മുട്ടയിടണമെങ്കിൽ ആശുപത്രി വേണം; താറാവിന് അപൂർവ ശസ്ത്രക്രിയ

duck-5
താറാവിനൊപ്പം ഡോ. റാണി മരിയ തോമസ്. ഇൻസെറ്റിൽ ശസ്ത്രക്രിയയ്ക്കുശേഷം താറാവ് ഐസിയുവിൽ
SHARE

പ്രത്യേക സ്ഥലമൊന്നും ആവശ്യമില്ലാതെ നിൽക്കുന്നിടത്ത് മുട്ടയിടുന്നവരാണ് താറാവുകൾ. കുടുംബത്തിലെ ചിലർക്ക് പ്രത്യേക സ്ഥലം ആവശ്യമാണെങ്കിലും മുട്ടത്താറാവുകൾക്ക് അത്തരം സാഹചര്യങ്ങൾ വേണ്ട. എന്നാൽ, ആലപ്പുഴയിലെ ഒരു താറാവു കർഷകന്റെ മുട്ടത്താറാവിന് മുട്ടയിടണമെങ്കിൽ ആശുപത്രിയിൽ പോകണം. ഡോക്ടർ മുട്ട പുറത്തെടുത്തെങ്കിൽ മാത്രമേ കക്ഷിക്ക് ആശ്വാസമാകൂ.  മുട്ട പുറത്തേക്ക് വരാത്ത എഗ് ബൈൻഡിങ് എന്ന പ്രത്യേക അവസ്ഥയായിരുന്നു ഈ താറാവിന്. ഒടുവിൽ ശസ്ത്രക്രിയയിലൂടെ താറാവിന്റെ അണ്ഡാശയം നീക്കം ചെയ്തു.

duck-2

മറ്റു താറാവുകൾ സ്ഥിരമായി മുട്ടയിടുകയും ഊർജസ്വലതയോടെ നടക്കുകയും ചെയ്യുമ്പോൾ ഒരാൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉടമയുടെ ശ്രദ്ധയിൽപ്പെട്ടു. തീറ്റയെടുക്കാനും ആ പെൺതാറാവ് മടി കാണിച്ചപ്പോഴാണ് ഉടമ ആലപ്പുഴ സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് ആനിമൽ ഹോസ്പിറ്റലിലെ ഡോ. റാണി മരിയ തോമസിന്റെ അടുത്തെത്തിച്ചത്. മുട്ട പുറത്തേക്ക് വരാനുള്ള ബുദ്ധിമുട്ടാണ് രോഗാവസ്ഥ. ഡോക്ടർ മുട്ട പുറത്തെടുത്തു. അശ്വാസത്തോടെ തിരികെ പോയ താറാവ് അടുത്ത ദിവസങ്ങളിൽ ഇതേ അവസ്ഥയുമായി വീണ്ടും വീണ്ടും ആശുപത്രിയിലെത്തി. തുടർച്ചയായി എഗ് ബൈൻഡിങ് പ്രശ്നം കാണിച്ചതിനാൽ താറാവിനെ ഒഴിവാക്കുകയോ അല്ലെങ്കിൽ ശസ്ത്രക്രിയ നടത്തുകയോ ചെയ്യാമെന്ന് ഡോക്ടർ നിർദേശിച്ചു. കൊല്ലാൻ താൽപര്യമില്ലെന്ന് ഉടമ അറിയിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ശസ്ത്രക്രിയ നടത്തി താറാവിന്റെ അണ്ഡാശയവും മുട്ടക്കുഴലുമെല്ലാം നീക്കം ചെയ്തു.

duck-1
അനസ്തേഷ്യ നൽകുന്നു

നായ്ക്കളിലും പൂച്ചകളിലുമെല്ലാം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്ന സമാന രീതിതന്നെയാണ് ഇവിടെയും. മൃഗത്തിന്റെ സ്ഥാനത്ത് പക്ഷി എന്നുമാത്രം. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ അവയെ കൊന്ന് ഇറച്ചിയാക്കുകയാണ് കർഷകർ ചെയ്യുക. എന്നാൽ, ഈ താറാവിന്റെ ഉടമയ്ക്ക് അതിനെ കൊല്ലാൻ മനസു വന്നില്ല. അതുകൊണ്ടുതന്നെ, ആ താറാവ് ശസ്ത്രക്രിയാ മേശയിലെത്തി. 

അനസ്ത്രേഷ്യ നൽകിയായിരുന്നു ശസ്ത്രക്രിയ. എന്നാൽ, കുത്തിവയ്പ്പിലൂടെ മയക്കുന്ന രീതി പക്ഷികളിൽ സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ മയക്കുന്നതിന് വാതകം ഉപയോഗിക്കണം. എക്സോട്ടിക് പക്ഷികൾക്കുവേണ്ടിയുള്ള പ്രത്യേക ആശുപത്രിയായതുകൊണ്ടുതന്നെ അനസ്തേഷ്യ, ശസ്ത്രക്രിയ, എക്സ് റേ, ജീവൻരക്ഷാ മരുന്നുകൾ, ഐസിയു തുടങ്ങി ആധുനിക സംവിധാനങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. അനസ്തേഷ്യ നൽകി ശസ്ത്രക്രിയ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 5ന് ആരംഭിച്ച ശസ്ത്രക്രിയ ഏഴോടെയാണ്‌ പൂർത്തിയായത്. ശസ്ത്രക്രിയയ്ക്കിടയിൽ രണ്ടു തവണ താറാവ് ശ്വസിക്കാത്ത അവസ്ഥയും വന്നു. എങ്കിലും അതെല്ലാ തരണം ചെയ്ത് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഡോ. റാണി മരിയയ്ക്കു കഴിഞ്ഞു.

duck-3
താറാവ് ശസ്ത്രക്രിയയ്ക്കുശേഷം

ശസ്ത്രക്രിയയ്ക്കുശേഷം പക്ഷികൾക്കായുള്ള പ്രത്യേക ഐസിയുവിൽ പ്രവേശിപ്പിച്ച താറാവ് ക്രമേണ ആരോഗ്യം വീണ്ടെടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. താറാവ് അപകടനില തരണം ചെയ്തതായി ഡോ. റാണി മരിയ കർഷകശ്രീയോടു പറഞ്ഞു. 

English summary: Surgical management of egg bound syndrome

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA