ADVERTISEMENT

എഴുന്നേറ്റു നില്‍ക്കാൻ ബുദ്ധിമുട്ടും നടക്കാൻ ശ്രമിക്കുമ്പോള്‍ വേച്ചുവേച്ചു പോവുകയും, ഒരു വശത്തേക്കു മാത്രം ചെരിഞ്ഞ് വീഴുകയും ചെയ്യുന്ന ഏകദേശം മൂന്നാഴ്ച പ്രായമെത്തിയ ഏതാനും പൂച്ചക്കുഞ്ഞുങ്ങളുമായാണ് ഈയിടെ ഒരു പൂച്ചസ്നേഹി വെറ്ററിനറി ഹോസ്‌പിറ്റലിൽ എത്തിയത്. പിച്ചവയ്ക്കുമ്പോൾ വേച്ചുവീഴുന്ന തൻറെ അരും പൂച്ചക്കുഞ്ഞുങ്ങളുടെ രോഗത്തിന്റെ കാരണമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. പൂച്ചകളിലെ സാംക്രമിക വൈറസ് രോഗങ്ങളില്‍ പ്രധാനവും മാരകവുമായ ഫെലൈന്‍ പാര്‍വോ എന്ന വൈറസ് രോഗം ബാധിക്കുകയും, ചികിത്സയിലൂടെയോ അല്ലാതെയോ അതിനെ അതിജീവിക്കുകയും ചെയ്ത ഗർഭിണിപൂച്ചകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിലാണ് നാഡീസംബന്ധമായ ഇത്തരം പ്രശ്നങ്ങള്‍ സാധാരണ കാണുന്നത്. അമ്മപ്പൂച്ചയില്‍നിന്ന് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളിലേക്ക് പകരുന്ന വൈറസുകള്‍ സുഷുമ്ന നാഡിയെയും മസ്തിഷ്കത്തെയും ബാധിക്കുന്നതാണ് പൂച്ചക്കുഞ്ഞുങ്ങളിൽ ഇത്തരം നാഡീ തകരാറുകൾക്ക് കാരണമാവുന്നത്. വൈറസിനെ ശരീരത്തിൽ പേറി ജനിക്കുന്ന പൂച്ചക്കുഞ്ഞുങ്ങൾ ഏതാനും ആഴ്ചകൾ പ്രായമെത്തുമ്പോൾ തന്നെ ചത്തുപോകും.

പിടിതരാതെ പടര്‍ന്ന് പൂച്ചകളിലെ പാര്‍വോ രോഗം

പൂച്ചകളിൽ ഏറെ മാരകമായ രോഗമായതിനാല്‍ പൂച്ചകളിലെ പ്ലേഗ് എന്ന അപരനാമത്തിലും ഫെലൈന്‍ പാര്‍വോ രോഗം അറിയപ്പെടുന്നു. ഫെലൈന്‍ പാര്‍വോ വൈറസ് എന്ന ഡിഎൻഎ വൈറസുകളാണ് രോഗകാരണം. വൈറസ് ബാധിച്ച പൂച്ചകളില്‍നിന്ന് വളരെ വേഗത്തില്‍ മറ്റ് പൂച്ചകളിലേക്ക് രോഗം പടര്‍ന്നുപിടിക്കും. രോഗം ബാധിച്ച പൂച്ചകളില്‍  മരണസാധ്യതയും വളരെ ഉയർന്നതാണ്. രോഗബാധയേറ്റ പൂച്ചകളുടെ ശരീരത്തിൽ വൈറസുകള്‍ പെരുകുന്തോറും ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതിനാല്‍ ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന പേരിലും പാര്‍വോ രോഗം അറിയപ്പെടുന്നു. നായ്ക്കളില്‍ നാഡീതകരാറുകള്‍ക്കും അനിയന്ത്രിതമായ ശരീരചലനങ്ങള്‍ക്കും കാരണമാവുന്ന വൈറസ് രോഗമായ കനൈൻ ഡിസ്റ്റംപർ രോഗത്തോട് ലക്ഷണങ്ങളില്‍ സമാനതയുള്ളതിനാല്‍ ഫെലൈന്‍ ഡിസ്റ്റംപര്‍ എന്നും ഈ രോഗത്തെ വിളിക്കുന്നു.

കേരളത്തില്‍ അത്ര വ്യാപകമല്ലാതിരുന്ന ഈ വൈറസ് രോഗം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായാണ് കൂടുതലായി കണ്ടുവരാൻ തുടങ്ങിയത്. പൊതുവെ മഴക്കാലത്തോടനുബന്ധിച്ചാണ് രോഗം പൊട്ടിപ്പുറപ്പെടുക. സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ ഫെലൈന്‍ പാര്‍വോ രോഗം വ്യാപകമായി പടരുന്നതായും, വീടുകളില്‍ അരുമകളായി വളര്‍ത്തുന്നതും, തെരുവുകളില്‍ അലഞ്ഞ് തിരിയുന്നതും കാറ്ററികളിൽ വളരുന്നതുമായ ഒട്ടേറെ പൂച്ചകള്‍ രോഗം ബാധിച്ച് ചത്തൊടുങ്ങിയതായും മൃഗസംരക്ഷണവകുപ്പില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൂച്ചകളില്‍ മാരകമാണെങ്കിലും ഈ രോഗം മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല.

cat-parvo

പാർവോരോഗവ്യാപനവും ലക്ഷണങ്ങളും പൂച്ചകളിൽ

ഏത് പ്രായത്തിലുള്ള പൂച്ചകളെയും വൈറസുകള്‍ ബാധിക്കാമെങ്കിലും രണ്ട് മുതല്‍ ആറു വരെ മാസം പ്രായമുള്ള പൂച്ചക്കുഞ്ഞുങ്ങളിലും, പ്രതിരോധ കുത്തിവയ്പ് നല്‍കാത്തതും പ്രതിരോധ ശേഷി കുറഞ്ഞതുമായ മുതിര്‍ന്ന പൂച്ചകളിലുമാണ് ഏറ്റവും ഉയര്‍ന്ന രോഗസാധ്യത. രോഗകാരികളായ പാര്‍വോ വൈറസുകള്‍ക്ക് ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് വര്‍ഷങ്ങളോളം രോഗാണു മലിനമായ സാഹചര്യങ്ങളില്‍ നിലനില്‍ക്കാനുള്ള ശേഷിയുണ്ട്. രോഗബാധയേറ്റ പൂച്ചകളുമായോ, രോഗാണു മലിനമായ വസ്തുക്കളുമായോ പരിസരങ്ങളുമായോ നേരിട്ടോ അല്ലാതയോ ഉള്ള സമ്പര്‍ക്കത്തിലുടെ രോഗം പകരാം. പാർവോ വൈറസുകള്‍ ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം പൂച്ചകൾ  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. വിശപ്പില്ലായ്മ, നേരിയ പനി, ഛർദ്ദി, ക്ഷീണം, ശരീരതളര്‍ച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടക്കുക എന്നിവയെല്ലാമാണ് പ്രാരംഭലക്ഷണങ്ങള്‍. കുടല്‍ഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ച് പെരുകുന്ന വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തില്‍ രക്തസ്രാവത്തിന് വഴിയൊരുക്കും. രക്തം കലർന്ന മലം, തുടർച്ചയായ വയറിളക്കം, ദുർഗന്ധമുള്ള ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ന്ന് ഒന്നുരണ്ട് ദിവസത്തിനകം പ്രകടമാവും.

മലത്തിലൂടെ പൊട്ടാസ്യം എന്ന ലവണം ശരീരത്തില്‍ നിന്ന് അധിക അളവില്‍ നഷ്ടപ്പെടുന്നത് നട്ടെല്ലിന് ബലം നല്‍കി താങ്ങി നിര്‍ത്തുന്ന പേശികളുടെ ബലക്ഷയത്തിനിടയാക്കും. അതോടെ പൂച്ചകള്‍ തലയുയര്‍ത്താനാവാതെ കൈകൾക്കിടയിൽ തല താഴ്ത്തി തീറ്റ പാത്രങ്ങൾക്കോ വെള്ളപാത്രങ്ങൾക്കോ മുന്നിൽ കൂനിയിരിക്കുന്നത് കാണാം. ശരീരത്തില്‍ പെരുകുന്ന വൈറസുകള്‍ പ്രതിരോധശേഷി നല്‍കുന്ന ശ്വേതരക്താണുക്കളെ വ്യാപകമായി നശിപ്പിക്കും. ശ്വേതരക്താണുക്കള്‍ നശിക്കുന്നതോടെ പൂച്ചകള്‍ക്ക് മറ്റു രോഗങ്ങള്‍ പിടിപെടാനും ശാരീരിക വിവശതകള്‍ രൂക്ഷമാവാനും സാധ്യതയുണ്ട്. ശരീരത്തില്‍നിന്ന് ജലവും ലവണാംശവും പ്രോട്ടീന്‍, വിറ്റാമിന്‍ ഉള്‍പ്പെടെയുള്ള  പോഷകങ്ങളും നഷ്ടപ്പെട്ട് പൂച്ചകള്‍ തളര്‍ന്ന് കിടപ്പിലാവും. ആരംഭത്തില്‍ തന്നെ വിദഗ്‌ധ ചികിത്സയും ശാസ്ത്രീയ പരിചരണവും ലഭ്യമാക്കിയാല്‍ വലിയ പൂച്ചകള്‍ രക്ഷപ്പെടാൻ സാധ്യത കൂടുതലാണെങ്കിലും പൂച്ചക്കുഞ്ഞുങ്ങളില്‍ മരണസാധ്യത എൺപത് ശതമാനത്തോളമാണ്. പാര്‍വോ രോഗം ബാധിച്ച ഗര്‍ഭിണിപ്പൂച്ചകളില്‍ ഗര്‍ഭമലസുന്നത് സാധാരണയാണ്. ചാപിള്ളകളായ കുഞ്ഞുങ്ങളുടെ ജനനം, മസ്തിഷ്കരോഗങ്ങളും, നാഡീസംബന്ധമായ തകരാറുകളുമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനും വൈറസ് കാരണമാവും.  

cat

പാർവോ പ്രതിരോധിക്കാൻ പത്ത് മുൻകരുതലുകൾ 

1. പാര്‍വോ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗം കൃത്യമായ പ്രതിരോധകുത്തിവയ്പുകൾ തന്നെയാണ്. പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി ലഭിച്ചിട്ടുള്ള തള്ളപൂച്ചകളില്‍നിന്നും മുലപ്പാലിലൂടെ ലഭിക്കുന്ന പ്രതിരോധ ഘടകങ്ങള്‍ അഥവാ ആന്റിബോഡികള്‍ ആദ്യ കുത്തിവയ്പ് എടുക്കുന്നതു വരെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ നൽകും. തുടർന്ന് പൂച്ചക്കുഞ്ഞിന് 8-10 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യ പ്രതിരോധകുത്തിവയ്പ് ഡോക്ടറുടെ നിർദേശപ്രകാരം നല്‍കണം. ആദ്യ കുത്തിവയ്പ്പെടുത്തതിന് നാല് ആഴ്ചയ്ക്കു ശേഷം ( 12-14 ആഴ്ച) ബൂസ്റ്റർ ഡോസ് നൽകാം. പിന്നീട് വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുകയും ചെയ്യണം. നോബിവാക് ട്രൈ ക്യാറ്റ് ട്രയൊ, ഫെലിജൻ സിആർപി തുടങ്ങിയ ബ്രാൻഡുകളിൽ വാക്‌സീൻ ലഭ്യമാണ്. ഈ വാക്സീനുകൾ  എല്ലാം തന്നെ പൂച്ചകളെ ബാധിക്കുന്ന ഫെലൈൻ റൈനോട്രക്കിയൈറ്റിസ്, കാൽസി വൈറസ് തുടങ്ങിയ രോഗങ്ങളെ കൂടി പ്രതിരോധിക്കാനുള്ള ശേഷി നൽകുന്ന മൾട്ടി കംപോണേന്റ് വാക്സീനുകൾ ആണ്. 

2. ബ്രീഡിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പെൺപൂച്ചകളിൽ ബ്രീഡിങ് നടത്തുന്നതിന് മുൻപായി വർഷത്തിൽ ഒരിക്കൽ നൽകുന്ന ബൂസ്റ്റർ കുത്തിവയ്പ് പൂർത്തിയാക്കണം.  

3. പ്രതിരോധ കുത്തിവയ്പുകൾ ഒന്നും യഥാവിധി നൽകാത്തതോ കുത്തിവയ്പുകൾ നൽകിയതായി ഉറപ്പില്ലാത്തതോ ആയ പൂച്ചകൾക്ക്  ഉണ്ടാവുന്ന കുഞ്ഞുങ്ങളോ ഏതെങ്കിലും കാരണത്താൽ പ്രസവാനന്തരം മതിയായ അളവിൽ കന്നിപ്പാൽ ലഭിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളോ ആണെങ്കിൽ 6 ആഴ്ച പ്രായത്തിൽ തന്നെ വാക്‌സീൻ നൽകാവുന്നതാണ്. വാക്സിൻ നൽകുന്നതിന് ഒരാഴ്ച മുൻപ് പൂച്ചകളെ വിരയിളക്കേണ്ടതും പ്രധാനം.  

4. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് ദീര്‍ഘനാള്‍ രോഗാണുമലിനമായ പരിസരങ്ങളില്‍ നിലനില്‍ക്കാൻ ശേഷിയുള്ളവയാണ് പാർവോ വൈറസുകൾ. അതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ പൊതു കാറ്ററികളിൽനിന്നും പെറ്റ് സ്റ്റോറുകളിൽനിന്നും മൃഗാശുപത്രി പരിസരങ്ങളിൽനിന്നും തെരുവുപൂച്ചകൾ ധാരാളം ഉള്ള സ്ഥലങ്ങളിൽ നിന്നുമെല്ലാം വൈറസ് പകരാൻ സാധ്യത കൂടുതലാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ണമാവുന്നത് വരെ പൂച്ചക്കുഞ്ഞുങ്ങളെ ബോർഡിങ് ഹോമുകളിൽ പാര്‍പ്പിക്കുന്നതും, പെറ്റ് സ്റ്റോറുകളിലും മറ്റും കൊണ്ടുപോവുന്നതും മഴവെള്ളത്തിലും ചെളിയിലും കളിക്കാൻ വിടുന്നതും ഒഴിവാക്കുന്നതാണ് ഉചിതം. വെറ്ററിനറി ഡോക്ടർ നൽകുന്ന വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റില്ലാത്ത പൂച്ചകളെ ബോർഡിങ് സെന്ററിൽ പാർപ്പിക്കാൻ അനുവദിക്കരുത്.  

cat-2

5. മൃഗാശുപത്രിയിൽ  കൊണ്ടുപോവുമ്പോൾ പരിസരങ്ങളിൽ ചുറ്റിത്തിരിയാനും ടേബിളിലും തറയിലുമെല്ലാം നക്കാനും മണം പിടിക്കാനും വാക്സീൻ പൂർണമായും എടുത്തിട്ടില്ലാത്ത പൂച്ചകളെ ഒരു കാരണവശാലും അനുവദിക്കരുത്.

6. പുതിയ പൂച്ചക്കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയത് 12 ആഴ്ചയെങ്കിലും പ്രായമെത്തിയ, പ്രതിരോധ കുത്തിവയ്പുകൾ ബൂസ്റ്റർ അടക്കം നൽകിയ കുഞ്ഞുങ്ങളെ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. 

7. പ്രതിരോധകുത്തിവയ്പുകൾ നൽകിയതായി ഒരു റജിസ്‌ട്രേഡ് വെറ്ററിനറി ഡോക്ടർ സീൽ, ഒപ്പ് എന്നിവ സഹിതം സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത പൂച്ചകളെയും പൂച്ചക്കുഞ്ഞുങ്ങളെയും പെറ്റ് ഷോപ്പുകളിൽ നിന്നും ബ്രീഡർമാരിൽ നിന്നും വാങ്ങുന്നത് തീർച്ചയായും ഒഴിവാക്കണം.

8. രോഗം ബാധിച്ച പൂച്ചകളെ മറ്റു പൂച്ചകൾ ഉണ്ടെങ്കിൽ അവയുമായി യാതൊരു സമ്പർക്കവും വരാത്തവിധം മാറ്റിപാർപ്പിക്കണം. കൂടും പരിസരങ്ങളും ഉപകരണങ്ങളും ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.  

9. നമ്മൾ സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡർ പാർവോ വൈറസിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ലതും ചെലവുകുറഞ്ഞതുമായ അണുനാശിനിയാണ്. പാർവോ രോഗം ബാധിച്ച പൂച്ചയെ പാർപ്പിച്ചിരുന്ന കൂട്ടിലേക്ക് പുതിയ പൂച്ച കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് മുൻപായി 5  ശതമാനം ബ്ലീച്ചിങ് പൗഡർ ലായനിയിൽ കൂടും പരിസരവും കഴുകി വൃത്തിയാക്കി സൂര്യപ്രകാശമേൽപ്പിക്കണം. ബ്ലീച്ച് ലായനി ഒഴിച്ചതിന് ശേഷം ഉടൻ കഴുകികളയാതെ 15 മിനിറ്റ് സമയം നൽകണം. പൂച്ചകളുടെ കളിപ്പാട്ടങ്ങള്‍, കഴുത്തിലണിയുന്ന കോളറുകള്‍, ബെഡ്, തീറ്റപ്പാത്രങ്ങള്‍,വെള്ളപ്പാത്രങ്ങൾ, ഗ്രൂമിങ്ങ് ബ്രഷുകള്‍,  ലിറ്റര്‍ ബോക്സ്, ടോയ്ലറ്റ് ട്രേ, സ്‌ക്രാച്ചിങ്ങ് പോസ്റ്റ് തുടങ്ങിയവയെല്ലാം ബ്ലീച്ചിങ് പൗഡർ ലായനിയിൽ കഴുകി വൃത്തിയാക്കണം.

10. പൂച്ചയ്ക്ക് വാക്‌സീൻ നൽകിയിട്ടും രോഗം ബാധിച്ചെന്ന് ചിലർ സംശയമുന്നയിക്കാറുണ്ട്. നിർമാണസമയം മുതൽ കുത്തിവയ്ക്കുന്നതിന് തൊട്ടുമുൻപ് വരെ  വരെ വാക്സിൻ നിർബന്ധമായും തണുപ്പ് മാറാതെ റെഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതുണ്ട്.  ഈ കോൾഡ് ചെയിൻ കൃത്യമായി പാലിക്കാതെ സൂക്ഷിച്ചതിനാൽ ഫലപ്രാപ്തി നഷ്‌ടമായ വാക്സീനുകൾ വാങ്ങി കുത്തിവയ്ക്കുന്നതും ശരിയായ വാക്സിനേഷൻ ക്രമം പാലിക്കാത്തതുമാണ് വാക്‌സീൻ എടുത്തിട്ടും രോഗം വന്നെങ്കിൽ അതിന്റെ കാരണം. ഈ സാഹചര്യം ഒഴിവാക്കാൻ ശരിയായി ശീതികരിച്ച് സൂക്ഷിച്ച വാക്‌സീൻ വിശ്വാസയോഗ്യമായ സ്രോതസിൽനിന്ന് മാത്രം വാങ്ങി ഉപയോഗിക്കണം. വാക്സീൻ ഉപയോഗരീതിയെ കുറിച്ച് മതിയായ പരിജ്ഞാനമില്ലാത്ത ആളുകളെയും വിൽപനക്കാരെയും വ്യാജചികിത്സകരെയും വാക്സീൻ എടുക്കാൻ  ആശ്രയിക്കുന്നത് ഒഴിവാക്കണം. 

English summary: Feline Panleukopenia: Prevention, Management & Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com