ഇവ മൂന്നുമാണ് മുയൽ വളർത്തലിലെ വരുമാന വഴികൾ– കൂടുതൽ അറിയാം

rabbit-1
SHARE

ചെറിയ ശരീരവും ഭംഗിയുള്ള മേനിയും നീളൻ ചെവികളുമുള്ള മുയലുകൾ ഒട്ടേറെ പേർക്ക് വരുമാനമാർഗമായിട്ടുണ്ട്. അരുമയായും ഉപജീവനമാർഗമായും ഒരുപോലെ കരുതിപ്പോരുന്ന മുയലുകൾ പ്രധാനമായും മൂന്നു രീതിയിലാണ് കർഷകർക്ക് വരുമാനം നേടിക്കൊടുക്കുക. കുഞ്ഞുങ്ങളുടെ വിൽപന, ഇറച്ചി വിൽപന, ലബോറട്ടറി എന്നിങ്ങനെയാണ് മുയലിലൂടെ വരുമാനം നേടാവുന്ന മൂന്നു വഴികൾ. മൂന്നു വഴികളെക്കുറിച്ചും വിശദമായി അറിയേണ്ടത് അത്യാവശ്യമാണ്.

ഇറച്ചി

ഇന്നു കൂടുകളിൽ വളർത്തപ്പെടുന്ന മുയലുകൾ എല്ലാംതന്നെ ഇറച്ചിയാവശ്യത്തിനായി വികസിപ്പിച്ചെടുത്തിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ ബ്രോയിലർ ഗണത്തിലാണ് അവ പെടുക. വൈറ്റ് ജയന്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ് വൈറ്റ്, ഗ്രേ ജയന്റ് തുടങ്ങിയവയാണ് പൊതുവെ വളർത്തിവരുന്നതെങ്കിലും ആദ്യത്തെ രണ്ടിനങ്ങൾക്കാണ് ഇപ്പോൾ പ്രചാരം കൂടുതൽ. 

കുറഞ്ഞ സമയംകൊണ്ട് മികച്ച തൂക്കം കൈവരിക്കുക എന്നതാണ് മാംസോൽപാദന മേഖലയിലെ അടിസ്ഥാന തത്വം. ബ്രോയിലർ ചിക്കൻ ഫാമിങ്ങിലെ അതേ തത്വം മുയൽ വളർത്തലിലും സ്വീകരിക്കേണ്ടിവരും. അതായത് പരമാവധി കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് 2 കിലോയെങ്കിലും തൂക്കം എത്തുക. മികച്ച ഇനം മുയലുകൾ കൈവശമുള്ള കർഷകർക്ക് 90–100 ദിവസംകൊണ്ട് 2 കിലോഗ്രാം തൂക്കം ലഭിക്കുന്നുണ്ട്. വളരാൻ കാലതാമസമെടുക്കുന്തോറും തീറ്റച്ചെലവ് ഉയരും. അതുകൊണ്ടുതന്നെ ഇറച്ചിവിൽപന ലാഭകരമല്ലാതാകും. അതായത് മൂന്നു മാസംകൊണ്ട് രണ്ടു കിലോ ലഭിക്കുന്നതും 6 മാസംകൊണ്ട് രണ്ടു കിലോ ലഭിക്കുന്നതും തമ്മിൽ ചെലവിൽ വലിയ അന്തരമുണ്ടാകും. 2 കിലോ ശരീരതൂക്കമുള്ള മുയലിൽനിന്ന് 1.100–1.300 കിലോഗ്രാം ഇറച്ചി ലഭിക്കും. പോഷസമ്പുഷ്ടമായ, കൊളസ്ട്രോൾ കുറഞ്ഞ അളവിലുള്ള മാംസമാണ് മുയലുകളുടേത്. 

മികച്ച ഇനം, മികച്ച ഭക്ഷണം, മികച്ച കാലാവസ്ഥ എന്നീ മൂന്നു ഘടകങ്ങൾ ഒരുപോലെ സമന്വയിച്ചാൽ മാത്രമാണ് തീറ്റപരിവർത്തനശേഷിയും വളർച്ചയും മുയൽ കുട്ടികൾക്കുണ്ടാകൂ.

കുഞ്ഞുങ്ങൾ

നല്ലയിനം മുയലുകളുടെ കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറെയാണ്. പ്രജനനത്തിനായി മുയലുകളെ വാങ്ങുന്നവർ മികച്ച ജനുസിനെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നു. പരമ്പരാഗതമായി സങ്കര ഇനങ്ങളാണ് ആളുകൾ കൂടുതൽ വളർത്തിയിരുന്നതെങ്കിലും ഇപ്പോൾ ശുദ്ധജനുസിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവയെ വളർത്തിത്തുടങ്ങിയിട്ടുണ്ട്. വൈറ്റ് ജയന്റ്, സോവിയറ്റ് ചിഞ്ചില പോലുള്ളവ ശുദ്ധ ജനുസുകളാണ്. വലിയ ഫാമുകളിൽനിന്ന് 10 മുയലുകൾ അടങ്ങുന്ന യൂണിറ്റ് അടിസ്ഥാനത്തിലാണ് സാധാരണ കുഞ്ഞുങ്ങളെ വിതരണം ചെയ്യുക. 7 പെണ്ണും 3 ആണുമാണ് ഈ യൂണിറ്റിൽ ഉൾപ്പെടുന്നത്. 2.5–3 മാസം പ്രായമെത്തിയ കുഞ്ഞുങ്ങൾക്ക് 600–700 രൂപയായിരുന്നു മുൻപ് വിലയെങ്കിലും തീറ്റയിലെ അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതിനാൽ പല കർഷകരും വിലയിൽ അൽപനം വർധന വരുത്തിയിട്ടുണ്ട്.

ലബോറട്ടറി ആവശ്യങ്ങൾക്ക്

ഇറച്ചിയും പ്രജനന യൂണിറ്റും അല്ലാതെ മൂന്നാമത്തെ വരുമാനമാർഗമാണ് ലബോറട്ടറി ആവശ്യങ്ങൾക്കായി മുയലുകളെ വിൽക്കുന്നത്. മരുന്നു പരീക്ഷണങ്ങൾക്കായി ഏറെ ഉപയോഗിക്കുന്ന ജീവിവർഗം മുയലുകളാണ്. കുറഞ്ഞ കാലംകൊണ്ട് പെറ്റുപെരുകാനുള്ള കഴിവും മനുഷ്യശരീരത്തിനോട് സാമ്യമുള്ളതും മനുഷ്യന് ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങൾ ബാധിക്കുന്നതിനാലുമാണ് മുയലുകളെ മരുന്നു പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നത്. ലബോറട്ടറി പരീക്ഷണങ്ങൾക്ക് വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമുള്ള മുയലുകളെയാണ് ഉപയോഗിക്കുക. വൈറ്റ് ജയന്റ്, ന്യൂസിലൻഡ് വൈറ്റ് ഇനം മുയലുകളെയോ ഈ പറഞ്ഞ ശരീരപ്രകൃതമുള്ള സങ്കരയിനം (ക്രോസ് ബ്രീഡ്) മുയലുകളെയോ ആണ് ഉപയോഗിക്കുക. ഇന്ന് ലബോറട്ടറി പരീക്ഷണങ്ങൾക്ക് ആവശ്യമായ അത്രയും മുയലുകളെ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത് അതുകൊണ്ടുതന്നെ വെളുത്ത മുയലുകളെ വളർത്തിയാൽ ലബോറട്ടി ആവശ്യങ്ങൾക്ക് നൽകി വരുമാനമുണ്ടാക്കാൻ കഴിയും. ലബോറട്ടിയിലേക്കുള്ള മുയലുകളുടെ കാര്യത്തിൽ ചില നിഷ്കർഷകളുണ്ട്. രണ്ടു ചെവികളും ഉയർന്നതായിരിക്കണം, ശരീരത്തിൽ അഴുക്ക് ഉണ്ടാവാൻ പാടില്ല, ചർമ രോഗങ്ങളോ മറ്റ് അസുഖങ്ങളോ അവയ്ക്ക് ഉണ്ടാവാൻ പാടില്ല. ഇതൊരു സ്ഥിരവരുമാനമാർഗമായി കണക്കാക്കാൻ കഴിയില്ല എന്നത് പോരായ്മയാണ്. 

മുയലുകളെ വളർത്തി മൂന്നു തരത്തിലും വരുമാനം നേടുന്ന ഒരു കർഷകനാണ് തൃശൂർ ചാലക്കുടി സ്വദേശി ജീജോ പോൾ. എല്ലാ ഇനം മുയലുകളെയും വളർത്തിയിരുന്നുവെങ്കിലും വൈറ്റ് ജയന്റ് മുയലുകളുടെ ആവശ്യകത തിരിച്ചറിഞ്ഞ ജീജോയുടെ ഫാമിൽ ഇപ്പോൾ ഈ ഇനം മുയലുകൾ മാത്രമേയുള്ളൂ. നൂറിലധികം മുയലുകളുടെ മാതൃ–പിതൃ ശേഖരവും അവയുടെ കുട്ടികളും ജീജോയുടെ പാവന റാബ്ബിറ്റ് ഫാമിലുണ്ട്. 

വൈറ്റ് ജയന്റ് മുയലുകളിലേക്ക് തിരിയാനുണ്ടായ സാഹചര്യം ജീജോ പറയുന്നു. വിഡിയോ ചുവടെ.

ജീജോയുടെ ഫാമിലെ വിശേഷങ്ങൾ പൂർണമായും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: How to make money from rabbit farming

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA