ADVERTISEMENT

തൃശ്ശൂർ ജില്ലയിലെ പാവറട്ടിക്കടുത്തുള്ള യദുകൃഷ്ണന്റെ വീട്ടിൽ ഒരു അഥിതി എത്തിയിട്ടുണ്ട്. കക്ഷി ഇനി ഇവിടെ സ്ഥിരതാമസം ആക്കാൻ പോകുകയാണ്. ആൾ റഷ്യക്കാരനാണ്, അതുകൊണ്ടുതന്നെ ഒന്ന് പരിചയപ്പെടാൻ വീട്ടിൽ ആളുകളും എത്തുന്നുണ്ട്. ജിഞ്ചു എന്നൊന്ന് നീട്ടി വിളിക്കേണ്ട താമസം നല്ല വിളവെടുത്ത ഇഞ്ചിയുടെ നിറമുള്ള ജിഞ്ചു വാലും പൊക്കി ഓടി അടുത്തെത്തും. മിടുമിടുക്കനായ ഒരു പൂച്ചക്കുട്ടൻ. ജിഞ്ചർ കാറ്റ് വിഭാഗത്തിൽപെട്ട  കക്ഷിയുടെ ഒഫിഷ്യൽ നെയിം ജിഞ്ചർ എന്നുതന്നെയാണ്. റഷ്യയിൽ കണ്ടുവരുന്ന ഒരു നാടൻ പൂച്ച. എന്നാൽ ഈ റഷ്യൻ നാടനെ കേരളത്തിലെത്തിക്കാൻ യദുകൃഷ്ണ ചെലവാക്കിയത് ഒന്നേകാൽ ലക്ഷത്തോളം രൂപയാണ്. എന്താണ് ജിഞ്ചുവിന് ഇത്ര പ്രത്യേകത എന്നാണെങ്കിൽ ജിഞ്ചുവിന്റെ റഷ്യയിൽ നിന്നും കേരളത്തിലേക്കുള്ള സംഭവബഹുലമായ യാത്രയുടെ ആ കഥ പറഞ്ഞു തുടങ്ങേണ്ടി വരും. ഒരു മനുഷ്യനും പൂച്ചയും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹത്തിന്റെ കഥ !

ആറ് വർഷങ്ങൾക്ക് മുൻപാണ് പാവറട്ടി സ്വദേശിയായ യദുകൃഷ്ണ എംഎബിഎബിഎസ് പഠനത്തിനായി റഷ്യയിലേക്ക് പോകുന്നത്. പോകുമ്പോൾ യദു പൂച്ചപ്രേമി ആയിരുന്നില്ല. നായ്ക്കളോടായിരുന്നു കക്ഷിക്ക് താൽപര്യം. അങ്ങനെ ഇരിക്കെ ഒരു വർഷം മുൻപാണ് യദുവിന്റെ ജീവിതത്തിലേക്ക് ജിഞ്ചു എത്തുന്നത്. യദുവിന്റെ മുംബൈ സ്വദേശിയായ ജൂനിയർ വളർത്താനായി കൊണ്ടുവന്നതായിരുന്നു കഷ്ടി ഒരു മാസം മാത്രം പ്രായമുള്ള ജിഞ്ചുവിനെ. പൂച്ചയ്ക്ക് ജിഞ്ചർ എന്ന് പേരിട്ടതും ജൂനിയർ തന്നെയായിരുന്നു. അവിചാരിതമായി നാട്ടിലേക്ക് പോകേണ്ടി വന്നപ്പോൾ ജിഞ്ചുവിനെ നോക്കുന്നതിനായി യദുവിനെ ഏൽപ്പിച്ചു. അതുവരെ പൂച്ചകളെ നോക്കി പരിചയം ഇല്ലാതിരുന്ന യദുവിന് കിട്ടിയ നല്ലൊരു പണിയായിരുന്നു അത്. 

എന്നാൽ, കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ജിഞ്ചുവിന്റെ ഉടമയ്ക്ക് തിരികെ റഷ്യയിലേക്ക് എത്താൻ കഴിയാതെ വന്നതോടെ ജിഞ്ചുവിന്റെ പൂർണ ചുമതല യദുവിനായി. പയ്യെപ്പയ്യെ ഇരുവരും കൂടുതൽ കൂട്ടായി. പുറത്ത് പോയാൽ എത്രയും വേഗം ജിഞ്ചുവിന്റെ അരികിലേക്ക് മടങ്ങി വരണം എന്നായി ചിന്ത. ജിഞ്ചുവിന് വ്യത്യസ്ത ബെൽറ്റുകൾ വാങ്ങുക, വിവിധ രുചികളിലുള്ള ക്യാറ്റ് ഫുഡ് വാങ്ങി നൽകുക എന്നതൊക്കെയായി പിന്നീട് യദുകൃഷ്ണയുടെ ഇഷ്ടങ്ങൾ. റഷ്യയിലെ ഏകാന്തതയിൽ യദുവിന് ലഭിച്ച ഏറ്റവും നല്ല കൂട്ടായിരുന്നു ജിഞ്ചു. ആദ്യമൊക്കെ നാട്ടിൽ പോയ ജൂനിയർ പൂച്ചക്കുഞ്ഞിനെ വിവരങ്ങൾ അന്വേഷിച്ചിരുന്നെങ്കിലും പിന്നീട് , ഫോൺ വിളികൾ ഇല്ലാതെയായി. അങ്ങനെ ജിഞ്ചു യദുവിന്റെ മാത്രം സംരക്ഷണയിലായി.

ജിഞ്ചുവിനെ പിരിയാൻ സാധിക്കില്ല എന്ന ഘട്ടം വന്നതോടെ, പൂച്ചക്കുട്ടിയുടെ പാസ്‌പോർട്ടും മറ്റു രേഖകളും യദു തന്റെ പേരിലേക്കു മാറ്റി. പഠനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങേണ്ടി വരുമ്പോൾ ജിഞ്ചുവിനെ കൂടെ കൂട്ടണം എന്ന ആഗ്രഹത്തിലാണ് പിന്നീട് ഓരോ കാര്യങ്ങളും ചെയ്തത്. അതിനായി പണവും മാറ്റിവച്ചിരുന്നു യദു. പാവറട്ടിയിലെ വീട്ടിൽ എല്ലാവർക്കും റഷ്യക്കാരൻ ജിഞ്ചു പ്രിയപ്പെട്ടവനായിരുന്നു. മകൻ വരുമ്പോൾ കൂടെ ജിഞ്ചുവിനെയും കാണാമെന്ന പ്രതീക്ഷയിലായിരുന്നു യദുവിന്റെ അമ്മ. 

ginger-cat-ginju-1

റഷ്യയിൽനിന്നു ഡൽഹിയിൽ എത്തിയതോടെ പണി കിട്ടി

എംബിബിഎസ്‌ പഠനം പൂർത്തിയായതോടെ ജിഞ്ചുവുമായി കേരളത്തിലേക്കുള്ള യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. മോസ്‌കോയിൽ പോയി പൂച്ചയുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചു. എല്ലാവിധ പ്രതിരോധ കുത്തിവയ്പുകളും റാബീസ് വാക്സിനുകളും എടുത്തു. റഷ്യയിൽ നിന്നും മികച്ച പിന്തുണയാണ് ഇക്കാര്യത്തിൽ യദുവിന് കിട്ടിയത്. അങ്ങനെ ജൂൺ 29 നു യദു തന്റെ പ്രിയപ്പെട്ട പൂച്ചയുമായി ഇന്ത്യയിലേക്ക് വിമാനം കയറി. അതുവരെ കാര്യങ്ങളെല്ലാം വളരെ നന്നായി പോയി. എന്നാൽ, ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയതോടെ പണി കിട്ടി. പരിശോധനയിൽ പൂച്ചയ്ക്ക് റാബീസ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ല എന്ന കാരണത്താൽ പൂച്ചയെ വിമാനത്താവളത്തിൽ തടഞ്ഞു വച്ചു.

എൻഒസി ലഭിക്കാതെ പൂച്ചയെ വിട്ടു നൽകാൻ കഴിയില്ലെന്നും. എൻഒസി ലഭിക്കുന്നതുവരെ പൂച്ചയെ അവിടെ സംരക്ഷിക്കാമെന്നും അതിനുള്ള തുക അടയ്ക്കണമെന്നും അധികൃതർ പറഞ്ഞു. 14  ദിവസത്തിനുള്ളിൽ എൻഒസി ലഭിച്ചില്ലെങ്കിൽ പൂച്ചയെ റഷ്യയിലേക്ക് തിരികെ അയക്കും എന്ന് കൂടി കേട്ടതോടെ യദു ഞെട്ടി. ഇതിനിടെ യദുവിന്റെ കേരളത്തിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് പോയിരുന്നു. ജിഞ്ചുവിനെ അവിടെയുള്ള ഒരു പെറ്റ് കെയർ ഏജൻസിയിൽ ഏൽപ്പിച്ചു. 15,000  രൂപ അവിടെ കെട്ടിവച്ചു, ജിഞ്ചു ഇല്ലാതെ നിറ കണ്ണുകളോടെയാണ് യദു ഡൽഹി വിട്ടത്. കാര്യങ്ങളിൽ വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ ഏത് വിധേനയും ജിഞ്ചുവിനെ തിരിച്ചെടുക്കാം എന്ന അമ്മയുടെ വാക്കാണ് യദുവിന് ബലമായത്.  മറ്റൊരു ഫ്ലൈറ്റിൽ നാട്ടിലെത്തിയ യദു വിവിധ അനിമൽ വെൽഫെയർ സംഘടനകളുമായി ബന്ധപ്പെട്ട് പൂച്ചയെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. 

ginger-cat-ginju-2
യദുവും ജിഞ്ചറും

ഇതിനിടെ പൂച്ചയ്ക്ക് പലവിധ ടെസ്റ്റുകൾ നടത്തി, അതിനെല്ലാം ഏജൻസി പറയുന്നതനുസരിച്ചുള്ള പണം നൽകിക്കൊണ്ടിരുന്നു. പൂച്ചയെ വിട്ടു കിട്ടാൻ 30,000 രൂപയോളം ചെലവ് വേണ്ടി വരും എന്നാണ് ഏജൻസി അറിയിച്ചത്. എന്നാൽ ഇതിനുള്ള കാരണം പലപ്പോഴും വ്യക്തമായിരുന്നില്ല. ഒടുവിൽ റാബീസ് ബൂസ്റ്റർ ഡോസ് ആണ് പ്രശ്നം എന്ന് കണ്ടെത്തിയ യദു, ആ വാക്സിൻ എടുപ്പിച്ചു. എന്നിട്ടും എൻഒസി ലഭിക്കുവാൻ ഏറെ പണിപ്പെട്ടു. സുഹൃത്തുക്കളായ അനന്തു, കൃഷ്ണ എന്നിവരാണ് ഈ സമയത്തെല്ലാം യദുവിന് സഹായമായത്. ഒടുവിൽ ഡൽഹിയിൽ നിന്നും പൂച്ചയെ കൈപറ്റി പെറ്റ് ട്രാൻസ്‌പോർട്ട് സർവീസ് വഴി അയച്ചത് അനന്തുവാണ്. 

അങ്ങനെ നീണ്ട പത്തു ദിവസത്തെ കാത്തിരിപ്പിനു ശേഷം അന്താരാഷ്‌ട്ര പൂച്ചദിനത്തോട് അനുബന്ധിച്ച് ജിഞ്ചു യദുവിന്റെ കൈകളിലേക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ പറന്നിറങ്ങി. തനിക്ക് എന്നതാണ് സംഭവിക്കുന്നത് എന്നറിയാതെ, യദുവിനെ കാണാതെ ഇത്രനാൾ കഴിഞ്ഞതിന്റെ അങ്കലാപ്പ് ജിഞ്ചുവിന്റെ മുഖത്തുണ്ടായിരുന്നു. എങ്കിലും പാവറട്ടിയിലെ വീട്ടിൽ എത്തിയതോടെ ആൾ ആക്റ്റീവ് ആയി. റഷ്യയിൽ നിന്നും വന്നതിനാൽ കാലാവസ്ഥ അൽപം പ്രശ്നമാണ്. അതിനാൽ മുഴുവൻ സമയം ഫാനിട്ടാണ് കക്ഷിയുടെ കിടപ്പ്. ക്യാറ്റ് ഫുഡ് ആണ് ഇഷ്ടഭക്ഷണം. ഇപ്പോൾ വീട്ടിലെ എല്ലാവരുമായും ജിഞ്ചു കൂട്ടായി കഴിഞ്ഞു. 

പഠനത്തിനായി അടുത്താഴ്ച തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയാണ് യദു. കൂടെ തലസ്ഥാന നാഗരിയിലേക്ക് ചേക്കേറാൻ ജിഞ്ചുവും ബാഗ് പായ്ക്ക് ചെയ്തു കഴിഞ്ഞു. മഞ്ഞിന്റെ നാട്ടിൽ നിന്നും മലയാളിയുടെ നാട്ടിലേക്കുള്ള ജിഞ്ചുവിന്റെ സംഭവബഹുലമായ യാത്രയ്ക്ക് മാത്രമേ ഫുൾ സ്റ്റോപ്പ് വീണിട്ടുള്ളൂ, ജീവിതം തുടങ്ങാൻ പോകുന്നതേയുള്ളൂ. 

English summary: Import of Pets into India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com