ജന്മനാടിന്റെ വെച്ചൂർ പശുക്കൾക്ക് കാവലും കരുതലും; വിഷ്ണുവിനിത് അർഹതയ്ക്കുള്ള അംഗീകാരം

HIGHLIGHTS
  • നാടിന്റെ പൈതൃകത്തെ കാത്തുസൂക്ഷിച്ച കരുതൽ
vishnu-vechur
വിഷ്ണുവും കുടുംബാംഗങ്ങളും ഗോശാലയ്ക്കു മുന്നിൽ
SHARE

തനത് വളര്‍ത്തുമൃഗജനുസുകളുടെയും ഇനങ്ങളുടെയും വംശസംരക്ഷണത്തിനായി മാതൃകാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നല്‍കുന്ന 2019ലെ സംസ്ഥാനതല പുരസ്കാരം ഇത്തവണ കോട്ടയം വൈക്കം വെച്ചൂര്‍ വേളത്തറ സ്വദേശി വി.എസ്. വിഷ്ണുവിനാണ്. വെച്ചൂര്‍ എന്ന നാടിന്റെ യശസ് ലോകത്തോളം ഉയര്‍ത്തിയ തനത് പശുജനുസായ വെച്ചൂര്‍ പശുക്കളുടെ പരിരക്ഷണത്തിനുവേണ്ടി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടരുന്ന പരിശ്രമങ്ങളാണ് ഈ യുവാവിനെ അംഗീകാരത്തിനര്‍ഹനാക്കിയത്.  ഓട്ടോറിക്ഷാ  തൊഴിലാളിയായ വിഷ്ണു തന്റെ ജോലിക്കൊപ്പം തന്നെയാണ് വെച്ചൂര്‍ പശുപരിപാലനവും മുന്നോട്ട് കൊണ്ടുപോവുന്നത്. തന്റെ വരുമാനത്തിൽനിന്നും വലിയ പങ്ക് ചെലവിടുന്നതും വെച്ചൂർ പശുക്കൾക്കുവേണ്ടി തന്നെ.

നാടിന്റെ പൈതൃകത്തെ കാത്തുസൂക്ഷിച്ച കരുതൽ

വേമ്പനാട്ട് കായലിന്റെ കിഴക്കേ തീരഗ്രാമമായ വെച്ചൂരിലും പരിസരപ്രദേശങ്ങളിലും ഉരുത്തിരിഞ്ഞ തനത് കന്നുകാലികളാണ് വെച്ചൂർ പശുക്കൾ. മൂന്നടിയില്‍ കുറഞ്ഞ ഉയരവും ഒറ്റ നിറവും കൊമ്പറ്റത്തുനിന്നു വെള്ളം കണ്ണുകളിലേക്ക് ഇറ്റുവീഴാൻ പാകത്തിന് വളഞ്ഞ കൊമ്പുകളും നിലത്തറ്റം മുട്ടുന്നത്ര നീളമുള്ള വാലും മുതുകിൽ നല്ല രീതിയിൽ പ്രകടമായ പൂഞ്ഞിയും കഴുത്തിൽ ഇളകിയാടുന്ന വലിയ താടയുമുള്ള ഈ തനത് കാലികൾ വെച്ചൂർ മേഖലയിൽ ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്നു. ടി.കെ. വേലുപിള്ളയുടെ 1940ല്‍ പ്രസിദ്ധീകരിച്ച ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ എന്ന ചരിത്രഗ്രന്ഥത്തില്‍ വെച്ചൂര്‍ ദേശത്ത് വലിയ തോതിൽ  ഇത്തരം ചെറിയതും കറവയുള്ളതുമായ പശുക്കള്‍ ഉണ്ടായിരുന്നതായി പരാമർശം ഉണ്ട്. കൃത്രിമബീജദാനം, നാടൻ ഇനങ്ങളെ  പ്രജനനത്തിനായി വളർത്തുന്നത്തിനുള്ള നിയമപരമായ നിരോധനം ഉൾപ്പെടെയുള്ള പലവിധ കാരണങ്ങളാൽ കേരളത്തിലെ മറ്റ് നാടൻ കന്നുകാലികളെ പോലെ കാലക്രമേണ വെച്ചൂർ ഗ്രാമത്തിലെ ഈ തനത് പശുക്കളും വംശനാശത്തിന്റെ വക്കിലെത്തി. 

തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജിൽ ഡോ. ശോശാമ്മ ഐപ്പ് ടീച്ചറുടെയും അവരുടെ വിദ്യാർഥികളുടെയും നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് തുടക്കമിട്ട വെച്ചൂർ പശു പരിരക്ഷണപദ്ധതിയായിരുന്നു വെച്ചൂർ പശുക്കളെ വംശനാശത്തിൽ നിന്നും രക്ഷിച്ചെടുത്തത്. വെച്ചൂർ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയ കുറച്ച് പശുക്കളെയും കാളകളെയും മണ്ണുത്തിയിൽ എത്തിച്ചായിരുന്നു പരിരക്ഷണപ്രവർത്തങ്ങൾക്ക് തുടക്കമിട്ടത്. സർവകലാശാലയിൽ നിരന്തരമായി നടന്നതും ഇപ്പോഴും തുടരുന്നതുമായ ഗവേഷണങ്ങളുടെ ഫലമായി വെച്ചൂര്‍ പശുവിന്‍റെ പേരും പെരുമയും ലോകത്തോളം വളര്‍ന്നു.  ഈ വംശരക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി ദേശീയ തലത്തിൽ ബ്രീഡ് പദവി നേടിയെടുക്കാനും നിരവധി തലമുറ പശുക്കളെ ഉല്‍പ്പാദിപ്പിക്കാനും ആളുകളിലേക്ക്  എത്തിക്കാനും സാധ്യമായി. ലോക ഭക്ഷ്യ കാർഷിക സംഘടന ( Food and agriculture organization ) 2012ൽ പ്രത്യേക പരിരക്ഷണം അനിവാര്യമായ വളർത്തുമൃഗങ്ങളുടെ ജനിതകവൈവിധ്യ രേഖയിൽ വെച്ചൂർ പശുക്കളെ ഉൾപ്പെടുത്തി. ഇന്ന് കേരളത്തിൽ പലഭാഗങ്ങളിലായി വലിയ പ്രാധാന്യത്തോടെ വെച്ചൂർ പശുക്കളെ പരിപാലിക്കുന്നുണ്ട് .

vishnu-vechur-1

മൂന്നടി മാത്രം ഉയരമുള്ള വെച്ചൂർ പശുക്കളുടെ കീർത്തി ലോകത്തോളം ഉയരുകയും പലനാടുകളിലും അവ അമൂല്യനിധിപോലെ പരിപാലിക്കപ്പെടുകയും ചെയ്യുമ്പോഴും ഈ തനത് പശുക്കൾ അവയുടെ ഉറവിടകേന്ദ്രവും വംശഭൂമികയുമായ വെച്ചൂർ എന്ന നാട്ടിൽ നിന്നും നാമാവശേഷമാവുകയാണെന്ന വേദനയിലും തിരിച്ചറിവിലും നിന്നാണ് വിഷ്‌ണു വെച്ചൂർ പശുക്കളെ പരിപാലിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. വെച്ചൂർ പശുക്കളെ അവയുടെ ഉറവിടത്തിൽ തന്നെ പരിരക്ഷിച്ച് നാടിന്റെ ജീവപൈതൃകത്തെ വീണ്ടെടുക്കാനായിരുന്നു പിന്നീട് ഈ യുവാവിന്റെ പരിശ്രമം. ക്ഷീരകർഷകനായിരുന്ന പിതാവ് വി.ആര്‍. സലീമായിരുന്നു പശുവളര്‍ത്തലില്‍ വിഷ്ണുവിന് വഴികാട്ടി. ജനുസിന്റെ ലക്ഷണങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒരു പശുവിനെ നാട്ടിൽ നിന്നുതന്നെ വാങ്ങി വളർത്തിയിരുന്നു വെച്ചൂർ പശുപരിപാലനത്തിലേയ്ക്ക് വിഷ്‌ണു ചുവടുവച്ചത്. അന്ന് വെച്ചൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വെച്ചൂർ പശു പുനരുദ്ധാരണപദ്ധതിയും വിഷ്ണുവിന് പ്രോത്സാഹനമായി. ഈ യുവാവിന്റെ വെച്ചൂർ പശു പരിരക്ഷണപ്രവർത്തനങ്ങൾ ഇന്ന് ഒന്നരപതിറ്റാണ്ട് പിന്നിടുമ്പോൾ രണ്ട് വെച്ചൂർ കാളകൾ ഉൾപ്പെടെ പന്ത്രണ്ട് വെച്ചൂർ കാലികൾ വിഷ്ണുവിന്റെ സംരക്ഷണത്തിലുണ്ട്.

വെച്ചൂർ പശുക്കൾക്ക് ജൈവപരിപാലനം 

വെച്ചൂര്‍ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി വിശാലമായ ഒരു തൊഴുത്ത് വീടിനോട് ചേർന്ന് പണികഴിപ്പിച്ചിട്ടുണ്ട്. എങ്കിലും പശുക്കളെ തൊഴുത്തില്‍ കെട്ടിയിട്ട് വളര്‍ത്തുന്നത് അപൂർവം. വീടിന് സമീപമുള്ള പാടത്ത് അഴിച്ചുവിട്ടാണ് പകൽ കൂടുതല്‍ സമയവും പരിപാലിക്കുന്നത്. സ്വതന്ത്രമായി മേഞ്ഞുനടന്ന് പച്ചപ്പുല്ല് മതിവരുവോളം തിന്ന് വെച്ചൂര്‍ പശുക്കളും കിടാക്കളും വയറ് നിറയ്ക്കും. കൂടാതെ ഗോതമ്പിന്റേയോ, നെല്ലിന്റേയോ, ഉഴുന്നിന്റേയോ തവിട് ഒരു പശുവിന് അരക്കിലോ എന്ന കണക്കിൽ ദിവസം രണ്ട് നേരമായി നല്‍കുകയും ചെയ്യും. മറ്റ് കാലിത്തീറ്റകള്‍ ഒന്നും തന്റെ പശുക്കള്‍ക്ക് വിഷ്ണു നല്‍കാറില്ല. കേരള കന്നുകാലി വികസനബോര്‍ഡ് ലഭ്യമാക്കുന്ന മേല്‍ത്തരം വെച്ചൂര്‍ കാളകളുടെ ഗാഢശീതീകരിച്ച ബീജമാത്രകളെയായിരുന്നു പശുക്കളുടെ പ്രജനനത്തിനായി ആദ്യകാലങ്ങളില്‍ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ വെച്ചൂർ പശുക്കളെ ഇണചേർക്കാൻ ജനുസിന്റെ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ മേല്‍ത്തരം വെച്ചൂർ കാളകള്‍ വിഷ്ണുവിന്റെ ഗോശാലയിലുണ്ട്. ലക്ഷണമൊത്ത വെച്ചൂര്‍ കാളയെ ബീജശേഖരണത്തിനുവേണ്ടി കേരള കന്നുകാലി വികസന ബോർഡിന്റെ വെച്ചൂര്‍ പരിരക്ഷണകേന്ദ്രത്തിലേക്ക് ഈയിടെ വിഷ്ണു കൈമാറിയിരുന്നു.

വിഷ്ണുവിന്റെ ലക്ഷ്യം വിപുലമായ വെച്ചൂർ ഗോശാല

വെച്ചൂർ പശു പരിപാലനത്തിൽ സാമ്പത്തികനേട്ടമല്ല വിഷ്ണുവിന്റെ ലക്ഷ്യമെങ്കിലും ചെറുതല്ലാത്ത ആദായവും ഈ പശുക്കളിൽ നിന്നും ഈ യുവാവിന് ലഭിക്കുന്നുണ്ട്. വെച്ചൂർ പശുവിന്റെ പാലിനും പാലിൽ നിന്നുള്ള ഉപോൽപന്നങ്ങൾക്കും ആവശ്യക്കാർ ഇന്ന് ഒരുപാടുണ്ടെന്നാണ് വിഷ്ണുവിന്റെ അനുഭവം. മരുന്നുകൂട്ടുകളില്‍ ചേർക്കുന്നതിനായി വെച്ചൂര്‍ പശുവിന്റെ പാല്‍ തേടി ദൂരെദിക്കുകളില്‍ നിന്നും ആളുകള്‍ വിഷ്ണുവിന്റെ വെച്ചൂർ ഗോശാലയിൽ എത്തുന്നുണ്ട്.  വെച്ചൂര്‍ പശുവിന്റെ പാല്‍ ലീറ്ററിന് നൂറു രൂപയ്ക്കാണ് ആവശ്യക്കാർക്ക് നൽകുന്നത്. നെയ്യ് കിലോയ്ക്ക്  രണ്ടായിരം രൂപയ്ക്കാണ് വിൽക്കാറുള്ളതെങ്കിലും ആവശ്യക്കാരേറെ. പശുക്കളുടെ ചാണകവും മൂത്രവുമെല്ലാം സ്വന്തം  കൃഷിയിടത്തിൽ ഉപയോഗപ്പെടുത്തും. ഒരു വയസ്സ് പ്രായമായ കിടാക്കളെ പതിനയ്യായിരം രൂപ നിരക്കില്‍ വില്‍പ്പനയും നടത്താറുണ്ട്.  ഇനിയുള്ള വര്‍ഷങ്ങളില്‍ പശുക്കിടാക്കളുടെ വില്‍പ്പന ഒഴിവാക്കി തന്റെ ഫാമിലെ വെച്ചൂര്‍ പശുക്കളുടെ എണ്ണം വിപുലമാക്കണമെന്നാണ് വിഷ്ണുവിന്റെ ആഗ്രഹം.  

വിഷ്ണുവിന്റെ വെച്ചൂര്‍ പശുപരിപാലനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സമപ്രായക്കാരായ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഇപ്പോള്‍ വെച്ചൂര്‍ പശുപരിപാലനത്തിനായി മുന്നോട്ട് വന്നിട്ടുണ്ട് അഞ്ചു സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ഒരാള്‍ക്ക് പോലും ഒരു നാടന്‍പശുവിനെ എളുപ്പത്തില്‍ തുച്ഛമായ ചെലവില്‍ പരിപാലിക്കാന്‍ കഴിയുമെന്നും വീട്ടിലേക്കാവശ്യമായ പാലും ജൈവകൃഷിക്കാവശ്യമായ ചാണകവും, മൂത്രവുമെല്ലാം കിട്ടുമെന്നും വിഷ്ണു പറയുന്നു. നാടൻ പശുക്കളോടൊപ്പം രണ്ട്  കുതിരകള്‍, പിഗ്മി ഇനത്തില്‍പ്പെട്ട അലങ്കാര ആടുകള്‍, നാടന്‍ കോഴികള്‍, എന്നിവയുടെ പരിപാലനവും വിഷ്ണുവിനുണ്ട്. ഈ യുവാവിന്റെ സഹജീവിസ്നേഹത്തിനും   മൃഗപരിപാലനപ്രവർത്തനങ്ങൾക്കും പിന്തുണയുമായി അച്ഛൻ വി. ആർ. സലീമും അമ്മ കുസുമവും ഭാര്യ അഞ്ജനയും രണ്ട് വയസുള്ള മകൻ അതുല്‍കൃഷ്ണയും ഒപ്പമുണ്ട്. 

വിലാസം:  

വി.എസ്. വിഷ്ണു,ഇടയാഴം, വൈക്കം, കോട്ടയം.

ഫോൺ: 999 570 2162

English summary: Vechur cow farmer

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA