എസി കൂപ്പയിൽ യാത്ര ചെയ്ത് ജൂലി എന്ന നായ; അരുമകളെയും ട്രെയിനിൽ കൊണ്ടുപോകാം

HIGHLIGHTS
  • ട്രെയിനിൽ രണ്ടു രീതിയിലാണ് അരുമകളെ കൊണ്ടുപോകാവുന്നത്
  • ഭാരവും ദൂരവും അനുസരിച്ചു നിരക്കിൽ മാറ്റം വരും
dog-in-train
സരിതയും ജൂലിയും ട്രെയിനിൽ
SHARE

ട്രെയിനുകളിൽ അരുമകളെയും കൊണ്ടുപോകാൻ ഉടമകൾക്ക് കഴിയും. ഇക്കാര്യം അധികമാർക്കും അറിയില്ലെന്നുള്ളത് വസ്തുതയാണ്. നായ്ക്കളെയൊക്കെ സാധാരണ ഏറ്റവും പിന്നിലെ ലഗേജ് റൂമിലെ പ്രത്യേക കൂട്ടിലാണ് ട്രയിനുകളിൽ കൊണ്ടുപോകുക. എന്നാൽ, ദൂരയാത്രകളിൽ അത് ഉടമകൾക്കും അരുമകൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. അതുകൊണ്ടുതന്നെ, ഉടമയ്ക്കൊപ്പംതന്നെ നായ്ക്കളെ കൊണ്ടുപോകാനുള്ള സൗകര്യവും ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുണ്ട്. തന്റെ വളർത്തുനായ ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ജൂലിയെ ട്രിയിനിൽ കൊണ്ടുപോയ അനുഭവം പറയുകയാണ് ഇപ്പോൾ ഡെറാഡുണിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ സരിത പിള്ള. സരിത കർഷകശ്രീയുമായി പങ്കുവച്ച വിവരങ്ങൾ ചുവടെ, 

നമുക്ക് എല്ലാ അരുമകളെയും ട്രെയിനിൽ കൊണ്ടുപോകാൻ കഴിയും. ട്രെയിനിൽ രണ്ടു രീതിയിലാണ് അരുമകളെ കൊണ്ടുപോകാവുന്നത്. ഒന്ന് നമ്മുടെ കൂടെ ഫസ്റ്റ് എസി കൂപ്പയിൽ അല്ലെങ്കിൽ ഗാർഡ് റൂമിന് അടുത്ത് ലഗേജ് പോലെ കൊണ്ടുപോകാം. ദൂരെ യാത്ര ആണെങ്കിൽ അത് ഉടയ്ക്കും അരുമയ്ക്കും ഒരുപോലെ ബുദ്ധിമുട്ടാകും. ടോയ്‌ലെറ്റ് സൗകര്യവും ഭക്ഷണവുമെല്ലാം ബുദ്ധിമുട്ടാകും. 

അരുമയുടെ ഉടമ ആദ്യം ഫസ്റ്റ് എസി ടിക്കറ്റ് എടുക്കണം. അരുമയ്ക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കണ്ട, കൊണ്ടുപോകുന്ന ആൾക്ക് മാത്രം മതി. അടുത്ത ഘട്ടത്തിൽ റെയിൽവേ കൊമേഴ്സ്യൽ മാനേജർക്ക് ഒരു അപേക്ഷ സമർപ്പിക്കണം (നമ്മൾ യാത്ര ചെയ്യുന്ന ട്രെയിൻ എവിടെ നിന്നാണോ യാത്ര തുടങ്ങുന്നത് – അതായത് ട്രെയിൻ ചാർട്ട്  തയാറാക്കുന്ന സ്റ്റേഷൻ – അവിടെയുളള കൊമേഴ്സ്യൽ മാനേജർക്ക് വേണം അപേക്ഷ സമർപ്പിക്കാൻ. ഇതിൽ എന്തെങ്കിലും അവ്യക്തത തോന്നിയാൽ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ചോദിച്ചാൽ അറിയാൻ കഴിയും). നായയെ കൊണ്ടുപോകുന്നു കൂപ്പ വേണം എന്നു പറഞ്ഞു കൊടുക്കുന്ന അപേക്ഷയുടെ കൂടെ റെയിൽവേ  ടിക്കറ്റിന്റെ പകർപ്പ്,  നായയുടെ വാക്‌സിനേഷൻ എടുത്ത കാർഡിന്റെ പകർപ്പ്, വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ പകർപ്പ്, ഉടമയുടെ (യാത്ര ചെയ്യുന്ന ആൾ) ആധാർ കാർഡിന്റെ പകർപ്പ് എന്നിവകൂടി വയ്ക്കണം.

യാത്ര ചെയ്യുന്ന ദിവസം കുറച്ചു നേരത്തെ ഇറങ്ങണം.  ചാർട്ട് തയാറായ ശേഷം റെയിൽവേ പാർസൽ ഓഫീസിൽ പോയി നേരത്തെ പറഞ്ഞ തെളിവുകൾ എല്ലാം അവിടെ കാണിക്കണം. അവർ നായയുടെ ഭാരം, യാത്ര ചെയ്യേണ്ട ദൂരം എന്നിവ കണക്കാക്കി ടിക്കറ്റ് തരും. ഭാരവും ദൂരവും അനുസരിച്ചു നിരക്കിൽ മാറ്റം വരും. ട്രെയിനിൽ കയറി ടിടിഇ വരുമ്പോൾ ഉടമയുടെ ടിക്കറ്റിന്റെ കൂടെ നായയുടെ ടിക്കറ്റും കാണിക്കണം.  

ടോയ്‌ലറ്റിനുവേണ്ടി നായയെ പുറത്തുകൊണ്ടുപോകുകയാണ് ഞാൻ ചെയ്തത്. ട്രെയിനിന് അകത്തെ ടോയ്‌ലറ്റ് നായയ്ക്കുവേണ്ടി ഉപയോഗിച്ചില്ല. സ്റ്റേഷനിൽ നിർത്തിയപ്പോൾ പുറത്തു കൊണ്ടുപോയി. ഫസ്റ്റ് എസി കംപാർട്ട്മെന്റ് ഒന്നുകിൽ ഏറ്റവും പിറകിൽ അല്ലെങ്കിൽ മുൻപിൽ ആകും. അതിനാൽ പുറത്തു കൊണ്ടുപോകാൻ ബുദ്ധിമുട്ട് വരില്ല. എല്ലാ യാത്രക്കാരും നമ്മെപ്പോലെ മൃഗസ്നേഹികൾ ആകണമെന്നില്ല. അതിനാൽ ആരെങ്കിലും പരാതി പറഞ്ഞാൽ നമുക്ക് നായയെ ഗാർഡ് റൂമിലേക്ക് മാറ്റേണ്ടി വരും. അതിനാൽ അകത്തെ ടോയ്‌ലറ്റ് ഉപയോഗിക്കുക എന്ന അപകടസാധ്യത ഞാൻ എടുത്തില്ല. പുറത്തു കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ അരുമകൾക്കുള്ള ഡയപ്പറുകളും ഉപയോഗിക്കാം.‌

എന്റെ ഒപ്പം സീറ്റിലാണ് ജൂലി ഇരുന്നത്. അതുകൊണ്ട് സീറ്റിൽ വിരിക്കാൻ പ്രത്യേക തുണിയും ഞാൻ കയ്യിൽ കരുതിയിരുന്നു. 

വിഡിയോ കാണാം

English summary: How to Carry Your Pet in Train Rules and Charges

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA