ADVERTISEMENT

അരുമകളെ വളർത്തുന്നതിന് ലൈസൻസ് പലയിടത്തും നിർബന്ധമാണ്. വളർത്തുനായ്ക്കൾക്കാണ് പ്രധാനമായും ലൈസൻസ് ആവശ്യം. ലൈസൻസ് അപേക്ഷാ നടപടികൾ ലളിതമാണെങ്കിലും ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വീടിനുള്ളിൽ നായ്ക്കളെ വളർത്തുന്ന പെറ്റ് പേരന്റുകൾക്ക് ലൈസൻസ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. പെറ്റ് പേരന്റുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വെറ്ററിനറി ഡോക്ടർമാരായ ഡോ. കിഷോർകുമാറും ഡോ. സോണികയും പങ്കുവയ്ക്കുന്നു.

ഒരു പെറ്റ് പേരന്റ് കഴിഞ്ഞ ദിവസം ക്ലിനിക്കിൽ വന്നു. സാക് എന്നാണ് അവരുടെ നായക്കുട്ടന്റെ പേര്. 3 വയസ്സുള്ള ഒരു പാവം.  അവർക്ക് അവൻ ജീവനാണ്, ഫാമിലി ആണ്. സംസാരത്തിനിടയിൽ സാക്കിന്റെ ഉടമ ഒരു കാര്യം പറഞ്ഞു. പെറ്റ് ലൈസൻസ്  എടുക്കുന്നതിനെ കുറിച്ചാണ്. അവർക്ക് ലൈസൻസ് എടുക്കാൻ പോയപ്പോഴുള്ള നൂലാമാലകളെ കുറിച്ചാണ് പറയാൻ ഉണ്ടായിരുന്നത്. നേരെചൊവ്വേ നിയമം പാലിക്കാൻ ലൈസൻസിങിനു പോകുമ്പോൾ ഓരോ മുരട്ട് ന്യായങ്ങൾ പറഞ്ഞു അത് നിഷേധിക്കപെടുകയാണ്. വീടിനുള്ളിൽ വളർത്തുന്നു എന്ന കാരണത്താൽ (വീടിനു പുറത്ത് കൂട്ടിലിടാത്തതിനാൽ) ലൈസൻസ് കൊടുക്കാൻ തടസ്സമുണ്ടത്രേ! കാലം കുറച്ചു മുന്നോട്ടു പോയി എന്നറിയില്ലേ? 

തിരുവനന്തപുരത്ത് ബ്രൂണോ എന്ന സാധു നായ അതിക്രൂരമായി കൊലചെയ്യപ്പെട്ടതും തൃക്കാക്കരയിലെ കൂട്ടകുരുതിയും  തുടർന്നുള്ള കോടതി ഇടപെടലുകളും പെറ്റ്സിന്റെ ലൈസൻസിങ്ങിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ നായ്ക്കളിലെ ലൈസൻസിങ് എന്ന നിയമം പണ്ടുമുതലേയുണ്ട്. കേരള മുനിസിപ്പൽ ആക്ട് 437, 438 എന്നിവയാണ് നായകളുടെ പരിപാലനവും ലൈസൻസിങ് എന്നിവയെ പ്രതിപാദിക്കുന്നത്. എന്നാൽ 2001ലെ എബിസി ഡോഗ് റൂൾസ്‌, തുടർന്ന് മറ്റു കോടതി ഉത്തരവ് പ്രകാരം മേൽപ്പറഞ്ഞ ചട്ടങ്ങൾ ഭാഗികമായി റദ്ദാക്കപ്പെട്ടതാണ്.

ഇപ്പോഴത്തെ കോടതി ഉത്തരവ് പ്രകാരം ആർക്കും ഒരു പെറ്റിനെ ഉത്തരവാദിത്തത്തോടെ എവിടെ വേണമെങ്കിലും വളർത്താമെന്നിരിക്കെ ഈ ചട്ടങ്ങൾ സർക്കാർ ഉത്തരവ് പ്രകാരം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ ചട്ടങ്ങൾ പറഞ്ഞു ലൈസൻസ് നിഷേധിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമായ പ്രവണത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുമുണ്ട്. വീടിനുള്ളിൽ വളർത്തുന്ന അരുമകളുടെ കാര്യത്തിൽ അടച്ചിട്ടു വളർത്താൻ കൂടില്ല എന്നു പറഞ്ഞ് എങ്ങനെയാണ് ലൈസൻസ് നിഷേധിക്കാൻ ആവുക? ഇപ്പോൾ ഞങ്ങളുടെ അടുത്ത് അരുമകളുമായി എത്തുന്നവർ (pet parents) 90% അരുമകളെയും അകത്തളങ്ങളിൽ വളർത്തുന്നവരാണ്. മാറി വരുന്ന സാമൂഹിക പശ്ചാത്തലം ഉൾക്കൊണ്ടുകൊണ്ട് നിയമങ്ങളിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോൾ ലൈസൻസ് കൊടുക്കുന്ന സങ്കീർണമായ അവസ്ഥയിൽ (എട്ടിൽപ്പരം ടേബിളുകളിൽ ഫയൽ പോകേണ്ട അവസ്ഥ) നിന്നും മാറി ഏക ജാലക സംവിധാനം ഒരുക്കേണ്ടതാണ്. ഇതിനായി മൈക്രോ ചിപ്പ് ഘടിപ്പിച്ചുള്ള ലൈസൻസിങ് ഏർപ്പെടുത്തുകയാണെങ്കിൽ പെറ്റ്സിനെക്കുറിച്ചുള്ള വ്യക്തമായ ഒരു ഡാറ്റാ ബേസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടാകുകയും ചെയ്യും.

English summary: License for domestic animals and pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com