ADVERTISEMENT

ഇന്ന് ലോക നായദിനം. മനുഷ്യനും നായയും ഉറ്റചങ്ങാതിമാരായിട്ടു കുറഞ്ഞത് 15,000 വര്‍ഷങ്ങളെങ്കിലും ആയിട്ടുണ്ടെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് പട്ടണങ്ങളിലും മറ്റും വീടുകള്‍ ഓഫിസുകള്‍ ആയി മാറിയപ്പോള്‍ കൂട്ടുകൂടാന്‍ അരുമമൃഗങ്ങളും ഏറെയായി. 'സിഐഡി മൂസ'യിലെ ജര്‍മന്‍ ഷെപ്പേഡ് നായ അര്‍ജുന്‍ മുതല്‍ അടുത്തിടെ പുറത്തിറങ്ങിയ 'അനുഗ്രഹീതന്‍ ആന്റണി'യിലെ ഗോള്‍ഡന്‍ റിട്രീവറുകളും കന്നട സിനിമ ചാര്‍ലി 777ലെ ലാബ്രഡോറും പോലെ സിനിമകളില്‍ നിറഞ്ഞു നില്‍കുന്ന വിദേശ ബ്രീഡുകള്‍ തന്നെയാണു മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവ.

എന്നാല്‍ വിചാരിക്കുന്നത്ര നിസ്സാരമല്ല ഇവയുടെ പരിചരണം. ഒരു നിമിഷത്തെ ആവേശത്തില്‍ വലിയ തുക മുടക്കി ഇവയെ വാങ്ങുന്നവര്‍ പിന്നീട് എന്തുചെയ്യണമെന്നറിയാതെ ഉപേക്ഷിക്കുന്നു. പ്രായമായി കഴിയുമ്പോള്‍ നായകളെ വഴിയില്‍ ഉപേക്ഷിക്കുന്നവരും കുറവല്ല, അത്തരക്കാരുടെ എണ്ണം അടുത്തിടെ വലിയ തോതില്‍ ഉയര്‍ന്നിട്ടുമുണ്ട്. പലരും വിലകൂടിയ വിദേശ ബ്രീഡുകളുടെ പിന്നാലെ പോകുമ്പോള്‍ മറക്കുന്നത് ഇന്ത്യക്കാരായ മിടുക്കരെയാണ്. രാജപാളയം, കോമ്പൈ, കന്നി, ചിപ്പിപ്പാറ തുടങ്ങിയ ചുണക്കുട്ടികള്‍ മുതല്‍ നമ്മള്‍ തെരുവുനായ്ക്കളെന്നു വിളിക്കുന്ന സങ്കരയിനങ്ങള്‍ വരെയുള്ള ഇനങ്ങളാണു നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്കും ഭക്ഷണരീതിക്കും ഏറ്റവും നന്നായി പൊരുത്തപ്പെടുന്നത്. വളര്‍ത്താനും പരിപാലിക്കാനുമുള്ള ചെലവും കുറവ്.

സ്‌നേഹിച്ചു കൊല്ലുക എന്നു കേട്ടിട്ടില്ലേ? അരുമകളായി വളര്‍ത്തുന്ന നായ്ക്കളുടെ കാര്യത്തില്‍ ചിലപ്പോള്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാകാറുണ്ട്. പ്രത്യേകിച്ചു ഭക്ഷണകാര്യത്തില്‍. സ്‌നേഹം പ്രകടിപ്പിക്കാനായി നമുക്കിഷ്ടമുള്ള ചോക്ലേറ്റും ക്രീം ബിസ്‌കറ്റും മറ്റും നായ്ക്കള്‍ക്കു കൊടുക്കുന്നത് അവരുടെ ജീവനു തന്നെ അപകടകരമായേക്കാം എന്നു തിരിച്ചറിയേണ്ടതുണ്ട്.

നായ്ക്കളെ വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

നായ്ക്കള്‍ക്കു തീറ്റ കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മയില്‍ വയ്ക്കണം

  • ഭക്ഷണ രീതികളും ആവശ്യങ്ങളും ഓരോ ബ്രീഡിനും വ്യത്യസ്തമായിരിക്കും. അവയെ വാങ്ങുന്നതിനോ ദത്തെടുക്കുന്നതിനോ മുന്‍പു തന്നെ ഇതിനെക്കുറിച്ചു വിദഗ്ധരോടു ചോദിച്ചറിയുക. അതുപോലെ, നായ്ക്കള്‍ക്കുള്ള പാക്കറ്റ് ഫുഡ് പൂച്ചകള്‍ക്കും അതുപോലെ തിരിച്ചും കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • മനുഷ്യര്‍ കഴിക്കുന്ന ധാന്യങ്ങളും പച്ചക്കറികളും മറ്റും നല്‍കാമെങ്കിലും നന്നായി വേവിച്ചു കൊടുക്കാന്‍ ശ്രദ്ധിക്കുക.
  • ചോക്ലേറ്റ്, കഫീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍, കൂണ്‍, സവാള, വെളുത്തുള്ളി, നട്‌സ് തുടങ്ങിയവയൊന്നും കൊടുക്കാതിരിക്കുക.
  • പരിശീലനത്തിന്റെ സമയത്തും സ്‌നേഹം പ്രകടിപ്പിക്കാനും മറ്റുമായി നായ്ക്കള്‍ക്കു നല്‍കുന്ന 'ട്രീറ്റ്‌സ്'ലുള്ള മധുരത്തിന്റെ അംശം വളരെ കൂടുതലാണ്. നമുക്ക് അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനായി ആവശ്യത്തിലധികം ഇതു കൊടുക്കുന്നതു നായ്ക്കളില്‍ അമിത വണ്ണത്തിനും പ്രമേഹത്തിനു പോലും കാരണമായേക്കാം.
  • മുള്ളു കളഞ്ഞ മീന്‍ കൊടുക്കുന്നതു നായ്ക്കള്‍ക്കു ഗുണകരമായ ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ സഹായിക്കുന്നു. ഇത് അവരെ ത്വക്‌സംബന്ധമായ രോഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നു.
  • മാംസഭുക്കുകളായതിനാല്‍ പ്രോട്ടീനും ഫാറ്റും (കൊഴുപ്പ്) അടങ്ങിയ ഭക്ഷണമാണ് ഇവര്‍ക്ക് ഏറ്റവും ഉത്തമം.

വിവരങ്ങള്‍ക്കു കടപ്പാട്:

ഡോ. അല്ലി, പ്രഫസര്‍ ആന്‍ഡ് ഹെഡ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് അനിമല്‍ ന്യുട്രീഷ്യന്‍, വെറ്ററിനറി കോളജ്, മണ്ണുത്തി

English summary:  International Dog Day 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com