പുല്ലരിഞ്ഞ് കയ്യിലെ 3 ഞരമ്പുകൾ മുറിഞ്ഞു: കന്നുകാലി വിശേഷങ്ങളുമായി തൊടുപുഴയിലെ കുഞ്ഞു ക്ഷീരകർഷകൻ

HIGHLIGHTS
  • പഠിച്ചു വലുതായി വെറ്ററിനറി ഡോക്ടറാവണമെന്ന് ആഗ്രഹം
  • മാത്യുവിന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ നാലിനാണ്
dairy-farmer-1
പശുവിനൊപ്പം മാത്യു. ഫോട്ടോ∙ റെജു അർണോൾഡ്
SHARE

ഇടുക്കി തൊടുപുഴയ്ക്കു സമീപം വെള്ളിയാമറ്റത്തെ പതിമൂന്നു വയസ്സുകാരൻ മാത്യു ബെന്നിയുടെ ഏറ്റവും അടുത്ത കൂട്ടുകാർ പശുക്കളാണ്. പശുക്കാര്യം മാത്യുവിനു കുട്ടിക്കളിയല്ല. തീരെ ചെറുപ്പത്തിൽ അച്ഛൻ ബെന്നിയുടെ വിരലിൽ തൂങ്ങി തൊഴുത്തിലെത്തിയതാണു മാത്യു. അച്ഛൻ വിടപറഞ്ഞുപോയപ്പോൾ ആ ഓർമയൊക്കൊപ്പം സഞ്ചരിക്കാൻ പശുക്കളുടെ പരിപാലനം ഈ ഏഴാം ക്ലാസുകാരൻ ഏറ്റെടുത്തു.

ബെന്നി മരിച്ചതിനു ശേഷം പശുക്കളെ ഓരോന്നായി വിറ്റൊഴിവാക്കാൻ തീരുമാനിച്ചതായിരുന്നു മാത്യുവിന്റെ അമ്മ ഷൈനി. ഒരു രാത്രി പശുക്കളെ വിൽക്കാൻ പോകുകയാണോയെന്നു ചോദിച്ചു മാത്യു അടുത്തു വന്നിരുന്നു കരഞ്ഞതോടെ ഷൈനി ആ തീരുമാനം മാറ്റി. പശുക്കളെ പൊന്നുപോലെ നോക്കിക്കോളാമെന്ന മാത്യുവെന്ന പതിമൂന്നുകാരന്റെ ഉറപ്പിലാണു ആ അമ്മ പശുക്കളെ വിൽക്കണ്ടെന്നു തീരുമാനിച്ചത്.

ഇന്ന് കറവയുള്ള 5 പശുക്കളും 9 കിടാക്കളുമടക്കം 14 ഉരുക്കളാണ് മാത്യുവിന്റെ കുഞ്ഞു തൊഴുത്തിലുള്ളത്. സമപ്രായത്തിലുള്ള കുട്ടികൾ സുഖമായി ഉറങ്ങുമ്പോൾ മാത്യുവിന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ നാലിനാണ്. ചാണകം വാരി, പശുക്കളെ കുളിപ്പിച്ച് കറവ ആരംഭിക്കും. പശുക്കളുമായി അടുത്ത ബന്ധമാണ് മാത്യുവിനുള്ളത്. പശുക്കൾക്കാവശ്യമായ പുല്ല് ശേഖരിക്കുന്നതും മാത്യുതന്നെ. അങ്ങനെ പുല്ല് ശേഖരിക്കുന്നതിനിടെ ഒരിക്കൽ അപകടവും മാത്യുവിനുണ്ടായി. പുല്ലരിയുന്ന അരിവാൾ കൊണ്ട് കൈമുറിഞ്ഞു. 3 ഞരമ്പുകൾ മുറിഞ്ഞതായി മാത്യു. 

മനോരമ അടക്കമുള്ള മാധ്യമങ്ങളിൽ മാത്യുവിനെക്കുറിച്ചു വന്ന വാർത്തകള്‍ ശ്രദ്ധിച്ച മിൽമ അധികൃതർ പശുക്കൾക്കു ആധുനിക രീതിയിൽ തൊഴുത്തുനിർമിച്ചു നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. വീട്ടിനു സമീപം തൊഴുത്തിനായുള്ള ജോലികൾ ആരംഭിച്ചുകഴിഞ്ഞു. നല്ലൊരു തൊഴുത്തുണ്ടെങ്കിൽ അധ്വാനത്തിൽ മൂന്നോ നാലോ മണിക്കൂർ ലാഭം കിട്ടുമെന്നാണു ഷൈനി പറയുന്നത്. മാത്യുവിനും സഹോദരങ്ങൾക്കും പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും കഴിയും.

പഠിച്ചു വലുതായി ഒരു വെറ്ററിനറി ഡോക്ടറാവണമെന്നാണ് മാത്യുവിന്റെ ആഗ്രഹം. പശുക്കളെ വളർത്തിത്തന്നെ കുട്ടികളുടെ പഠം മുന്നോട്ടു കൊണ്ടുപോകാനാകുമെന്നാണ് അമ്മ ഷൈനിയുടെ പ്രതീക്ഷ.

English summary: Student's successful Dairy farm

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA