ADVERTISEMENT

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കണ്ണൂർ കേളകം ഇരട്ടത്തോട് നെല്ലിക്കാക്കുടി വർഗീസിന് നഷ്ടമായത് മൂന്ന് ആടുകളെയാണ്. ചെറിയ ക്ഷീണം വരികയും പിന്നാലെ പനി, വായിലൂടെ നുരയും പതയും, കുഴഞ്ഞുവീഴുക എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കാണിച്ച് 4 ദിവസത്തിനുള്ളിൽ ആടുകൾ ചാകുകയാണ്. മൂന്ന് ആടുകൾ ചത്തതു വഴി വർഗീസിന് സാമ്പത്തിക നഷ്ടം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ. 

കഴിഞ്ഞ ആഴ്ചയാണ് വർഗീസിന്റെ 4 മാസം ഗർഭിണിയായ ബീറ്റൽ ഇനത്തിൽപ്പെട്ട പെണ്ണാടിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വെറ്ററിനറി ഡോക്ടർമാരുമായി ബന്ധപ്പെട്ടെങ്കിലും രോഗം സ്ഥിരീകരിക്കാവാത്തത് കൃത്യമായ ചികിത്സ നൽകാൻ കഴിയാതെ വരുന്നുണ്ട്.

കേളകം, കൊട്ടിയൂർ, കണിച്ചാർ മേഖലയിൽ ഒട്ടേറെ കർ‌ഷകരുടെ ആടുകൾ സമാന ലക്ഷണങ്ങളിലൂടെ ചത്തിട്ടുണ്ടെന്ന് വർഗീസ് പറയുന്നു. 

goat-death

പത്തു വർഷമായി ആടുകളെ വളർത്തുന്ന വർഗീസിന് ഇരുപതോളം ആടുകളാണുള്ളത്. 5 മാസം മുൻപ് തൃശൂരിൽനിന്ന് വാങ്ങിയ ആടുകളാണ് ഇപ്പോൾ ചത്തുപോയത്. 35,000 രൂപ നൽകി വാങ്ങിയ പെണ്ണാടാണ് ആദ്യം ചത്തത്. വ്യാഴാഴ്ച രോഗലക്ഷണം കാണിച്ച ആട് ശനിയാഴ്ച വൈകുന്നേരത്തോടെ ചത്തു. പിറ്റേന്ന് വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി ആടിനെ പോസ്റ്റ്മോർട്ടം ചെയ്തെങ്കിലും കൃത്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നാലെ ഒരു മുട്ടനാടും സമാന രോഗലക്ഷണങ്ങളോടെ ചത്തു. 45,000 രൂപ നൽകി വാങ്ങിയതായിരുന്നു ഈ ആടിനെ. മൂന്നാമതൊരു ആട് ഇന്നലെ ചത്തു. ഈ ആടിനെ ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിക്കണമെന്നാണ് നിർദേശം.  നാലാമതൊരാട് രോഗലക്ഷണങ്ങളോടെ നിൽക്കുകയാണ്.

രോഗലക്ഷണങ്ങൾക്കാണ് ഇപ്പോൾ മരുന്നു നൽകുന്നത്. അതുകൊണ്ടുതന്നെ ഫലം ലഭിക്കുന്നില്ല. ഇന്നലെ അധികൃതർ സ്ഥലത്തെത്തി രക്തസാംപിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്നശേഷം മാത്രമേ ചികിത്സ ലഭ്യമാക്കാൻ കഴിയൂ. അപ്പോഴേക്ക് തന്റെ ആടുകൾ എല്ലാം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് വർഗീസ്. 20 സെന്റ് സ്ഥലമാണ് വർഗീസിനുള്ളത്. വീടും ആട്ടിൻകൂടുമെല്ലാം ഈ സ്ഥലത്താണ്. 

ഒരാഴ്ച മുൻപ് ഇരട്ടത്തോട് ആയത്തുകുടി തമ്പിയുടെ രണ്ട് ആടുകളും നരിക്കടവ് സ്വദേശി ഫിലിപ്പിന്റെ ആടും സമാന ലക്ഷണങ്ങളോടെ ചത്തിരുന്നു. അതിവേഗം രോഗനിർണയം നടത്തി ഉചിതമായ ചികിത്സ നൽകി തങ്ങളെ സഹായിക്കണമെന്നാണ് കർഷകരുടെ ആവശ്യം. മൃഗസംരക്ഷണ വകുപ്പ് ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. 

English summary: Goat Death Due to Unknown Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com