ADVERTISEMENT

വളർത്തു മൃഗങ്ങളുടെ റജിസ്ട്രേഷൻ അടുത്ത മാസം മുതൽ നിർബന്ധമാക്കാൻ തയാറെടുത്ത് കോഴിക്കോട് കോർപറേഷൻ. അടുത്ത കൗൺസിൽ യോഗത്തിൽ റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങളുടെ അന്തിമ തീരുമാനം ഉണ്ടാകും. കന്നുകാലികൾ ഉൾപ്പെടെ നിലവിലുള്ള വളർത്തു മൃഗങ്ങളുടെ റജിസ്ട്രേഷൻ 6 മാസം കൊണ്ടു പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു സർക്കാർ നിർദേശം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള ശ്രമത്തിലാണ് കോർപറേഷൻ. അടിമലത്തുറയിൽ ബ്രൂണോ എന്ന വളർത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിർദേശം.

മൃഗങ്ങളെ സ്വന്തമാക്കുന്നവർ 3 മാസത്തിനകം റജിസ്ട്രേഷൻ നടത്തണം. നിലവിലുള്ള വളർത്തു മ‍ൃഗങ്ങളുടെ റജിസ്ട്രേഷനാണ് 6 മാസം സമയം. ലൈസൻസിങ് നടപടിക്രമവും ഫീസും കൗൺസിൽ യോഗത്തിൽ തീരുമാനമാകും. റജിസ്റ്റർ ചെയ്യുന്ന മ‍ൃഗങ്ങൾക്കു നമ്പർ സഹിതം ബാഡ്ജ് നൽകുന്നതും പരിഗണനയിലാണ്. മൃഗങ്ങളെ കാണാതായാൽ അവയുടെ ഉടമയെയും കണ്ടെത്താനും വാക്സിനേഷൻ കാര്യങ്ങൾക്കും ബാ‍ഡ്ജ് സഹായകരമാകും. നായ്ക്കൾക്കും പൂച്ചകൾക്കും റജിസ്ട്രേഷന് റാബീസ് വാക്സിനേഷൻ നിർബന്ധമാണ്. മറ്റു മൃഗങ്ങൾക്കും വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.  നായ്ക്കൾക്ക് മൈക്രോ ചിപ്പ് സംവിധാനവും ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ പൂച്ച, പട്ടി, കുതിര, പോത്ത്, എരുമ, പശു എന്നിവയുടെ റജിസ്ട്രേഷൻ നടത്തും. ഉത്തരവിൽ കന്നുകാലികളും വളർത്തു മൃഗങ്ങളും എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ പശുക്കൾ ഉണ്ടെങ്കിൽ ഓരോന്നിനും റജിസ്ട്രേഷൻ നടത്തണം.

വളർത്തു മൃഗങ്ങളുടെ റജിസ്ട്രേഷൻ മൃഗസ്നേഹികളുടെ ദീർഘനാളത്തെ ആവശ്യമാണ്. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ ജില്ലയിൽ വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കോർപറേഷനിൽ ലഭ്യമാകും. മൃഗങ്ങൾക്കായി ക്രിമറ്റോറിയം, അവർക്കായി ആംബുലൻസ് സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങൾ. മൃഗങ്ങളുടെ ക്രിമറ്റോറിയം പ്രൊജക്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സമർപ്പിച്ചിരുന്നു. അതിനായി സ്ഥലം അന്വേഷിക്കുന്നത് നടക്കുന്നു. ഇപ്പോൾ പഞ്ചായത്തുകളിലും മറ്റും വളർത്തു മൃഗങ്ങളുടെ പേരിൽ ഫീസ് അടയ്ക്കാമെങ്കിലും മൃഗങ്ങളുടെ സംരക്ഷണത്തിന് ഇത് രേഖയാകുന്നില്ല. എന്നാൽ റജിസ്ട്രേഷൻ വരുന്നതോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

ബ്രൂണോ കേസ്

അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ബ്രൂണോ എന്ന വളർത്തുനായയെ 3 പേർ ചേർന്നു വള്ളത്തിൽ തലകീഴായി കെട്ടിത്തൂക്കി അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത കേസിലാണു ഡിവിഷൻ ബെഞ്ചിന്റെ നടപടി. ക്രൂരതയ്ക്ക് ഇരയായ നായയോടുള്ള ശ്രദ്ധാഞ്ജലിയായി ഹർജിയുടെ തലക്കെട്ട് ‘ബ്രൂണോ’ എന്നാക്കിയിരുന്നു. നായ വള്ളത്തിന്റെ അടിയിൽ വിശ്രമിച്ചതായിരുന്നു പ്രകോപനം. അക്രമി സംഘത്തിലെ ഒരാൾ ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നു. വള്ളത്തിൽ തലകീഴായി കെട്ടിത്തൂക്കിയ നായയെ തടി കൊണ്ട് അടിക്കുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പ്രതികൾ പരാതിക്കാരായ ക്രിസ്തുരാജിനും സഹോദരി സോണിയ്ക്കുമെതിരെ വധഭീഷണിയും മുഴക്കിയിരുന്നു.

‘ഫീസും മറ്റു കാര്യങ്ങളും 28 ന് നടക്കുന്ന കൗൺസിലിൽ തീരുമാനിക്കും. റജിസ്ട്രേഷന് വേണ്ട ആപ്ലിക്കേഷൻ ഫോർമാറ്റിലും അന്തിമതീരുമാനം എടുക്കും. അടുത്ത മാസം മുതൽ റജിസ്ട്രേഷൻ നിർബന്ധമാക്കും.– ഡോ. വി. ശ്രീശ്മ, വെറ്റിനെറി സർജൻ, കോഴിക്കോട് കോർപറേഷൻ

English summary: Pet licensing in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com