പേവിഷവിമുക്തി നേടി ഒരു സംസ്ഥാനം; ഇത് വ്യത്യസ്തമായ പ്രതിരോധമാതൃക

HIGHLIGHTS
  • എഴുപത് ശതമാനം നായ്ക്കൾക്ക് വാക്സീൻ നൽകിയാൽ നേട്ടം
mission-rabies
SHARE

ഇക്കഴിഞ്ഞ ജൂൺ മാസമാണ് ഗോവ പേവിഷ വിമുക്തമായെന്ന അഭിമാനകരമായ നേട്ടം സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചത്. പിന്നിട്ട മൂന്ന് വര്‍ഷങ്ങളിലായി ഒരൊറ്റ പേവിഷബാധ കേസ് പോലും മനുഷ്യരിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം പേവിഷബാധയെ തുടച്ചുനീക്കിയെന്ന പ്രഖ്യാപനം ഗോവ നടത്തിയത്. രാജ്യത്തെ ഈ നേട്ടം കൈവരിച്ച ഒരേ ഒരു സംസ്ഥാനമാണ് ഗോവ. വേള്‍ഡ് വൈഡ് വെറ്ററിനറി സർവീസസ് ( WVS) എന്ന പേരില്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന 2014ല്‍ ഗോവയിൽ തുടക്കമിട്ട മിഷന്‍ റാബീസ് എന്ന പദ്ധതിയായാണ് പേവിഷമുക്തനാട് എന്ന നേട്ടത്തില്‍ ഗോവയെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിർലോഭമായ പിന്തുണ ലഭിച്ചു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ് ഉൾപ്പെടെ ഇന്ത്യയിലെ പത്തിലധികം സംസ്ഥാനങ്ങളിൽ വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വ്വീസസ് ഇപ്പോൾ അവരുടെ സന്നദ്ധ  സേവനം ലഭ്യമാക്കുന്നുണ്ട്. വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസസ് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി തമിഴ്‌നാട്ടിലെ നീലഗിരി മേഖലയും ഇപ്പോൾ പേവിഷ വിമുക്ത നാടാണ്.

mission-rabies-2
മിഷൻ റാബീസ് ഗോവ ടീം

എഴുപത് ശതമാനം നായ്ക്കൾക്ക് വാക്സീൻ നൽകിയാൽ നേട്ടം

തെരുവ് നായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ എഴുപത് ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധ നിർമാർജനം ചെയ്യാൻ കഴിയുമെന്ന് മാത്രമല്ല മനുഷ്യരിൽ രോഗബാധക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാൻ കഴിയുമെന്നും പഠനങ്ങൾ വിലയിരുത്തപ്പെടുന്നു. ഈ ഒരു ആശയത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഗോവയിൽ നടന്നത്. 

mission-rabies-goa

2014 മുതല്‍ പ്രതിവർഷം ഒരുലക്ഷത്തിലധികം നായ്ക്കള്‍ക്കാണ് മുടക്കമില്ലാതെ വാക്സിന്‍ നൽകുന്നത്. വളർത്തുമൃഗങ്ങൾക്ക് മാത്രമല്ല തെരുവ് നായ്ക്കളെ ശാസ്ത്രീയമായി പിടികൂടി അവയ്ക്കും വാക്സിൻ നൽകി വരുന്നു. ജിപിഎസ് സംവിധാനം, മൊബൈൽ ആപ്പ് എന്നിവയെല്ലാം പ്രയോജനപ്പെടുത്തി സാങ്കേതികവിദ്യയുടെ സഹായത്തോട് കൂടിയ പേവിഷ പ്രതിരോധയജ്ഞമാണ് ഗോവയിൽ നടക്കുന്നത്. 2019- 2020 ൽ കോവിഡ് പ്രതിസന്ധിയുണ്ടായിട്ട് പോലും ഒരു ലക്ഷത്തോളം നായ്ക്കൾക്ക് റാബീസ് വാക്സിൻ നൽകാൻ കഴിഞ്ഞു.

mission-rabies-3
നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ

തെരുവ് നായ്ക്കളുടെ പ്രജനനനിയന്ത്രണത്തിനായി വന്ധ്യംകരണം, പൊതുജനങ്ങൾക്കുള്ള ബോധവൽകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒപ്പം നടന്നുവരുന്നു. അഞ്ചര ലക്ഷം കുട്ടികള്‍ക്കും, കാല്‍ ലക്ഷത്തോളം അധ്യാപകര്‍ക്കും റാബീസ് പ്രതിരോധത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഇക്കാലയളവിൽ നല്‍കി. യുപി, ഹൈസ്ക്കൂൾ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ പേവിഷബാധയുടെ പ്രതിരോധം പഠനവിഷയമായി ഉൾപ്പെടുത്തുകയും ചെയ്തു. പേവിഷബാധ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ദ്രുതകര്‍മ്മ സേനയെ വരെ ഗോവ തയാറാക്കിയിരുന്നു. ഗോവന്‍ പേവിഷ പ്രതിരോധ മാതൃകയില്‍ നിന്നും ഇന്നും പേവിഷ മരണങ്ങൾ തുടരുന്ന  നമ്മുടെ നാടിന്  പകർത്താവുന്നതും ഏറ്റെടുക്കാവുന്നതുമായ  പാഠങ്ങള്‍ ഏറെയുണ്ട്.

നാളെ: പേവിഷവിമുക്തനാട് എന്ന ലക്ഷ്യത്തിലേക്ക് കേരളത്തിന് ഇനിയെത്ര ദൂരം

English summary: Mission Rabies Goa

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA