പശുവിനെ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി; ജീവനറ്റ് പശുക്കുട്ടി, പൊട്ടിത്തകര്‍ന്ന് ഗര്‍ഭപാത്രം, പക്ഷേ സംഭവിച്ചത്

cow-surgery
പശുവിന് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർ. ജനിതക വൈകല്യം നിമിത്തം വിരൂപവസ്ഥയിലുള്ള കുഞ്ഞിനെ പുറത്തെടുത്തപ്പോൾ (വലത്ത്)
SHARE

സുഹൃത്ത് ബന്ധം മിണ്ടാപ്രാണിയുടെ ജീവന്‍ രക്ഷിക്കുമോ?

ഒരു വെറ്ററിനറി സര്‍ജന് കര്‍ഷകകുടുംബത്തിന് കൈതാങ്ങാവാന്‍ കഴിയുമോ?

വെറ്ററിനറി സര്‍ജനും പല വ്യക്തിപരമായ കാര്യങ്ങളും ഒഴിവാക്കിയല്ലേ മിണ്ടാപ്രാണികളുടെ ജീവന്‍ രക്ഷിക്കുന്നത്?

ഞാന്‍ പറഞ്ഞു വരുന്നത്, കുറച്ചു നാള്‍ മുന്‍പ് അതിരാവിലെ ഞാന്‍ പുതുതായി ജോലിക്കു ജോയിന്‍ ചെയ്ത ആര്യങ്കോട് പഞ്ചായത്തിലെ ശ്രീകുമാര്‍ ചേട്ടന്‍ എന്റെ ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ച് രാവിലെ മുതല്‍ പശു പ്രസവ വേദനകൊണ്ട് പുളയുന്നു, പ്രസവിക്കുന്നില്ല ഒരുപാട് രക്തം വാര്‍ന്നു പോകുന്നു എത്രയും പെട്ടന്ന് ഡോക്ടര്‍ എത്തണം എന്ന് പറഞ്ഞു.

ചേട്ടന്റെ ശബ്ദം ഇടറുന്നു അതിന് ഞാന്‍ കാതും മനസ്സും ഒന്ന് കൂര്‍പ്പിച്ചു.

പരമാവധി വേഗത്തില്‍ അവിടെ എത്തിച്ചേര്‍ന്നു, പ്രാഥമിക പരിശോധനയില്‍ തന്നെ അത് ജനിതക വൈകല്യമായ ഷിസ്റ്റോ സോമസ് റിഫ്‌ലക്‌സസ് (Schistosomus reflexus)  എന്ന അസ്ഥയാണെന്നും കിടാവ് മരിച്ച അവസ്ഥയിലാണെന്നും മനസ്സിലാക്കി. സിസേറിയന്‍ ഇല്ലാതെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഞാനും എന്റെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മിഥുനും കൂടി ഒരു പാഴ്ശ്രമം നടത്തി നോക്കി.

സമാന സാഹചര്യത്തില്‍ മുന്‍പ് ഡോ. അജിത്തും, ഞാനും കൂടി സിസേറിയനിലൂടെ കിടാവിനെ പുറത്തെടുത്ത് അമ്മപ്പശുവിനെ രക്ഷപ്പെടുത്തിയിരുന്നു. എന്തായാലും അദ്ദേഹത്തെ വിളിക്കാന്‍ തീരുമാനിച്ചു. തിരക്കിലായിരുന്നു എങ്കിലും അദ്ദേഹം ഫോണ്‍ എടുത്തു. ഞാന്‍ വിളിച്ചിച്ചാല്‍ ഒരിക്കലും വരാതിരിക്കില്ല എന്നറിയാം. പക്ഷേ, അദ്ദേഹത്തിന്റെ അമ്മ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോട് പോരാടുന്ന അവസ്ഥയിലായിരുന്നതിനാല്‍ ഒരു സംശയം ഉണ്ടായിരുന്നു.

മേലുദ്യോഗസ്ഥനോട് അനുമതി വാങ്ങി എത്താമെന്നും നേരത്തേ തിരിച്ചു പോകണം എന്നും അദ്ദേഹം പറഞ്ഞു. അതിന്‍ പ്രകാരം പാറശാല വെറ്ററിനറി പോളി ക്ലിനിക്കിലെ മേലുദ്യോഗസ്ഥനായ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. മണികണ്ഠന്‍ സാറിനോട് ഞാന്‍ അനുമതി വാങ്ങുകയും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അന്നത്തെ ഷിഫ്റ്റ് ഡ്യൂട്ടി സര്‍ സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സര്‍ജറിക്കു വേണ്ട സകല സജ്ജീകരണങ്ങളുമായി രാത്രി ചികിത്സാ സമയത്തുള്ള ഡോ. വിഷ്ണുവിനെയും ഇന്റേണി ഡോ. സ്റ്റെഫിയും കൂട്ടി സ്വന്തം കാറില്‍ എന്നോട് വഴിയൊക്കെ ചോദിച്ച് സ്ഥലത്തെത്തി സിസേറിയനുള്ള നടപടിക്രമത്തിലേക്ക് കടന്നു.

cow-2

ഒരു മരച്ചുവട്ടില്‍ തൊഴുത്തിന് പുറത്തായിരുന്നു നമ്മുടെ ഓപ്പറേഷന്‍ തീയറ്റര്‍. അല്ലാതെ ഈ അവസ്ഥയിലുള്ള പശുവിനെ വാഹനത്തില്‍ കയറ്റി യാത്ര ചെയ്പ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി സിസേറിയന്‍ ചെയ്യുന്നത് പ്രായോഗികമല്ല. തിരികെ കൊണ്ടുവരുന്നതും അതിലേറെ റിസ്‌ക്. ഇരുട്ട് പടര്‍ന്ന് തുടങ്ങിയിരുന്നു. ലഭ്യമായ എല്ലാ എമര്‍ജന്‍സി ലൈറ്റുകളെല്ലാം സംഘടിപ്പിച്ചു. മരത്തില്‍ ഒരു ബള്‍ബ് ഇട്ടു, ടോര്‍ച്ച് ലൈറ്റിന്റെയും, എമര്‍ജന്‍സി ലൈറ്റിന്റെയും വെളിച്ചത്തിലാണ് സിസേറിയന്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരുന്നത്. ശ്രീകുമാരേട്ടന്റെ മുഖത്തെ വിഷമം എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പലരുടെയും അഭിപ്രായം പശുവിനെ വിറ്റുകളയുക എന്നായിരുന്നു. 

അവസാനം ഗര്‍ഭപാത്രത്തിനോട് അടുത്ത് എത്തിയപ്പോഴേക്കുമാണ് കിടാവിന്റെ വിരൂപമായ അവസ്ഥ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചത്. ജനിതക വൈകല്യം അതിന്റെ ഭയാനക അവസ്ഥയിലായിരുന്നു. ഉടല്‍ പൊളിഞ്ഞ്, കിടാവിന്റെ കുടലും, കരളും മറ്റും പുറത്ത്, കഴുത്ത് ഒടിഞ്ഞ് ഒരു വശത്തേക്ക് ചെരിഞ്ഞിരിക്കുന്നു, ഒരു കൈ പകുതിയേ വളര്‍ന്നിട്ടുള്ളൂ, മറ്റു കൈ കാലുകള്‍ വൈകല്യം ബാധിച്ച് മരം പോലെ സ്റ്റിഫായി ഇരിക്കുന്നു, വളര്‍ച്ചയില്‍ രൂപ വൈകൃതങ്ങളും.

ഗര്‍ഭപാത്രത്തില്‍ സാധാരണ ഗതിയില്‍ ഇടുന്ന അളവില്‍ മുറിപ്പാടുണ്ടാക്കി കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിന്റെ ആകാരത്തിലെ പ്രശ്‌നങ്ങള്‍ കാരണം നല്ല ബലം പ്രയോഗിച്ചാണ് പുറത്തെടുത്തത്. അതിനിടെ ഗര്‍ഭപാത്രം കീറി പൊളിഞ്ഞ് രക്തച്ചൊരിച്ചിലായി മാറി, ഒരു ഭീകരാവസ്ഥ. എല്ലാവരും കൂടി ആ പ്രതിസന്ധി സമയത്ത് അവസരോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ ഒരു വലിയ അപകടം ഒഴിവായി. വിയര്‍ത്ത് കുളിച്ച് എല്ലാപേരും നിശബ്ദരായി നിന്നു. 

സര്‍ജറി തുടങ്ങുന്നതിന് മുമ്പ് അജിത് ഡോക്ടറുടെ അമ്മ അദ്ദേഹത്തെ  വിളിച്ചിട്ട് ആ മിണ്ടാപ്രാണിയുടെ ജീവനുവേണ്ടി പ്രാര്‍ഥിക്കാം എന്ന് പറഞ്ഞിരുന്നു. ഗര്‍ഭപാത്രത്തിലെ ആ വലിയ മുറിവ് തുന്നിക്കെട്ടാന്‍ ഒരുപാട് സമയമെടുത്തു.

തുടക്കം മുതല്‍ ഒരു പിഴവ് പോലും സംഭവിക്കാതിരിക്കാന്‍ നമ്മള്‍ കൂടി ആലോചിച്ചാണ് തീരുമാനം എടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. സമയം കുറച്ച് കൂടുതല്‍ എടുക്കുന്നു എന്നതൊഴിച്ചാല്‍ ഫീല്‍ഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് പരമാവധി കൃത്യതയോടെ, പ്രഫഷണലായാണ് കാര്യങ്ങള്‍ ചെയ്തു തീര്‍ത്തത്. കാഴ്ചക്കാരനായിനിന്ന ഒരു പയ്യന്‍ ഈ ചിത്രങ്ങളെല്ലാം എന്റെ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. 

പ്രഫഷന്റെ പല അസുലഭ മുഹൂര്‍ത്തങ്ങളും ആ ക്യാമറ പകര്‍ത്തിയെടുത്തിരുന്നു. അത് എല്ലാവരും ഈ പോസ്റ്റിലൂടെ അറിയിക്കണം എന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇതിനെക്കാള്‍ ദുര്‍ഘടം പിടിച്ച ഒരു കേസ് കഴിഞ്ഞ് ശ്രദ്ധാപൂര്‍വ്വം എല്ലാം ചെയ്തുവെങ്കിലും ക്ഷീണിതാവസ്ഥയില്‍ ഒന്നു കുനിയുന്നതിനിടയില്‍ ആ ഫോണ്‍ വെള്ളത്തില്‍ വീണ് ബോര്‍ഡ് കേടായി എല്ലാ ഫോട്ടോയും നഷ്ടമായി, അതു കഴിഞ്ഞ് വാങ്ങിയ ഫോണും റിസ്‌ക് പിടിച്ച ജോലിക്കിടയില്‍ നിറുത്താതെ വരുന്ന ഫോണ്‍ വിളികള്‍ അറ്റന്‍ഡ് ചെയ്യുന്നതിനിടയില്‍ വെള്ളത്തില്‍ വീണ് അതും ക്ഷീണിതാവസ്ഥയിലാണ് ഓട്ടം. നല്ലൊരു സ്മാര്‍ട്ട്‌ഫോണ്‍ പോലും കേടു കൂടാതെ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഫീല്‍ഡിലെ സാഹചര്യത്തില്‍ ഒരു വെറ്ററിനറി സര്‍ജനുള്ളത്. ഈ പോസ്റ്റില്‍ ഇപ്പോ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഫോട്ടോ ഒരു കാഴ്ചക്കാരന്‍ കൗതുകം കൊണ്ട് എടുത്തത്.... തേടിപ്പിടിച്ച് വാങ്ങിച്ചതാണ്. ബാക്കി ഈ എഴുത്ത് വായിച്ചിട്ട് ഭാവനയില്‍ കാണാനും അപേക്ഷ.

സിസേറിയന്‍ നടക്കുന്നതിനിടയില്‍ എത്ര തവണ ഫോണ്‍ ബെല്ലടിച്ചു എന്ന് ഒരു നിശ്ചയവുമില്ല. കൂടെ സഹായിയായി നിന്ന ഒരാള്‍ കഴിയുന്ന ഫോണു കാളുകള്‍ ചെവിയില്‍ ഫോണ്‍ കൊണ്ടുവന്ന് വച്ച് സംസാരിച്ച് എന്റെ അവസ്ഥ ബോധ്യപ്പെടുത്തി കൊടുത്തു. ചിലര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. മറ്റു ചിലര്‍ക്ക് ദേഷ്യം. സമകാലിക സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഇത്രയും മതി ഒരു പണി കിട്ടാന്‍. ഈശ്വരാനുഗ്രഹം കൊണ്ട് ഇങ്ങനെ കഴിഞ്ഞു പോകുന്നു അത്രമാത്രം.

ഒരു പകലും രാത്രിയുടെ പകുതിയില്‍ കൂടുതലും അവിടെ തീര്‍ന്നു സിസേറിയന്‍ തുടങ്ങുന്നതിനു മുമ്പ് കുറച്ച് എമര്‍ജന്‍സി കേസുകള്‍ ഓടി നടന്ന് നോക്കി തീര്‍ത്തിരുന്നു അതിനാല്‍ പരിഭവക്കാരുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചു.

സിസേറിയനോളം തന്നെ പരമപ്രധാനമാണ് പോസ്റ്റ് ഓപറേറ്റീവ് കെയറും. അതും വളരെ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു എന്നുള്ളതും മനസ്സിന്റെ കോണില്‍ സന്തോഷമായി കിടക്കുന്നു. എന്റെ നിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിച്ച് ആ മിണ്ടാപ്രാണിയെ പരിപാലിച്ച ശ്രീകുമാരേട്ടനും നല്ലത് മാത്രം സംഭവിക്കട്ടെ എന്നൊരു പ്രാര്‍ഥന. ജീവനും, തേജസ്സും, ഓജസുമുള്ള പശുവിനെയും തിരികെ ആ കുടുംബത്തിന് നല്‍കി.

സിസേറിയന്‍ കഴിഞ്ഞുള്ള വയറിലെ മുറിപ്പാട് കാണുമ്പോള്‍ നന്ദിനി പശുവിന്റെ ദേഹത്ത് വരച്ച ഒരു മനോഹര ചിത്രം  പോലെ തോന്നുന്നു. ഇന്ന് അതിന് പതിനൊന്ന് ലീറ്ററോളം പാലും കിട്ടി. ആ വീട്ടില്‍ എത്തുമ്പോള്‍ അവരുടെ സന്തോഷം മനസ്സുകൊണ്ട് എനിക്ക് വായിച്ചെടുക്കാന്‍ കഴിയുന്നു.

ഞാന്‍ ഏതു പഞ്ചായത്തില്‍ ജോലി നോക്കിയാലും ഒരു സഹായം ആവശ്യപ്പെട്ടാല്‍ അവിടെ മഴയോ വെയിലോ രാത്രിയോ പകലോ എന്നൊന്നും നോക്കാതെ സംഘമായി എത്തി എന്നെയും ആ മിണ്ടാപ്രാണിയെയും ആ കുടുംബത്തെയും സഹായിക്കാന്‍ കാണിച്ച മനസ്സിന് ഡോ. അജിത്തിനും ടീമിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി .

ഒപ്പം ഒരു തീരാവിഷമവും ഡോ. അജിത്തിന് അദ്ദേഹത്തിന്റെ അമ്മയോടൊപ്പം ചെലവഴിക്കേണ്ടിയിരുന്ന വിലപ്പെട്ട സമയമാണ് ഞാന്‍ ഇല്ലാതാക്കിയത് എന്നോര്‍ക്കുമ്പോള്‍ ഒരു കുറ്റബോധവും. ആ അമ്മ ഇത്തവണ ഓണം ആഘോഷിക്കാന്‍ എന്റെ സുഹൃത്തിനോടൊപ്പം ഇല്ലായിരുന്നു. ഒരു മകന്റെ പ്രാഫഷനല്‍ വിജയത്തിനും ഒരു മിണ്ടാപ്രാണിയുടെ ജീവനും വേണ്ടി പ്രാര്‍ഥിച്ചിരുന്ന ആ അമ്മയ്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നൂറു കോടി പ്രണാമം. ഓരോ വെറ്ററിനേറിയനും ഇതുപോലുള്ള ഒരുപാട് കഥകള്‍ പറയാനുണ്ടാകും തീര്‍ച്ച .

cow-surgery-team
ശസ്ത്രക്രിയ നടത്തിയ സംഘം കർഷകനൊപ്പം

എല്ലാം കഴിഞ്ഞ് അവിടുന്ന് പിരിയുമ്പോള്‍ സമയം രാത്രി ഒരു മണി അപ്പോള്‍ ഡോ. അജിത്തിന്റെ ഫോണില്‍ എടുത്ത ടീമിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ക്ഷീണം കാരണം പല പ്രാവശ്യം ഉറങ്ങി, ഉറങ്ങി ഞെട്ടലോടെ ഉണര്‍ന്നുമാണ് ടു വീലറില്‍ യാത്ര ചെയ്തത്. ഏതോ ഭാഗ്യത്തിനാണ് ലോറിക്കടിയിലൊന്നും പെടാതെയും മറ്റു വണ്ടികളില്‍ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയില്‍ വീട് എത്തിപ്പെട്ടത്.

അടുത്ത ദിവസവും പതിവുപോലെ രാവിലെ തന്നെ ഡ്യൂട്ടിക്കായി ഇറങ്ങി. തലേ ദിവസത്തേയും പുതിയതുമായ കര്‍ഷകരുടെ പ്രശ്‌നങ്ങളിലേക്ക് അസഹനീയമായ ദേഹവേദനയോടെ....

നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നോക്കുന്നത് സര്‍ക്കസ് കൂടാരത്തിലെ മരണക്കിണറിലെ ബൈക്ക് ഓടിക്കുന്നത് പോലെയാണ്. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വകുപ്പിനെ മുഴുവന്‍ കളങ്കപ്പെടുത്തുന്നത് ശരിയല്ല. മറ്റു ഡോക്ടര്‍മാര്‍ക്കാണെങ്കില്‍ ഇരിക്കുന്ന സ്ഥലത്ത് പേഷ്യന്റ്‌സ് വരും. നമ്മുടേത് നേരെ തിരിച്ച്, അവരെ സഹായിക്കാന്‍ നഴ്‌സിംഗ് സ്റ്റാഫ്, ക്ലറിക്കല്‍ സ്റ്റാഫ്, ആശാ വര്‍ക്കര്‍മാര്‍, ഫാര്‍മസിസ്റ്റ് അങ്ങനെ നീളുന്നു. ഇങ്ങനാരും നമുക്കില്ല, ഈ ആള്‍ക്കാരുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഇന്ന് വെറ്ററിനറി ഡോക്ടര്‍മാരില്‍ നിക്ഷിപ്തമാണ്. ഈ ഉത്തരവാദിത്വങ്ങള്‍ കുറച്ച് ചികിത്സ പഠിച്ച വെറ്ററിനേറിയനെ ചികിത്സിക്കാന്‍ നിയോഗിച്ചാല്‍ ഫീല്‍ഡിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാകുമെന്ന് എന്റെ എളിയ മനസ്സ് പറയുന്നു. തിരക്കിനിടയില്‍ നടപ്പാക്കുന്ന എണ്ണമറ്റ പദ്ധതികളില്‍ മനപൂര്‍വ്വമല്ലാതെ ഒരു തെറ്റ് സംഭവിച്ചു പോയാല്‍ എത്രയെത്ര അന്വേഷണ ഏജന്‍സികള്‍ ഓര്‍ക്കുമ്പോള്‍ ഒരു ഭയം. ഇതുപോലെ റിസ്‌ക് എടുത്ത് കാര്യങ്ങള്‍ ചെയ്യണോ എന്നു വരെ ആലോചിച്ചു പോകുന്നു.

ഒരു കാര്യത്തില്‍ ഞാനും ഡോ. അജിതും കൃതാര്‍ഥനാണ് പശുവില്‍ ഷിസ്റ്റോസ്റ്റോമസ് റിഫ്‌ലക്‌സസ് എന്ന ഒരു അവസ്ഥ വളരെ വിരളമാണ് ഒരു വെറ്ററിനേറിയന്റെ സര്‍വീസ് കാലഘട്ടത്തില്‍ ഒരിക്കലെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ളത്, അത് രണ്ടു പ്രാവശ്യവും കൃത്യമായി ഗര്‍ഭാവസ്ഥയില്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. രണ്ടിനെയും ഞങ്ങള്‍  രക്ഷിച്ചു. അന്ന് ബാബു ചേട്ടനും ഇന്ന് ശ്രീകുമാരേട്ടനും. രണ്ടു കുടുംബങ്ങളുടെയും വരുമാന മാര്‍ഗത്തിനും , ആ കുടുംബത്തിനും ഒരു കൈത്താങ്ങാകാന്‍ സാധിച്ചതില്‍ മനസ്സ് നിറഞ്ഞ്.... ആ കുടുംബങ്ങളുടെ സ്‌നേഹ വായ്പ് ഏറ്റുവാങ്ങിക്കൊണ്ട്...

ഡോ. ജി.എസ്.അരുണ്‍ കുമാര്‍

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA