ADVERTISEMENT

കാലവര്‍ഷം സജീവമായതോടെ സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എലിപ്പനി ബാധിച്ചുള്ള മരണങ്ങളും ചിലയിടങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എലിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട ജാഗ്രതാനിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച് കഴിഞ്ഞു. മനുഷ്യരിലെന്ന പോലെ നമ്മുടെ അരുമയും ഉപജീവനോപാധിയുമൊക്കെയായ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കുന്ന ബാക്റ്റീരിയ രോഗം കൂടിയാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. മറ്റ് അരുമമൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നായ്ക്കളില്‍ എലിപ്പനി കൂടുതലായി കാണുന്നു.

എലിപ്പനിയെന്ന് സംശയിക്കാവുന്ന രോഗലക്ഷണങ്ങളും ശാരീരികവിവശതകളുമായി നിരവധി വളര്‍ത്തുനായ്ക്കളാണ് വെറ്ററിനറി ഹോസ്പിറ്റലുകളില്‍ ഇന്നെത്തുന്നത്. ഈ സാഹചര്യത്തില്‍ നായ്ക്കളിലെ  എലിപ്പനി തടയാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ അരുമനായ്ക്കളെ പരിപാലിക്കുന്ന ഓരോ നായസ്‌നേഹികളും അറിയേണ്ടതുണ്ട്. രോഗബാധയേറ്റ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനിയെന്നതിനാല്‍ നായ്ക്കള്‍ക്ക് രോഗം ബാധിച്ചാല്‍ ഉടമകളും കരുതലെടുക്കേണ്ടത് ഏറെ പ്രധാനം.

നായ്ക്കളില്‍ എലിപ്പനിയുണ്ടാക്കുന്നത് പ്രധാനമായും 4 ഇനം രോഗാണുക്കള്‍

എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ രോഗാണുവിന്റെ ഇരുപത്തിമൂന്നോളം ഇനങ്ങളെയും, 250ല്‍പ്പരം സിറോ ഗ്രൂപ്പുകളേയും എലിയടക്കമുള്ള വിവിധ മൃഗങ്ങളില്‍നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഇതില്‍ ലെപ്‌റ്റോസ്‌പൈറ ഇക്റ്ററോഹെമറാജിയ (Leptospira Icterohaemorrhagiae),  ലെപ്‌റ്റോസ്‌പൈറ കാനികോള (Leptospira interrogans serovars Canicola)  എന്നീ വിഭാഗത്തില്‍പ്പെട്ട ബാക്റ്റീരിയകളാണ് നായ്ക്കളില്‍ പ്രധാനമായും എലിപ്പനി ഉണ്ടാക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് അടുത്തകാലത്തായി നടന്ന ചില ഗവേഷണങ്ങളില്‍ ലെപ്‌റ്റോസ്‌പൈറ പോമോണ (Leptospira pomona), ലെപ്‌റ്റോസ്‌പൈറ ഗ്രിപ്പോടൈഫോസ (Leptospira grippotyphosa ) എന്നീ രണ്ടിനം ബാക്ടീരിയകള്‍ കൂടി നായ്ക്കളില്‍ രോഗമുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏത് ഇനത്തിലും പ്രായത്തിലുംപ്പെട്ട നായ്ക്കളെയും എലിപ്പനി ബാധിക്കാമെങ്കിലും ഒരു വയസ്സിനും ആറുവയസ്സിനും ഇടയിലുള്ള നായ്ക്കളില്‍ ആണ് കൂടുതലായി കണ്ടുവരുന്നത്.

രോഗാണുവിന്റെ മുഖ്യവാഹകരായ എലികളുടെയും പെരുച്ചാഴികളുടെയും വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്‌റ്റോസ്‌പൈറ രോഗാണുക്കള്‍ അവയില്‍ യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കില്ല. മാത്രമല്ല, ഒരു ലീറ്റര്‍ എലിമൂത്രത്തില്‍ 100 മില്യണോളം എന്ന കണക്കില്‍ രോഗാണുവിനെ പുറന്തള്ളുകയും ചെയ്യും. എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തില്‍ കൂടിയാണ് രോഗം പ്രധാനമായും പകരുന്നത്. കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും നനവുള്ള തറകളിലും മണ്ണിലും കാണപ്പെടുന്ന രോഗാണുക്കള്‍ കുടിവെള്ളം, തീറ്റ എന്നിവ വഴിയും തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തില്‍ പ്രവേശിച്ചാണ് നായ്ക്കളില്‍  രോഗബാധയുണ്ടാവുന്നത്.

നായ്ക്കളുടെ കണ്ണിലെയും മൂക്കിലേയുമൊക്കെ ശ്ലേഷ്മസ്തരങ്ങളിലൂടെയും, മൃദുവായ ചര്‍മ്മഭാഗങ്ങളിലൂടെയും ശരീരത്തിനകത്തേക്ക് തുളച്ചുകയറാനുള്ള ശേഷിയും കൂര്‍ത്ത പിരിയാണിയുടെ ഘടനയുള്ള  സ്‌പൈറോകീറ്റ്‌സ് എന്നറിയപ്പെടുന്ന എലിപ്പനി രോഗാണുവിനുണ്ട്. രോഗം ബാധിച്ച നായ്ക്കളുടെ മൂത്രവും ശരീരസ്രവങ്ങളും കൈകാര്യം ചെയ്യുന്നത് വഴിയും രോഗബാധയേറ്റവയുടെ മൂത്രം കലര്‍ന്ന മണ്ണ്, വെള്ളം എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗാണു മനുഷ്യരില്‍ എത്തുന്നത്. രോഗാണു ബാധയേറ്റ മൃഗങ്ങളുടെ മൂത്രം, മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ ഇവ കലര്‍ന്ന് രോഗാണുമലിനമായ വെള്ളം, തീറ്റ തുടങ്ങിയവയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ മറ്റു നായ്ക്കളിലേക്കും രോഗം പകരാം.

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നായ്ക്കളില്‍ എലിപ്പനി സംശയിക്കാം

രോഗാണു ബാധയേറ്റാല്‍ നായ്ക്കളില്‍ തീവ്രരൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രീതിയിലോ ലക്ഷണങ്ങള്‍ പ്രകടമാകും. ഇത് രോഗാണുവിന്റെ ജനിതകസ്വഭാവം, രോഗം പടര്‍ത്താനുള്ള ശേഷി (Pathogenicity), നായയുടെ പ്രതിരോധശേഷി (Immunity), പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. തീവ്രരോഗബാധയില്‍ അണുബാധയേറ്റ് രണ്ടു മുതല്‍ രണ്ടാഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ക്ഷീണം, ശക്തമായ പനി, വിറയല്‍, ഛര്‍ദ്ദി, പേശിവേദന കാരണം നടക്കാനുള്ള മടി, പേശിവലിവ്, വിശപ്പില്ലായ്മ, പെട്ടെന്ന് തൂക്കം കുറഞ്ഞു പോവുക, വായിലും നാക്കിലും പുണ്ണുകളും ദുര്‍ഗന്ധവും, വയറുവേദന, ശ്വാസമെടുക്കാനുള്ള പ്രയാസം, ക്രമേണയുള്ള ശരീര തളര്‍ച്ച, അമിതദാഹം  തുടങ്ങിയവയാണ് നായ്ക്കളില്‍ തീവ്ര എലിപ്പനി ബാധയുടെ ലക്ഷണങ്ങള്‍. ഇടയ്ക്കിടെ കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കുകയും ചെയ്യും. കണ്ണിലെ ശ്ലേഷ്മസ്തരങ്ങള്‍ ചുവന്നു തടിച്ചിരിക്കുകയും രക്തവാര്‍ച്ചയുടെ ചെറിയ പാടുകള്‍ കാണാന്‍ കഴിയുകയും ചെയ്യും. മൂക്കില്‍നിന്ന് ഇടയ്ക്കിടെ രക്തം വരുന്നതും കാണാം. മൂത്രവും കാഷ്ടവും തവിട്ട് നിറത്തില്‍ വ്യത്യാസപ്പെടും. നായ്ക്കളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെയാണ് എലിപ്പനി പ്രധാനമായും ബാധിക്കുക. അതോടെ മൂത്രതടസവും അനുഭവപ്പെടും. നായ്ക്കളില്‍ തീവ്ര എലിപ്പനി ബാധയുടെ ആരംഭഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മഞ്ഞപ്പിത്തവും, രക്തസ്രാവവും, ശ്വാസതടസവും മൂര്‍ച്ഛിച്ചു നായ്ക്കളില്‍ മരണം സംഭവിക്കും.

നീണ്ടുനില്‍ക്കുന്ന ക്രോണിക്ക് രൂപത്തിലുള്ള രോഗാവസ്ഥയില്‍ ചെറിയ പനി, ശരീരശോഷണം, ഭാരക്കുറവ്, കണ്ണുകള്‍ ചുവന്നു തടിച്ചിരിക്കല്‍, വിളര്‍ച്ച, ഇടക്കിടെ മൂത്രമൊഴിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. ചില നായ്ക്കള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പുറത്തു കാണിക്കാതെ ദീര്‍ഘകാലം രോഗാണുവിന്റെ നിശബ്ദവാഹകരാകാനും ഇടയുണ്ട്. നിശബ്ദവാഹകരായ മൃഗങ്ങളുടെ വൃക്കയിലും പ്രത്യുല്‍പാദനവയവങ്ങളിലും പെരുകുന്ന രോഗാണുക്കള്‍ മൂത്രത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും നിരന്തരമായി പുറത്തുവന്നുകൊണ്ടിരിക്കും. എലിപ്പനിക്കെതിരെ കൃത്യമായി പ്രതിരോധകുത്തിവയ്‌പെടുത്ത നായ്ക്കളില്‍ രോഗസാധ്യത കുറവാണ്. ശരീരസ്രവങ്ങളിലൂടെ അണുക്കള്‍ പുറത്തുവരാനുള്ള സാധ്യത കുറയുകയും ചെയ്യും. 

രോഗലക്ഷണങ്ങളിലൂടെ എലിപ്പനി സംശയിക്കാമെങ്കിലും കൃത്യമായി നിര്‍ണയിക്കണമെങ്കില്‍ രക്ത പരിശോധന, വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനപരിശോധന, മാറ്റ് (Microscopic agglutination test /MAT) ഉള്‍പ്പെടെയുള്ള ലബോറട്ടറി പരിശോധനകള്‍ വേണം. വളരെ വേഗത്തില്‍ നായ്ക്കളിലെ എലിപ്പനി നിര്‍ണയിക്കാന്‍ സഹായിക്കുന്ന റാപിഡ് കിറ്റുകളും ഇന്ന് ലഭ്യമാണ്. അരുമമൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി ഉടന്‍ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സേവനം തേടണം. രോഗലക്ഷങ്ങളുടെ തീവ്രത അനുസരിച്ചുള്ള ചികിത്സകള്‍ക്കൊപ്പം നാല് ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന ആന്റിബയോട്ടിക് ചികിത്സയും എലിപ്പനി രോഗാണുവിനെ കീഴടക്കാന്‍ നായ്ക്കള്‍ക്ക് നല്‍കേണ്ടി വരും. മാത്രമല്ല, എലിപ്പനി ഒരു ജന്തുജന്യരോഗമായതിനാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് രോഗം ബാധിച്ച നായ്ക്കളുമായി ഇടപഴകിയവരും പരിചരിച്ചവരും പ്രതിരോധ ചികിത്സ തേടണം.

നായ്ക്കളില്‍ എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

കെട്ടിനില്‍ക്കുന്ന വെള്ളവും, ചളിയുമായും നായ്കകള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും നായ്ക്കളെ കളിയ്ക്കാന്‍ വിടരുത്. തെരുവുനായ്ക്കള്‍  എലിപ്പനി രോഗാണുവിന്റെ വാഹകരാവാന്‍ സാധ്യത ഉയര്‍ന്നതാണ്. തെരുവുനായ്ക്കളുമായി വളര്‍ത്തുനായ്ക്കള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.  

ജൈവമാലിന്യങ്ങള്‍, തീറ്റ അവശിഷ്ടങ്ങള്‍, എന്നിവയെല്ലാം വീടിനും പരിസരത്തും കെട്ടികിടന്നാല്‍  എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനും എലിക്കെണികള്‍ ഉപയോഗിച്ച് എലികളെ നിയന്ത്രിക്കുന്നതിനും മുഖ്യപരിഗണന നല്‍കണം.

രോഗം ഭേദമായ നായകള്‍ ആറു മാസത്തോളം വൃക്കകളില്‍ പെരുകുന്ന രോഗാണുവിനെ മൂത്രത്തിലൂടെ പുറന്തള്ളാന്‍ ഇടയുള്ളതിനാല്‍ മൃഗങ്ങളെ പരിചരിക്കുന്നവര്‍ വ്യക്തിസുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ശ്രദ്ധപുലര്‍ത്തുകയും വേണം. ഒപ്പം അവയെ മറ്റു നായ്ക്കളില്‍നിന്നും മാറ്റി പരിപാലിക്കുകയും വേണം.     

നായ്ക്കള്‍ക്ക് എലിപ്പനി പ്രതിരോധകുത്തിവയ്പുകള്‍

നായ്ക്കളില്‍ എലിപ്പനി ഫലപ്രദമായി തടയാനുള്ള പ്രതിരോധകുത്തിവയ്പുകള്‍ ഇന്ന് ലഭ്യമാണ്. നായ്ക്കള്‍ക്ക് എലിപ്പനി പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായി നല്‍കിയാല്‍ നേട്ടം രണ്ടാണ്. തീവ്രമായ എലിപ്പനി രോഗത്തില്‍നിന്ന് വാക്സിന്‍ നായ്ക്കളെ സംരക്ഷിക്കാം എന്നതാണ് ഒന്നാമത്തെ നേട്ടം. മാത്രമല്ല, എലിപ്പനി രോഗാണുക്കള്‍ നായ്ക്കളുടെ വൃക്കകളില്‍ കടന്നുകൂടി പെരുകി മൂത്രത്തിലൂടെ പുറത്തുവരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതുവഴി അരുമനായ്ക്കളെ പരിപാലിക്കുന്നവര്‍ക്കും അവയോട് ഇടപെട്ടുന്ന വീട്ടിലെ മറ്റുള്ളവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കുറയുന്നു. 

നായ്കുഞ്ഞുങ്ങള്‍ക്ക് 8 ആഴ്ച പ്രായമെത്തുമ്പോള്‍ എലിപ്പനി തടയാനുള്ള ആദ്യ പ്രതിരോധ കുത്തിവയ്പ് നല്‍കാം. നാലാഴ്ചകള്‍ക്ക് ശേഷം ബൂസ്റ്റര്‍ കുത്തിവയ്പും നല്‍കണം. വിപണിയില്‍ ലഭ്യമായ എലിപ്പനി പ്രതിരോധ വാക്‌സിനുകള്‍ മിക്കതും എലിപ്പനിക്കെതിരെ മാത്രമല്ല പാര്‍വോ വൈറസ്, ഹെപ്പറ്റൈറ്റിസ്, കനൈന്‍ ഡിസ്റ്റംപര്‍ തുടങ്ങിയ സാംക്രമികരോഗങ്ങളെ തടയാനുള്ളശേഷി നല്‍കുന്ന മള്‍ട്ടി കമ്പോണന്റ് വാക്‌സിനുകളാണ്. കുത്തിവയ്പുകള്‍ എടുത്ത നായ്ക്കളില്‍ എലിപ്പനിക്കെതിരായ പ്രതിരോധശക്തി പരമാവധി ഒരു വര്‍ഷം വരെയാണ് പൂര്‍ണതോതില്‍ നിലനില്‍ക്കുക. അതിനാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ വാക്‌സിനേഷന്‍ അവര്‍ത്തിക്കണം.

നമ്മുടെ നാട്ടില്‍ ഇന്ന് ലഭ്യമായ നായ്ക്കളിലെ എലിപ്പനി പ്രതിരോധ കുത്തിവയ്പുകളില്‍ ചുരുക്കം ചില വാക്‌സിനുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്കതിലും ലെപ്‌റ്റോസ്‌പൈറ ഇക്റ്ററോഹെമറാജിയ, ലെപ്‌റ്റോസ്‌പൈറ കാനികോള എന്നീ രോഗാണു ഇനങ്ങളെ തടയാനുള്ള പ്രതിരോധ ഘടകങ്ങള്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ എന്നത് ഒരു പ്രായോഗികപ്രശ്നമാണ്. ഒരു ഇനം എലിപ്പനി രോഗാണുവിനെതിരായ പ്രതിരോധശേഷി മറ്റൊരു ഇനം എലിപ്പനി രോഗാണുവിനെതിരെ പ്രതിരോധം ഉറപ്പാക്കും എന്ന് പറയാന്‍ കഴിയില്ല എലിപ്പനിക്കെതിരെ നായ്ക്കള്‍ക്ക് പരിപൂര്‍ണ സുരക്ഷാ ഉറപ്പാക്കണമെങ്കില്‍ നമ്മുടെ നാട്ടില്‍ ഇന്ന് നായ്ക്കളില്‍ എലിപ്പനിയുണ്ടാക്കുന്ന ലെപ്‌റ്റോസ്‌പൈറ പോമോണ, ലെപ്‌റ്റോസ്‌പൈറ ഗ്രിപ്പോടൈഫോസ ഉള്‍പ്പെടെയുള്ള രോഗാണുക്കളെ തടയാന്‍ കഴിയുന്ന പ്രതിരോധഘടകങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വാക്‌സിനുകള്‍ നല്‍കുന്നതാണ് അഭികാമ്യം. പ്രത്യേകിച്ച് എലിപ്പനി സാധ്യത കൂടുതലായുള്ള മേഖലകളില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ നായ്ക്കളില്‍ പൊതുവെ കാണപ്പെടുന്ന എലിപ്പനിരോഗാണുക്കള്‍ക്കെതിരെയെല്ലാം പരിപൂര്‍ണ്ണ സുരക്ഷനല്‍കുന്ന മികച്ച വാക്‌സിനുകളെ പറ്റി അറിയാന്‍ അരുമമൃഗചികിത്സയില്‍ പരിചയസമ്പന്നനായ ഒരു വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ടാല്‍ മതി.

English summery: what is leptospirosis and how can it harm us and our pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com