ഇതാണ് ഇന്ത്യന്‍ പൗരത്വമുള്ള ഇന്ത്യയുടെ സ്വന്തം പാല്‍ക്കാരിപ്പശു

HIGHLIGHTS
  • ഇന്ത്യന്‍ കന്നുകാലി ജനുസുകളില്‍ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ്
  • ശുദ്ധ ഗിര്‍ ജനുസിന്റെ എണ്ണം 13 ലക്ഷത്തിലധികം
gir-cow-1
ഗിർ പശുക്കൾ (picture courtesy: A2 Gir cow milk Gaushaktii)
SHARE

പാലുല്‍പാദനത്തിന്റെ കാര്യത്തില്‍ വിദേശയിനങ്ങളുടെ ഒപ്പമെത്തില്ലെങ്കിലും ഇന്ത്യന്‍ വംശജരായ കന്നുകാലി ജനുസുകളില്‍ പാലുല്‍പാദനത്തില്‍ താരതമ്യേന മുന്‍പില്‍ നില്‍ക്കുന്നവരാണ് സഹിവാള്‍, റെഡ് സിന്ധി, ഗിര്‍ എന്നിവ. ഇവയില്‍ ആദ്യ രണ്ടുകൂട്ടരുടെ ജന്മസ്ഥലം ഇപ്പോള്‍ പാക്കിസ്ഥാനിലായതിനാല്‍, ഇന്ത്യന്‍ പൗരത്വമുള്ള പാല്‍ക്കാരി പശുവായി ഗിര്‍ ഇനത്തെ നമുക്ക് വിളിക്കാം. വിശേഷങ്ങളേറെയുണ്ട് ഗിര്‍ പശുവിനെക്കുറിച്ച് പറയാന്‍.

ലോകത്തില്‍ രണ്ടു തരം പശുക്കള്‍

ലോകമെമ്പാടുമുള്ള പശുക്കളെ ഇന്ത്യന്‍ വംശജര്‍, വിദേശ വംശജര്‍ എന്നിങ്ങനെ രണ്ടു ജാതികളായി  തിരിക്കാം. ബോസ് ഇന്‍ഡിക്കസ് (Bos indicus), ബോസ് ടോറസ് (Bos taurus) എന്നിങ്ങനെയാണ് ഇവയുടെ ശാസ്ത്രീയ നാമം. ഭാരത സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനപ്രകാരം നമ്മുടെ രാജ്യത്ത് അന്‍പതോളം പശു  ജനുസുകളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയ പൂഞ്ഞയാണ് (hump) ഇന്ത്യന്‍ വംശജരുടെ പ്രധാന ശാരീരിക പ്രത്യേകത. പ്രാചീനകാലത്തെ ഗുഹാചിത്രങ്ങളില്‍ കാണപ്പെടുന്ന കന്നുകാലികളുമായി സാമ്യമുള്ളതിനാല്‍ ഇവയില്‍ പല ജനുസുകളും ദീര്‍ഘകാലംകൊണ്ട് പ്രകൃതിയുടെ തിരഞ്ഞെടുപ്പിനു വിധേയമായി ഉരുത്തിരിഞ്ഞതായി കരുതപ്പെടുന്നു. 

ഗിര്‍ വിശേഷങ്ങള്‍

ഇന്ത്യന്‍ കന്നുകാലി ജനുസുകളില്‍ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഗിര്‍ പശുക്കള്‍. ഒന്നാമന്‍ ഹരിയാന  ജനുസാണ്. ഇരുപതാം കന്നുകാലി സെന്‍സസ് പ്രകാരം ശുദ്ധ ഗിര്‍ ജനുസിന്റെ എണ്ണം 13 ലക്ഷത്തിലധികം വരും. ഗിര്‍ സങ്കരങ്ങളെക്കൂടി ചേര്‍ത്താല്‍ ഇവ 50 ലക്ഷത്തിനു മുകളിലാകും. ശുദ്ധജനുസില്‍പ്പെട്ടവയില്‍ 9 ലക്ഷത്തോളം എണ്ണം ഗുജറാത്തിലാണുള്ളത്. സൗരാഷ്ട്ര മേഖലയിലെ ഭവനഗര്‍, ജുനഗഡ്, രാജ്കോട്ട്, അമറേലി എന്നീ ജില്ലകളിലെ കത്തിയവാര്‍ വനമേഖലയും, ഗിര്‍ കുന്നിന്‍ പ്രദേശങ്ങളുമാണ് ഇവയുടെ പ്രജനന കേന്ദ്രം. 

ഗിര്‍ പശുക്കള്‍ വാഴുന്ന സൗരാഷ്ട്ര മേഖലയില്‍ വേനല്‍ക്കാലത്ത് അന്തരീക്ഷതാപം 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. തണുപ്പുകാലത്താവട്ടെ ഇത് 11 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും ചെയ്യും. ഇതും രണ്ടും താങ്ങാന്‍ കഴിവുള്ളവയായതിനാല്‍ സമാന കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ ഇവയെ വളര്‍ത്താന്‍ കഴിയും. 

കാഴ്ചയില്‍ ഏറെ പ്രത്യേകതകളാണ് ഗിര്‍ സുന്ദരിക്കുള്ളത്. ഒരടിയോളം നീളമുള്ള  ചുരുണ്ട ചെവികളാണ് പ്രധാന  സവിശേഷത. നെറ്റിത്തടം പുറത്തേക്കു തുറിച്ചു നില്‍ക്കുന്നു. ഉറങ്ങുന്നതുപോലെ തോന്നുന്ന വിധമാണ് കണ്ണുകളുടെ പ്രകൃതി. കറുപ്പുരാശി കലര്‍ന്ന ചുവപ്പു നിറമാണ് ഭൂരിപക്ഷം ഗിര്‍ പശുക്കളിലും കാണപ്പെടുന്നത്. കറുപ്പിനോടടുത്ത മറ്റു നിറങ്ങള്‍, വെളുത്ത പൊട്ടുകളും പാണ്ടുകളും കൂടിയ നിറങ്ങള്‍ എന്നിങ്ങനെയും കാണപ്പെടാം. അപൂര്‍വമായി വെളുത്ത നിറവും കാണപ്പെടുന്നു. തലയുടെ വശങ്ങളില്‍ നിന്ന് തുടങ്ങി താഴത്തേക്കും, പിന്നിലോട്ടും വളഞ്ഞ് വീണ്ടും മുകളിലേക്കും മുന്നോട്ടും വളരുന്ന കൊമ്പുകള്‍ ഇവയുടെ മാത്രം പ്രത്യേകതയാണ്. ബദാം പരിപ്പിനോടാണ് ഇവയുടെ കണ്ണുകളുടെ ആകൃതിയെ ഉപമിക്കുന്നത്. വലുപ്പമുള്ള ഉരുണ്ട അകിടും, അത്യാവശ്യം നീളക്കൂടുതലുള്ള മുലക്കാമ്പുകളും ഇവയുടെ പാല്‍ സമൃദ്ധിയുടെ സൂചനകളാണ്. 

നാടോടി രീതിയില്‍ ജീവിക്കുന്ന ചില കര്‍ഷക സമൂഹങ്ങളാണ് അവരുടെ ജന്മനാടായ ഗിര്‍മേഖലയില്‍ ഗിര്‍പശുക്കളെ പോറ്റുന്നത്. ജൂലൈ-ഡിസംബര്‍ മാസങ്ങളില്‍ സൗരാഷ്ട്രയില്‍ കഴിയുന്ന ഇവര്‍ പുല്ലിനും, വെള്ളത്തിനും ക്ഷാമം വരുന്ന സമയം യാത്ര തുടങ്ങുന്നു. സ്ഥിരം പോകുന്ന വഴികളിലൂടെയാവും ഇവരുടെ യാത്ര. യാത്രയ്ക്കിടയില്‍ വിശ്രമിക്കാനും പാല്‍ വിപണനത്തിനുമൊക്കെ സൗകര്യമുണ്ടാകും. രാത്രിയില്‍ വിശ്രമം കര്‍ഷകരുടെ പാടങ്ങളിലായിരിക്കും. കന്നുകാലിക്കൂട്ടത്തെ സ്വന്തം പാടങ്ങളില്‍ നിര്‍ത്താന്‍ കര്‍ഷകര്‍ പശുപാലകര്‍ക്ക് കുറച്ചു പണവും നല്‍കും. കാരണം പശുക്കളുടെ ചാണകവും, മൂത്രവും പാടശേഖരങ്ങളെ  ഫലഭൂയിഷ്ഠമാക്കുന്നു. 

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗിര്‍ പശുക്കള്‍ക്ക് ശരാശരി 350 കിലോഗ്രാമും, മൂരികള്‍ക്ക് 400-500 കിലോഗ്രാമും  ഭാരമുണ്ടാകും. ഒരു വര്‍ഷം പ്രായത്തില്‍ മൂരിക്കുട്ടികള്‍ക്ക് ശരാശരി 140 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഉഷ്ണമേഖലയിലുള്ള ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാംസോല്‍പാദത്തിനുള്ള ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കുവാനായി ഗിര്‍പോലെ യുള്ള ഇന്ത്യന്‍ ജനുസ്സുകളെ  ഉപയോഗിച്ചുവരുന്നു. 

കാര്‍ഷിക ഉപോല്‍പ്പന്നങ്ങളാണ് ഗിര്‍ പശുക്കള്‍ക്ക് തീറ്റയായി നല്‍കാറുള്ളത്. വൈക്കോലും, തവിടും, പിണ്ണാക്കും, ഉമിയുമൊക്കെ ഇവര്‍ അകത്താക്കും. വരള്‍ച്ചക്കു പേരുകേട്ട സ്ഥലങ്ങളില്‍ ഉരുത്തിരിഞ്ഞ ഇവയ്ക്ക് പോഷകമൂല്യം കുറഞ്ഞ തീറ്റകള്‍ തിന്നുപോലും നിലനില്‍ക്കാന്‍ കഴിയുന്നു. പഞ്ഞ മാസങ്ങളില്‍ വയര്‍ നിറയണമെങ്കില്‍ ഇവയ്ക്ക് കിലോമീറ്ററുകള്‍  നടക്കേണ്ടിവരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍പോലും പാലുല്‍പാദനം നിലനിര്‍ത്താന്‍ കഴിയുന്ന ഗുണവിശേഷമാണ് ഈ ജനുസ്സിന്റെ സവിശേഷത. 

ഗിര്‍ കിടാരികള്‍ ആദ്യ പ്രസവം നടത്താന്‍ നാലു വര്‍ഷമെങ്കിലും എടുക്കുന്നു. രണ്ടു പ്രസവങ്ങള്‍ തമ്മില്‍ 14 മാസത്തോളം അന്തരം വരും. പ്രസവശേഷം നാലു മാസമെങ്കിലും കഴിഞ്ഞാണ് മദിലക്ഷണങ്ങള്‍ കാണിക്കുക. കൊഴുപ്പിന്റെ അംശം 4.6-5 ശതമാനമായതിനാല്‍ നല്ല കട്ടിയുള്ള പാലാണ്. മറ്റു ഖരപദാര്‍ഥങ്ങളും താരതമ്യേന കൂടുതലാണ്. ഗിര്‍ പശുവിന്റെ പാലില്‍ നിന്നുണ്ടാക്കുന്ന നെയ്യ് വിപണിയില്‍ ഏറെ പ്രിയങ്കരമാണ്.

gir
ഗിർ പശുവും കുട്ടിയും (picture courtesy: A2 Gir cow milk Gaushaktii)

ഗിര്‍ കേരളത്തില്‍

ഗിര്‍ പശുക്കളെ വളര്‍ത്തുന്ന നിരവധി കര്‍ഷകര്‍ ഇന്നു കേരളത്തിലുണ്ട്. 10-20 ലീറ്റര്‍ പ്രതിദിന പാലുല്‍പാദനമുള്ളതായി  അവകാശവാദങ്ങളുണ്ടെങ്കിലും അവയൊക്കെ അത്യപൂര്‍വമാണ്. ശരാശരി 5-6 ലീറ്ററാണ്  കേരളത്തില്‍ ഗിര്‍ പശുക്കളുടെ ഉല്‍പാദനം. ഉത്തരേന്ത്യയില്‍ കൃത്രിമ ബീജാധാനം ഗിര്‍ പശുക്കളില്‍ കുറവാണ്. കേരള കന്നുകാലി വികസന ബോര്‍ഡ് ഗിര്‍ മൂരികളുടെ ബീജം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. പല സ്വകാര്യ വ്യക്തികളും ഗിര്‍ മൂരികളെയാണ് പ്രജനനത്തിന്  ഉപയോഗിക്കുന്നത്. 

തനതു ജനുസ്സുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന  പദ്ധതികള്‍ വരുന്ന കാലമാണിത്. A2  പോലുള്ള ആകര്‍ഷണങ്ങളും വിപണിയിലുണ്ട്. നാടന്‍ പശുവിന്റെ പാലിന് കൂടുതല്‍ വില നല്‍കാന്‍ തയാറാകുന്ന ഉപഭോക്താക്കളുടെ എണ്ണവും കൂടിവരുന്നു. അതിനാല്‍ വിപണിയില്‍ പിടിമുറുക്കിയാല്‍ ഗിര്‍ പശുവിനെ കേരളത്തിലും വളര്‍ത്താം. തീറ്റപ്പുല്ലും, വൈക്കോലും  കൂടാതെ, കൂടുതല്‍ പാല്‍ തരുന്നവയ്ക്ക് അരക്കിലോ വീതമെങ്കിലും ചോളപ്പൊടിയോ കഞ്ഞിയോ നല്‍കണം. ചെറിയ അളവില്‍ ധാതുലവണ മിശ്രിതവും നല്‍കണം. 

ബ്രസീല്‍ വളര്‍ത്തിയ ഇന്ത്യന്‍ ഗിര്‍

ഇന്ത്യയിലാണ് ജനനമെങ്കിലും ലോകത്തില്‍ ഏറ്റവുമധികം  പാല്‍ തരുന്ന ഗിര്‍ പശുക്കള്‍ ബ്രസീലിന് സ്വന്തം. ഭവനഗറിലെ രാജാവ് അവര്‍ക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് സമ്മാനിച്ച കൃഷ്ണ എന്ന മൂരിയുടെ  പിന്‍തലമുറക്കാരാണ് ഈ പശുക്കള്‍. അവിടെ അവരുടെ  ഉല്‍പാദനം 30-40 ലീറ്ററാണെന്നാണ് അവകാശവാദം. എന്തിനേറെ പറയുന്നു ഇന്ത്യയിലുപയോഗിക്കാന്‍ ഗിര്‍മൂരികളുടെ ബീജം ബ്രസീലില്‍ നിന്നും ഇറക്കുമതി ചെയ്യാറുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് നാടിനിണങ്ങിയ ഇനങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

English summary: GIR COW BREED - Complete Informations

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA