ADVERTISEMENT

തള്ളയിൽനിന്ന് വേർതിരിക്കൽ / വീനിങ് കഴിഞ്ഞ ഉടൻ മുയൽകുഞ്ഞുങ്ങൾ ചത്തുപോകുന്നത് പല മുയൽ സംരംഭകരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും പ്രത്യേക ലക്ഷണങ്ങൾ പോലും പുറത്തേക്ക് പ്രകടിപ്പിക്കാതെയാണ് ആറു മുതൽ എട്ടാഴ്ച വരെ പ്രായമെത്തിയ മുയൽക്കുഞ്ഞുങ്ങൾ ചാവുക. ഫാമിൽ ജനിച്ചുവീഴുന്ന മുയൽക്കുഞ്ഞുങ്ങളാണ് ഏതൊരു മുയൽ വളർത്തൽ സംരംഭത്തിന്റെയും ആദായമാർഗം എന്നിരിക്കെ മുയൽക്കുഞ്ഞുങ്ങൾ നഷ്ടമാകുന്നതുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. 

തള്ളയിൽനിന്ന് വേർതിരിക്കൽ കഴിഞ്ഞാൽ ഉടൻ മുയൽ കുഞ്ഞുങ്ങൾ ചത്തുപോകുന്നതിന്റെ പ്രധാന രണ്ടു കാരണങ്ങൾ കോക്സീഡിയ, പാസ്ചറുല്ല / കുരലടപ്പൻ എന്നീ അണുബാധകളാണ്. തള്ളമുയലിന്റെ കരുതലിൽനിന്നും വേർപിരിയുമ്പോൾ മുയൽക്കുഞ്ഞുങ്ങൾക്ക് ശരീരസമ്മർദ്ദം ഉണ്ടാവുന്നത് സ്വാഭാവികം. മേൽ സൂചിപ്പിച്ച രണ്ടു രോഗങ്ങളും വരാനുള്ള അടിസ്ഥാന കാരണം മുയലുകൾക്കുണ്ടാവുന്ന ഈ ശരീരസമ്മർദ്ദമാണ്. ഗുണമേന്മയുള്ള പുല്ലും പച്ചിലകളും മാംസ്യസമൃദ്ധമായ ഖരാഹാരങ്ങളും ഉൾപ്പെടെയുള്ള ഉൾപ്പെടെയുള്ള  പോഷകാഹാരത്തിന്റെ കുറവ്, മുയലുകളെ പാർപ്പിച്ച കൂടിനുള്ളിലെ സ്ഥലദൗർലഭ്യം, അധിക ഈർപ്പം, തണുപ്പ്, മുയലുകളെ തിങ്ങിപ്പാർപ്പിക്കൽ, മതിയായ വായുസഞ്ചാരത്തിന്റെ കുറവ്, കൂടെയുള്ള മുയലുകളിൽ നിന്നുള്ള ഉപദ്രവം തുടങ്ങിയവയെല്ലാം മുയലുകളെ ശരീരസമ്മർദ്ദത്തിലാക്കും.

rabbit-disease
കുരലടപ്പൻ ബാധിച്ച മുയലിന്റെ ശ്വാസകോശം (വൃത്തത്തിൽ)

മുയൽകുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന കോക്സീഡിയയും കുരലടപ്പനും 

കോക്സീഡിയല്‍ രോഗാണു കുടുംബത്തിലെ ഐമീറിയ എന്നയിനം പ്രോട്ടോസോവല്‍ അണുക്കളാണ് കോക്സീഡിയ  രോഗമുണ്ടാക്കുന്നത്. മുയലുകളുടെ  ദഹനവ്യൂഹത്തെ ബാധിക്കുകയും പെരുകുകയും ചെയ്യുന്ന കോക്‌സീഡിയ രോഗാണുക്കൾ കുടൽഭിത്തിയിൽ ക്ഷതമേൽപ്പിക്കുകയും ചെയ്യും. വയറിളക്കം ആണ് പ്രധാന ലക്ഷണം. വൃത്തിഹീനമായ കൂടും ഉയര്‍ന്ന ഈര്‍പ്പമുളള കാലാവസ്ഥയും മുയൽകുഞ്ഞുങ്ങളെ കൂട്ടിൽ തിങ്ങി പാർപ്പിക്കുന്നതും രോഗസാധ്യത കൂട്ടും. 

പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്. മുയലുകളുടെ ശ്വസനനാളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ച്ചുറല്ല ബാക്ടീരിയ ശരീരസമ്മർദ്ദം ഉണ്ടാകുന്ന അനുകൂല അവസരത്തില്‍ പെരുകുന്നതാണ് പ്രധാനമായും രോഗത്തിന് കാരണമാവുന്നത്. ശ്വാസകോശത്തെയാണ് പാസ്ചുറല്ല രോഗാണുക്കൾ പ്രധാനമായും ബാധിക്കുന്നത്. ദഹനവ്യൂഹത്തിലും രോഗാണുക്കളെത്തും. ക്രമേണ രോഗാണുക്കൾ രക്തത്തിൽ പടരുകയും മറ്റ് ശരീരാവയങ്ങളിലെല്ലാം എത്തുകയും വിഷവസ്തുക്കൾ പുറന്തള്ളുകയും രോഗം തീവ്രമായി തീരുകയും ചെയ്യും. തുമ്മലും കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊലിപ്പുമാണ് പ്രധാന ലക്ഷണം. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകും മുന്നേ മുയൽകുഞ്ഞുങ്ങൾ ചത്തുവീഴും. ഇത്തരം സന്ദർഭങ്ങളിൽ ചത്ത മുയലുകളുടെ ജഡപരിശോധനയിലൂടെ മാത്രമേ രോഗനിർണയം സാധ്യമാകുകയുള്ളൂ.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

  • തള്ളമുയലിൽനിന്ന് വേർപിരിക്കുമ്പോൾ മുയൽകുഞ്ഞുങ്ങൾക്കുണ്ടാവുന്ന സ്വാഭാവികസമ്മർദ്ദം കുറയ്ക്കാനുള്ള മാർഗങ്ങളാണ് മുയൽകൂട്ടിൽ ഒരുക്കേണ്ടത്. മുയൽക്കുഞ്ഞുങ്ങളെ കൂട്ടിൽ തിങ്ങി പാർപ്പിക്കുന്നത് തീർച്ചയായും ഒഴിവാക്കണം. കൂട് എപ്പോഴും വൃത്തിയോടുകൂടിയും തറ ഈർപ്പരഹിതമായും സൂക്ഷിക്കണം. കൂടുകൾ വയർ മെഷ് ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. വയർ മെഷിലൂടെ മാലിന്യം താഴേക്കു വീഴുന്നതിനാൽ കൂടുകൾ വൃത്തിയുള്ളതായിരിക്കും. 
  • മതിയായ വായുസഞ്ചാരം എപ്പോഴും ഉറപ്പാക്കണം. വൃത്തിയുള്ള തീറ്റപ്പാത്രങ്ങളിൽ വേണം തീറ്റ നൽകാൻ, ബാക്കി വരുന്ന തീറ്റ അവശിഷ്ടങ്ങൾ യഥാസമയം കൂട്ടിൽ നിന്നും നീക്കുകയും വേണം. 
  • മുയൽ ഷെഡ്ഡിന്റെ വാതിലിനു പുറത്ത് ഫൂട്ട് ഡിപ്പിങ് ടാങ്ക് പണികഴിപ്പിക്കുകയും പൊട്ടാസ്യം പെർമാംഗനേറ്റ് പോലുള്ള അണുനാശിനികൾ നിറയ്ക്കുകയും അതിൽ ചവിട്ടി മാത്രം അകത്തേക്ക് പ്രവേശിക്കുകയും വേണം.
  • വീനിങ് ചെയ്യുന്നതിനോടൊപ്പം മുയൽ കുഞ്ഞുങ്ങൾക്ക് കോക്‌സീഡിയ, കുരലടപ്പൻ രോഗാണുക്കളെ പ്രതിരോധിക്കാൻ മുൻകരുതൽ എന്ന നിലയിൽ കോക്സീഡിയസ്റ്റാറ്റുകളും കോക്സീഡിയസിഡലുകളുമുൾപ്പെടെ വീര്യം കൂടിയ ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നത് പല കർഷകരുടെയും രീതിയാണ്. ഇത് ശരിയായ ഒരു പ്രവണതയല്ല. മുയലുകൾക്ക് നൽകുന്ന തീറ്റപ്പുല്ലിലെയും പച്ചിലകളിലെയും നാരുകളുടെ ദഹനം നടക്കുന്നത് ദഹനവ്യൂഹത്തിൽ വൻകുടലിന്റെ ഭാഗമായ സീക്കം എന്ന അറയിൽവച്ച് ആയിരക്കണക്കിന് ഉപകാരികളായ ബാക്ടീരിയകളുടെ സഹായത്തോടെയാണ്. മുയലിന്റെ പ്രധാന തീറ്റയായ പുല്ലിലെയും പച്ചിലകളിലെയും നാരിനെ ദഹിപ്പിച്ച് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ പാകത്തിന് തയാറാക്കി നൽകുന്നത് ഈ മിത്രാണുക്കളാണ്. സീക്കത്തിൽ വച്ച് നാരുകളുടെ മിത്രാണുദഹനത്തിന് ശേഷം പെല്ലറ്റ് രൂപത്തിൽ പുറന്തള്ളുന്ന അവശിഷ്ടങ്ങൾ മുയലുകൾ വീണ്ടും കഴിക്കുകയും ചെയ്യും ഇതാണ് മുയലുകളിൽ കാണുന്ന സീക്കോട്രോപ്പി (caecotrophy) എന്ന കൗതുകകരമായ ആഹാരരീതി. ചുരുക്കത്തിൽ മുയലുകളുടെ ആരോഗ്യജീവിതത്തിൽ സീക്കം എന്ന വൻകുടൽ അറയും അതിൽ കാണുന്ന ആയിരക്കണക്കിന് ബാക്റ്റീരിയൽ അണുക്കളും വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ അനാവശ്യമായി മുയലുകളുടെ ദഹനവ്യൂഹത്തിൽ എത്തുന്ന ആന്റിബയോട്ടിക് മരുന്നുകൾ സീക്കം എന്ന വൻകുടൽ അറയിലെ മിത്രാണുക്കളായ ബാക്ടീരിയകളുടെ സാന്ദ്രത കുറയുന്നതിനും അവ നശിച്ച് പോകുന്നതിനും ഇടയാക്കും. ഇതോടെ ദഹനപ്രവർത്തങ്ങൾ താളം തെറ്റും. മിത്രാണുക്കൾ നശിക്കുന്നതോടെ ഉപദ്രവകാരികളായ അണുക്കൾ പെരുകും.
    മുയൽ കുഞ്ഞുങ്ങൾ കൂടുതൽ സമ്മർദ്ദത്തിൽ ആവും. മാത്രമല്ല പിന്നീട് ആന്റിബയോട്ടിക്  മരുന്നുകൾ ഫലിക്കാത്ത വിധം ഉപദ്രവകാരികളായ അണുക്കൾ പ്രതിരോധശേഷി ആർജിക്കുന്നതിനും അനാവശ്യ ആന്റിബയോട്ടിക് പ്രയോഗം കാരണമാകും. അസമയത്തുള്ള ആന്റിബയോട്ടിക് പ്രയോഗം മുയലുകളിൽ അപകടമാണെന്ന് അറിയുക. അതിനാൽ വീനിങ് ചെയ്യുന്നതിനൊപ്പം ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നത് തീർച്ചയായും ഒഴിവാക്കണം . ആന്റിബയോട്ടിക് നൽകുന്നതിന് പകരം മിത്രാണുമിശ്രിതമായ ഫീഡ് അപ് യീസ്റ്റ് പോലുള്ള പ്രോബയോട്ടിക് സപ്ലിമെന്റുകൾ മുയലുകൾക്ക് നൽകാവുന്നതാണ്. 
  • കുഞ്ഞുങ്ങളിൽ വയറിളക്കം ഉൾപ്പെടെ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കാഷ്‌ഠ പരിശോധന നടത്തി രോഗം നിർണയിക്കുകയും വേഗത്തിൽ ചികിത്സ ലഭ്യമാക്കുകയും വേണം. ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ മുയലുകൾ പെട്ടന്ന് ചത്തുപോകുന്ന സാഹചര്യങ്ങളിൽ നിസ്സാരമായി അവഗണിക്കാതെ  ഡോക്ടറുമായി ബന്ധപ്പെട്ട് ജഡപരിശോധന തീർച്ചയായും നടത്തണം.
  • രോഗം ബാധിച്ചവയെ മറ്റുമുള്ളവയിൽനിന്ന് മാറ്റി പാർപ്പിക്കണം. കോക്സീഡിയ രോഗം ആണെന്ന് കണ്ടെത്തിയാൽ ഗ്രോവിപ്ലെക്സ് പോലുള്ള ബി. കോപ്ലക്സ് ജീവകങ്ങൾ അടങ്ങിയ സപ്ലിമെന്റുകൾ മുയലുകൾക്ക് നൽകരുത്. കുടലിൽ പെരുകുന്ന കോക്സീഡിയ എന്ന പ്രോട്ടോസോവൽ രോഗാണുവിന്റെ വളർച്ചയെയും പെരുക്കത്തെയും ബീ. കോംപ്ലക്സ് ജീവകങ്ങൾ കൂടുതൽ വേഗത്തിലാക്കും. ഒപ്പം ആന്റിബയോട്ടിക് നൽകുമ്പോൾ ഒരു പ്രോബയോട്ടിക്ക് കൂടി നിർബന്ധമായും നൽകുക. ആന്റിബയോട്ടിക് കൊടുക്കുമ്പോൾ വൻകുടലിലെ ദഹനത്തെ സഹായിക്കുന്ന മിത്രാണുക്കൾ നശിച്ചുപോയാൽ മുയൽ കൂടുതൽ തളരും. ഇതൊഴിവാക്കാനാണ് പ്രോബയോട്ടിക്കുകൾ നൽകുന്നത്. 

English summary: Causes of mortality in rabbit bunnies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com