വരച്ചതാണെന്ന് കണ്ടാൽ പറയില്ല; അരുമകളുടെ ജീവസുറ്റ ചിത്രങ്ങൾ വരച്ച് അനുശ്രീ- വിഡിയോ
Mail This Article
അരുമകളെ ഇഷ്ടമുള്ളവരിൽ നല്ലപങ്കും അവയോടൊപ്പമുള്ള ഓരോ നിമിഷവും കാമറയിൽ ഒപ്പിയെടുക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചിലരാവട്ടെ ഫോട്ടോകൾ ഫ്രെയിം ചെയ്ത് ഭിത്തിയിൽ തൂക്കും. നല്ല നിമിഷങ്ങൾ ഒപ്പിയെടുക്കണമെങ്കിൽ ഇപ്പോൾ പെറ്റ് ഫോട്ടോഗ്രഫിയും പ്രചാരത്തിലുണ്ട്. അതുപോലെതന്നെ അരുമകളുടെ ചിത്രങ്ങൾ വരച്ച് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും ഇന്ന് അരുമപ്രേമികൾക്കിടയിലുണ്ട്. അത്തരത്തിൽ തങ്ങളുടെ അരുമകളുടെ ചിത്രം വരയ്ക്കാൻ താൽപര്യമുള്ളവർ തേടുക അനുശ്രീയെ ആയിരിക്കും.
മലപ്പുറം തിരൂർ തൃക്കണ്ടിയൂർ സ്വദേശിയായ അനുശ്രീ അരുമകളുടെ ചിത്രം വരച്ചുതുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ല. ഡിസൈനറായ അനുശ്രീ മാലകളും മറ്റും നിർമിക്കാറുണ്ട്. അതിനൊപ്പം ചെറിയ തോതിൽ സുഹൃത്തുക്കൾക്കും മറ്റും ഫാമിലി ചിത്രങ്ങൾ വരച്ചുകൊടുക്കുമായിരുന്നു. അങ്ങനെയിരിക്കേ നായ്പ്രേമികൾക്കൂടിയായ അനുശ്രീയും ഭർത്താവ് സന്ദീപ് പദ്മനാഭനും തങ്ങളുടെ വളർത്തുനായയായ ഡോറയുടെ ചിത്രം വരച്ചു. ബോക്സർ ഇനത്തിൽപ്പെട്ട ഡോറയുടെ ഫ്രെയിം ചെയ്ത ചിത്രം കണ്ട സുഹൃത്തുകൾ അവരുടെ നായ്ക്കളുടെ ചിത്രങ്ങളും വരച്ചുനൽകണമെന്ന് ആവശ്യപ്പെട്ടതോടെ നായ്ക്കളുടെ ചിത്രങ്ങളും വരച്ചുതുടങ്ങി. അത് ക്രമേണ ഒട്ടേറെ പേരിലേക്ക് എത്തുകയും ചെയ്തു.
തടികൊണ്ടുള്ള പാനലിൽ അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് അനുശ്രീ വരയ്ക്കുന്നത്. വരയ്ക്കേണ്ട ചിത്രം മൊബൈലിലോ കംപ്യൂട്ടറിലോ തുറന്ന് അതിൽ നോക്കിവരയ്ക്കുകയാണ് ചെയ്യുക. ഒരു ചിത്രം വരയ്ക്കാൻ ഏകദേശം മൂന്നു മണിക്കൂറോളം വേണ്ടിവരാറുണ്ടെന്ന് അനുശ്രീ. ചിത്രം വരച്ചശേഷം അതിനു പുറമേ വാർണിഷ് കോട്ടിങ് നൽകും. അതുകൊണ്ടുതന്നെ ഫ്രെയിം ചെയ്യുമ്പോൾ ഗ്ലാസിന്റെ ആവശ്യം വരുന്നില്ല. മാത്രമല്ല, ഗ്ലാസ് ഇല്ലാത്തതാണ് കൊറിയർ ചെയ്യാൻ സൗകര്യവും.
ഇതുവരെ അരുമകളുടേതു മാത്രമായി ഇരുപതിൽപ്പരം ചിത്രങ്ങൾ അനുശ്രീ വരച്ചു നൽകിയിട്ടുണ്ട്. അതിൽത്തന്നെ തന്റെ എട്ടു വളർത്തുനായകളുടെ ചിത്രങ്ങൾ വരച്ചു വാങ്ങിയ വ്യക്തിയും ഉൾപ്പെടും. പൊതുവേ അരുമയുടെ ചിത്രത്തിനൊപ്പം അവയുടെ പേരുകൂടി ഉൾപ്പെടുത്തണമെന്നാണ് അനുശ്രീയോട് ആവശ്യപ്പെടാറുള്ളത്.
ഫോൺ: 7994723178