തനി നാടൻകോഴിക്ക് 3000 രൂപ വരെ വില; ഇതുവരെ വിറ്റത് 2 ലക്ഷം നാടൻ കോഴിക്കുഞ്ഞുങ്ങളെ

HIGHLIGHTS
  • തനി നാടൻകോഴികളുടെ മികച്ച ശേഖരവുമായി തോമസ് ജോസഫ്
  • എല്ലാ ജില്ലകളിൽനിന്നും തനി നാടൻകോഴികൾക്ക് ആവശ്യക്കാർ
desi-chicken
തോമസ്
SHARE

പുള്ളിക്കോഴി, മുള്ളൻകോഴി, താടിക്കോഴി, കുറുങ്കാലിക്കോഴി, അറുപതാം കോഴി, തൊണ്ണൂറാം കോഴി.... തനി നാടൻ താരങ്ങളുടെ പട്ടിക ഇനിയും നീളും. പന്തളത്തിനടുത്ത് ഉളവക്കാട് സുനിൽഭവനത്തിലെ തോമസ് ജോസഫിന്റെ വിശാലമായ പുരയിടത്തിലുണ്ട് ഈയിനങ്ങളെല്ലാം. നാടൻകോഴി വളർത്തലിൽ തന്നെക്കാൾ താൽപര്യം വർഷങ്ങളായി അമേരിക്കയിൽ പാർക്കുന്ന ഇളയ മകൻ സജിനെന്നു തോമസ്. എൻജിനീയറിങ് പഠിച്ച് അമേരിക്കയിലെത്തി മികച്ച ജോലി നേടി അവിടെ സ്ഥിരതാമസമായെങ്കിലും നാട്ടിലെ നാടൻകോഴികളുടെ വിശേഷങ്ങളില്‍ ഏറെ താല്‍പര്യമാണ് സജിന്. വിദേശത്തിരുന്നാണെങ്കിലും സജിനും നാടൻകോഴി വളർത്തൽ സംരംഭത്തില്‍ തോമസിനൊപ്പം  സജീവം.

പുരയിടത്തിൽ പാരമ്പര്യക്കൃഷിയുടെ ഭാഗമായിരുന്നു തോമസിനു കോഴിവളർത്തല്‍. അവയെല്ലാം തനി നാടൻ ഇനങ്ങളുമായിരുന്നു. മക്കളൊക്കെ ദൂരെ സ്ഥലങ്ങളിൽ ജോലിയിലായപ്പോൾ തോമസും ഭാര്യ സെലിനും നേരമ്പോക്കിനായി കോഴിവളർത്തൽ ഉഷാറാക്കി. വിശാലമായ വീട്ടുപറമ്പിലെ വാഴത്തോട്ടത്തിലും ചേർന്നുള്ള റബർത്തോട്ടത്തിലുമെല്ലാം തുറന്നുവിട്ടു വളർത്താൻ സൗകര്യമുള്ളതിനാൽ ക്രമേണ കോഴികളുടെ എണ്ണം വർധിപ്പിച്ചു. അഞ്ചാറു കൊല്ലത്തിനിടയിൽ എണ്ണം നാനൂറ്റിയമ്പതിലേറെയെത്തി. ഇതുവരെ 2 ലക്ഷത്തോളം തനി നാടൻകോഴികളെ വിൽക്കുകയും ചെയ്തെന്നു സജിൻ; അതും മുന്തിയ വിലയ്ക്ക്. 

നാടൻകോഴികളിൽ പുള്ളിക്കോഴിയും കാപ്പിരിക്കോഴിയുംപോലെ കാണാൻ അഴകുള്ളവയുണ്ട്.  തനിനാടൻ ഇനങ്ങളുടെ മുട്ട വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങളിൽ അഴകുള്ളവയെ പണ്ടുള്ളവര്‍  പ്രത്യേകം വളർത്തി അവയുടെ മുട്ട വിരിയിച്ചെടുത്താണ് നാടൻകോഴികളിൽ ഇന്നു കാണുന്നത്രയും കൗതുക ഇനങ്ങൾ രൂപപ്പെട്ടതെന്ന് തോമസ്. 

കൂടുതല്‍ മുട്ടയിടുന്ന സങ്കരയിനങ്ങളും വർഷം മുന്നൂറിലേറെ മുട്ട നൽകുന്ന ബിവി 380 പോലുള്ളവയും പ്രചാരത്തിലായതോടെ തനി നാടൻ ഇനങ്ങളോട് ഇടക്കാലത്ത് ആളുകൾക്ക് താൽപര്യമില്ലാതായിരുന്നു. എങ്കിലും നാടൻ പൊരുന്നക്കോഴികളെ പരിപാലിച്ച് വീട്ടാവശ്യത്തിനു  മുട്ടയും ഇറച്ചിയും ഉറപ്പാക്കുന്ന വീട്ടമ്മമാർ അപൂർവമായി ഇപ്പോഴും ഗ്രാമങ്ങളിലുണ്ട്. അടയിരിക്കുന്ന ഈ നാടൻകോഴികൾക്കാണ് ഇപ്പോൾ നല്ല കാലം വന്നിരിക്കുന്നതെന്നു സജിൻ. അവയിൽനിന്ന് ഉരുത്തിരിഞ്ഞ കൗതുക ഇനങ്ങൾക്കാകട്ടെ, മോഹവിലയും.

desi-chicken-2

അടയിരിക്കാനും കുഞ്ഞുങ്ങളെ നോക്കാനും ബഹുമിടുക്കിയാണ് പുള്ളിക്കോഴി. തലയിൽ തൊപ്പിപോലെ തൂവലുള്ള പുള്ളിക്കോഴിക്ക് മോഹവിലയുണ്ട്. മനോഹരമായ പുള്ളിക്കുത്തുകളും തൂവൽതൊപ്പിയുമെല്ലാം ചേർന്ന് ലക്ഷണമൊത്തതിന് 3000 രൂപ വരെ ലഭിച്ച അനുഭവമുണ്ടെന്നു സജിൻ. കാപ്പിരിമുടിപോലെ തൂവലുള്ളവയെയാണ് കാപ്പിരിക്കോഴി അല്ലെങ്കിൽ മുള്ളൻ കോഴി എന്നു വിളിക്കുന്നത്. കാലിനു പൊക്കം കുറഞ്ഞത് കുറുങ്കാലിക്കോഴി(പാത്തക്കോഴി). തൂവൽത്താടിയുള്ളത് താടിക്കോഴി. കഴുത്തിൽ പപ്പില്ലാത്തിന് അൽപം പരിഷ്കരിച്ച പേരാണിപ്പോൾ വിപണിയിൽ; നേക്കഡ് നെക്ക് (nacked neck). ഇവയൊക്കെ ഇന്നു വിപണിയിൽ തിളങ്ങുന്നത് അലങ്കാരക്കോഴികളുടെ ഗമയിലാണ്. ചന്തം അൽപം കുറഞ്ഞ അറുപതാം കോഴി, തൊണ്ണൂറാം കോഴി എന്നിവ ഓൾഡ് ലൈനേജി(old lineage)ൽപെടും. തനി നാടൻ പൊരുന്നക്കോഴി എന്ന മൂല്യം അവയ്ക്കുമുണ്ട്.

തുടർച്ചയായി 10–15 മുട്ടയിട്ടശേഷം പൊരുന്നയിരിക്കുന്ന രീതിയാണല്ലോ നാടൻകോഴിക്ക്. അടയിരുന്നു മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങളെ പോറ്റി വളർത്തി, ചുരുങ്ങിയത് രണ്ടു മാസം പിടിക്കും വീണ്ടും മുട്ടയിട്ടു തുടങ്ങാൻ. ഇൻക്യുബേറ്റർ ഒഴിവാക്കി അമ്മച്ചൂടിൽത്തന്നെ മുട്ടവിരിയിക്കുന്ന രീതിയാണ് തോമസിന്റെ ഫാമിൽ. നാനൂറിനടുത്ത് പിടക്കോഴികളും അമ്പതോളം പൂവന്മാരും മാതൃ–പിതൃശേഖരമായുള്ള ഈ ഫാമിൽ ഒരു സമയം 30–40 കോഴികൾ  അടയിരിക്കുന്നുണ്ടാവും. വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങളെ മൂന്നു ദിവസം കൂടി അമ്മച്ചിറകിനു കീഴെ പരിപാലിച്ച ശേഷമാണ് വിൽപന.

നാലു ദിവസം മാത്രം പ്രായമുള്ള നാടൻകുഞ്ഞൊന്നിന് 200 രൂപയാണ് വില. എല്ലാ ബാച്ചിൽനിന്നും കുറെ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കും. 3 വർഷം പിന്നിടുന്നതോടെ ഒരു ബാച്ച് മാതൃ ശേഖരത്തെ ഒഴിവാക്കും. പുതിയവ അപ്പോഴേക്കും വളർച്ചയെത്തും. പേരന്റ്സ് സ്റ്റോക്കിലെ ലക്ഷണമൊത്തവയെ തേടിയും ആവശ്യക്കാർ ഒട്ടേറെയെന്ന് തോമസ്. തൂവൽതൊപ്പിയുള്ള പുള്ളിപ്പൂവൻകോഴിക്ക് 1500 രൂപയിൽ തുടങ്ങും വില. അവയിൽത്തന്നെ അഴകേറിയവയുടെ വിലയാണ് 3000 വരെയെത്തുന്നത്. ശരാശരി ഒന്നര കിലോ മാത്രം ഇറച്ചിത്തൂക്കം വരുന്ന നാടൻകോഴിക്ക് ഈ വില കിട്ടണമെങ്കിൽ അത് അലങ്കാരക്കോഴി എന്ന പദവിയിലേക്ക് ഉയർന്നതിന്റെ ഫലം തന്നെ. ഓൾഡ് ലൈനേജിനുമുണ്ട് ശരാശരി 800 രൂപ വില.

അഴിച്ചുവിട്ട് വളർത്തുന്നവയ്ക്ക് ആരോഗ്യവും പ്രതിരോധശേഷിയും കൂടുമെന്നതിൽ സംശയമില്ല. അതേസമയം എണ്ണം കൂടുമ്പോൾ രോഗസാധ്യതയും വർധിക്കും. ആരോഗ്യകരമായ തീറ്റ, വൃത്തിയുള്ള കൂട്. കാര്യക്ഷമമായ പരിപാലനം എന്നിവയുടെ പ്രാധാന്യം ഇവിടെയാണ്. ഇക്കാര്യത്തിൽ തോമസിന് തെല്ലും വീട്ടുവീഴ്ചയില്ല. നെല്ല്, വാഴപ്പിണ്ടി അരിഞ്ഞത്, തേങ്ങാപ്പിണ്ണാക്ക്, ഗോതമ്പ്, ഗോതമ്പുതവിട്, പുല്ല്, ഔഷധഗുണമുള്ള ഇലകൾ എന്നിവയെല്ലാം ചേർന്ന മികച്ച തീറ്റയാണ് കോഴികൾക്കായി നിത്യവും തയാറാക്കുന്നത്. വിരയിളക്കാനുള്ള മരുന്ന് കൃത്യമായി നൽകും.

അഴിച്ചുവിട്ട് വളർത്തുന്ന കോഴികൾക്ക് സൗകര്യപ്രദമായിരുന്ന് മുട്ടയിടാനായി ചെറിയ തട്ടുകളും അറകളും ക്രമീകരിച്ചിട്ടുണ്ട്. രാത്രിയിൽ മാത്രമാണവ കൂട്ടിലെത്തുക. എങ്കിൽപ്പോലും കൂട്ടിൽ വിരിക്കുന്ന അറക്കപ്പൊടി രണ്ടാഴ്ച കൂടുമ്പോൾ നീക്കി പുതിയത് വിരിച്ച് കൂട് വൃത്തിയുള്ളതായി നിലനിർത്തും. കോഴിവളർത്താൻ താൽപര്യപ്പെട്ട് എത്തുന്നവർ ഇതിനൊക്കെ സമയവും മനസ്സും കണ്ടെത്തണം.

ലോക്ഡൗണിൽ വീട്ടിലിരിപ്പ് നീണ്ടതോടെ ചന്തമേറിയ നാടൻകോഴികളെ അരുമയായി വളർത്താൻ താൽപര്യപ്പെടുന്നവരുടെ എണ്ണം വർധിച്ചെന്ന് സജിൻ. പ്രവാസശേഷം ഇതൊരു സംരംഭമാക്കാൻ തുനിയുന്നവരും ഏറെ.  മുട്ടയ്ക്കും ഇറച്ചിക്കുമായുള്ള നാടൻകോഴി വളർത്തൽ, സംരംഭമെന്ന രീതിയിൽ കേരളത്തിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. എന്നാൽ അലങ്കാരക്കോഴി എന്ന നിലയിൽ നാടൻകോഴിക്കുള്ള  മൂല്യം സ്ഥിരതയിലേക്ക് എത്തുന്നതേയുള്ളൂ. ഉറപ്പുള്ള വിപണിയായി വളരുന്നതിന് അനുസരിച്ചു മാത്രമേ ഈ രംഗത്തു വലിയ മുതല്‍മുടക്കിനു തുനിയാവൂ എന്ന് സജിൻ. ഒന്നിന് ആയിരവും രണ്ടായിരവും മുടക്കി നൂറും ഇരുനൂറും എണ്ണത്തെ  ഒരുമിച്ചു വാങ്ങാൻ ആവേശപ്പെട്ട് എത്തുന്ന പുതു സംരംഭകരോട് സ്നേഹബുദ്ധ്യാ തോമസും സജിനും ഇതോർമിപ്പിക്കുന്നുമുണ്ട്.

ഫോൺ: 9048584921 

English summary: Importance of Indigenous Breeds of Chicken 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA