ജോടിക്ക് 1000 രൂപ; ഇത്തിരിസ്ഥലത്ത് വളര്‍ത്താന്‍ ഇത്തിരിക്കുഞ്ഞന്‍ ഹാംസ്റ്ററുകള്‍

HIGHLIGHTS
  • സിറിയന്‍, റഷ്യന്‍ ഡ്വാര്‍ഫ് ഇനങ്ങളിലായി 15 ജോടി ഹാംസ്റ്ററുകളാണ് രേഷ്മയ്ക്കുള്ളത്
  • ശാന്തമായ സ്ഥലത്തായിരിക്കണം കൂട് വയ്ക്കേണ്ടത്
hamster
രേഷ്മ ഹാംസ്റ്ററിനൊപ്പം
SHARE

ഓമനത്തം തുളുമ്പുന്ന മുഖം, കൈക്കുള്ളിലൊതുങ്ങുന്ന വലുപ്പം, കുറഞ്ഞ സ്ഥലം, കുറഞ്ഞ പരിപാലനച്ചെലവ് എന്നി വയെല്ലാം ഇത്തിരിക്കുഞ്ഞന്മാരായ ഹാംസ്റ്ററുകളുടെ സവിശേഷതകള്‍.  അതുകൊണ്ടാണ് എറണാകുളം ചേരാനല്ലൂര്‍ സ്വദേശിനിയും എല്‍പി സ്‌കൂള്‍ അധ്യാപികയുമായ മഠത്തിപ്പറമ്പില്‍ രേഷ്മ തോമസ് ഹാംസ്റ്ററിനെ അരുമയായി വളര്‍ത്താന്‍ തിരഞ്ഞെടുത്തത്. മക്കള്‍ മുഴുവന്‍ സമയവും ടിവിയുടെ മുന്നിലിരിക്കുന്നത് ഒഴിവാക്കുകയെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു ഇതിനു പിന്നില്‍. പെറ്റ് എന്ന നിലയില്‍ വളര്‍ത്താനാണ് ആദ്യം വാങ്ങിയതെങ്കിലും ക്രമേണ ചെറിയ തോതില്‍ സംരംഭമായി  വികസിപ്പിക്കുകയായിരുന്നു. 

സിറിയന്‍, റഷ്യന്‍ ഡ്വാര്‍ഫ് ഇനങ്ങളിലായി 15 ജോടി ഹാംസ്റ്ററുകളാണ് രേഷ്മയ്ക്കുള്ളത്. ചുറുചുറുക്കോടെ ഓടിനടക്കുന്നവരാണ് ഹാംസ്റ്ററുകള്‍. അതിനാല്‍ വിരസതയകറ്റാന്‍ ഒട്ടേറെപ്പേര്‍ ഹാംസ്റ്ററുകളെ തിരഞ്ഞെടുക്കുന്നുണ്ടെന്നു രേഷ്മ. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ കേരളത്തില്‍ ഹാംസ്റ്ററുകള്‍ക്ക് ആവശ്യക്കാരേറെയാണിപ്പോള്‍. താരതമ്യേന വലുപ്പമുള്ള സിറിയന്‍ ഹാംസ്റ്ററുകള്‍ക്കാണ് ഡിമാന്‍ഡ്. 

hamster-1

പെറ്റ് ആയി വളര്‍ത്തുമ്പോള്‍ കളിക്കോപ്പുകള്‍ (എക്സര്‍സൈസിങ് വീല്‍, ടണല്‍, ക്ലൈമ്പിങ്, ഹൈഡിങ്) ഒരുക്കിയ കൂടുകളില്‍ വളര്‍ത്തുന്നതു നന്ന്.  കാഷ്ഠവും മൂത്രവും ശല്യമാകാതിരിക്കാന്‍ ചിന്തേരുപൂള്, ഉമി മുതലായവ കൂടിനുള്ളില്‍ നിരത്തണം. വളരെ ചെറിയ ജീവിയായതിനാലും ജനിക്കുമ്പോള്‍ തീരെ ചെറുതായതിനാലും അക്വേറിയംപോലുള്ള ഗ്ലാസ് ടാങ്കുകളാണ് ഇവയെ വളര്‍ത്താന്‍ ഏറെ യോജ്യം. ഓടിനടക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അല്‍പം വലുപ്പമുള്ള ടാങ്കുകളായാല്‍ വളരെ നന്ന്. കുടിവെള്ളത്തിന് ബോട്ടില്‍ ഡ്രിങ്കറുകള്‍ ഉപയോഗിക്കാം. മറ്റു ജീവികളുടെ ശല്യമോ വലിയ ശബ്ദമോ ഇല്ലാത്ത ശാന്തമായ സ്ഥലത്തായിരിക്കണം കൂട് വയ്ക്കേണ്ടത്. പൂച്ച, കാക്ക, എലി, പാമ്പ് തുടങ്ങിയ ശത്രുക്കളില്‍നിന്ന് രക്ഷ നല്‍കുന്നതായിരിക്കണം കൂടുകള്‍.

പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, പയര്‍വര്‍ഗങ്ങള്‍ മുതലായവയാണ് പ്രധാനമായും ഇവര്‍ക്കുള്ള മെനുവില്‍  രേഷ്മ ഒരുക്കുന്നത്. പച്ചക്കറികളില്‍ കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ളവര്‍, ബീന്‍സ്, പയര്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തും. പച്ചച്ചോളവും ഇവര്‍ക്ക് പ്രിയപ്പെട്ടതാണെന്ന് രേഷ്മ. എന്തും നന്നായി കഴുകി വൃത്തിയാക്കിയേ നല്‍കാറുള്ളൂ. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവ ഉപ്പില്ലാതെ പുഴുങ്ങി നല്‍കുന്നുണ്ട്. ചീര, മുരിങ്ങയില എന്നിവയും മെനുവില്‍ ഉള്‍പ്പെടും. 

ഭക്ഷണം സൂക്ഷിച്ചുവയ്ക്കുന്ന സ്വഭാവം ഹാംസ്റ്ററിനുള്ളതിനാല്‍ നിത്യവും കൂട് പരിശോധിച്ച് വൃത്തിയാക്കാറുണ്ട് രേഷ്മ. അല്ലാത്തപക്ഷം മോശമായ ഭക്ഷണം കഴിച്ച് അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. നല്ല ഭക്ഷണവും നല്ല അന്തരീക്ഷവും ഒരുക്കിയാല്‍ രോഗങ്ങള്‍ ഏഴയലത്തുവരില്ലെന്നും രേഷ്മ പറയുന്നു. സ്ഥിരമായി കൂടിന്റെ ഒരു മൂലയിലായിരിക്കും ഇവ കാഷ്ഠിക്കുന്നതും മൂത്രമൊഴിക്കുന്നതും. ആ ഭാഗത്തെ ലിറ്റര്‍ (വിരിപ്പ്) ദിവസവും മാറ്റി പുതിയത് ഇടുന്നതു നന്ന്. ആഴ്ചയിലൊരിക്കല്‍ വിരിപ്പ് മുഴുവന്‍ മാറ്റുകയും വേണം.

hamster-2

മൂന്നു മാസം പ്രായമായ ഹാംസ്റ്ററുകളെ പ്രജനനത്തിന് ഉപയോഗിക്കാം. ഇണചേര്‍ന്ന് 16-19 ദിവസത്തിനുള്ളില്‍ പ്രസവം നടക്കും. പ്രസവത്തിനു മുന്‍പേ ആണ്‍ ഹാംസ്റ്ററിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റി പാര്‍പ്പിക്കണം. അല്ലാത്തപക്ഷം കുഞ്ഞുങ്ങളെ അമ്മ ശ്രദ്ധിക്കാതിരിക്കാനോ തിന്നാനോ സാധ്യതയുണ്ട്. കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പില്ലെങ്കില്‍ അമ്മ കുഞ്ഞുങ്ങളെ തിന്നാനിടയുണ്ടെന്ന് രേഷ്മ പറയുന്നു.  ആഹാരത്തില്‍ മാംസ്യത്തിന്റെ കുറവുണ്ടെങ്കിലും കുഞ്ഞുങ്ങളെ  അമ്മ ആഹാരമാക്കും. ഇതൊഴിവാക്കാന്‍ പുഴുങ്ങിയ മുട്ടയുടെ വെള്ള, ഇറച്ചി എന്നിവയൊക്കെ  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മറ്റു ഹാംസ്റ്ററുകളുടെ സാമിപ്യമുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യമില്ലെങ്കിലും അമ്മ കുഞ്ഞുങ്ങളെ തിന്നും. ജനിച്ച് 4 ദിവസം മുതല്‍ രോമം വന്നുതുടങ്ങും. 10 ദിവസം ആകുമ്പോഴേക്ക് കുട്ടികള്‍ തനിയെ ചെറുതായി ഭക്ഷണം കഴിച്ചുതുടങ്ങും. 25-35 ദിവസം പ്രായമാകുമ്പോള്‍ അമ്മയുടെ അടുത്തുനിന്ന് മാറ്റാം. ശരാശരി 1000 രൂപയാണ് ഒരു ജോടി കുഞ്ഞുങ്ങള്‍ക്ക് വില. വലിയവയ്ക്ക് വില ഉയരും. 

ഭര്‍ത്താവും രണ്ടു കുട്ടികളും അമ്മയും അടങ്ങുന്നതാണ് രേഷ്മയുടെ കുടുംബം. എല്ലാവര്‍ക്കും ഹാംസ്റ്ററുകളോട് താല്‍പര്യമാണെന്നു രേഷ്മ പറയുന്നു.

ഫോണ്‍: 9895468770

English summary: Hamster care - everything you need to know

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA