കുട്ടിക്കളിയല്ല പേവിഷബാധ: കുട്ടികളറിയണം പേവിഷ പ്രതിരോധപാഠങ്ങൾ

HIGHLIGHTS
  • മരണപ്പെടുന്നവരിൽ പത്തിൽ നാലു പേരും 14 വയസിൽ താഴെ പ്രായമുള്ളവർ
  • മൃഗങ്ങളോട് സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറാന്‍ കുട്ടികളെ പഠിപ്പിക്കണം
stray-dog-3
SHARE

തെരുവിൽ അലയുന്ന പൂച്ചയിൽനിന്ന് മാന്തേറ്റ പതിനൊന്നു വയസുകാരൻ ഒടുവിൽ പേവിഷബാധയേറ്റ് മരണപ്പെട്ട വേദനിപ്പിക്കുന്ന വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിൽ നിന്നായിരുന്നു. പൂച്ചയിൽനിന്ന് മാന്തേറ്റങ്കിലും കുട്ടി മാതാപിതാക്കളോട് പറയുകയോ അവർ കുട്ടിയുടെ ശരീരത്തിൽ പോറലേറ്റത് ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. ഈ അശ്രദ്ധയായിരുന്നു ഒടുവിൽ സങ്കടകരമായ ഈ സംഭവത്തിനിടമാക്കിയത്. സമാനമായ മറ്റ് കേസുകളും കേരളത്തിൽ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓണക്കാലത്ത് പൂ പറിക്കുന്നതിനിടെ വഴിയിൽ അലയുന്ന നായയുടെ കടിയേറ്റ ആറാം ക്ലാസ് വിദ്യാർഥിനി ക്രിസ്മസ് തലേന്ന് പേവിഷബാധ കാരണം മരിച്ച വാർത്ത പുറത്തുവന്നതും കഴിഞ്ഞ വർഷം കണ്ണൂരിൽ നിന്നായിരുന്നു. കാലിൽ മുറിവുണ്ടായെങ്കിലും വാക്‌സിൻ/ഇൻജക്ഷൻ എടുക്കേണ്ടി വരും എന്ന ഭയത്താൽ നായ കടിച്ചതല്ല, റോസാച്ചെടിയിൽ ചവിട്ടിയതാണെന്നായിരുന്നു കുട്ടി വീട്ടുകാരോട് പറഞ്ഞത്. പിന്നീട് മുറിവ് ഉണങ്ങിയ ശേഷം നായ കടിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞുവെങ്കിലും ദിവസങ്ങൾ കഴിഞ്ഞതിനാൽ വാക്സിൻ ആവശ്യമില്ല എന്ന് കരുതി രക്ഷിതാക്കൾ സമാധാനിച്ചിരുന്നു. ഈ ജാഗ്രതക്കുറവായിരുന്നു ഒടുവിൽ കുട്ടിയുടെ ജീവഹാനിക്കിടയാക്കിയത്. പേവിഷബാധയുടെ ലക്ഷണങ്ങൾ സാധാരണയായി കടിയേറ്റ് ഒരാഴ്ചയോടെ ദൃശ്യമാകാമെങ്കിലും മൂന്ന് മാസത്തിനു ശേഷം അസുഖം വരുന്നത് അപൂർവമാണെങ്കിലും സംഭവിക്കാവുന്നതാണ്. പേവിഷബാധയേറ്റ് മരണപ്പെടുന്നവരിൽ പത്തിൽ നാലു പേരും 14 വയസിൽ താഴെ പ്രായമുള്ള കുട്ടികളാണന്ന ലോകാരോഗ്യസംഘടനയുടെ കണക്കും ഇതോടൊപ്പം ചേർത്തു വായിക്കണം.

തെരുവ് മൃഗങ്ങളിൽനിന്നും കൂടെ കളിക്കുന്ന അരുമ പൂച്ചകളിൽ നിന്നും നായ്ക്കളിൽനിന്നും ഏൽക്കുന്ന മാന്തലും ചെറുകടികളുമൊന്നും പലപ്പോഴും കുട്ടികൾ കാര്യമാക്കില്ല. അച്ഛനോ അമ്മയോ വഴക്കുപറയും എന്നോ, കുത്തിവയ്പ് എടുക്കേണ്ടി വരുമോ എന്നോ മറ്റോയുള്ള ഭയം മൂലം നായയുടെയും മറ്റും കടിയോ മാന്തോ കിട്ടിയ വിവരം കുട്ടികൾ മറച്ചുവയ്ക്കാനും മുറിവുണ്ടാകാൻ കാരണം വേറെ വല്ലതുമാണെന്ന് പറയാനും സാധ്യതയുണ്ട്. രക്ഷിതാക്കൾ കുട്ടികളുടെ ശരീരത്തിൽ ഏൽക്കുന്ന പോറലുകൾ കാണാതെ പോവാനും സാധ്യതയേറെ. പേവിഷബാധയെക്കുറിച്ച് കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പറഞ്ഞ് മനസിലാക്കണം. 

അരുമമൃഗങ്ങളിൽ നിന്നോ തെരുവിൽ അലയുന്ന മൃഗങ്ങളിൽനിന്നോ അണ്ണാൻ പോലുള്ള മറ്റു മൃഗങ്ങളിൽ നിന്നോ മാന്തോ കടിയോ ഏൽക്കുകയോ അവ തൊലിപ്പുറത്തെ മുറിവുകളിൽ നക്കുകയോ ചെയ്താൽ നിർബന്ധമായും വിവരം പറയണമെന്ന് കുട്ടികളെ ചട്ടം കെട്ടണം. യാതൊരു ഭയവും കൂടാതെ വിവരം പറയാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് നൽകണം. കുട്ടികളെ കുളിപ്പിക്കുമ്പോൾ ഇത്തരം മുറിവുകൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനും എങ്ങനെ സംഭവിച്ചെന്ന് കുട്ടികളോട് ചോദിച്ചറിയാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം.

മൃഗത്തിന്റെ മാന്ത്/ കടി ഏറ്റ ശേഷം 24 മണിക്കൂറിനകം തന്നെ ആദ്യ ഡോസ് വാക്സിൻ എടുക്കുക എന്നതാണ് പ്രധാനം. മൃഗങ്ങളിൽ നിന്ന് കടി/ മാന്ത് ഏറ്റ് ഏതെങ്കിലും കാരണവശാൽ സമയബന്ധിതമായി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വിട്ടുപോയിട്ടുണ്ടങ്കിൽ വൈകിയാണങ്കിലും നിർബന്ധമായും വാക്സിൻ എടുക്കണം. 

stray-dog-2

എപ്പോഴാണോ ആദ്യ കുത്തിവയ്പ് എടുക്കുന്നത് അത് '0' ദിവസത്തെ ഡോസ് ആയി പരിഗണിക്കും. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പുള്ള ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവയ്പുകൾക്ക് ജീവന്‍റെ വിലയുണ്ട്. മൃഗങ്ങളിൽനിന്നുണ്ടായ കടിയും മുറിവുകളും ഉണങ്ങി എത്ര പഴക്കമുള്ളതാണങ്കിലും പ്രതിരോധ കുത്തിവയ്പ് എടുക്കാതെ അവഗണിക്കരുത്. വീട്ടിൽ വളർത്തുന്ന പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും വാക്സിനേഷന്‍ എടുക്കണം. പ്രതിരോധ കുത്തിവയ്പുകള്‍  എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും ഇവ പൂർണമായും പേവിഷബാധയ്ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. വാക്സിന്റെ ഗുണനിലവാരം, മൃഗത്തിന്റെ ആരോഗ്യം പ്രായം എന്നിവയെല്ലാം പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

പേവിഷബാധ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകളിൽ കുട്ടികൾക്ക് മുൻകൂറായി ( Pre exposure Vaccination) റാബീസ് പ്രതിരോധ വാക്സിൻ നൽകുന്നത് ഉചിതമാണന്ന ശിശുരോഗ വിദഗ്ധരുടെ കൂട്ടായ്മയായ ഇന്ത്യൻ പീഡിയാട്രിക് സൊസൈറ്റിയുടെ നിർദേശവും ഇതോടൊപ്പം ചേർത്ത് വായിക്കണം.

വളർത്തുമൃഗങ്ങൾ ആയാലും തെരുവ് മൃഗങ്ങൾ ആയാലും മൃഗങ്ങളോട് സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറാന്‍ കുട്ടികളെ  പഠിപ്പിക്കണം. മൃഗങ്ങളുടെ പെരുമാറ്റ രീതികള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതും പ്രധാനമാണ്. മൃഗങ്ങൾക്കൊപ്പം കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധപുലര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കണം.  റാബീസ് ഉൾപ്പെടെ നായ്ക്കളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങൾ ഒട്ടേറെയുണ്ട്. 

നായ്ക്കളെ ശരീരത്തിൽ പ്രത്യേകിച്ച് മുഖത്തും കൈകളിലും നക്കാനനുവദിക്കുക, അവയുമായി ഒരേ പാത്രത്തിൽ ആഹാരം പങ്കിടുക, ഒപ്പം കിടത്തുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കാൻ കുട്ടികളെ ശീലിപ്പിക്കണം. പേടിപ്പിക്കുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്യുക  നായ്ക്കൾ ഭക്ഷണം കഴിക്കുക, ഉറങ്ങുക, രോഗങ്ങൾ, കുഞ്ഞുങ്ങളുടെ സംരക്ഷണവേളകൾ എന്നിങ്ങനെയുള്ള സമയങ്ങളിൽ ശല്യപ്പെടുത്തുക ഇവയെല്ലാം കടിയേൽക്കാനുള്ള സാധ്യത കൂട്ടും ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളിൽനിന്നും അകലം പാലിക്കണമെന്ന കാര്യം കുട്ടികളെ പഠിപ്പിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാവിധി പ്രതിരോധകുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും പ്രധാനമാണ്. 

അനവസരങ്ങളിൽ പാഞ്ഞെത്തുന്ന നായ്ക്കളുമായി നേർക്ക് നേർ വരുന്ന സന്ദർഭങ്ങളിൽ അനങ്ങാതെ നിൽക്കുക, താഴെ വീണുപോയാൽ തലയും മുഖവും സംരക്ഷിക്കുന്ന വിധത്തിൽ ചുരുണ്ടു കിടക്കുക, മറ്റു വീടുകളിലെയും പരിചയമില്ലാത്തതുമായ മൃഗങ്ങളെ തലോടുന്നതും സമീപിക്കുന്നതും ഉടമസ്ഥരുടെ സമ്മതത്തോട് കൂടി അവരുടെ സാന്നിധ്യത്തിൽ മാത്രം ചെയ്യുക തുടങ്ങിയ പ്രതിരോധ പാഠങ്ങൾ നാം ശീലിക്കുന്നതിനൊപ്പം കുട്ടികളെയും പഠിപ്പിക്കണം. സ്കൂളിൽ കേന്ദ്രീകരിച്ച് ആനിമൽ വെൽഫെയർ ക്ലബുകൾ തുടങ്ങുകയും കുട്ടികൾക്ക് ഇത്തരം വിഷയങ്ങളിൽ ബോധവൽകരണ ക്ലാസുകൾ നൽകുകയും ചെയ്യുന്നത് ഏറെ ഗുണകരമാവും.

നാളെ: പേവിഷവിമുക്തി നേടി ഒരു സംസ്ഥാനം, ഇത് വ്യത്യസ്തവുമായ ഒരു പ്രതിരോധമാതൃക

English summary: Human rabies prevention and management

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA