പേവിഷബാധ പ്രതിരോധത്തിന്റെ പത്തു പാഠങ്ങൾ

HIGHLIGHTS
 • വസ്തുതകൾ അറിയാം, ഭയം അകറ്റാം
 • മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്
rabies-prevention
SHARE
 • മൃഗങ്ങളിൽനിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കുകയാണ്. മുറിവില്‍ നിന്നും ഉമിനീരിന്റെ അംശം പൂർണമായും നീക്കിയ ശേഷം മുറിവിൽ  സോപ്പ് പതപ്പിച്ച് വീണ്ടും പതിനഞ്ചു മിനിറ്റ്  സമയമെടുത്ത് കഴുകി വൃത്തിയാക്കണം. റാബീസ് വൈറസിന്റെ പുറത്തുള്ള ലിപിഡ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട സ്ഥരത്തെ അലിയിപ്പിച്ച് കളഞ്ഞ് വൈറസിനെ നിര്‍വീര്യവും നിരായുധവുമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. മുറിവ് വൃത്തിയാക്കുമ്പോൾ കൈകളില്‍ ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ്. ശേഷം മുറിവില്‍ നിന്ന് നനവ് ഒപ്പിയെടുത്ത ശേഷം ലഭ്യമെങ്കിൽ പോവിഡോൺ അയഡിൻ ലേപനം പുരട്ടുകയും ഉടന്‍ വൈദ്യസഹായം തേടുകയും വേണം. കടിയേറ്റ മുറിവുകളിൽ തണുപ്പോ ചൂടോ ഏൽപ്പിക്കുക, മണ്ണോ ഉപ്പോ  മഞ്ഞളോ മറ്റോ പുരട്ടുക തുടങ്ങിയവയെല്ലാം തീർച്ചയായും ഒഴിവാക്കണം. ഇതെല്ലാം മുറിവുകളിൽ പേശികളോടെ ചേർന്നുള്ള നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുകയും റാബീസ് വൈറസിന് പേശികളിലെ നാഡീതന്തുക്കളിലേയ്ക്ക് കടന്നുകയറാനുള്ള വഴിയും വേഗവും എളുപ്പമാക്കുകയും ചെയ്യും.
 • മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. പേവിഷ ബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, അവയ്ക്ക് ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ (കാറ്റഗറി 1) പ്രതിരോധകുത്തിവയ്പുകൾ നൽകേണ്ടതില്ല. സ്പർശനം ഉണ്ടായ ശരീരഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പുപയോഗിച്ചു പതിനഞ്ചു മിനിറ്റ് കഴുകിയാൽ മാത്രം മതിയാവും. 
  തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയെ കാറ്റഗറി 2ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാറ്റഗറി 2ൽ ഉൾപ്പെട്ട കേസുകളിൽ ചികിത്സയ്ക്ക്  പ്രതിരോധ കുത്തിവയ്പ്പ് വേണം. രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ  നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ഏറെ അപകട സാധ്യത ഉള്ളതായതിനാൽ കാറ്റഗറി 3ൽ ഉൾപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്. ആന്റി റാബീസ് കുത്തിവയ്പ്പിനോടൊപ്പം, ഹ്യൂമൻ/ ഇക്വയ്‌ൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി ഇത്തരം കേസുകളിൽ നൽകണം. കടിയേറ്റവരിൽ പുതുക്കിയ തായ്റെഡ് ക്രോസ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള പോസ്റ്റ് എക്പോഷര്‍ വാക്സിനേഷന്‍ ആണ്  ഇന്ത്യയിൽ ഇപ്പോള്‍ വ്യാപകമായി അവലംബിക്കുന്നത്. 0.1  മില്ലി വീതമുള്ള ഓരോ ഡോസ് വാക്സിന്‍ കൈ ആരംഭിക്കുന്നതിനുതാഴെ തൊലിക്കടിയില്‍  (Intra dermal rabies vaccine- IDRV) രണ്ട് സ്ഥലങ്ങളിലായി 0, 3, 7, 28 ദിവസങ്ങളിലായി നല്‍കുന്നതാണ് പുതുക്കിയ തായ്റെഡ് ക്രോസ് പ്രോട്ടോക്കോള്‍. ആകെ കേവലം 0.8 മില്ലി വാക്സിൻ മാത്രമേ ഈ രീതിയിൽ ഒരു രോഗിക്കായി വേണ്ടി വരുന്നുള്ളൂ. 0 , 3, 7, 14, 28 ദിവസങ്ങളിൽ പേശികളിൽ (Intra muscular regimen-ARV) നൽകുന്ന രീതിയും/ എസ്സെൻ ഷെഡ്യൂൾ ചില ആശുപത്രികളിൽ അവലംബിക്കുന്നുണ്ട്. 
  ത്വക്കിനടിയിൽ വാക്സിൻ നൽകുന്ന രീതിക്ക് വേഗത്തിൽ പ്രതിരോധശക്തി ഉണ്ടാവും എന്നാണ് പഠനങ്ങൾ പറയുന്നത്. ഒരിക്കൽ ത്വക്കിനടിയിൽ എടുക്കുന്ന കുത്തിവയ്പ്പ് തുടങ്ങിയവർ, ബാക്കി പേശിയിൽ എടുക്കുന്നതോ, തിരിച്ചോ ചെയ്യുന്നത് ഉചിതമല്ല. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാര്‍, നവജാതശിശുക്കൾ, പ്രായമായവർ, ഗുരുതര രോഗം ബാധിച്ചവർ  ഉള്‍പ്പെടെ ആര്‍ക്ക് കടിയേറ്റാലും വാക്സിന്‍ എടുക്കുക എന്നത് പ്രധാനമാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർ ആണെങ്കിൽ കൂടിയും പേവിഷബാധക്കെതിരെയുള്ള വാക്‌സിൻ നിർദേശിക്കപ്പെട്ട ക്രമത്തിൽ ഒരു മുടക്കവും കൂടാതെ എടുക്കണം. മറ്റ് ഏത് രോഗത്തെക്കാളും പ്രാധാന്യം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ നൂറു ശതമാനം മരണസാധ്യതയുള്ള പേവിഷബാധ തടയാനുള്ള പ്രതിരോധകുത്തിവയ്‌പിന്‌ നൽകണം. 
  പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ ,സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, ഗവൺമെൻറ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എല്ലാം സൗജന്യമായി ലഭിക്കുന്നതാണ്. ആന്റി റാബീസ് സിറമായ ഇമ്മ്യൂണോ ഗ്ലോബുലിൻ  എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തെരഞ്ഞെടുത്ത ജില്ലാ, ജനറല്‍ ആശുപത്രികളിലും ലഭ്യമാണ് . സ്വകാര്യ ആശുപത്രികളും ലഭ്യമാക്കുന്നുണ്ട്. വാക്സിനേഷന്‍ കാലയളവില്‍ യാതോരുവിധ പഥ്യമോ ഭക്ഷണ നിയന്ത്രണമോ ആവശ്യമില്ല. പക്ഷേ, മദ്യപാനം ഒഴിവാക്കണം. 
 • ഒരിക്കൽ കടിയേറ്റതിന് ശേഷമുള്ള മുഴുവന്‍ കുത്തിവയ്പുകളോ പൂർണമായ മുന്‍കൂര്‍ പ്രതിരോധകുത്തിവയ്പുകളോ എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ, മാന്തോ കിട്ടിയാല്‍ മുറിവുകളുടെ പരിചരണം മാത്രമേ ആവശ്യമുള്ളൂ. പ്രതിരോധകുത്തിവയ്‌പോ , ഇമ്മ്യൂണോഗ്ലോബുലിനോ വേണ്ടതില്ല. പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും ഒരിക്കൽ എടുത്താൽ, വ്യക്തിയുടെ ശരീരത്തിൽ വർഷങ്ങളോളം പ്രതിരോധശേഷി നിലനിൽക്കും എങ്കിലും മൂന്നു മാസത്തിന് ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ പ്രതിരോധശേഷിയെ ഒരിക്കൽ കൂടി സജീവമാക്കുന്നതിനായി വാക്സിന്‍ രണ്ട് തവണകളായി 0, 3 ദിവസങ്ങളില്‍ എടുക്കണം മുറിവ് എത്ര തീവ്രമായായലും ഇമ്മ്യൂണോഗ്ലോബുലിന്‍ ചികിത്സ ആവശ്യമില്ല. പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് നിർദേശിക്കപ്പെട്ട ഇടവേളയിൽ എടുത്ത് കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട ചികിത്സാരേഖകൾ/ ഒ. പി. ടിക്കറ്റ് കളയാതെ സൂക്ഷിച്ചുവയ്ക്കണം. കാരണം ഭാവിയില്‍ എപ്പോഴെങ്കിലും വീണ്ടും നായ കടിച്ചാല്‍ രണ്ട് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും. വാക്സിൻ എടുത്തതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഒഴിവാക്കാനും സഹായിക്കും. കുത്തിവയ്പ്പ് വിവരങ്ങൾ കൃത്യമായി ഓർക്കാത്തവരും മുൻപ് മുഴുവൻ കുത്തിവയ്പ്പും എടുക്കാത്തവരും വീണ്ടും ക്രമപ്രകാരമുള്ള മുഴുവൻ കോഴ്സ് വാക്സിൻ എടുക്കണം. 
 • മൃഗത്തിന്റ മാന്ത്/ കടി ഏറ്റ ശേഷം 24 മണിക്കൂറിനകം തന്നെ ആദ്യ ഡോസ് വാക്സിൻ എടുക്കുക എന്നതാണ് പ്രധാനം. മൃഗങ്ങളിൽനിന്ന് കടി/ മാന്ത് ഏറ്റ് ഏതെങ്കിലും കാരണവശാൽ  സമയബന്ധിതമായി പ്രതിരോധകുത്തിവയ്പ് എടുക്കാൻ വിട്ടുപോയിട്ടുണ്ടങ്കിൽ വൈകിയാണങ്കിലും, നിർബന്ധമായും വാക്സിൻ എടുക്കണം. എപ്പോഴാണോ ആദ്യ കുത്തിവയ്പ് എടുക്കുന്നത് അത് 0 ദിവസത്തെ ഡോസ് ആയി പരിഗണിക്കും. മുറിവേറ്റ ഭാഗത്ത് നിന്ന് നാഡികളിലൂടെ പടര്‍ന്ന് മസ്തിഷ്ക്കത്തിലെത്താന്‍ വേണ്ടിയുള്ള യാത്രയില്‍ മണിക്കൂറില്‍ 3 മില്ലിമീറ്റര്‍ ദൂരം എന്ന ചെറിയ വേഗത മാത്രമേ വൈറസിനുള്ളൂ. അതിനാൽ കടിയേറ്റ ശരീരഭാഗം, കടിയേറ്റ ഭാഗവും സുഷുമ്നാനാഡിയും മസ്തിഷ്കവും തമ്മിലുള്ള അകലം, കടിയുടെ തീവ്രത എന്നിവയെയെല്ലാം അനുസരിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള വ്യത്യാസപ്പെടും. രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള സമയം ഒരാഴ്ച മുതല്‍ മൂന്ന് മാസം വരെ നീളും. എന്നാല്‍ ഒരു വര്‍ഷം വരെയും അതിലധികവും നീണ്ട സംഭവങ്ങളും ആരോഗ്യശാസ്ത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തല ഭാഗത്തോട് ചേര്‍ന്നോ നാഡീതന്തുക്കളാല്‍ നിബിഡമായ വിരളിലോ മുഖത്തോ ഒക്കെയാണ് കടിയേറ്റതെങ്കില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍  വളരെ ചുരുങ്ങിയ സമയം മതി. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പുള്ള  ഇടവേളയില്‍ എടുക്കുന്ന  പ്രതിരോധ കുത്തിവയ്പുകൾക്ക് ജീവന്റെ വിലയുണ്ട്.
 • പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവർ വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ  റാബീസ് വൈറസുമായി സമ്പർക്കം ഉണ്ടാവാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിൽ പെടുന്നവർ മുൻകൂറായി 0, 7 , 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ  കുത്തിവയ്പ്പ് (Pre exposure Prophylaxis) എടുക്കുന്നതും വർഷാവർഷം രക്തപരിശോധന നടത്തി സിറത്തിൽ ആന്റിബോഡിയുടെ അളവ് നിർണയിച്ച ശേഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതും എന്തുകൊണ്ടും ഉചിതമാണ്. മുൻകൂറായി 0, 7 ,28  ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി  0, 3 ദിവസങ്ങളിൽ  0 .1 ml കുത്തിവയ്പ്പ് ഒരു  വശത്തു മാത്രം എടുത്താൽ മതി. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.
 • വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണ്ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും  വാക്സിനേഷന്‍ എടുക്കണം. എന്റെ പൂച്ചയോ നായയോ വീട് വിട്ട് മറ്റൊരിടത്തും പോവാറില്ല, മറ്റ് മൃഗങ്ങളുമായി യാതൊരു സമ്പർക്കവും ഉണ്ടാവാറില്ല എന്നൊക്കെയുള്ള ന്യായവാദങ്ങൾ പേവിഷ വൈറസിന് മുന്നിൽ വെറുതെയാണ്. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍  തന്നെയും ഇവ പൂർണമായും പേവിഷബാധയ്ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. വാക്സിന്റെ ഗുണനിലവാരം, മൃഗത്തിന്റെ ആരോഗ്യം പ്രായം എന്നിവയെല്ലാം പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മൃഗത്തിന്റെ ശരീരത്തിൽ രൂപപ്പെട്ട  പ്രതിരോധശേഷിയുടെ നിലവാരം നിർണയിക്കാനുള്ള ഉപാധികളും പരിമിതമാണ്. എല്ലാത്തിനുമുപരി ഇന്ത്യ വളരെ അധികം റാബീസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന റാബീസ് എൻഡെമിക് വിഭാഗത്തിൽ ഉൾപ്പെടുന്ന രാജ്യമാണ്. അതിനാലാണ് പ്രതിരോധ കുത്തിവെയ്പ് എടുത്ത മൃഗങ്ങളുടെ കടിയേറ്റാലും വാക്സിനേഷന്‍ നിർദേശിക്കുന്നത്..
  വാക്സിൻ എടുക്കുന്നതിനൊപ്പം  കടിച്ച നായയേയോ, പൂച്ചയേയോ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം. പത്തു ദിവസത്തെ നിരീക്ഷണം എന്നത് നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും മാത്രം ബാധകമായ സമയപരിധിയാണ് എന്നത് പ്രത്യേകം ഓർക്കുക. പത്ത് ദിവസം നിരീക്ഷിച്ചിട്ടും നായക്കോ, പൂച്ചക്കോ  മരണം സംഭവിച്ചിട്ടില്ലെങ്കില്‍ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം. വാക്സിന്‍ എടുത്തവരെ പേവിഷബാധയ്ക്കെതിരെ  മുന്‍കൂര്‍ പ്രതിരോധ കുത്തിവയ്പ് (Pre exposure prophylaxis ) സ്വീകരിച്ചവരായി പിന്നീട് പരിഗണിക്കുന്നതായിരിക്കും. കടിച്ച നായയെയോ പൂച്ചയേയോ  പത്തുദിവസം  നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സിൻ എടുക്കാം എന്ന തീരുമാനവും വാക്സിൻ സ്വീകരിക്കുന്നതിൽ പുലർത്തുന്ന ആലസ്യവും  അത്യന്തം അപകടകരമാണ്.  ലക്ഷണം കാണിച്ച് തുടങ്ങിയാൽ ദാരുണമായ മരണമല്ലാതെ രണ്ടാമതൊരു വഴി മുന്നിലില്ലാത്ത രോഗമാണ് പേവിഷബാധ, അതിനാൽ സ്വന്തം ജീവിതം പണയപ്പെടുത്തി ഭാഗ്യപരീക്ഷണത്തിന് മുതിരരുത്. 
 • മൂന്ന് മാസത്തില്‍ ചുവടെ പ്രായമുള്ള നായക്കുഞ്ഞോ, പൂച്ചക്കുഞ്ഞോ മാന്തിയാലോ, കടിച്ചാലോ വാക്സിന്‍ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. ലിംഗ പ്രായഭേദമെന്യേ ഉഷ്ണരക്തമുള്ള ഏതൊരു സസ്തനി ജീവിയും റാബീസ് വൈറസിന്‍റെ വാഹകരാവാം. അതിനാല്‍ കടിയോ മാന്തോ കിട്ടിയാല്‍  പ്രതിരോധകുത്തിവയ്പ് എടുക്കുന്നതില്‍ ഒരു വീഴ്ചയും വിമുഖതയും അരുത്. വീട്ടിൽ കാണുന്ന എലികളെയും മുയലുകളെയും പൊതുവെ റാബീസ് വൈറസിന്റെ വാഹകരായി പരിഗണിക്കുന്നില്ല ഈ സാഹചര്യത്തിൽ എലികളും മുയലുകളും കടിച്ചുണ്ടാവുന്ന മുറിവുകൾക്ക് പൊതുവെ റാബീസ് പ്രതിരോധകുത്തിവയ്പ് നൽകാറില്ല. എന്നാൽ കീരി, വലിയ പെരുച്ചാഴി, അണ്ണാൻ എന്നിവയുടെ  കടിയോ മാന്തോ ഏറ്റാൽ പ്രതിരോധകുത്തിവെയ്പ് എടുക്കണം. പേവിഷബാധ സ്ഥിരീകരിച്ച പശുവിന്‍റെ പാല്‍ അറിയാതെ കുടിച്ച് പോയെന്ന് കരുതി പരിഭ്രാന്തരാവേണ്ടതില്ല. പാലില്‍ രോഗാണുക്കളുണ്ടെങ്കില്‍ തന്നെയും ചൂടാക്കുമ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ നശിക്കും. 60 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയാല്‍  30 സെക്കൻഡിനുള്ളില്‍ വൈറസുകള്‍ നശിച്ചുപോകും. പച്ചപ്പാലിൽ നിന്നും പേവിഷ ബാധ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വായിലോ തൊണ്ടയിലോ ഉള്ള മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കാൻ ചെറിയ സാധ്യത ഉള്ളതിനാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. 
 • നായ്ക്കൾ പേവിഷ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്നതിന് 4 - 5 ദിവസം മുൻപ് മുതൽ തന്നെ അവയുടെ ഉമിനീരിൽ വൈറസ് സാന്നിധ്യം ഉണ്ടാവും. ഉമിനീരിൽ വൈറസ് സാന്നിധ്യമുള്ള ഈ ഘട്ടത്തിലാണ് വായിലേയോ കണ്ണിലേയോ ശ്ലേഷ്മസതരങ്ങളിൽ നക്കുന്നതെങ്കിൽ അങ്ങേയറ്റം അപകടം തന്നെയാണ്. ഇത്തരം കേസുകൾ കാറ്റഗറി 3ൽ ഉൾപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്. ലക്ഷണം കാണിച്ച് തുടങ്ങിയാൽ 4- 5 ദിവസത്തിനകം നായ്ക്കളിൽ മരണവും സംഭവിക്കും. പത്തു ദിവസത്തെ നിരീക്ഷണം എന്നതിന് പിന്നിലെ ശാസ്ത്രം ഇതാണ്. അതായത് ഉമിനീരിൽ വൈറസിനെ ഒളിപ്പിച്ച് വച്ച് രോഗത്തിന്റെ നിത്യവാഹകരോ (കാരിയർ) സംഭരണികളോ ആവാൻ നായ്ക്കൾക്കോ പൂച്ചകൾക്കോ മറ്റ് വളർത്തുമൃഗങ്ങൾക്കോ കഴിയില്ല. എങ്കിലും നായ്ക്കളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന മറ്റ് ജന്തുജന്യരോഗങ്ങൾ അനവധിയുണ്ട്. നായ്ക്കളെ നമ്മുടെ ശരീരത്തിൽ പ്രത്യേകിച്ച് മുഖത്തും കൈകളിലും നക്കാനനുവദിക്കുക, അവയുമായി ഒരേ പാത്രത്തിൽ ആഹാരം പങ്കിടുക, ഒപ്പം കിടത്തുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുകയാണ് അഭികാമ്യം. അരുമകളാണങ്കിലും ആരോഗ്യകരമായ അകലവും ശുചിത്വശീലങ്ങളും എപ്പോഴും നല്ലതാണ്.
 • നമ്മുടെ അരുമകളായ  പൂച്ചകളെയും നായ്ക്കളെയും കൃത്യമായ പ്രായത്തിൽ പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി റാബീസ് വൈറസിൽ നിന്ന് സുരക്ഷിതമാക്കാൻ മറക്കരുത്, പേവിഷബാധ പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി എടുത്ത തള്ളമൃഗത്തിൽ നിന്നും കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്റിബോഡികള്‍ ആദ്യ മൂന്ന് മാസം എത്തുന്നത് വരെ കുഞ്ഞുങ്ങളെ രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കും. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസം  (10 - 12  ആഴ്ച) പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ  പ്രതിരോധകുത്തിവയ്പ് നല്‍കണം. പിന്നീട് 4 ആഴ്ചകള്‍ക്ക് ശേഷം (14-16 ആഴ്ച ) ബൂസ്റ്റര്‍ കുത്തിവെയ്പ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെയ്പ്പ് ആവര്‍ത്തിക്കണം. വാക്സിൻ നൽകിയ രേഖകൾ കൃത്യമായി സൂക്ഷിക്കണം.
  പൂര്‍ണ്ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ അരുമകൾക്ക് പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കാന്‍ പാടുള്ളൂ. കുത്തിവയ്പ്പിന് ഒരാഴ്ച മുന്‍പ് ആന്തര പരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍ നല്‍കാന്‍ വിട്ടുപോവരുത്. പ്രതിരോധ കുത്തിവയ്പ് നല്‍കി രണ്ട് -മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍  പ്രതിരോധശേഷി രൂപപ്പെടും. വീട്ടിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൂടാതെ ചിലപ്രദേശങ്ങളിൽ ഹൗസിങ് കോളനികളോട് ചേർന്നും വ്യാപാരകേന്ദ്രങ്ങളോട് ചേർന്നും വാഹന സ്റ്റാൻഡുകളോടു ചേർന്നുമെല്ലാം ഒരുപാട് ആളുകൾ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങിവളരുന്നതുമായ നായ്ക്കളും പൂച്ചകളും ഉണ്ടാവും. ആർക്കും വ്യക്തിപരമായ ഉടമസ്ഥതയോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും ഈ മൃഗങ്ങൾ എല്ലാവരുടെയും കൂടിയായിരിക്കും. കമ്മ്യൂണിറ്റി ഡോഗ്‌സ് / ക്യാറ്റ്‌സ് വിഭാഗത്തിൽ പെടുന്ന ഇവയ്ക്ക് സമയബന്ധിതമായി പ്രതിരോധവാക്സിൻ നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. അരുമനായ്ക്കളെയും പൂച്ചകളെയും പരിപാലിക്കുന്നവർക്ക് അവയുടെ പ്രജനനത്തിൽ താൽപര്യം ഇല്ലെങ്കിൽ മൃഗാശുപത്രിയിൽ എത്തിച്ച് അരുമകളുടെ വന്ധ്യംകരണം നടത്താൻ ശ്രദ്ധിക്കണം.   
 • വീട്ടിലെ വളർത്തുമൃഗങ്ങൾ തെരുവ് നായ്ക്കളോടും മറ്റും ഇടപെടാൻ ഇടയുള്ള അവസരങ്ങൾ പൂർണ്ണമായും തടയണം. അനാവശ്യമായി അലയാൻ വിടാതെ വീടിന്റെ മതിൽക്കെട്ടിനുള്ളിലോ കൂട്ടിലോ അവയെ പാർപ്പിക്കണം. പ്രജനനത്തിൽ താൽപര്യം ഇല്ലെങ്കിൽ വന്ധ്യംകരണം നടത്തണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവേറ്റ ഭാഗം  ശുദ്ധജലത്തില്‍ സോപ്പുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും മുറിവുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ശേഷം മുറിവില്‍ പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടണം. വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിലുണ്ട്. ശേഷം അഞ്ച് പ്രതിരോധകുത്തിവെയ്പുകൾ കടിയേറ്റതിന്‍റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം.
  പേശിയിലാണ് സാധാരണഗതിയിൽ വാക്സീൻ നൽകുക. പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി മുന്‍കൂട്ടി എടുത്തിട്ടുള്ള  നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളാണെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവയ്പ്പുകള്‍ മാത്രം നല്‍കിയാല്‍ മതിയാകും. വളർത്തുമൃഗത്തെ കടിച്ച മൃഗത്തെ സാധ്യമെങ്കിൽ നിരീക്ഷിക്കണം. കടിയോ മാന്തോ ഏറ്റവയെ കുത്തിവയ്പ് എടുക്കുന്നതിനൊപ്പം മുൻകരുതൽ എന്ന നിലയിൽ അടുത്ത സമ്പർക്കം ഒഴിവാക്കി 2 മാസത്തേക്ക് എങ്കിലും നിരീക്ഷിക്കുന്നതും ഉചിതമാണ്. വളര്‍ത്തുമൃഗങ്ങള്‍ പ്രകോപനം ഒന്നുമില്ലാതെ  കടിക്കുകയോ അക്രമാസക്തമാവുകയോ താടി ഭാഗത്തിന്റെയും നാവിന്റെയും  തളർച്ച, വായിൽ നിന്ന് നുരയും പതയും വരിക, കുരയ്ക്കുമ്പോഴുള്ള ശബ്ദമാറ്റം, പിൻകാലുകൾ തളരുന്നത് മൂലം നടക്കുമ്പോൾ വീഴാൻ പോവുക, ഉൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളോ പ്രകടിപ്പിക്കുകയോ പേവിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍ വെറ്ററിനറി ഡോക്ടറെ വിവരം അറിയിക്കുകയും ലക്ഷണം കാണിച്ച മൃഗത്തെ  സുരക്ഷിതമായ സ്ഥലത്ത് മാറ്റി പാര്‍പ്പിച്ച്  ആഹാരവും വെള്ളവും നല്‍കി പത്ത് ദിവസം നിരീക്ഷിക്കണം. ഒരു കാരണവശാലും അവയെ ഉടനെ തല്ലിക്കൊല്ലാന്‍ പാടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. കാരണം രോഗമൂര്‍ധന്യത്തില്‍ മാത്രമേ രോഗം ശാസ്ത്രീയമായി നിര്‍ണ്ണയിക്കാന്‍ തക്കരീതിയില്‍ വൈറസ് സാന്നിധ്യം തലച്ചോറില്‍ കാണപ്പെടുകയുള്ളൂ.
  ലക്ഷണങ്ങളിലൂടെ പേവിഷ രോഗം ഉറപ്പിച്ച കേസുകളിലും മറ്റ്  അനിവാര്യമായ സാഹചര്യങ്ങളിലും മൃഗങ്ങളെ വെറ്ററിനറി ഡോക്ടർമാർ ദയാവധം നടത്താറുണ്ട്. രോഗം സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തലോ അവയുടെ ഉമിനീരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കമോ ഉണ്ടായിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് മെഡിക്കൽ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കണം. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ പരമാവധി പത്തു ദിവസത്തിനകം ചത്തുപോവും. രോഗസംശയത്തെ തുടർന്ന് പത്ത് ദിവസം മാറ്റി പാര്‍പ്പിച്ച വളര്‍ത്തുമൃഗങ്ങള്‍ക്ക് ഈ സമയത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ രോഗം ശാസ്ത്രീയമായി  സ്ഥിരീകരിക്കുന്നതിനായി അടുത്തുള്ള രോഗനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ എത്തിക്കണം. 

English summary: Rabies Prevention

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA