നായ്ക്കളുടെ പ്രായം മനുഷ്യനുമായി താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും?

dog
photo courtesy: Denny Daniel
SHARE

വളർച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഓരോ മൃഗത്തിനുമുള്ള പരിചരണം വ്യത്യസ്തമാണ്.  പിറന്നു വീഴുന്ന സമയത്തെ  ശാരീരികാവസ്ഥ അനുസരിച്ച് ജീവികളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. വളരെ ദുർബലമായ ശരീരത്തോടു കൂടി പിറന്നു വീഴുന്നവയും വിവിധ അവയവങ്ങളുടെ വളർച്ച പിറക്കുമ്പോൾതന്നെ പൂർത്തിയായവയും. പൂച്ച, നായ്ക്കൾ എന്നിവ ആദ്യത്തെ വിഭാഗത്തിൽപ്പെടുന്നു. ഇംഗ്ലിഷിൽ altricial എന്നാണ് ഇവ അറിയപ്പെടുന്നത്. പശു, ആട്, എരുമ എന്നിവ ഉൾപ്പെടുന്ന രണ്ടാമത്തെ വിഭാഗക്കാർ precocial എന്ന് അറിയപ്പെടുന്നു.

നായ്ക്കളുടെ ശൈശവാവസ്ഥയെ പല ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. പിറവിവരെ  ഒന്നാം ഘട്ടം, പിറവി മുതൽ ആദ്യത്തെ 10 ദിവസംവരെ രണ്ടാം ഘട്ടം, 11 ദിവസം മുതൽ 21 ദിവസം വരെ  മൂന്നാം ഘട്ടം, 3 ആഴ്ച മുതൽ 12 ആഴ്ചവരെ നാലാം ഘട്ടം, 3 മാസം മുതൽ പ്രായപൂർത്തി ആകുന്നതുവരെ  അഞ്ചാം ഘട്ടം. പ്രായപൂർത്തി ആയതിനു ശേഷമുള്ള അവസാന ഘട്ടം. പിറവിവരെയുള്ള ആദ്യഘട്ടത്തിൽതന്നെ ആൺ, പെൺ നായ്ക്കളുടെ സ്വഭാവത്തിലെ സവിശേഷതകൾ തീരുമാനിക്കപ്പെട്ടിരിക്കും. പിറവി മുതൽ 10 ദിവസംവരെയുള്ള സമയം, കാഴ്ച, കേൾവി എന്നിവ ഒട്ടും ഉണ്ടാവില്ലെങ്കിലും ശരീരം സംതുലനം ചെയ്യുന്നതിനും ഗന്ധം, സ്വാദ്, സ്പർശനം, ഊഷ്മാവിലെ വ്യത്യാസം എന്നിവ തിരിച്ചറിയുന്നതിനും സാധിക്കുന്നു. 

മൂന്ന് ആഴ്ച പ്രായംവരെ  മലമൂത്രവിസർജനം സ്വയം ചെയ്യാൻ ബുദ്ധിമുട്ടാണ്. അമ്മ  മലദ്വാരം നക്കിക്കൊടുക്കുമ്പോൾ മാത്രമാണ് അതു സാധിക്കുന്നത്. അമ്മയുടെയും കൂടപ്പിറപ്പുകളുടെയും സമീപത്തേക്ക് എത്തിച്ചേരാനുള്ള കഴിവ് ആദ്യ ദിവസങ്ങളിൽ വളരെക്കൂടുതലാണ്. നാഡീവ്യവസ്ഥയുടെ വികാസം കാര്യമായി നടക്കുന്നത് മൂന്നാമത്തെ ഘട്ടത്തിലാണ്.

കാഴ്ചയും കേൾവിശക്തിയും ആർജിക്കുന്നതിനോടൊപ്പം അമ്മയുടെ സഹായത്താലല്ലാതെ മലമൂത്ര വിസർജനത്തിനുള്ള കഴിവും ഈ പ്രായത്തിൽ നേടുന്നു. ഈ കാലയളവിൽ സ്വയം പുറത്തു പോയി മലമൂത്ര വിസർജനം ചെയ്യാൻ പ്രേരിപ്പിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം പല തരം ദുശ്ശീലങ്ങൾ ഉണ്ടായിവരാനിടയാകും.  ഓടിച്ചാടി നടക്കുന്നതും, കൗതുകത്തോടുകൂടി ഓരോ കാര്യം നോക്കുന്നതും, കൂടപ്പിറപ്പുകളോടും കളിപ്പാട്ടങ്ങളോടും പ്രസരിപ്പോടെ ഇടപെടുന്നതുമൊക്കെ ഈ പ്രായത്തിലാണ്.  അമ്മയുടെ വായിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ അകത്താക്കാൻ ശ്രമിക്കുന്നത് ഈ സമയത്തു സ്വാഭാവികം. 4 മുതൽ 12 ആഴ്ച വരെ പ്രായം ചുറ്റുമുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന കാലമാണ്. ഇതിൽ ആദ്യനാളുകൾ സ്വന്തം വർഗത്തിൽപെട്ടവരോടും പിന്നീട് മറ്റു വിഭാഗക്കാരോടും ഇടപെടാന്‍ കഴിയണം. ഈ സമയമൊക്കെയും ഉടമയുടെ സഹായം  കൂടുതലായി ആവശ്യമാണ്. അമ്മയുടെ പാൽ കുഞ്ഞുങ്ങളുടെ മസ്തിഷ്കവളർച്ചയിൽ ഗണ്യമായ പങ്കു വഹിക്കുന്നു. മനുഷ്യരിൽ നടത്തിയ പഠനങ്ങളിൽ കൃത്രിമ പാൽ നൽകുന്നതിനെക്കാൾ 20 മുതൽ 30 ശതമാനംവരെ കൂടുതൽ മസ്തിഷ്ക വികാസം മുലപ്പാൽ കുടിക്കുന്നതു മൂലം ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. രണ്ടു വയസ്സുവരെ മിക്കവാറും നായ്ക്കളിൽ അല്‍പസ്വല്‍പം കുട്ടിത്തമൊക്കെ കാണും.  2 വയസ്സു മുതൽ ഇവയുടെ മാനസിക,  ശാരീരിക വളർച്ച മനുഷ്യന്റേതുമായി താരതമ്യം ചെയ്താൽ ഏതാണ്ട് ഇപ്രകാരമാണ്. ‌

black-german-shepherd-dog-puppy-1

നായയുടെ പ്രായം,  മനുഷ്യന്റെ  പ്രായം 

2 – 24  

3 – 28  

5 – 36  

7 – 44  

9 – 52  

10 – 56  

12 – 64  

15 – 76  

English summary: How Old Is Your Dog In Human Years?

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA