ഫ്ലാറ്റുകളിൽ അരുമകളെ വളർത്താൻ പാടില്ല! പൊട്ടിത്തെറിച്ച് പക്ഷിപരിപാലകൻ

HIGHLIGHTS
  • ഗൃഹനാഥന്റെയും ഭാര്യയുടെയും മക്കളുടെയും മാനസികാവസ്ഥ ഞെട്ടിച്ചുകളഞ്ഞു
  • ഉടമകളുടെ ശബ്ദം കേൾക്കുമ്പോൾത്തന്നെ തത്ത വലിയ സന്തോഷത്തിലാകും
parrot-problem
SHARE

കേരളത്തിൽ അരുമപരിപാലനത്തിന് ഏറെ പ്രചാരം ലഭിച്ച നാളുകളാണ് കോവിഡ് കാലം. അലങ്കാര പക്ഷി, മൃഗ പരിപാലനമേഖല മുൻപെങ്ങുമില്ലാത്ത രീതിയിൽ വളർന്ന കാലം. കേരളത്തിലെ കർഷകർക്ക് മികച്ച വരുമാനം നേടിക്കൊടുത്ത കാലവുമാണിത്. ലോക്ഡൗൺ കാലത്ത് ഫ്ലാറ്റുകളിലെ വിരസത അകറ്റാൻ പലരും സ്വീകരിച്ച മാർഗം പക്ഷികളെയും മൃഗങ്ങളെയും മത്സ്യങ്ങളെയുമൊക്കെ കൂടെക്കൂട്ടുക എന്നതാണ്. ഇത്തരത്തിൽ ഫ്ലാറ്റിലെ ജീവിതത്തിൽ പക്ഷികളെയും മൃഗങ്ങളെയുമൊക്കെ കൂടെക്കൂട്ടിയ പലർക്കും അവിടങ്ങളിലെ അസോസിയേഷനുകളിൽനിന്ന് ദുരനുഭവം നേരിടുന്നത് പതിവായിട്ടുണ്ട്. ഏതാനും നാളുകൾക്കു മുൻപ് എറണാകുളം കലൂരിലെ ഫ്ലാറ്റിൽ നായയെ വളർത്തിയതിന്റെ പേരിൽ ഓട്ടോമൊബൈൽ ജേർണലിസ്റ്റായ റോഷൻ ജോസഫിനെതിരേ കയ്യേറ്റം നടക്കുകവരെ ചെയ്തിരുന്നു. ഇതിന്റെ പിന്നാലെ ഹൈക്കോടതി കേസിൽ ഇടപെടുകയും ഫ്ലാറ്റുകളിൽ അരുമകളെ വളർത്തുന്നത് വിലക്കാൻ ആർക്കും അധികാരമില്ലെന്ന് പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സമാന പ്രശ്നം പക്ഷിപ്രേമികൾക്കു മുൻപിൽ പങ്കുവയ്ക്കുകയാണ് കേരളത്തിലെ പക്ഷിപരിപാലകരിൽ പ്രമുഖനായ വി.എം. രജ്‍ഞിത്ത്. ഒരു ഫ്ലാറ്റിൽ ഒരു കുടുംബത്തിന്റെ അരുമയായി ജീവിച്ചുപോന്നിരുന്ന പൈനാപ്പിൾ കോന്യൂർ ഇനത്തിൽപ്പെട്ട തത്തയുടെ കാര്യം പങ്കുവച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫ്ലാറ്റിലെ അസോസിയേഷന്റെ നിർബന്ധപ്രകാരം പക്ഷിയെ ഒഴിവാക്കേണ്ടിവന്ന സാഹചര്യത്തിലാണ് പക്ഷിയുടെ ഉടമ രഞ്ജിത്തിനെ വിളിക്കുന്നത്. അതിനെ മറ്റാർക്കും കൊടുക്കാതെ പരിപാലിക്കണമെന്നും അതിനുള്ള ചെലവ് അവർ തന്നുകൊള്ളാമെന്ന് പറഞ്ഞതായും രഞ്ജിത് കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയിൽ പറയുന്നു. പക്ഷിയെ പിരിയുന്നതിൽ കുട്ടികൾക്കുണ്ടായ സങ്കടവും അവരുടെ കരച്ചിലും തന്നെയും കരയിപ്പിച്ചു. ചെറിയൊരു പക്ഷി മറ്റുള്ളവർക്ക് എന്തു പ്രശ്നമാണ് ഉണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും വിഡിയോയിൽ രോഷത്തോടെ രഞ്ജിത്ത് പറയുന്നു. 

parrot-problem-1

ഒരു പക്ഷിയെ ബോർഡിങ്ങിലേക്ക് എടുക്കുന്ന ലാഘവത്തോടെയാണ് താൻ അവരുടെ ഫ്ലാറ്റിലെത്തിയതെന്ന് രഞ്ജിത്ത് കർഷകശ്രീയോടു പറഞ്ഞു. എന്നാൽ, ഗൃഹനാഥന്റെയും ഭാര്യയുടെയും മക്കളുടെയും മാനസികാവസ്ഥ തന്നെ ഞെട്ടിച്ചുകളഞ്ഞു. ഫ്ലാറ്റിലെ അസോസിയേഷനുമായി സംഘർഷത്തിന് താൽപര്യമില്ലാത്തതിനാലാണ് പക്ഷിയെ തനിക്ക് കൈമാറിയത്. എന്നും അവർ വിളിക്കും. ഉടമകളുടെ ശബ്ദം കേൾക്കുമ്പോൾത്തന്നെ തത്ത വലിയ സന്തോഷത്തിലാകും. മാത്രമല്ല, അവരുടെ ശബ്ദം കേൾക്കുമ്പോൾത്തന്നെ തത്ത  ഇളയ കുട്ടിയുടെ പേര് വിളിക്കുമെന്നും രഞ്ജിത്ത് പറയുന്നു. അതുതന്നെ ആ കുടുംബവുമായി അത്ര അടുത്ത ബന്ധമാണ് തത്തയ്ക്കുള്ളതെന്നതിന്റെ തെളിവാണ്. ഇടയ്ക്ക് കൊണ്ടുവന്ന് കാണിക്കാമെന്ന ഉറപ്പിന്മേലാണ് അദ്ദേഹം മക്കളെ സമാധാനിപ്പിച്ചിരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

പല ഫ്ലാറ്റുകളിലും പക്ഷികളെയോ മൃഗങ്ങളെയോ വളർത്താൻ അനുവദിക്കാറില്ലെന്നു പറഞ്ഞു രംഗത്തെത്തിയവും ഏറെയുണ്ട്. പക്ഷികളോടും മൃഗങ്ങളോടുമുള്ള ഇഷ്ടം ഫ്ലാറ്റിൽ താമസിക്കുന്നതിന്റെ പേരിൽ ആഗ്രഹം മാത്രമായി മനസിൽ കൊണ്ടുനടക്കുന്നവരും ഏറെയുണ്ടെന്ന് വിഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ കാണാം.

രഞ്ജിത് പങ്കുവച്ച വിഡിയോ ചുവടെ

English summary: Banning Pets in Apartment Complexes Is Illegal

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA