ADVERTISEMENT

പശുക്കളുടെ പ്രസവം കര്‍ഷകര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും പുതുമയുള്ള കാര്യമല്ലെങ്കിലും വിഷമപ്രസവങ്ങള്‍ ഇരു കൂട്ടരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അല്‍പം അശ്രദ്ധ മതി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ എന്ന അവസ്ഥ. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഗീതയുടെ പശുവിന്റെ പ്രസവവും അത്തരത്തിലുള്ളതായിരുന്നു. പശുവിന്റെ ജീവനുതന്നെ ഭീഷണിയാകുന്ന അവസ്ഥ. 

ഗീതയുടെ അമ്മയുടെ പശുവായിരുന്നു പ്രസവിച്ചത്. അമ്മയ്ക്ക് കൊറോണ വന്നതിനാല്‍ പശുവിനെ ഒരാഴ്ച മുന്‍പാണ് ഗീത തന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രസവലക്ഷണങ്ങള്‍ കണ്ടു തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ പശു പ്രസവിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറുപിള്ളയും പുറത്തുപോയി. കുഞ്ഞിന് രണ്ടു തരണ പാലും നല്‍കിയശേഷമാണ് ഗീത വീട്ടിലേക്ക് പോയത്. എന്നാല്‍ രാത്രി വീണ്ടും പശുവിന്റെ നിലവിളികേട്ട് തൊഴുത്തിലെത്തിയ ഗീത ഞെട്ടി. പശുവിന്റെ പിന്നില്‍ ചുവന്ന നിറത്തില്‍ വലിയൊരു മെത്ത പോലെ എന്തോ കിടക്കുന്നു, ഗര്‍ഭപാത്രം പൂര്‍ണമായും പുറത്തുവന്നതാണെന്ന് ഗീതയ്ക്കു മനസിലായി.

cow-3
പശുവിന്റെ ഗർഭപാത്രം പുറത്തുവന്നപ്പോൾ (ചുവന്ന വൃത്തത്തിൽ കാണുന്നതാണ് ഗ൪ഭപാത്രം)

രാത്രി രണ്ടിന് ആരെ വിളിക്കണമെന്ന് അറിയില്ലാതെ ഗീത പശുവിനൊപ്പം നേരം വെളുപ്പിക്കുകയായിരുന്നു. ഈ പശുവിന്റെ തൊഴുത്തിലേക്കാണ് മൃഗസംരക്ഷണവകുപ്പിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ തമ്പി എത്തുന്നത്. ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പശുവിന് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ വളരെ നേരത്തെ, ആശുപത്രി സമയത്തിനൊക്കെ വളരെ മുന്നെ എത്തിയതാണ് തമ്പി. പെരുമഴയത്തും പൊരിവെയിലത്തും പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായി നടക്കുന്നുണ്ട്. 

പുറത്തുവന്ന ഗര്‍ഭപാത്രത്തിന്റെ വലുപ്പവും പശുവിന്റെ മുക്കലും കണ്ട് പ്രശ്‌നം ഗുരുതരമെന്ന് ബോധ്യപ്പെട്ട തമ്പി മുളന്തുരുത്തി സിനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. രഞ്ജു ആന്റണിയെ വിവരമറിയിച്ചു. രാവിലെ എട്ടരയോടെ ഡോ. രഞ്ജു എത്തി പുറത്തുകിടക്കുന്ന ഗര്‍ഭപാത്രത്തിന്റെ വലുപ്പം കുറയ്ക്കുന്നതിനും പശുവിന്റെ മുക്കല്‍ കുറയ്ക്കന്നതിനുമുള്ള മരുന്നുകളും നല്‍കിയശേഷം ഗര്‍ഭപാത്രം പൂര്‍വ സ്ഥിതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത അരയന്‍കാവ് ആശുപത്രിയിലെ ഡോ. ഏബ്രഹാം റാഫേലിനെയും വിളിച്ചുവരുത്തി. ഇത്തരം ചികിത്സകള്‍ക്ക് കരുത്തും ടീം വര്‍ക്കുമാണ് പ്രധാനം.

മുകളിലേക്ക് അയയ്‌ക്കേണ്ട റിപ്പോര്‍ട്ടുകള്‍, പങ്കെടുക്കേണ്ട യോഗങ്ങള്‍, ചികിത്സിക്കേണ്ട മറ്റു പക്ഷിമൃഗാദികള്‍ എന്നിവയെല്ലാം ഡോ. രഞ്ജുവിന്റെ മനസിലൂടെ കടന്നുപോയിട്ടുണ്ടാകും. വെറ്ററിനറി പോളിക്ലിനിക്കില്‍നിന്ന് ഒരു ഡോക്ടര്‍ ഫീല്‍ഡീല്‍ ഇറങ്ങിയാല്‍ അവിടെത്തുന്ന എല്ലാ കേസുകളും കൈകാര്യം ചെയ്യേണ്ടിവരുന്ന ഡോക്ടറുടെ സ്ഥിതിയും പരുങ്ങലിലായി. 

വെറ്ററിനറി പോളിക്ലിനിക്കായതുകൊണ്ട് ഉള്‍ഗ്രാമങ്ങളില്‍നിന്നെല്ലാം കര്‍ഷകരും മൃഗപരിപാലകരുമൊക്കെ നായ്ക്കളേയും പൂച്ചകളേയും കിളികളേയുമൊക്കെയായി എത്തും. സീനിയര്‍ ഡോക്ടര്‍ മുങ്ങിയതാണെന്ന് വിചാരിച്ച് ജനം പഞ്ചായത്ത് പ്രസിഡന്റിനെ മുതല്‍  മന്ത്രിയെ വരെ വിളിച്ചേക്കും. ഫോണ്‍ വിളിച്ചിട്ട് ഡോക്ടര്‍ ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞ് ചീത്ത വിളിക്കുന്നവര്‍ വേറേ. ബ്ലോക്ക് പഞ്ചായത്തിലുള്ള മീറ്റിങ്ങിനുളള റിമൈന്‍ഡര്‍ ഫോണില്‍ അടിച്ചുകൊണ്ടേയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോട് കാര്യം പറഞ്ഞപ്പഴേ ഡോക്ടറേ ചികിത്സ നടക്കട്ടേ ആദ്യം എന്നനുമതി കിട്ടി. 

ഏകദേശം രണ്ടു മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് ഗര്‍ഭപാത്രം പശുവിന്റെ ഉള്ളിലേക്ക് കടത്തി തുന്നലിട്ടത്. 2 ഡോക്ടര്‍മാരും അസി. ഫീല്‍ഡ് ഓഫീസറും ഈ ഉദ്യമത്തിലുണ്ടായിരുന്നു.

ഇങ്ങനെയുള്ള കേസുകള്‍ മരണകാരണമായേക്കാം. ഗര്‍ഭപാത്രം കൂടുതല്‍ സമയം പുറത്തുകിടക്കുന്നത് അണുബാധയ്ക്കും അതുവഴി മരണത്തിനും കാരണമാകും. കര്‍ഷകര്‍ക്ക് ചെയ്യാവുന്നത് പുറത്ത് കിടക്കുന്ന ഗര്‍ഭപാത്രം അഴുക്കാകാതെയും ഈച്ചകള്‍ മുട്ടയിടാതെയും സൂക്ഷിക്കുന്നതോടൊപ്പം തന്നെ എത്രയും പെട്ടെന്ന് വൈദ്യസഹായം എത്തിക്കുകയും ചെയ്യുക എന്നതാണ്.

English summary: Vaginal and Uterine Prolapses in Cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com