'കള'യില്‍ ടോവിനോയ്‌ക്കൊപ്പം തിളങ്ങിയ കരിമ്പുലി, കാനെ കോര്‍സോ: കൂടുതല്‍ അറിയാം

HIGHLIGHTS
  • ഗാര്‍ഡിയന്‍ ഡോഗ് എന്നാണ് കാനെ കോര്‍സോ എന്ന ഇറ്റാലിയന്‍ വാക്കിന് അര്‍ഥം
  • യുദ്ധത്തിനും വേട്ടയ്ക്കുമെല്ലാം അനുയോജ്യരായ വിവിധോദ്ദേശ നായയിനമെന്നും പറയാം
Kala-Tovino-Dog
SHARE

ടോവിനോ തോമസ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ കള എന്ന മലയാള സിനിമയില്‍ നായപ്രേമികള്‍ കൗതുകത്തോടെ നോക്കിയ ഒരു മുഖമുണ്ട്. കറുത്ത നിറവും ചുക്കിച്ചുളിഞ്ഞ മുഖവും ക്രോപ് ചെയ്ത ചെവികളും രൗദ്ര ഭാവവുമുള്ള ഒരു നായ, കാഴ്ചയില്‍ കരിമ്പുലിതന്നെ. കേരളത്തില്‍ പ്രചാരത്തിലായി വരുന്ന ഇറ്റാലിയന്‍ ബ്രീഡ് ആയ കാനെ കോര്‍സോ ആയിരുന്നു സിനിമയില്‍ ഉണ്ടായിരുന്നത്. ഇതുവരെ കാണാത്തൊരു ബ്രീഡ് ആയതുകൊണ്ടുതന്നെ ആ ഇനത്തേക്കുറിച്ച് അന്വേഷിച്ചവരും ഏറെ.

ഗാര്‍ഡിയന്‍ ഡോഗ് എന്നാണ് കാനെ കോര്‍സോ എന്ന ഇറ്റാലിയന്‍ വാക്കിന് അര്‍ഥം. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഉടമയുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്നവരാണ് ഇക്കൂട്ടര്‍. അത്‌ലറ്റിക് ബ്രീഡ് എന്നാണ് മാസ്റ്റിഫ് വിഭാഗത്തില്‍പ്പെട്ട ഇവര്‍ അറിയപ്പെടുന്നത്. യുദ്ധത്തിനും വേട്ടയ്ക്കുമെല്ലാം അനുയോജ്യരായ വിവിധോദ്ദേശ നായയിനമെന്നും പറയാം.

cane-corso

ചെറുപ്പത്തില്‍ത്തന്നെ പരിശീലനം നല്‍കിത്തുടങ്ങുന്നത് വളര്‍ച്ചയെത്തുമ്പോള്‍ നല്ല സ്വഭാവത്തിന് ഉടമകളായിരിക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ കാനെ കോര്‍സോ പോലുള്ള നായ്ക്കളെ സ്വന്തമാക്കുന്നതിനു മുന്‍പേ തന്നെ തങ്ങള്‍ക്ക് അവയുമായി ചെലവഴിക്കാന്‍ സമയം കിട്ടുമോ എന്ന് ഓരോ പെറ്റ് പേരന്റും ചിന്തിക്കേണ്ടതാണ്. കൃത്യമായ ശ്രദ്ധയും പരിചരണവും ലഭിക്കാത്ത നായ്ക്കളാണ് കൂടുതല്‍ അക്രമകാരികളായി മാറുന്നത്.

കരുത്തുറ്റ പേശികള്‍, രൗദ്രഭാവം, വിരിഞ്ഞ നെഞ്ച്, വലിയ തല, ചുളുങ്ങിയ മുഖം എന്നിവ പ്രധാന പ്രത്യേകതകള്‍. താഴേക്കു മടങ്ങിയ ചെവികള്‍ ഓമനത്തം നല്‍കുമെങ്കിലും രൗദ്ര ഭാവത്തിലേക്ക് എത്തിക്കാന്‍വേണ്ടിയാണ് ചെവികള്‍ ക്രോപ് ചെയ്യുന്നത്.

വര്‍ക്കിങ് നായ്ക്കളില്‍പ്പെടുന്നവയായതിനാല്‍ കൃത്യമായ വ്യായാമവും ഡയറ്റും ഇവയ്ക്ക് ആവശ്യമാണ്. നടത്തം, ചാട്ടം, ഓട്ടം എന്നിവ മസിലുകളുടെ വികാസത്തിനും ദൃഢതയ്ക്കും സഹായിക്കും. വീടുകളില്‍ വളര്‍ത്തുമ്പോള്‍ വേലികെട്ടിത്തിരിച്ച സ്ഥലത്ത് സൈ്വര്യവിഹാരത്തിന് വിടുന്നതാണ് അനുയോജ്യം. ഒപ്പം ആവശ്യമായ പരിശീലനങ്ങളും നല്‍കിയിരിക്കണം. 9-12 വയസുവരെയാണ് കാനെ കോര്‍സോ നായ്ക്കളുടെ ആയുസ്.  

cane-corso-sachin
സച്ചിനും കാനെ കോർസോ ഇനം നായയും

ലൈയ്ലാപ്‌സിലെ മാസിഡോണിയക്കാര്‍

കേരളത്തില്‍ അധികം ആരുടെയും കൈവശമില്ലാത്ത കാനെ കോര്‍സോ നായ്ക്കളെ സംരക്ഷിച്ചുപോരുകയാണ് വയനാട് അമ്പലവയല്‍ നരിക്കുണ്ടിലുള്ള ലൈയ്ലാപ്‌സ് കെന്നല്‍സ്. മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച കെന്നലിന്റെ മേല്‍നോട്ടം സച്ചിന്‍ നാരായണനാണ്. സച്ചിന്റെ ബന്ധുക്കളായ അരുണും ഷിബുവുമാണ് മറ്റ് ഉടമകള്‍. മാസിഡോണിയയില്‍നിന്ന് എത്തിച്ച ഒരു ജോടി ഉള്‍പ്പെടെ 3 കാനെ കോര്‍സോ നായ്ക്കളാണ് ഇവിടെയുള്ളത്. 

ദിവസവും 2 നേരമാണ് ഭക്ഷണം. ഒരു നേരം ഡോഗ് ഫുഡും ഒരു നേരം വേവിക്കാത്ത ഇറച്ചിയുമാണ് മെനുവിലുള്ളത്. വ്യായാമത്തിനായി നിത്യവും വേലികെട്ടിത്തിരിച്ച സ്ഥലത്ത് വിടുന്നു. വര്‍ഷത്തില്‍ ഒന്ന് എന്ന രീതിയിലാണ് ഇവിടുത്തെ നായ്ക്കളെ ഇണചേര്‍ക്കുന്നതെന്ന് സച്ചിന്‍ പറയുന്നു. മാതൃ നായ്ക്കളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഇതാണ് അനുയോജ്യമെന്നാണ് സച്ചിന്റെ പക്ഷം. ഇണചേര്‍ക്കുന്നതിനായി ഇതര സംസ്ഥാനങ്ങളിലേക്കും നായ്ക്കളെ കൊണ്ടുപോകാറുണ്ട്.

45 ദിവസം പ്രായമായതിനുശേഷം മള്‍ട്ടി കംപോണന്റ് വാക്‌സിനും നല്‍കിയാണ് കുഞ്ഞുങ്ങളുടെ വില്‍പന. 80,000 മുതല്‍ ഒരു ലക്ഷം വരെ രൂപയാണ് കുഞ്ഞുങ്ങളുടെ വില വരിക. കേരളത്തിന് അകത്തും പുറത്തുമായി കാനെ കോര്‍സോ നായ്ക്കള്‍ക്ക് ആവശ്യക്കാരേറെയുണ്ടെന്ന് സച്ചിന്‍. കാനെ കോര്‍സോ കൂടാതെ ഡോഗോ അര്‍ജന്റീനോ, ബെല്‍ജിയന്‍ മലിന്വ, അഫ്ഗാന്‍ ഹൗണ്ട്, ബീഗിള്‍, ഫിലാ ബ്രസീലെയ്‌റോ, അകിറ്റ തുടങ്ങിയ ഇനങ്ങളും ഇവിടെയുണ്ട്. 

ഫോണ്‍: 9947190923

English summary: Cane Corso Dog Breed Information

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA