ADVERTISEMENT

കൈയ്ക്കുള്ളിൽ ഒതുങ്ങുന്ന കുരങ്ങ്. കേരളത്തിലെ അരുമ പരിപാലനമേഖലയിൽ ഈയിടെ ഏറെ ആരാധകരെ നേടിയ അരുമയാണ് മാർമൊസെറ്റ് മങ്കി എന്ന കുഞ്ഞൻ കുരങ്ങ്. വലുപ്പക്കുറവുകൊണ്ടുതന്നെ പോക്കറ്റ് മങ്കി എന്നും ഇതിനു പേരുണ്ട്. തെക്കേ അമേരിക്കയില്‍ ആമസോൺ നദിക്കരയിലെ മഴക്കാടുകളാണ് ഇവരുടെ ജന്മനാടെങ്കിലും ഇന്ന് മിക്ക രാജ്യങ്ങളിലും അരുമയായി ഇവയെ വളർത്തിവരുന്നു.

ഇന്ത്യൻ ജീവികൾ വന്യജീവിസംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതിനാൽ വിദേശ പക്ഷിമൃഗാദികൾക്ക് ഇവിടെ പ്രിയം കൂടുതലാണ്. അക്കൂട്ടത്തിലാണ് മാർമൊസെറ്റിന്റെയും സ്ഥാനം. മാർമൊസെറ്റുകളിൽ ഇരുപതോളം ഇനങ്ങളുണ്ടെങ്കിലും വൈറ്റ് ഇയർ, ബ്ലാക്ക് ചെസ്റ്റഡ് ഇനങ്ങളെയാണ് കേരളത്തിൽ പൊതുവേ വളർത്തിവരുന്നത്. കാഴ്ചയിൽ ഭംഗി വൈറ്റ് ഇയറിനാണെങ്കിലും ബ്ലാക്ക് ചെസ്റ്റിനാണ് ആരാധകരും ആവശ്യക്കാരുമേറെ.

രണ്ടു വയസ്സു പിന്നിടുമ്പോൾ പ്രായപൂർത്തിയാകുന്ന ഇവയുടെ ഗർഭകാലം ശരാശരി 130 ദിവസമാണ്. ഒരു പ്രസവത്തിൽ സാധാരണ 2 കുട്ടികൾ. അപൂർവമായി ഒന്നോ മൂന്നോ ഉണ്ടാകാം. മാതാപിതാക്കൾ ഒരു പോലെ മക്കളെ പരിപാലിക്കും. ഇണക്കി വളർത്തണമെങ്കിൽ മൂന്നാഴ്ചയ്ക്കുശേഷം കുഞ്ഞുങ്ങളെ മാതാപിതാക്കളിൽനിന്നു മാറ്റി ഹാൻഡ് ഫീഡ് ചെയ്തു വളർത്തണം. മാതാപിതാക്കൾ വളർത്തിയെടുക്കുന്ന കുഞ്ഞുങ്ങളെ ഇണക്കി അരുമയായി പരിപാലിക്കാൻ കഴിയില്ല. 2 മാസം പ്രായമാകുമ്പോൾ തനിയെ ഭക്ഷണം കഴിച്ചുതുടങ്ങും. അമ്മയുടെ ആരോഗ്യത്തിന് 15 മാസത്തിനിടെ 2 പ്രസവമെന്ന രീതിയാണ് നല്ലത്. അതുകൊണ്ടുതന്നെ പ്രസവശേഷം കുഞ്ഞുങ്ങളെ മാറ്റുന്നതിനൊപ്പം ആൺ മാർമൊസെറ്റിനെ മാറ്റിപ്പാർപ്പിക്കുന്നതു കൊള്ളാം.   

പഴങ്ങളും ചെറുപ്രാണികളുമാണ് ഇഷ്ടഭക്ഷണം. പാറ്റ, പല്ലി, മീൽ വേം തുടങ്ങിയവയും ഭക്ഷണത്തിൽ ചേർക്കാം. മാർമൊസെറ്റ് ഡയറ്റ് എന്ന പേരിൽ പായ്ക്ക്ഡ് ഫുഡ്  വിപണിയിൽ ലഭ്യമാണ്. 

സൺബാത്ത് ഏറെ ഇഷ്ടപ്പെടുന്നു മാർമൊസെറ്റുകൾ. അതുകൊണ്ടുതന്നെ ചെറിയ അളവിലെങ്കിലും സൂര്യപ്രകാശം പതിക്കുന്നിടത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. സൂര്യപ്രകാശത്തിന്റെ അപര്യാപ്തത എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകാറുണ്ട്. കാത്സ്യക്കുറവുണ്ടായാൽ എല്ലുകൾ പൊട്ടുകയും വളയുകയും ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യും. ചുരുക്കത്തിൽ അതീവ ശ്രദ്ധ നൽകാൻ കഴിയുന്നവർക്ക് യോജിച്ച അരുമയാണ് കുഞ്ഞൻ പോക്കറ്റ് മങ്കി.

English summary: all about marmoset monkeys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com