ADVERTISEMENT

പോക്കറ്റിനൊതുങ്ങുന്ന കുഞ്ഞൻ കുരങ്ങ്, വർണങ്ങൾ വാരിവിതറിയ മേനിയുള്ള തത്തകൾ, ഭീകരരൂപിയെങ്കിലും പാവത്താനായ ഇഗ്വാന അരുമപക്ഷിമൃഗ പരിപാലകരുടെ ശേഖരത്തിലുള്ള ജീവജാലങ്ങളുടെ പട്ടിക നീളും. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ വില വരും ഇത്തരത്തിലുള്ള അരുമകൾക്ക്. അവയോടുള്ള ഇഷ്ടം നിമിത്തം മോഹവില നൽകി സ്വന്തമാക്കുന്നവരാണ് നല്ലൊരു ശതമാനം പക്ഷിപരിപാലകരും. അക്കൂട്ടത്തിൽപ്പെട്ട പക്ഷിപ്രേമിയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ആർ. റെനീസ്.

ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ്, എക്‌ലറ്റസ്, ആമസോൺ, കൊക്കറ്റൂ തുടങ്ങിയ വലിയ ഇനം തത്തകളും ബഡ്ജെറിഗാർ, കോന്യൂർ മുതലുള്ള കുഞ്ഞൻ തത്തയിനങ്ങളും റെനീസിന്റെ ദോഹ പെറ്റ് ഫാമിലുണ്ട്. 22 വർഷമായി ഖത്തറിൽ പെറ്റ് ഷോപ് നടത്തിവരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആർ. റെനീസ് നാട്ടിൽ അരുമകളെ വിപുലമായ രീതിയിൽ വളർത്തിത്തുടങ്ങിയിട്ട് 5 വർഷമേ ആയിട്ടുള്ളൂ. കേരളത്തിലെ മിക്ക എക്സിബിഷനുകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള റെനീസിന് തത്തകളെക്കൂടാതെ 4 ജോടി മാർമൊസെറ്റുകളും പേർഷ്യൻ, ബംഗാൾ ഇനം പൂച്ചകളുമുണ്ട്. 

തത്തകളുടെയും കുരങ്ങുകളുടെയും പ്രജനനവും അവയുടെ കുഞ്ഞുങ്ങളുടെ വിതരണവുമാണ് റെനീസിന്റെ വരുമാനമാർഗം. കൂടാതെ പുറത്തുനിന്ന് പക്ഷിക്കുഞ്ഞുങ്ങളെ ഇവിടെത്തിച്ച് വിൽക്കുന്നുമുണ്ട്. 

മൂല്യമേറെയുള്ള പക്ഷികൾ ആയതിനാലും പലതവണ ഇത്തരം ലക്ഷങ്ങൾ പറന്നുപോയിട്ടുള്ളതിനാലും ഇരട്ട സുരക്ഷയുള്ള കൂടുകളിലാണ് റെനീസ് തന്റെ പക്ഷികളെ പാർപ്പിച്ചിരിക്കുന്നത്. അതായത് ചുറ്റും ഇരുമ്പുവലകൾ സുരക്ഷയൊരുക്കുന്ന ഷെഡ്ഡിനുള്ളിൽ 10 അടി നീളവും 6 അടി വീതിയും 6 അടി ഉയരവുമുള്ള കൂടുകളിലാണ് മക്കാവ് പോലുള്ള വലിയ ഇനങ്ങളെ ജോടിയായി പാർപ്പിച്ചിരിക്കുന്നത്. ചെറിയ ഇനങ്ങളും ഇത്തരത്തിൽ സുരക്ഷയുള്ള കൂടുകളിലാനുള്ളത്. അതുകൊണ്ടുതന്നെ കൂട് തുറന്നു പുറത്തുപോയാലും പുറത്തേക്ക് അവ പറന്നുപോവില്ല. കൂടുകളിൽ വളർത്തുന്ന പക്ഷികളായതിനാൽ പുറത്തുപോയാൽ മരണമായിരിക്കും ഇത്തരം പക്ഷികളെ കാത്തിരിക്കുക. ഭക്ഷണം തേടാനറിയില്ലാത്തതും കാക്കകൾ പോലുള്ള പക്ഷികളുടെ ആക്രമണവും പുറത്തുപോകുന്ന പക്ഷികളുടെ മരണത്തിനു കാരണമാകും.

ഇവ കൂടാതെ വിവിധയിനം ഫെസന്റുകൾ, നാടൻ കോഴികൾ, അലങ്കാരക്കോഴികൾ, ആടുകൾ, ഇഗ്വാന, എമു, വാത്ത എന്നിവയും ഇവിടുണ്ട്. പക്ഷിപരിപാലനം കേവലം ഒരു നേരമ്പോക്ക് മാത്രമല്ല, ഒട്ടേറെ പേർക്ക് മാനസിക സന്തോഷം നൽകുന്ന മേഖലകൂടിയാണ്. അതുകൊണ്ടുകന്നെയാണ് രണ്ടു പതിറ്റാണ്ടിലേറെയായി റെനീസ് പക്ഷികളെ ചേർത്തുപിടിക്കാൻ കാരണവും.

ഫോൺ: 9207351084

English summary: Exotic Pets Collection in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com