ADVERTISEMENT

വളർത്തുനായ ബെയ്‌ലിക്കൊപ്പം മോഹൻലാൻ പങ്കുവച്ച ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മനോരമ കലണ്ടർ ആപ് 2021നുവേണ്ടി നടത്തിയ പ്രത്യേക ഫോട്ടോഷൂട്ടിന്റെ ഭാഗമായ ചിത്രം കഴിഞ്ഞ ദിവസമാണ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

ചെന്നൈയിൽ ബീച്ചിനോടു ചേർന്നുള്ള മോഹൻലാലിന്റെ സ്വന്തം വീട്ടിൽവച്ചായിരുന്നു ഫോട്ടോഷൂട്ട്. നായ്ക്കളോട് ഏറെ ഇഷ്ടമുള്ള മോഹൻലാലിന്റെ പ്രിയപ്പെട്ട നായയാണ് ഷീറ്റ്സൂ ഇനത്തിൽപ്പെട്ട ബെയ്‌ലി. ബെയ്‌ലിയെക്കൂടാതെ ഇതേ ഇനത്തിൽപ്പെട്ട വിസ്കി എന്ന നായ്ക്കുട്ടിയും താരത്തിനുണ്ട്. ഇവർ രണ്ടും ചെന്നൈയിലെ വീട്ടിലെ താരങ്ങളാണ്.

സിനിമാ താരങ്ങൾക്ക് പ്രിയപ്പെട്ട നായയിനം എന്ന ഖ്യാതിയും ഷീറ്റ്സൂവിനുണ്ട്. മോഹൻലാലിനെക്കൂടാതെ നമിത പ്രമോദ്, നസ്റിയ നസീം, കീർത്തി സുരേഷ്, റഹ്‌മാൻ, റീമ സെൻ, ഖുശി കപൂർ, സോഫി ചൗധരി എന്നിങ്ങനെ ഷീറ്റ്സൂവിനെ വളർത്തുന്ന താരങ്ങളുടെ നിര നീളും.

bainly-and-whisky
ബെയ്‌ലിയും വിസ്കിയും

ഷീറ്റ്സൂ എന്നാൽ സിംഹക്കുട്ടി എന്നാണർഥം. കൂട്ടുകൂടാനും കളിക്കാനുമെല്ലാം കുട്ടികൾക്കും ഏറെ ഇഷ്ടമുള്ള ഇനം. നീളമേറിയ രോമങ്ങളുള്ള ശരീരമായതിനാൽ നിത്യേന ചീകേണ്ടത് അത്യാവശ്യമാണ്. വൃത്തിയായി ചീകിയൊരുക്കുന്നതുതന്നെയാണ് ഈ ഇനത്തിന്റെ അഴകും. ചീകിയൊതുക്കിയ മുടി കെട്ടിവയ്ക്കുന്നത് ഒട്ടേറെ പെറ്റ് പേരന്റുകളുടെ ഇഷ്ട വിനോദവുമാണ്.

bainly-and-whisky-1
താര പ്രൗഡിയോടെ

വീടിനുള്ളിലും ഫ്ലാറ്റുകളിലും വളർത്താൻ ഏറ്റവും അനുയോജ്യമായ ഇനം എന്ന് ഷീറ്റ്സുവിന്റെ വിശേഷിപ്പിക്കാം. ഉയർന്നുവരുന്ന ഫ്ലാറ്റ് സംസ്കാരത്തിൽ ഏറ്റവും അനുയോജ്യമായ ഇനം. കുരയ്ക്കുമെങ്കിലും മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന പ്രകൃതമല്ല.  പൊതുവേ ചർമരോഗങ്ങൾ ഒന്നുംതന്നെ പിടിപെടാറില്ലാത്ത ഇവരുടെ രോമ ഭംഗി നിലനിൽക്കണമെങ്കിൽ നിത്യേന ചീകിയൊരുക്കണം. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ കുളി മതിയാകും. 

മനുഷ്യരുമായി അടുത്ത ആത്മബന്ധം പുലർത്തുന്നതിനാൽ ആരും തന്നെ അവഗണിക്കുന്നത് ഇവർ ഇഷ്ടപ്പെടാറില്ല. ആരെയും വേദനിപ്പിക്കാനും ഇഷ്ടമല്ല. അതുകൊണ്ടുതന്നെ വേട്ടക്കാരനുമല്ല കാവൽക്കാരനുമല്ല. പരിചയമില്ലാത്തവരോടുപോലും അടുപ്പം കാണിക്കുന്ന പ്രകൃതം.

ശരാശരി 7 കിലോഗ്രാം തൂക്കവും 10 ഇഞ്ച് വരെ ഉയരവുമാണ് ഇവർക്കുള്ളത്. ചെറിയ മുഖമുള്ള മറ്റു ബ്രീഡുകളേപ്പോലെതന്നെ ചൂട് താങ്ങാൻ ഇവയ്ക്കു കഴിയില്ല. അതുകൊണ്ടുതന്നെ അകത്തളങ്ങളിൽ വളർത്തുകയോ എയർ കണ്ടീഷനോ ഫാനോ ഉള്ള മുറിയോ നൽകുന്നതാണ് ഉത്തമം. 

ഷീറ്റ്സൂ നായയിനത്തെക്കുറിച്ചുള്ള വിഡിയോ കാണാം

 

മനോരമ ഓൺലൈൻ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോഗറാണ്. പ്രകൃതിയോട് ഇഴചേർന്ന് വളർത്തുമൃഗങ്ങൾക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ തീം. നേരത്തെ ജമദിനത്തിൽ എമുവിനൊപ്പമുളള മോഹൻലാലിന്റെ ഫോട്ടോഷൂട്ടും ചർച്ചയായിരുന്നു.

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് മനോരമ കലണ്ടർ ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന്, വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി റിമൈൻഡർ നൽകാൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാനും സൗകര്യമുണ്ട്. മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും.

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ഐഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം

English summary: Mohanlal with his pet dog, Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com