യുവതിയുടെ ശരീത്തിൽനിന്നു നീക്കിയത് 4 കിലോ ഭാരമുള്ള മുഴ: അറിയണം ഈ ജന്തുജന്യരോഗത്തെ

HIGHLIGHTS
  • അരുമകളെ പരിപാലിക്കുമ്പോൾ വേണ്ടത് വ്യക്തിശുചിത്വം
  • രോഗം മനുഷ്യരിലേക്ക് എത്തുന്നത് വളർത്തുമൃഗങ്ങളിൽ നിന്നാണ്
worm-in-goat-1
ആടിന്റെ ആന്തരാവയങ്ങളെ ബാധിച്ച നീർ സഞ്ചിയുടെ രൂപത്തിലുള്ള ഹൈഡാറ്റിഡ് ലാർവകൾ
SHARE

ഹൃദയത്തെ തള്ളിനീക്കിയ അവസ്ഥയിൽ യുവതിയുടെ ശ്വാസകോശത്തിന്റെ ഭാഗം നിറഞ്ഞുനിന്ന മുഴ എറണാകുളം സൺറൈസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ഒൻപത് മണിക്കൂറോളം നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കിയ വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് അനുഭവപ്പെട്ട ചെറിയ പനിയും ചുമയും, കടുത്ത ശ്വാസംമുട്ടും ഛർദിയും ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുമായി മാറിയതിനെ തുടർന്ന് നടത്തിയ എക്സ്റേ, സിടി സ്‌കാന്‍ പരിശോധനയിലാണ് യുവതിയുടെ വലത് ശ്വാസകോശത്തിന്റെ മുക്കാല്‍ ഭാഗവും നിറഞ്ഞ് ഹൃദയത്തെ ഇടത് ഭാഗത്തേക്ക് തിക്കിമാറ്റിയ നിലയില്‍ നിറഞ്ഞുനിൽക്കുന്ന മുഴയും അതിനു ചുറ്റും ചെറുമുഴകളും കരളിനോട് ചേര്‍ന്ന് വയറില്‍ മറ്റൊരു മുഴയും ഡോക്ടർമാർ കണ്ടെത്തിയത്. കരളിനെയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്ന ഒരിനം നാടവിരയുടെ ലാര്‍വ നിറഞ്ഞുണ്ടാകുന്ന ഹൈഡാറ്റിഡ് മുഴകള്‍ (Hydatid cysts) ആണിതെന്നും യുവതിയെ ബാധിച്ചിരിക്കുന്നത് ഹൈഡാറ്റിഡോസിസ് ((Hydatidosis/ Hydatid disease) എന്ന രോഗവുമാണെന്നും പരിശോധനയിൽ വ്യക്തമായി. ലാർവകൾ വൻ മുഴകൾ ആയി മാറിയാൽ ശസ്ത്രക്രിയ മാത്രമാണ് പരിഹാരം.

ഒരു അപൂർവ വാർത്ത എന്നതിലപ്പുറം ഓരോ അരുമപരിപാലകനെയും ഈ സംഭവം ഓർമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്, ഹൈഡാറ്റിഡോസിസ് എന്ന രോഗത്തെ കുറിച്ചാണത്. നാടവിരകൾ കാരണം ഉണ്ടാവുന്ന ഹൈഡാറ്റിഡോസിസ് രോഗം മനുഷ്യരിലേക്ക് എത്തുന്നത് വളർത്തുമൃഗങ്ങളിൽ നിന്നാണ്. കേരളത്തിൽ അത്രത്തോളം വ്യാപകമല്ലെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നായ്ക്കളെയും ആടുകളെയും ചെമ്മരിയാടുകളെയും കൂടുതലായി പരിപാലിക്കുന്ന പ്രദേശങ്ങളിൽ വളരെ വ്യാപകമായി കാണപ്പെടുന്ന ജന്തുജന്യരോഗമാണ് ഹൈഡാറ്റിഡോസിസ്.

worm-in-human
ശസ്ത്രക്രിയ നടത്തിയ പൾമനോളജിസ്റ്റ് ഡോ. വിനീത് അലക്സാർ, സീനിയർ കാർഡിയോ തൊറാസിക് സർജൻ ഡോ. നാസർ യൂസഫ്, കൺസൽറ്റന്റ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. രജീഷ് സെൽവഗണേശൻ എന്നിവരോടൊപ്പം മൈമുന.

അറിയണം  ഹൈഡാറ്റിഡോസിസ് എന്ന ജന്തുജന്യരോഗത്തെ

മനുഷ്യരിൽ ഹൈഡാറ്റിഡോസിസ് അഥവാ ഹൈഡാറ്റിഡ് രോഗത്തിന് കാരണമാവുന്നത് എച്ചിനോക്കോക്കസ് (Echinococcus- Echinococcus granulosus) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന നാടവിരകളുടെ ലാർവകളാണ്. എച്ചിനോകോക്കോസിസ് (Echinococcosis) എന്ന പേരിലും രോഗം അറിയപ്പെടുന്നു. നായ്ക്കളും നായ വർഗത്തിൽ ഉൾപ്പെടുന്ന കുറുക്കൻ ഉൾപ്പെടെയുള്ള ജീവികളുമാണ് എച്ചിനോക്കോക്കസ് നാടവിരകളുടെ മുഖ്യവാഹകർ. നായ്ക്കളിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ ഇനം നാടവിരകളാണ് എച്ചിനോക്കോക്കസ് വിരകൾ. വിരബാധയേറ്റ നായ്ക്കളുടെ ചെറുകുടലിൽ വളർന്ന് വികസിക്കുന്ന നാടവിരകൾ മുട്ടകൾ പുറന്തള്ളും. നായ്ക്കളുടെ കാഷ്ടത്തിലൂടെ ഈ വിരമുട്ടകൾ പുറത്തെത്തും. പ്രകൃത്യാ ആടുകളും ചെമ്മരിയാടുകളുമാണ് എച്ചിനോക്കോക്കസ് നാടവിരകളുടെ ജീവിതചക്രത്തിലെ ഇടനിലവാഹകർ. നായ്ക്കളുടെ കാഷ്ഠത്തിലൂടെ പുറത്തെത്തി മണ്ണിലും പുല്ലിലും പറ്റിപ്പിടിച്ചിരിക്കുന്ന വിരമുട്ടകൾ പുൽമേടുകളിൽ മേയുന്നതിനിടെ ആടുകളുടെയും ചെമ്മരിയാടുകളുടെയും വയറ്റിൽ എളുപ്പത്തിലെത്തും.  

ആടുകളുടെ ചെറുകുടലിൽവച്ച് മുട്ടകൾ വിരിയുകയും ലാർവകൾ ആയിത്തീരുകയും ഈ ലാർവകൾ രക്തത്തിലൂടെ വിവിധ അവയവങ്ങളിൽ എത്തിച്ചേരുകയും ചെയ്യും. ഈ അവയവങ്ങളിലാണ് പിന്നീട് ലാർവകളുടെ വികാസം നടക്കുന്നത്. മറ്റ് വിരകളിൽനിന്നു വ്യത്യസ്‍തമായി ദ്രവം നിറഞ്ഞ ഒരു മുഴയുടെ രൂപത്തിലുള്ളതാണ് എച്ചിനോക്കോക്കസ് ലാർവകൾ. ഹൈഡാറ്റിഡ് സിസ്റ്റ് എന്നാണ് ഈ ലാർവകൾ അറിയപ്പെടുന്നത്. നായ്ക്കൾ ആടുകളുടെയും ചെമ്മരിയാടുകളുടെയും ഹൈഡാറ്റിഡ് സിസ്റ്റ് ലാർവകൾ ബാധിച്ച അവയവങ്ങൾ കഴിക്കുമ്പോൾ ശൈശവാവസ്ഥയിലുള്ള വിരകൾ നായ്ക്കളിൽ എത്തുകയും വളർന്ന് വികസിച്ച് ജീവിതചക്രം പൂർത്തിയാക്കുകയും ചെയ്യുന്നു. വലിയ വിരകൾ പുറന്തള്ളുന്ന മുട്ടകൾ വഴി നായ്ക്കളിൽ നിന്ന് വീണ്ടും ആടുകളിലേക്ക് വിരയുടെ വ്യാപനം നടക്കുന്നു.

സാധാരണഗതിയിൽ നായ്ക്കൾക്കും ആടുകൾക്കും ഇടയിൽ ഒതുങ്ങി ജീവിതചക്രം പൂർത്തിയാക്കുന്ന എച്ചിനോക്കോക്കസ് വിരകൾ മനുഷ്യരിൽ എത്തുന്നത് തികച്ചും ആകസ്മികമാണ്. നായ്ക്കളിൽനിന്നു പുറത്തെത്തുന്ന വിരമുട്ടകൾ കലർന്ന് മലിനമായ ഭക്ഷ്യവസ്തുക്കളും വെള്ളവും കഴിക്കുന്നതിലൂടെയാണ് മനുഷ്യർക്ക് രോഗബാധയേൽക്കുന്നത്. പല കാരണങ്ങളാൽ ശരീരത്തിന്റെ പിൻഭാഗം നക്കിതുടയ്ക്കുകയെന്നത് ചില നായ്ക്കളിൽ കാണുന്ന ഒരു ദുശ്ശീലമാണ്. ഈ ദുശ്ശീലമുള്ള നായ്ക്കൾ അതേ നാവുകൊണ്ട് നമ്മുടെ ഭക്ഷണങ്ങളിലോ ഭക്ഷണപാത്രങ്ങളിലോ മുഖത്തോ മറ്റ് ശരീരഭാഗങ്ങളിലോ നക്കിയാൽ വിരമുട്ടകൾ എളുപ്പത്തിൽ നമ്മുടെ ശരീരത്തിനുള്ളിലെത്തും. രോഗാണുമലിനമായ പരിസരങ്ങളിൽനിന്നും അതീവ വേഗത്തിൽ മറ്റൊരു ജീവസ്രോതസിലേക്ക് കടന്നുകയറാനുള്ള വിരുതും തീവ്രതയും എച്ചിനോകോക്കസ് വിരമുട്ടകൾക്ക് പ്രകൃതിനൽകിയിട്ടുണ്ട്. നാടവിരകൾ ബാധിച്ച നായ്ക്കളുമായുള്ള സമ്പർക്കവും അവയുടെയോ അവയുടെ കൂടിന്റെയോ സമീപമിരുന്ന് ആഹാരം കഴിക്കുന്നതും  അവയുമായി ആഹാരം പങ്കുവച്ച് കഴിക്കുന്നതും വിസർജ്യം കയ്യുറകൾ കൂടാതെ കൈകാര്യം ചെയ്യുന്നതും രോഗപകർച്ച എളുപ്പമാക്കും. നായ്ക്കളുടെ കാഷ്ഠം പുരണ്ട് മലിനമായ കാരറ്റ് പോലുള്ള മണ്ണിൽ നിന്നും പറിച്ചെടുക്കുന്ന പച്ചക്കറികൾ വൃത്തിയാക്കാതെ കഴിക്കുന്നതിലൂടെയെല്ലാം എളുപ്പത്തിൽ രോഗം പകരാം. നാടവിരബാധിച്ച ആടുമാടുകള്‍, പന്നികള്‍ എന്നിവയുടെ നന്നായി വേകാത്ത മാംസം ഭക്ഷിക്കുന്നതിലൂടെയും മനുഷ്യരിൽ രോഗബാധയുണ്ടാവാൻ സാധ്യത ഏറെ. 

നാടവിരയുടെ ലാർവകൾ മനുഷ്യരിൽ പ്രധാനമായും കരളിനെയും ശ്വാസകോശത്തെയും തലച്ചോറിനെയുമാണ് ബാധിക്കുക. കട്ടികൂടിയ ഒരു സ്തരത്തിനുള്ളിൽ ദ്രാവകം നിറച്ച രൂപത്തിലുള്ള എച്ചിനോകോക്കസ് ലാർവകൾ ഈ  അവയവങ്ങളിൽ മുഴകൾ (ഹൈഡാറ്റിഡ് സിസ്റ്റ്) ഉണ്ടാക്കുകയും ക്രമേണ മുഴകൾ വികസിച്ച് അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തങ്ങൾ അവതാളത്തിലാക്കുകയും ചെയ്യും. മുഴകൾ പൊട്ടാനും സാധ്യത ഏറെ. സിസ്റ്റുകൾ കാണപ്പെടുന്ന അവയവം അനുസരിച്ച് രോഗ ലക്ഷണങ്ങൾ വ്യത്യാസപ്പെടും. പലപ്പോഴും വിരമുട്ടകളും ലാർവകളും ശരീരത്തിലെത്തി ഏതാനും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാണ് ലക്ഷണങ്ങൾ പുറത്തേക്ക് കണ്ടുതുടങ്ങുക. അപ്പോഴേക്കും  മുഴകളുടെ വലുപ്പം മിക്കവാറും നല്ല രീതിയിൽ വികസിച്ചിട്ടുണ്ടാവും. പിന്നീട് ശസ്ത്രക്രിയ നടത്തി മുഴകൾ നീക്കം ചെയ്യുക എന്നത് മാത്രമാണ് പോംവഴി കൂടുതൽ അവയവങ്ങളിലേക്ക് ലാർവകൾ പടർന്നിട്ടുണ്ടെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകും. ക്രമേണ ജീവൻ അപഹരിക്കാൻ വരെ ഹൈഡാറ്റിഡോസിസ് രോഗത്തിന് കഴിയും.

dog-abandant

അരുമകളെ  പരിപാലിക്കുമ്പോൾ വേണ്ടത് വ്യക്തിശുചിത്വം

ഹൈഡാറ്റിഡ് നാടവിരകൾ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാമത്തേത് അരുമകളെ ശാസ്ത്രീയമായി പരിപാലിക്കുകയും ഓമനിക്കുകയും ചെയ്യുക എന്നതാണ്. കൃത്യമായ ഇടവേളകളിൽ നായ്ക്കൾക്ക് വിരമരുന്നുകൾ നൽകുന്നതിൽ വീഴ്ചകൾ വരരുത്. മത്സ്യവും മാംസവും പച്ചയ്‌ക്കോ മതിയായി വേവിക്കാതെയോ അരുമനായ്ക്കൾക്ക് നൽകുന്നത് തീർച്ചയായും ഒഴിവാക്കേണ്ടതാണ്. ഹൈഡാറ്റിഡോസിസ് അടക്കം അനേകം വിരരോഗങ്ങൾ നായ്ക്കളിലേക്ക് പകരാനുള്ള വഴിയാണ് പച്ചമാംസം ആഹാരമായി നൽകുന്നത്. നായ്ക്കളെ  നമ്മുടെ ശരീരത്തിൽ പ്രത്യേകിച്ച് മുഖത്തും കൈകളിലും നക്കാനനുവദിക്കുക, അവയുമായി ഒരേ പാത്രത്തിൽ ആഹാരം പങ്കിടുക, ഒപ്പം കിടത്തുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുകയാണ് അഭികാമ്യം. അരുമകളെ സ്പർശിച്ചതിന് ശേഷം വൃത്തിയാക്കുന്നതിന് മുൻപ് കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക. അരുമകളുടെ വിസർജ്യങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടായാൽ കൈകൾ നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കുക. അരുമകളോടൊപ്പം ധാരാളം സമയം ചെലവിടുന്ന വീട്ടിലെ കൊച്ചുകുട്ടികളെ ഈ പ്രതിരോധ പാഠങ്ങളെല്ലാം പറഞ്ഞ് പഠിപ്പിക്കണം.

തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ, പൂച്ചകൾ തുടങ്ങിയവയുമായി കൈയുറ ഉൾപ്പെടെയുള്ള വ്യക്തിസുരക്ഷാമാർഗങ്ങൾ കൂടാതെ  നേരിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ അലഞ്ഞുതിരിയാൻ അനുവദിക്കാതെ കൂട്ടിൽ തന്നെ പാർപ്പിക്കുക

തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുക. നായ്ക്കളുടെ കാഷ്ഠം പുരണ്ട് മലിനമായ  പച്ചക്കറികൾ കഴിക്കുന്നതിലൂടെ രോഗം പകരാം എന്ന് മുൻപ് സൂചിപ്പിച്ചല്ലോ. പച്ചക്കറികൾ, പ്രത്യേകിച്ച് മണ്ണിൽനിന്നും നേരിട്ട്  പറിച്ചെടുക്കുന്ന പച്ചക്കറികൾ  മതിയായ വൃത്തിയാക്കാതെ കഴിക്കുന്നത് തീർച്ചയായും ഒഴിവാക്കുക ഹൈഡാറ്റിഡോസിസ് മാത്രമല്ല സിസ്റ്റിസെർക്കോസിസ് അടക്കമുള്ള ജന്തുജന്യരോഗങ്ങളും മതിയായി വൃത്തിയാക്കാതെ പച്ചക്കറികൾ കഴിക്കുന്നതിലൂടെ പകരാം.  പച്ചക്കറികൾ ധാരാളമായി വിളവെടുക്കുന്ന പ്രദേശങ്ങളിലേക്ക് വിനോദയാത്രകൾക്കും മറ്റും പോവുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തെരുവോരങ്ങളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കാരറ്റും മറ്റും വാങ്ങി നേരിട്ട് കഴിക്കാതിരിക്കുക. ആടുമാടുകള്‍, പന്നികള്‍ എന്നിവയുടെ നന്നായി വേവിക്കാത്ത  മാംസം ഭക്ഷിക്കുന്നതും തീർച്ചയായും ഒഴിവാക്കുക. ഹൈഡാറ്റിഡോസിസ് ഉൾപ്പെടെ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങൾ അനവധിയുണ്ട്. ഈ രോഗങ്ങളെ കുറിച്ച് മനസിലാക്കുകയും മതിയായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ജന്തുജന്യരോഗങ്ങളെ അകറ്റിനിർത്താനുള്ള മാർഗം.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA