ADVERTISEMENT

ഒന്നരവർഷത്തിലധികം പ്രായവും നല്ല ശരീരവളർച്ചയും തൂക്കവും കൈവരിച്ചിട്ടും ചില കിടാരികളിൽ മദിലക്ഷണങ്ങൾ ഒന്നും കാണാത്തത് ക്ഷീരകർഷകർ നേരിടുന്ന വെല്ലുവിളികൾ മുഖ്യമാണ്. കിടാരികളിലെ ജനിതകപ്രശ്നങ്ങൾ, ഹോർമോൺ, പോഷകാഹാരത്തിന്റെ അപര്യാപ്തത തുടങ്ങി മദി മുടങ്ങുന്നതിന് കാരണങ്ങൾ ഏറെയുണ്ട്.

16-18 മാസം പ്രായവും ഒരു പശുവിന്റെ ആകെ ശരീരതൂക്കത്തിന്റെ 60 ശതമാനവും കൈവരിച്ചിട്ടും സങ്കരയിനം കിടാരികൾ മദിയുടെ ലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം നേരത്തെ തന്നെ തിരിച്ചറിയുക എന്നതാണ് പ്രധാനം. മദി മുടങ്ങുന്നതിന് പിന്നിൽ തീറ്റ, പോഷകദൗർലഭ്യം ഉൾപ്പെടെയുള്ള പരിപാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണങ്കിൽ പരിഹരിക്കാൻ എളുപ്പമാണ്. ഹോർമോൺ തകരാറുകൾ ആണെങ്കിലും ചികിത്സകളിലൂടെ മദി വരുത്താൻ ഒരു ശ്രമം നടത്താവുന്നതാണ്. എന്നാൽ മദിപ്രകടമാവാതിരിക്കുന്നതിനു പിന്നിൽ ജനിതക പ്രശ്നങ്ങൾ ആണ് കാരണമെങ്കിൽ പരിഹാരമാർഗങ്ങൾ ശുഷ്കമാണ്. 

വളർച്ചയെത്തിയിട്ടും കിടാരികളിൽ മദിപ്രകടമാവാതിരിക്കുന്നതിന്റെ അത്തരം ഒരു ജനിതക കാരണമാണ് ഫ്രീമാർട്ടിനിസം. ഇത് പശുക്കിടാരികളിൽ കാണുന്ന അപൂർവമായ വൈകല്യമാണങ്കിലും നമ്മുടെ നാട്ടിലും കാണപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ക്ഷീര കർഷക കൂട്ടായ്മയുടെ നവമാധ്യമ പേജിൽ ഫ്രീമാർട്ടിനിസം സംശയിക്കാവുന്ന ഒരു കിടാരിയുടെ പടം ഒരു കർഷകൻ പങ്കുവച്ചിരുന്നു. ഇത്തരം കിടാരികളെ നേരത്തെ തന്നെ പ്രശ്നം തിരിച്ചറിഞ്ഞു സംരംഭത്തിൽനിന്ന് ഒഴിവാക്കുക എന്നതാണ് ഏറ്റവും ഉചിതം.

എന്താണ് കിടാരികളിലെ ഫ്രീമാർട്ടിനിസം

പശുക്കളിൽ ഒറ്റപ്രസവത്തിൽ ഇരട്ട കിടാക്കൾ സാധാരണയല്ലെങ്കിലും അപൂർവമായി സംഭവിക്കാവുന്നതാണ്. ഇരട്ട കിടാക്കളിൽ ഒന്ന് പശുക്കിടാവും മറ്റെത് മൂരിക്കിടാവും ആവുന്ന സാഹചര്യമാണ് ഫ്രീമാർട്ടിനിസം എന്ന ജനിതക ലൈംഗികവൈകല്യത്തിന് വഴിയൊരുക്കുന്നത്. തള്ളപ്പശുവിന്റെ ഗർഭപാത്രത്തിൽ വച്ച് ഗർഭാശയസ്തരം വഴി ഈ രണ്ട് കിടാക്കൾക്കിടയിലും നടക്കുന്ന ഹോർമോണുകളുടെയും കോശങ്ങളുടെയും കൈമാറ്റമുൾപ്പടെയുള്ള ശാരീരിക പ്രക്രിയകൾ പശുകിടാവിന്റെ പ്രത്യുൽപാദന വളർച്ചയെ ഗർഭപാത്രത്തിൽ വച്ച് തന്നെ മുരടിപ്പിക്കും. എന്നാൽ ഗർഭിണിപ്പശുവിനോ മൂരിക്കിടാവിനോ മറ്റ് പ്രശ്നങ്ങൾ ഒന്നുമുണ്ടാവില്ലന്ന് മാത്രമല്ല ഗർഭകാലം പൂർത്തിയാകുമ്പോൾ രണ്ട് കിടാക്കളും ഒന്നിനുപിറകെ ഒന്നായി പ്രസവിച്ച് വീഴുകയും ചെയ്യും. ഇരട്ട പ്രസവത്തിൽ ഉണ്ടാവുന്ന മൂരിക്കിടാവിന് കാര്യമായ പ്രത്യുൽപാദന പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. എന്നാൽ ഗർഭസ്ഥകിടാവ് ആയിരിക്കുമ്പോൾ തന്നെ പെൺപ്രത്യുൽപ്പാദന അവയവങ്ങളുടെ വളർച്ച മുരടിച്ച പശുകിടാക്കളിൽ ശരീര വളർച്ചയുണ്ടാവുമെങ്കിലും കാര്യമായ ലൈംഗിക വളർച്ചയുണ്ടാവില്ല. മാത്രമല്ല മൂരിക്കിടാവിന്റെ പ്രത്യുൽപ്പാദവ്യൂഹത്തിലെ അവയങ്ങളിൽ ചിലത് ഈ പശുകിടാക്കളിൽ കാണാനും സാധിക്കും. 

freemartin
ഫ്രീമാർട്ടിൻ സംഭവിക്കുന്നത്

പ്രത്യുൽപ്പാദനശേഷിയില്ലാത്ത, നിത്യവന്ധ്യത കൂടെപ്പിറപ്പായ ഈ കിടാക്കൾ അറിയപ്പെടുന്നത് ഫ്രീമാർട്ടിൻ എന്നാണ്. മൂരിക്കിടാവിനൊപ്പം പശുക്കിടാവിനെയും ഗർഭം ധരിക്കുന്ന 95 ശതമാനം പശുക്കളും പ്രസവിക്കുന്ന പശുക്കിടാക്കൾ ഫ്രീമാർട്ടിൻ എന്ന വൈകല്യം ഉള്ളവയായിരിക്കും. 

ഇരട്ട പ്രസവങ്ങളിൽ മാത്രമല്ല, ഒറ്റപ്രസവങ്ങളിലും സംഭവിക്കാം ഫ്രീമാർട്ടിനിസം

പശുക്കൾ ഇരട്ട പ്രസവിക്കുമ്പോൾ മാത്രമെ ഫ്രീമാർട്ടിനിസം ബാധിച്ച പശുക്കിടാക്കൾ പിറക്കുകയുള്ളൂ എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. കാരണം പശു ഇരട്ട ഗർഭം ധരിക്കുകയും എന്നാൽ ഗർഭാശയത്തിൽ വച്ച് ഭ്രൂണാവസ്ഥയിൽ തന്നെ രണ്ടു കിടാക്കളിൽ മൂരിക്കിടാവ് മാത്രം നശിച്ച് പോവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവാം. ഗർഭകാലത്തിന്റെ തുടക്കത്തിലുള്ള ഈ ഭ്രൂണനാശം തിരിച്ചറിയാൻ പൊതുവെ കഴിയില്ല. മൂരിക്കിടാവിന് ഭ്രൂണനാശം സംഭവിച്ചെങ്കിലും പശുക്കിടാവ് പോറലേൽക്കാതെ ഗർഭപാത്രത്തിൽ വളരും. ഇങ്ങനെ പിറന്ന് വീഴുന്ന പശുക്കിടാക്കൾ ഒറ്റയായിരിക്കുമെങ്കിലും അവ മിക്കവാറും ഫ്രീ മാർട്ടിനിസം ബാധിച്ചവയായിരിക്കും. അതിനാൽ ഇരട്ട കിടാക്കളിൽ മാത്രമേ ഫ്രീ മാർട്ടിൻ ഉണ്ടാവുകയുള്ളൂ എന്ന് പറയാൻ കഴിയില്ല, ഒറ്റയായി പ്രസവിക്കുന്ന പശുക്കിടാക്കളിലും ലൈംഗികാവയവവളർച്ച മുരടിച്ച ഫ്രീമാർട്ടിൻ കിടാക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

നേരത്തെ തിരിച്ചറിഞ്ഞ് ഒഴിവാക്കാം ഫ്രീമാർട്ടിൻ കിടാരികളെ

ഫ്രീമാർട്ടിൻ കിടാരികളെ നേരത്തെ തിരിച്ചറിയുക എന്നതാണ് പ്രധാനം. മൂരിക്കുട്ടിക്കൊപ്പം ജനിച്ച പശുക്കിടാക്കളിൽ തീർച്ചയായും ഫ്രീമാർട്ടിനിസം സംശയിക്കണം. ജന്മം കൊണ്ട് പശുക്കിടാവാണെങ്കിലും മൂരിക്കിടാവിന്റെ ചില സ്വഭാവങ്ങൾ ഫ്രീമാർട്ടിൻ കിടാക്കൾ കാണിക്കും. സാധാരണ പശുക്കിടാവിനേക്കാൾ കൂടിയ പേശീ വളർച്ച ഇത്തരം കിടാരികളിൽ കാണാം.

freemartin-2
ഫ്രീമാർട്ടിൻ സംശയിക്കുന്ന പശുക്കിടാവ് (കഴിഞ്ഞ ദിവസം കർഷക കൂട്ടായ്മയിൽ പങ്കുവയ്ക്കപ്പെട്ട ചിത്രം)

സാധാരണയേക്കാൾ വളരെ വലുതായി കാണുന്ന കൃസരി/ യോനീച്ഛദവും യോനീദളത്തിന്റെ തൊട്ടുതാഴെ അമിതമായി വളരുന്ന രോമപടലവും ഫ്രീമാർട്ടിനിസത്തിന്റെ സൂചനയാണ്. എന്നാൽ ഈ ലക്ഷണങ്ങൾ കൊണ്ട് മാത്രം ഫ്രീമാർട്ടിനിസം ഉറപ്പിക്കാനാവില്ല, അതിന് പ്രത്യുൽപാദന അവയവങ്ങളുടെ വിദഗ്ധ പരിശോധന തന്നെ വേണം. ഫ്രീമാർട്ടിൻ കിടാക്കളുടെ അണ്ഡാശയം, യോനീനാളം, ഗർഭാശനാളി എന്നിവയെല്ലാം തീർത്തും വളർച്ച മുരടിച്ചതായിരിക്കും. പലപ്പോഴും ഫ്രീമാർട്ടിൻ കിടാരികളിൽ ഗർഭപാത്ര പരിശോധന നടത്തുമ്പോൾ യോനീനാളം, ഗർഭനാളി ഉൾപ്പെടെയുള്ള അവയവങ്ങൾ വേർതിരിച്ചറിയാൻ പോലും കഴിയാത്ത വിധം ശുഷ്കമായിരിക്കും. 

പ്രത്യുൽപാദനക്ഷമതയില്ലാത്ത ഒരു കിടാരിയെ പരിപാലിക്കുന്നതിലൂടെ തീറ്റയുൾപ്പടെ പരിപാലന ചെലവുകളിൽ വരുന്ന നഷ്ടവും നിരാശയും തടയാൻ ഫ്രീമാർട്ടിൻ കിടാക്കളെ നേരത്തെ തന്നെ കണ്ടെത്തി ഒഴിവാക്കുന്നതിലൂടെ കർഷകർക്ക് കഴിയുന്നു. എച്ച്എഫ്, ജേഴ്സി, മറ്റ് സങ്കരയിനം പശുക്കിടാരികൾ 16-18 മാസം പ്രായമെത്തിയിട്ടും മദിലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലങ്കിൽ ഗർഭാശവ്യൂഹത്തിന്റെ വളർച്ചയുൾപ്പെടെ പരിശോധിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കർഷകർ തീർച്ചയായും വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. പശുക്കിടാരിക്ക് 16-18 മാസമെത്തുമ്പോൾ ആദ്യ മദി, 25- 27 മാസം പ്രായമെത്തുമ്പോൾ ആദ്യപ്രസവം എന്നതായിരിക്കണം കിടാരികളെ പരിപാലിക്കുന്ന ഓരോ ക്ഷീരകർഷകന്റെയും ലക്ഷ്യം. ഒപ്പം ഒരു പ്രസവം കഴിഞ്ഞ് അടുത്ത 60- 90 ദിവസത്തിനുള്ളിൽ പശുക്കളെ വീണ്ടും കൃത്രിമ ബീജദാനം നടത്താനും അതുവഴി രണ്ട് പ്രസവങ്ങൾ തമ്മിലുള്ള ഇടവേള 12-15 മാസമായി ചുരുക്കാനും സാധിച്ചാൽ ക്ഷീര സംരംഭം മികവിന്റെ പാതയിലാണന്ന് ഉറപ്പിക്കാം.

English summary: The freemartin syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com