല്‍ തോട്ടപ്പശുക്കൾ  എന്ന പേരും  പെരിയാര്‍വാലിക്ക് സ്വന്തം. നദീതീരത്തെ കര്‍ഷകരെ കൂടാതെ തോട്ടം മേഖലയിലെ തൊഴിലാളികളും ഈ പശുക്കളെ ഇന്ന് സംരക്ഷിക്കുന്നുണ്ട്.

അതിരാവിലെ തീറ്റതേടിയിറങ്ങുന്ന ഈ പശുക്കള്‍ ചെറുകൂട്ടങ്ങളായി കിലോമീറ്ററുകളോളം വനത്തില്‍ മേഞ്ഞ് നടന്ന സന്ധ്യയാവുമ്പോള്‍ തിരികെയെത്തി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തമ്പടിക്കും. ഈ കൂട്ടത്തില്‍ നിന്നും പ്രസവിക്കാറായ പശുക്കളെ കണ്ടെത്തി കര്‍ഷകര്‍ തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോവും. ചെവികള്‍ ചെറുതായി വെട്ടി അടയാളമിട്ടാണ് കര്‍ഷകര്‍ തങ്ങളുടെ പശുക്കളെ തിരിച്ചറിയുന്നത്. അൻപതിൽപരം പെരിയാര്‍ പശുക്കളെ സ്വന്തമായുള്ള തൊഴിലാളികള്‍ കാലടി, മലയാറ്റൂര്‍ പ്ലാന്‍റേഷനുകളിലുണ്ട്. മുപ്പതു വര്‍ഷത്തിലേറെ ആയുസ്സുള്ള ഈ പശുക്കള്‍ വര്‍ഷാവര്‍ഷം പ്രസവിക്കുന്നതിനാല്‍ ആണ്ടുകണ്ണിയെന്ന് വിശേഷണവുമുണ്ട്. പരമാവധി മൂന്ന് ലീറ്റര്‍ മാത്രമാണ് പ്രതിദിന ഉൽപാദനമെങ്കിലും പാലിന്‍റെ സ്വാദും മണവും ഗുണവുമെല്ലാം പകരംവയ്ക്കാനില്ലാത്തതാണ്, പാലിന്റെ കൊഴുപ്പളവും ഏറെ. കാട്ടിലും മറ്റും മേയുന്നതിനിടെയേല്‍ക്കുന്ന ചെറുമുറിവുകളൊഴിച്ചാല്‍ മറ്റ് രോഗങ്ങളൊന്നും പെരിയാര്‍ പശുക്കളെ ബാധിക്കാറേയില്ല.  

പെരിയാർ പശുക്കളെ പഠിക്കാൻ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ 

പെരിയാര്‍ പശുക്കളുടെ ജനിതക, ശാരീരിക പ്രത്യേകതകളെക്കുറിച്ച് കൂടുതലറിയുന്നതിനും ഒരു പ്രത്യേക ബ്രീഡ് പദവി നല്‍കുന്നതിനുമുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനായും പെരിയാര്‍ തീരത്തെ കര്‍ഷകരുമായി സഹകരിച്ച് ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഈയിടെ പഠനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നാഷണല്‍ ആനിമല്‍ ജനറ്റിക് റിസോര്‍ഴ്സസ് ബ്യൂറോയിലെ ഗവേഷകരായ ഡോ. എ.കെ. മിശ്രയുടെയും ഡോ. കെ.എൻ. രാജയുടെയും നേതൃത്വത്തിൽ ആണ് ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. രാജ്യത്ത് പല പ്രദേശങ്ങളിലും ആരാലും പരിഗണിക്കപ്പെടാതെ വംശനാശത്തിലേക്ക് അടുത്തുകൊണ്ടിരുന്ന അനേകം വളർത്തുമൃഗ  ഇനങ്ങളെ കുറിച്ച് പഠിക്കുകയും അവയ്ക്ക് ബ്രീഡ് പദവി നേടിയെടുക്കാൻ ശ്രദ്ധേയമായ പങ്കുവഹിക്കുകയും ചെയ്ത ഗവേഷകരാണ് ഇവർ രണ്ടുപേരും.  പെരിയാര്‍ പശുക്കളുടെ വംശസംരക്ഷണത്തിനായി നടത്തിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായി എറണാകുളം കോടനാട് സ്വദേശിയും മാര്‍ ഔഗേന്‍ ഹൈസ്ക്കൂൾ മാനേജരുമായ കോസ് കുര്യന്‍ എന്ന കര്‍ഷകന്  2019-ൽ നാഷണല്‍ ആനിമല്‍ ജനറ്റിക് റിസോര്‍ഴ്സസ് ബ്യൂറോയുടെ ബ്രീഡ് സേവ്യര്‍ പുരസ്കാരം ലഭിച്ചിരുന്നു.

പെരിയാര്‍വാലി പശുക്കളെക്കുറിച്ച് കൂടുതല്‍ അറിയാന്- കോസ് കുര്യന്‍, കോടനാട്, എറണാകുളം - ഫോണ്‍ : 8921405285

English summary: Periyar cow conservation project

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA