വരുന്നത് 12 ആംബുലന്‍സുകള്‍കൂടി: ടെലി വെറ്ററിനറി സര്‍വീസ് എല്ലാ ജില്ലകളിലേക്കും

HIGHLIGHTS
  • വ്യാപിപ്പിക്കുന്നത് കൊല്ലം ജില്ലയിലെ വിജയമാതൃക
ambulance
SHARE

പശു, എരുമ തുടങ്ങിയ വലിയ മൃഗങ്ങള്‍ തളര്‍ന്നുവീഴുകയോ എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം കിടപ്പിലാവുകയോ ചെയ്താല്‍ അവയ്ക്ക് യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കര്‍ഷകര്‍ പലപ്പോഴും നേരിടുന്ന പ്രയാസങ്ങള്‍ ചെറുതല്ല. രോഗബാധിതരായ വലിയ മൃഗങ്ങളെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം പോലും പലപ്പോഴും കിട്ടില്ല, വാഹനം ലഭ്യമായാല്‍ തന്നെ കൊണ്ടുപോകാനുള്ള പ്രയാസങ്ങള്‍ ഏറെ. വലിയ മൃഗങ്ങളില്‍ രോഗനിര്‍ണയത്തിനായി സ്‌കാനിങ്ങോ മറ്റ് ലബോറട്ടറി പരിശോധനകളോ നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ അവയെ ആശുപത്രികളില്‍ എത്തിക്കുക എന്നതും മിക്കപ്പോഴും പ്രായോഗികമല്ല. വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടമോ, അത്യാഹിതങ്ങളോ സംഭവിക്കുന്ന അടിയന്തിര സാഹചര്യങ്ങളില്‍ ഓടിയെത്തി ചികിത്സാ സേവനം നല്‍കാന്‍ മൃഗസംരക്ഷണമേഖലയില്‍ ആംബുലേറ്ററി സംവിധാനം എന്നത് ഏറെ കാലമായി മൃഗപരിപാലകരും കര്‍ഷകരും ഉന്നയിക്കുന്ന ഒരാവശ്യമാണ്. വളര്‍ത്തുമൃഗങ്ങളുടെ അടിയന്തിര ചികിത്സയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസങ്ങള്‍ക്കും കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കും ഒരു പരിഹാരമായാണ് മൃഗസംരക്ഷണവകുപ്പിന്റെ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതിയെത്തുന്നത്. അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഫോണ്‍കാളില്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രികളായ ആംബുലേറ്ററി ക്ലിനിക്കുകള്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ ഓടിയെത്തും.

വ്യാപിപ്പിക്കുന്നത് കൊല്ലം ജില്ലയിലെ വിജയമാതൃക

കൊല്ലം ജില്ലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടപ്പിലാക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് ഈ മാതൃക അല്‍പംകൂടി ആധുനീകരിച്ചും വിപുലീകരിച്ചും മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടക്കത്തില്‍ മധ്യകേരളത്തില്‍ എറണാകുളത്തും ഉത്തരകേരളത്തില്‍ കണ്ണൂരുമാണ് ഈ കര്‍ഷകസൗഹൃദപദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ണ്ണസജ്ജമായ വെറ്ററിനറി ആംബുലേറ്ററി യൂണിറ്റുകളുടെ താക്കോല്‍ദാനവും ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വഹിച്ച് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് കഴിഞ്ഞദിവസം പദ്ധതിയുടെ ഔപചാരിക തുടക്കമിട്ടത്. കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യൂണിറ്റിന് ഒരു കോടിയിലധികം രൂപ ചിലവഴിച്ചാണ് ടെലിവെറ്ററിനറി യൂണിറ്റ് സംവിധാനം നടപ്പിലാക്കുന്നത്. 

ambulance-1

ടെലി വെറ്റിനറി യൂണിറ്റില്‍ എക്‌സ്‌റേ മുതല്‍ സ്‌കാനിങ് വരെ ഭാവിയില്‍ എല്ലാ ജില്ലകളിലേക്കും

മൃഗചികിത്സാരംഗത്ത് സര്‍ക്കാര്‍ മേഖലയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലേറ്ററി സംവിധാനം വിപുലമായ രീതിയില്‍ നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഈ വര്‍ഷം മാര്‍ച്ചില്‍ വിപുലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആംബുലേറ്ററി നെറ്റ് വര്‍ക്കിന് ആന്ധ്രാപ്രദേശില്‍ തുടക്കം കുറിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന C-DAC (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങ്) ആണ് സംസ്ഥാന മൃഗസംരക്ഷണവകുപ്പിനു വേണ്ടി സഞ്ചരിക്കുന്ന ടെലിവെറ്ററിനറി യൂണിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആധുനിക രോഗനിര്‍ണയ ഉപാധികളായ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് യൂണിറ്റ്, പോര്‍ട്ടബിള്‍ എക്‌സ്-റേ യൂണിറ്റ്, ടെലി മെഡിസിന്‍ കംപ്യൂട്ടര്‍, ടെലി മെഡിസിന്‍ സോഫ്റ്റ് വെയര്‍, ഉയര്‍ന്ന റെസലൂഷന്‍ ഉള്ള വെബ് ക്യാമറ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ടെലി മെഡിസിന്‍ കംപ്യൂട്ടര്‍ സംവിധാനം തുടങ്ങിയ സൗകര്യങ്ങളെല്ലാം ടെലിവെറ്ററിനറി യൂണിറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 

ടെലി മെഡിസിന്‍ സൗകര്യം ഉപയോഗിച്ച്  വിദൂര ലാബുകളിലും, സര്‍വകലാശാലകളില്‍ നിന്നുള്ള വിദഗ്ധരുമായി കന്നുകാലികളുടെ രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍ക്ക് പങ്കുവയ്ക്കാനും ആശയവിനിമയം നടത്താനും വിദഗ്ധാഭിപ്രായം തേടാനും സാധിക്കും. ഇത്  രോഗനിര്‍ണ്ണയെത്തെയും ചികിത്സയെയും കൂടുതല്‍ മെച്ചപ്പെട്ടതാക്കും. വീണുപോയ കന്നുകാലികളെ ഉയര്‍ത്താനുള്ള ക്രെയിന്‍ / ലിഫ്റ്റിങ് സംവിധാനവും കെട്ടിനിര്‍ത്താനുമുള്ള സ്റ്റാന്റിങ് സംവിധാനവും ടെലി വെറ്ററിനറി യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായം ചെറുതല്ല. 

ഓരോ ടെലി വെറ്ററിനറി യൂണിറ്റിനെയും സുഗമമായ പ്രവര്‍ത്തനത്തിനായി വെറ്ററിനറി ഡോക്ടര്‍, റേഡിയോഗ്രാഫര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ ഉണ്ടാവും. സര്‍ജറി, മെഡിസിന്‍, ഗൈനക്കോളജി തുടങ്ങിയ വിഷയങ്ങള്‍ ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാരെയാണ് ടെലി വെറ്ററിനറി യൂണിറ്റുകളില്‍ നിയമിക്കുക. പദ്ധതി മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ 12 ആംബുലന്‍സുകള്‍ കൂടി കേരളം പുനര്‍ നിര്‍മ്മാണ പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

English summary: Tele veterinary medicine service

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA