ADVERTISEMENT

നായ മാന്തിയത് കാര്യമാക്കാതിരുന്ന യുവാവ് ആഴ്ചകൾക്കു ശേഷം പേവിഷബാധയേറ്റ് മരണപ്പെട്ട വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. വയനാട് ബത്തേരി മുത്തങ്ങ സ്വദേശിയായ മുപ്പതുകാരനാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം വീട്ടിൽ വന്നപ്പോഴാണ് യുവാവിന് അസ്വസ്ഥതകൾ തുടങ്ങിയത്. വെള്ളം കുടിക്കാൻ ശ്രമിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു കൊണ്ടായിരുന്നു രോഗത്തിന്റെ ആരംഭം. ആശുപത്രിയിൽവച്ച് ഡോക്ടർ തിരക്കിയപ്പോഴാണ് ആഴ്ചകൾക്ക് മുൻപ് നായ കാൽമുട്ടിന് മുകളിൽ മാന്തിയ കാര്യം യുവാവ് പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ യുവാവ് പേവിഷബാധയേറ്റുള്ള ദാരുണ മരണത്തിന് കീഴടങ്ങി. പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റിട്ടും പേവിഷ പ്രതിരോധകുത്തിവയ്‌പ് കൃത്യമായി സ്വീകരിക്കുന്നതിൽ വരുത്തുന്ന വീഴ്ചയും ജാഗ്രതക്കുറവും ജീവഹാനിക്കിടയാക്കും എന്ന വസ്തുത ഈ സംഭവം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നത്.

പേവിഷ പ്രതിരോധ കുത്തിവയ്പിന്  ജീവന്റെ വിലയുണ്ട്

ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതനാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. വൈറസ് ബാധിച്ച  മൃഗങ്ങളുടെ കടിയോ മാന്തോ അല്ലെങ്കിൽ അവയുടെ ഉമിനീർ മുറിവുകളിൽ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ നമ്മുടെ ശരീരത്തിൽ കയറിക്കൂടി നാഡികളിൽ പെരുകാൻ  ഇടയുള്ള റാബീസ് വൈറസുകളെ അടിയന്തര ചികിത്സയിലൂടെയും കൃത്യമായ ഇടവേളകളിൽ എടുക്കുന്ന  പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും നൂറു ശതമാനം ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും. എന്നാൽ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, ഒടുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം നൂറുശതമാനം  ഉറപ്പ്. ചികിത്സകൾ ഒന്നും തന്നെ രോഗം കണ്ടുതുടങ്ങിയാൽ പിന്നെ  ഫലപ്രദമല്ല. രോഗ ലക്ഷണങ്ങൾ പ്രകടമായാൽ അതിദാരുണമായ മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റൊരു വഴി രോഗിക്ക് മുന്നിലില്ലാത്ത  വേറൊരു വൈറസ് രോഗം  ഉണ്ടോ എന്നത് സംശയമാണ്.  

ഇന്ത്യയില്‍ പേവിഷ ബാധയേല്‍ക്കുന്നവരിൽല്‍ 97 ശതമാനത്തിനും രോഗബാധയേൽക്കുന്നത്  വൈറസ് ബാധിച്ച നായ്ക്കളുടെ കടിയില്‍ നിന്നുമാണ്. ബാക്കി 2 ശതമാനം ആളുകൾക്ക് പൂച്ചകളില്‍നിന്നും അവശേഷിക്കുന്ന 1 ശതമാനത്തിന്  കീരി, കുറുക്കന്‍,  ചെന്നായ, മറ്റ് വന്യമൃഗങ്ങൾ എന്നിവയുടെ കടിയിലൂടെയുമാണ്.

പേവിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീര്‍ഗ്രന്ഥികളും, ഉമിനീരുമാണ് വൈറസിന്റെ സംഭരണ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍. കടിക്കുകയോ, അവയുടെ ഉമിനീര്‍ പുരണ്ട നഖംകൊണ്ട് മാന്തുകയോ  മുറിവിലോ ശരീരത്തിലേറ്റ ചെറുപോറലുകളിലോ വായിലെയോ കണ്ണിലേയോ ശ്ലേഷ്മസ്തരങ്ങളിലോ ഉമിനീര്‍ പുരളുകയോ ചെയ്യുമ്പോള്‍  വൈറസ്  മുറിവില്‍ നിക്ഷേപിക്കപ്പെടുന്നു. മുറിവുകളില്‍ നിക്ഷേപിക്കപ്പെടുന്ന വൈറസിന് ശരീരത്തിനുള്ളിലേക്ക് കയറാനുള്ള വഴിയൊരുക്കുക പേശികളിലേക്ക് തുറക്കുന്ന നാഡീതന്തുക്കളാണ്. പേശികളിലെ  നാഡീതന്തുക്കളിലൂടെ സഞ്ചരിച്ച് സുഷുമ്നാഡിയിലും ഒടുവില്‍ മസ്തിഷ്കത്തിലും  വൈറസ് എത്തുകയും പെരുകുകയും ചെയ്യും. അതോടെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. നാഡികളിലൂടെ പടര്‍ന്ന് മസ്തിഷ്കത്തിലെത്താന്‍ വേണ്ടിയുള്ള  യാത്രയില്‍ മണിക്കൂറില്‍ 3 മില്ലിമീറ്റര്‍ ദൂരം എന്ന ചെറിയ വേഗത മാത്രമേ വൈറസിനുള്ളൂ. അതിനാല്‍  കടിയേറ്റ ശരീരഭാഗം, കടിയേറ്റ ഭാഗവും സുഷുമ്നാനാഡിയും മസ്തിഷ്കവും തമ്മിലുള്ള അകലം, കടിയുടെ തീവ്രത എന്നിവയെയെല്ലാം  അനുസരിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള (incubation period) വ്യത്യാസപ്പെടും.

വൈറസ് ശരീരത്തിൽ എത്തി രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള സമയം ഒരാഴ്ച മുതല്‍ മൂന്ന് മാസംവരെ നീളും. എന്നാല്‍ ഒരു വര്‍ഷം വരെയും അതിലധികവും നീണ്ട സംഭവങ്ങളും ആരോഗ്യശാസ്ത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിനാല്‍ കടിയേറ്റ ഉടനെയുള്ള പ്രഥമശുശ്രൂഷയ്ക്കും  രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പുള്ള  ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവയ്പുകൾക്കും ജീവന്റെ വിലയുണ്ട്.  

മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യത്തില്‍   ചെയ്യേണ്ട പ്രഥമ ശുശ്രൂഷ  മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കുകയാണ്. മുറിവില്‍ നിന്നും ഉമിനീരിന്‍റെ  അംശം പൂർണമായും നീക്കിയ ശേഷം  മുറിവിൽ സോപ്പ് പതപ്പിച്ച് വീണ്ടും പതിനഞ്ചു മിനിറ്റ്  സമയമെടുത്ത്  കഴുകി വൃത്തിയാക്കണം. റാബീസ്  വൈറസിന്റെ പുറത്തുള്ള ലിപിഡ് തന്മാത്രകൾ  ചേര്‍ന്ന ഇരട്ട സ്ഥരത്തെ അലിയിപ്പിച്ച് കളഞ്ഞ് വൈറസിനെ നിര്‍വീര്യവും  നിരായുധവുമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. മുറിവ് വൃത്തിയാക്കുമ്പോൾ കൈകളില്‍ ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ്. ശേഷം മുറിവില്‍ നിന്ന് നനവ് ഒപ്പിയെടുത്ത ശേഷം പോവിഡോൺ അയഡിൻ ലേപനം പുരട്ടുകയും  ഉടന്‍ വൈദ്യസഹായം തേടുകയും വേണം. കടിയേറ്റ മുറിവുകളിൽ തണുപ്പോ ചൂടോ ഏൽപ്പിക്കുക , മണ്ണോ  ഉപ്പോ  മഞ്ഞളോ മറ്റോ പുരട്ടുക തുടങ്ങിയവയെല്ലാം തീർച്ചയായും ഒഴിവാക്കണം. ഇതെല്ലാം മുറിവുകളിൽ പേശികളോടെ ചേർന്നുള്ള  നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുകയും റാബീസ് വൈറസിന് പേശികളിലെ നാഡീ തന്തുക്കളിലേക്ക് കടന്നുകയറാനുള്ള വഴിയും വേഗവും എളുപ്പമാക്കുകയും ചെയ്യും.

ആന്റി റാബീസ് വാക്സീൻ, ഇമ്മ്യൂണോഗ്ളോബുലിൻ എന്നീ രണ്ട് മരുന്നുകളാണ് പ്രധാനമായി പേവിഷ  പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, ഗവൺമെന്റ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എല്ലാം സൗജന്യമായി ലഭിക്കുന്നതാണ്. ആന്റി റാബീസ് സിറമായ ഇമ്മ്യൂണോ ഗ്ലോബുലിൻ  സർക്കാർ തലത്തിൽ മെഡിക്കൽ കോളജുകൾ , ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ  എന്നിവിടങ്ങളിൽ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളും ലഭ്യമാക്കുന്നുണ്ട് .

കടിയേറ്റവരിൽ പുതുക്കിയ തായ്റെഡ് ക്രോസ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള  പോസ്റ്റ് എക്പോഷര്‍ വാക്സിനേഷന്‍ ആണ് ഇപ്പോള്‍ ഇന്ത്യയിൽ വ്യാപകമായി അവലംബിക്കുന്നത്. 0.1  മില്ലി വീതമുള്ള ഓരോ ഡോസ് വാക്സിന്‍ കൈ ആരംഭിക്കുന്നതിനുതാഴെ തൊലിക്കടിയില്‍  രണ്ട് സ്ഥലങ്ങളിലായി 0, 3, 7, 28 ദിവസങ്ങളിലായി  നല്‍കുന്നതാണ് പുതുക്കിയ തായ്റെഡ് ക്രോസ് പ്രോട്ടോക്കോള്‍. ഒരിക്കൽ കടിയേറ്റതിന് ശേഷമുള്ള മുഴുവന്‍ കുത്തിവയ്പുകളോ പൂര്‍ണ്ണമായ മുന്‍കൂര്‍ പ്രതിരോധകുത്തിവയ്പുകളോ എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ, മാന്തോ കിട്ടിയാല്‍  മുറിവുകളുടെ പരിചരണം മാത്രമേ ആവശ്യമുള്ളൂ.  പ്രതിരോധകുത്തിവയ്‌പോ, ഇമ്മ്യൂണോഗ്ലോബുലിനോ വേണ്ടതില്ല. പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും ഒരിക്കൽ എടുത്താൽ, വ്യക്തിയുടെ ശരീരത്തിൽ വർഷങ്ങളോളം പ്രതിരോധശേഷി  നിലനിൽക്കും. എങ്കിലും  മൂന്ന് മാസത്തിന്  ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ പ്രതിരോധ ശേഷിയെ ഒരിക്കൽ കൂടി  സജീവമാക്കുന്നതിനായി വാക്സിന്‍ രണ്ട് തവണകളായി  0, 3 ദിവസങ്ങളില്‍ എടുക്കണം . കുത്തിവയ്പ്പ് വിവരങ്ങൾ കൃത്യമായി ഓർക്കാത്തവരും മുൻപ് മുഴുവൻ കുത്തിവയ്പ്പും എടുക്കാത്തവരും വീണ്ടും ക്രമപ്രകാരമുള്ള മുഴുവൻ കോഴ്സ് വാക്സീൻ എടുക്കണം.

പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ  വന്യമൃഗങ്ങളുമായി ഇടപഴുകുന്നവർ  വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ റാബീസ് വൈറസുമായി സമ്പർക്കം ഉണ്ടാവാൻ ഇടയുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിൽ പെടുന്നവർ മുൻകൂറായി 0, 7 ,28  ദിവസങ്ങളിൽ പേവിഷ പ്രതിരോധ  കുത്തിവയ്പ്പ് (Pre exposure Prophylaxis) എടുക്കുന്നതും വർഷാവർഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് പ്രതിരോധ  കുത്തിവയ്പ്പ് സ്വീകരിക്കുന്നതും ‌എന്തുകൊണ്ടും ഉചിതമാണ്. മുൻകൂറായി 0, 7 ,28  ദിവസങ്ങളിൽ പേവിഷ പ്രതിരോധ  കുത്തിവയ്പ്പ് സ്വീകരിച്ചവരെ  വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി  2 കുത്തിവയ്പ്പ് എടുത്താൽ മാത്രം  മതി. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.

വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണ്ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും  വാക്സിനേഷന്‍ എടുക്കണം. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍  തന്നെയും  ഇവ പൂര്‍ണ്ണമായും പേവിഷബാധയ്ക്കെതിരെ  പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. വാക്സീന്റെ ഗുണനിലവാരം, മൃഗത്തിന്റെ ആരോഗ്യം പ്രായം എന്നിവയെല്ലാം പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മൃഗത്തിന്റെ ശരീരത്തിൽ രൂപപ്പെട്ട  പ്രതിരോധ ശേഷിയുടെ നിലവാരം നിർണയിക്കാനുള്ള ഉപാധികളും പരിമിതമാണ്. എല്ലാത്തിനുമുപരി ഇന്ത്യ വളരെ അധികം റാബീസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന റാബീസ് എൻഡെമിക് വിഭാഗത്തിൽ ഉൾപ്പെടുന്ന രാജ്യമാണ്. അതിനാലാണ് പ്രതിരോധ കുത്തിവയ്പ് എടുത്ത മൃഗങ്ങളുടെ കടിയേറ്റാലും  വാക്സിനേഷന്‍ നിർദേശിക്കുന്നത്. വാക്സീൻ എടുക്കുന്നതിനൊപ്പം  കടിച്ച നായയേയോ, പൂച്ചയേയോ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം. പത്തു ദിവസത്തെ നിരീക്ഷണം എന്നത് നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും മാത്രം ബാധകമായ സമയപരിധിയാണ് എന്നത് പ്രത്യേകം ഓർക്കുക. പത്ത് ദിവസം നിരീക്ഷിച്ചിട്ടും നായക്കോ, പൂച്ചക്കോ  മരണം സംഭവിച്ചിട്ടില്ലെങ്കില്‍ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം. വാക്സിന്‍ എടുത്തവരെ പേവിഷബാധയ്ക്കെതിരെ  മുന്‍കൂര്‍ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചവരായി പിന്നീട് പരിഗണിക്കുന്നതായിരിക്കും. 

കടിച്ച നായയെയോ പൂച്ചയേയോ പത്തുദിവസം  നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സീൻ എടുക്കാം എന്ന തീരുമാനവും വാക്സീൻ സ്വീകരിക്കുന്നതിൽ പുലർത്തുന്ന ആലസ്യവും  അത്യന്തം അപകടകരമാണ്.  ലക്ഷണം കാണിച്ച് തുടങ്ങിയാൽ ദാരുണമായ മരണമല്ലാതെ രണ്ടാമതൊരു വഴി മുന്നിലില്ലാത്ത രോഗമാണ് പേവിഷബാധ, അതിനാൽ സ്വന്തം ജീവിതം പണയപ്പെടുത്തി ഭാഗ്യപരീക്ഷണത്തിന് മുതിരരുത്.  മൂന്ന് മാസത്തില്‍ ചുവടെ പ്രായമുള്ള നായക്കുഞ്ഞോ, പൂച്ചക്കുഞ്ഞോ മാന്തിയാലോ, കടിച്ചാലോ വാക്സിന്‍ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്.  ലിംഗ പ്രായഭേദമെന്യേ ഉഷ്ണരക്തമുള്ള ഏതൊരു സസ്തനി ജീവിയും  റാബീസ് വൈറസിന്‍റെ വാഹകരാവാം . അതിനാല്‍ കടിയോ  മാന്തോ കിട്ടിയാല്‍  പ്രതിരോധകുത്തിവയ്പ് എടുക്കുന്നതില്‍ ഒരു വീഴ്ചയും വിമുഖതയും അരുത്.

English summary: Youth dies of rabies due to parent's negligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com